സ്വർഗവീഥികൾ
ഡോ. ടി. കെ. യൂസുഫ്
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

(ഭാഗം:02)
21. അനാഥസംരക്ഷണം: അനാഥകളെ സംരക്ഷിക്കുന്നതിലൂടെ ഒരാൾക്ക് സ്വർഗ പ്രവേശനം സാധ്യമാകും. നബിﷺ പറഞ്ഞു:
“ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.’’ (ഇത് പറയുമ്പോൾ) അദ്ദേഹം തന്റെ ചൂണ്ടുവിരലും നടുവിരലും ഒരുമിച്ച് പിടിച്ചു (ബുഖാരി).
22. പെൺകുട്ടികളുടെ സംരക്ഷണം: ആരെങ്കിലും മൂന്ന് പെൺകുട്ടികളെയോ സഹോദരിമാരെയോ സംരക്ഷിച്ചാൽ അവൻ സ്വർഗാവകാശിയായിത്തീരും.
നബിﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ കുട്ടികളുണ്ടായി, അല്ലെങ്കിൽ മൂന്ന് സഹോദരിമാരുണ്ടായി. അവൻ അവരുടെ സംരക്ഷണം നിർവഹിച്ചു. അവൻ എന്റെ കൂടെ സ്വർഗത്തിലായിരിക്കും.’’ (ഇത് പറയുമ്പോൾ) ചൂണ്ടുവിരലും നടുവിരലും അദ്ദേഹം ഉയർത്തിക്കാണിച്ചു. (മുസ്‌ലിം).
23. സന്താനങ്ങളുടെ വിയോഗത്തിൽ ക്ഷമിക്കുക: വിശ്വാസികൾക്ക് പരീക്ഷണാർഥം സന്താനങ്ങളെ നഷ്ടപ്പെടാറുണ്ട്. എന്നാൽ മക്കളുടെ മരണത്തിൽ ക്ഷമിക്കുന്നതിലൂടെ അവർക്ക് സ്വർഗം നേടാൻ കഴിയും.
നബിﷺ പറഞ്ഞു: “സ്വന്തം കുഞ്ഞുങ്ങളിൽ മൂന്നെണ്ണത്തിന്റെ മരണത്തിൽ ആരെങ്കിലും പ്രതിഫലം ആഗ്രഹിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും.’’ അപ്പോൾ ഒരു സ്ത്രീ ചോദിച്ചു: “രണ്ട് കുഞ്ഞുങ്ങളാണെങ്കിലോ?’’ അപ്പോൾ നബിﷺ പറഞ്ഞു: “രണ്ട് കുഞ്ഞുങ്ങളാണെങ്കിലും.’’ നബിﷺ തുടർന്നു: “മുസ്‌ലിം മാതാപിതാക്കാൾ; അവരുടെ മൂന്ന് മക്കൾ പ്രായപൂർത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടു. അവരോടുളള കാരുണ്യം നിമിത്തം അവർ രണ്ടുപേരെയും അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കും. അല്ലാഹു പറയുന്നു: എന്റെ വിശ്വാസിയായ അടിമയുടെ പ്രിയപ്പെട്ടവനെ ദുൻയാവിൽ നിന്നും ഞാൻ പിടിച്ചെടുത്തു. അവൻ അതിൽ പ്രതിഫലം ആഗ്രഹിച്ചാൽ അവന് എന്റെയടുക്കൽ സ്വർഗമല്ലാതെ പ്രതിഫലമില്ല’’ (സഹീഹുൽ ജാമിഅ്).
23. രോഗസന്ദർശനം: രോഗികളെ സന്ദർശിക്കുന്നത് സ്വർഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പുണ്യകർമ്മമാണ്.
നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ, അല്ലെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിലുളള അവന്റെ സഹോദരനെ സന്ദർശിച്ചാൽ ഒരു വിളിച്ചുപറയുന്നവൻ ഇപ്രകാരം വിളിച്ചു പറയും: ‘നീ നന്നായിത്തീർന്നു. നിന്റെ നടത്തം നന്നായിത്തീർന്നു. നീ സ്വർഗത്തിൽ ഒരു ഭവനം ഒരുക്കി വെച്ചു.’’ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: “ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ അവൻ സ്വർഗത്തോപ്പിലായിരിക്കും; അവിടെനിന്നും മടങ്ങുന്നതുവരെ’’ (മുസ്‌ലിം).
24. കച്ചവട ഇടപാടുകളിൽ സൗമ്യതയുളള സമീപനം സ്വീകരിക്കുക: കച്ചവടവസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ വിലയിൽ വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ സ്വർഗാവകാശിയായിത്തീരാൻ സാധിക്കും.
നബിﷺ പറഞ്ഞു: “കടം വാങ്ങുമ്പോഴും വീട്ടുമ്പോഴും വിൽക്കുമ്പോഴും വാങ്ങുമ്പോഴും വിട്ടുവീഴ്ച ചെയ്യുന്ന ഒരു വ്യക്തിയെ അല്ലാഹു സ്വർഗത്തിലാക്കട്ടെ’’ (അഹ്‌മദ്).
25. സാമ്പത്തിക ഞെരുക്കമുളള കടബാധിതന് വിട്ടുവീഴ്ച നൽകുക: പണം കടം കൊടുക്കുന്നത് പുണ്യകർമവും പ്രതിഫലാർഹവുമാണ്. കടം വാങ്ങിയ പണം തിരിച്ചുനൽകാൻ വിഷമിക്കുന്നവർക്ക് വിട്ടുവീഴ്‌ച നൽകുന്നതിലൂടെ ഒരാൾക്ക് സ്വർഗം നേടാനാവും.
നബിﷺ പറഞ്ഞു: “ഒരാൾ മരണപ്പെട്ടു, അയാൾ സ്വർഗത്തിൽ പ്രവേശിച്ചു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘താങ്കൾ എന്താണ് ചെയ്തിരുന്നത്?’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ജനങ്ങളുമായി കച്ചവടം നടത്തിയിരുന്നു. ഞാൻ ഞെരുക്കമുളളവനെ നോക്കും, നാണയത്തിൽ അവന് വിട്ടുവീഴ്‌ച നൽകും.’ അങ്ങനെ അദ്ദേഹത്തിന് പൊറുത്തുകൊടുക്കപ്പെട്ടു.’’
മറ്റൊരു ഹദീസിൽ വന്നത് ഇപ്രകാരമാണ്: “ഒരാൾ ജനങ്ങൾക്ക് കടം കൊടുത്തിരുന്നു. അദ്ദേഹം തന്റെ ഭൃത്യനോട് പറയും: ‘നീ ഞെരുക്കമുളളവന്റെ അടുക്കൽ പോകുകയാണങ്കിൽ അവന് വിട്ടുവീഴ്ച ചെയ്യുക. അല്ലാഹു ഒരുപക്ഷേ, നമുക്ക് വിട്ടുവീഴ്ച ചെയ്തു തന്നേക്കാം.’ അദ്ദേഹം അല്ലാഹുവിനെ കണ്ടുമുട്ടി; അവന് പൊറുത്തുകൊടുത്തു’’ (മുസ്‌ലിം).
26. സൽകർമങ്ങളുടെ സംയോജനം: ഒരു വിശ്വാസി ഒരുദിവസം നോമ്പനുഷ്ഠിക്കുകയും ജനാസയെ അനുഗമിക്കുകയും പാവപ്പെട്ടവന് ഭക്ഷണം നൽകുകയും രോഗിയെ സന്ദർശിക്കുകും ചെയ്താൽ അവൻ സ്വർഗാവകാശിയായിത്തീരും.
നബിﷺ പറഞ്ഞു: “ഇന്ന് നിങ്ങളിൽ ആരാണ് നോമ്പെടുത്തിട്ടുളളത്?’’ അബൂബക്ർ(റ) പറഞ്ഞു: “ഞാൻ.’’ നബിﷺ ചോദിച്ചു: “ആരാണ് ഒരു ജനാസയെ പിന്തുടർന്നത്?’’ അബൂബക്ർ(റ) പറഞ്ഞു: “ഞാൻ.’’ നബിﷺ ചോദിച്ചു: “ഇന്ന് ആരാണ് ഒരു പാവപ്പെട്ടവന് ഭക്ഷണം നൽകിയിട്ടുളളത്?’’ അബൂക്ർ (റ) പറഞ്ഞു: “ഞാൻ.’’ നബിﷺ ചോദിച്ചു: “നിങ്ങളിൽ ആരാണ് ഇന്ന് ഒരു രോഗിയെ സന്ദർശിച്ചത്?’’ അബൂബക്ർ(റ) പറഞ്ഞു: “ഞാൻ.’’ നബിﷺ പറഞ്ഞു: “ഒരു മനുഷ്യനിൽ ഇവ ഒരുമിച്ച് കൂടിയിട്ടില്ല; അവൻ സ്വർശത്തിൽ പ്രവേശിച്ചിട്ടല്ലാതെ’’ (മുസ്‌ലിം).
27. കാഴ്ച നഷ്ടപ്പെട്ടതു കാരണം ക്ഷമിക്കുക: ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടാൽ അവൻ ക്ഷമിക്കുകയും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവൻ സ്വർശാവകാശിയായിത്തീരും.
അല്ലാഹു പറഞ്ഞതായി നബിﷺ പറയുന്നു: “ആരുടെയെങ്കിലും രണ്ട് പ്രിയപ്പെട്ട വസ്തുക്കൾ (നേത്രങ്ങൾ) ഞാൻ ഇല്ലാതാക്കി; അവൻ ക്ഷമിച്ചു, അവൻ പ്രതിഫലം ആഗ്രഹിച്ചു. അവന് സ്വർഗമല്ലാതെ ഒരു പ്രതിഫലവും ഞാൻ തൃപ്തിപ്പെടുന്നില്ല’’ (തിർമുദി).
28. അല്ലാഹുവിനെയും ഇസ്‌ലാമിനെയും പ്രവാചകനെയും തൃപ്തിപ്പെടുക: നബിﷺ പറഞ്ഞു: “ആരെങ്കിലും ‘ഞാൻ അല്ലാഹുവിനെ രക്ഷിതാവായും ഇാസ്‌ലാമിനെ മതമായും മുഹമ്മദിനെ ദൂതനായും തൃപ്തിപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞാൽ അവന് സ്വർഗം നിർബന്ധമായി’’ (അബൂദാവൂദ്).
29. അല്ലാഹുവിന്റെ നാമങ്ങൾ ഹൃദിസ്ഥമാക്കുക: നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമം -നൂറിൽ ഒന്ന് ഒഴികെ- ഉണ്ട്. ആരെങ്കിലും അത് ഹൃദിസ്ഥമാക്കിയാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും’’ (ബുഖാരി).
30. സൂറത്തുൽ ഇഖ്‌ലാസ് ഇഷ്ടപ്പെടുകയും അത് സ്ഥിരമായി പാരായണം ചെയ്യുകയും ചെയ്യുക: ഒരാൾ പറഞ്ഞു: “അല്ലാഹു തന്നെയാണ് സത്യം, ഞാൻ ഈ സൂറത്ത് (ക്വുൽഹുവല്ലാഹു അഹദ്) ഇഷ്ടപ്പെടുന്നു.’’ അപ്പോൾ അല്ലാഹുവിന്റെ ദൂതർﷺ പറഞ്ഞു: “നിനക്ക് അതിനോടുളള ഇഷ്ടം നിന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ’’ (അഹ്‌മദ്).
31. സൂറത്തുൽ ഇഖ്‌ലാസ് പത്തു തവണ പാരായണം ചെയ്യുക:
നബിﷺ പറഞ്ഞു: “ആരെങ്കിലും ക്വുൽ ഹുവല്ലാഹു അഹദ് പത്തു തവണ പാരായണം ചെയ്താൽ അവന് സ്വർഗത്തിൽ ഒരു കൊട്ടാരം നിർമിക്കപ്പെടും. ആരെങ്കിലും ഇരുപതു തവണ അത് പാരായണം ചെയ്താൽ അവന് അവന് രണ്ടു കൊട്ടാരങ്ങൾ നിർമിക്കപ്പെടും. ആരെങ്കിലും മുപ്പതു തവണ പാരായണം ചെയ്താൽ അവന് സ്വർഗത്തിൽ മൂന്നു കൊട്ടാരങ്ങൾ നിർമിക്കപ്പെടും’’ (തിർമുദി)
32. ദൈവസ്മരണ വർധിപ്പിക്കുക: ദിക്‌റുകൾ-പ്രത്യേകിച്ച് സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ് എന്നിവ-വർധിപ്പിക്കുക.
നബിﷺ പറഞ്ഞു: “നീ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്ന് പറയുക. ഇവയിൽ ഓരോന്നിനും നിനക്ക് സ്വർഗത്തിൽ ഒരുവൃക്ഷം നടപ്പെടും.’’
മറ്റൊരു ഹദീസിൽ വന്നത് ഇപ്രകാരമാണ്: “ആരെങ്കിലും സുബ്ഹാനല്ലാഹിൽ അദ്വീം വബിഹംദിഹി എന്ന് പറഞ്ഞാൽ അവന് സ്വർഗത്തിൽ ഒരു ഈന്തപ്പന നടപ്പെടും’’ (ഇബ്‌നു മാജ).
അത് പോലെ ‘ലാ ഹൗല വലാ കുവ്വത ഇല്ലാ ബില്ലാഹ്’ എന്നത് സ്വർഗത്തിലെ നിധിയാണെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. നബിﷺ പറഞ്ഞു: “ലാ ഹൗല വലാ കുവ്വത ഇല്ലാ ബില്ലാഹ്; നിശ്ചയം, അത് സ്വർഗത്തിലെ നിധികളിൽ പെട്ട ഒരു നിധിയാണ്’’ (മുസ്‌ലിം).
