നോമ്പിന്റെ ചില ശ്രേഷ്ഠതകൾ
ഉസ്മാൻ പാലക്കാഴി
2024 മാർച്ച് 09, 1445 ശഅ്ബാൻ 28

അതിശ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. ഐച്ഛികമായ നോമ്പും നിർബന്ധമായ നോമ്പുമുണ്ട്. റമദാനിലെ നോമ്പ് നിർബന്ധമായതാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയുംഅവൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുമായിരിക്കണം നോമ്പനുഷ്ഠിക്കുന്നത്. അങ്ങനെയുള്ള നോമ്പുകാരന്റെ മുൻകാല പാപങ്ങൾ പൊറുക്കെപ്പടുമെന്ന സന്തോഷവാർത്ത നബിﷺ നൽകിയിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിലെ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്...’’ (ബുഖാരി, മുസ്‌ലിം).
നോമ്പ് തിന്മകളെ തടുക്കുന്ന ഒരു പരിചയാണ്; അങ്ങനെയായിരിക്കണം. നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും സംസാരവും നോമ്പുകാരനിൽനിന്ന് ഉണ്ടായിക്കൂടാ. നബിﷺ പറഞ്ഞു: “യുവ സമൂഹമേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിന് സൗകര്യപ്പെട്ടാൽ വൈകാതെ അവൻ വിവാഹിതനാകട്ടെ. കാരണം വിവാഹം (വിലക്കപ്പെട്ട നോട്ടങ്ങളിൽനിന്ന്) കണ്ണിനെ താഴ്ത്തിക്കുന്നതും ഗുഹ്യാവയവത്തെ ഏറ്റവും നന്നായി സംരക്ഷിക്കുന്നതുമാണ്. എന്നാൽ ആർക്കെങ്കിലും വിവാഹം ചെയ്യാൻ സാധിക്കാതെ വന്നാൽ അവൻ നോമ്പ് മുറുകെ പിടിക്കട്ടെ. കാരണം നോമ്പ് അവന് ഒരു വികാരശമനിയാകുന്നു’’(ബുഖാരി, മുസ്‌ലിം).
നബിﷺ പറഞ്ഞു: “നോമ്പ് ഒരു പരിചയാണ്. നോമ്പുകാരൻ അതുപയോഗിച്ച് നരകത്തിൽനിന്ന് പരിരക്ഷ നേടുന്നു’’ (അഹ്‌മദ്).
അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘മനുഷ്യന്റെ മുഴുവൻ കർമങ്ങളും അവനുള്ളതാകുന്നു. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാൻ അതിന് പ്രതിഫലം നൽകുകയും ചെയ്യും. നോമ്പ് ഒരു പരിചയാണ്്. അതിനാൽ നിങ്ങളിലൊരാളും നോമ്പിന്റെ ദിനത്തിൽ അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നോട് ചീത്ത പറയുകയോ കലഹിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണെ’ന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നോമ്പെടുക്കുകവഴി നോമ്പുകാരന്റെ വായിൽനിന്നുള്ള ഗന്ധം അന്ത്യനാളിൽ അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും’’ (ബുഖാരി, മുസ്‌ലിം).
നോമ്പും ക്വുർആനും ശുപാർശ ചെയ്യും
നബിﷺ പറഞ്ഞു: “നോമ്പും ക്വുർആനും അന്ത്യനാളിൽ അതിന്റെയാളുകൾക്ക് ശുപാർശകരായി വരുന്നതാണ്. നോമ്പ് പറയും: ‘നാഥാ, ഞാൻ ഇയാളെ അന്നപാനീയങ്ങളിൽനിന്നും തടഞ്ഞുനിർത്തി. അതിനാൽ ഇയാളുടെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിച്ചാലും!’ ക്വുർആൻ പറയും: ‘നാഥാ, ഇയാളെ രാത്രികാല നിദ്രകളിൽനിന്നും ഞാൻ തടഞ്ഞു. അതിനാൽ ഇയാളുടെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിച്ചാലും.’ തുടർന്ന് അവയുടെ ശുപാർശകൾ സ്വീകരിക്കപ്പെടുന്നതാണ്.’’ (അഹ്‌മദ്, ഹാകിം).
‘റയ്യാൻ,’ നോമ്പുകാർക്ക് മാത്രമുള്ള സ്വർഗ കവാടം
സഅ്‌ലുബ്‌നു സഅ്ദ്(റ) നിവേദനം. നബിﷺ അരുളി: “റയ്യാൻ എന്നു പേരുള്ള ഒരു കവാടം സ്വർഗത്തിലുണ്ട്. അത് നോമ്പുകാർക്കുള്ളതാണ്. അന്ത്യനാളിൽ നോമ്പുകാർ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: ‘എവിടെ നോമ്പുകാർ?’ അങ്ങനെ അവർ മാത്രം പ്രവേശിക്കും. അവർ പ്രവേശിച്ചുകഴിഞ്ഞാൽ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല’’(ബുഖാരി, മുസ്‌ലിം).
ആർക്കെല്ലാമാണ് റമദാനിലെ നോമ്പ് നിർബന്ധം?
പ്രായപൂർത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള ഓരോ വിശ്വാസിക്കും നോമ്പ് നിർബന്ധമാണ്. ആർത്തവകാരികളും പ്രസവാനന്തരം രക്തസ്രാവമുള്ളവരും നോമ്പെടുക്കേണ്ടതില്ലെന്ന് താഴെ കൊടുക്കുന്ന ഹദീസിൽനിന്ന് മനസ്സിലാക്കാം: അബൂസഈദിൽ ഖുദ്‌രിയ്യ്(റ) നിവേദനം, നബിﷺ പറഞ്ഞു: “സ്ത്രീകൾ ആർത്തവ-പ്രസവ സമയങ്ങളിൽ നമസ്‌കാരവും നോമ്പും പിടിക്കാൻ പാടില്ലല്ലോ, അതാണ് അവർക്ക് മതത്തിലുള്ള കുറവ്’’ (മുസ്‌ലിം).
അവർ അത്തരം സമയങ്ങളിൽ നോമ്പ് അനുഷ്ഠിച്ചാൽ അത് മതിയാവുകയില്ല. കാരണം ആർത്തവ-പ്രസവരക്ത സ്രാവങ്ങളിൽനിന്നു ശുദ്ധിയായിരിക്കുക എന്നത് നോമ്പിന്റെ നിബന്ധനകളിൽ പെട്ടതാണ്. ആഇശ(റ) പറഞ്ഞു: “ഞങ്ങൾക്ക് നബിﷺയുടെ കാലത്ത് ആർത്തവമുണ്ടായാൽ നോമ്പ് പിന്നീട് നോറ്റുവീട്ടുവാൻ ഞങ്ങളോട് കൽപിക്കുമായിരുന്നു. നമസ്‌കാരം വീട്ടാൻ കൽപിക്കാറുണ്ടായിരുന്നില്ല’’(ബുഖാരി).
നിയ്യത്ത്
‘കർമങ്ങൾക്കെല്ലാം പ്രതിഫലം നിൽകപ്പെടുക ഉദ്ദേശ്യശുദ്ധിക്കനുസരിച്ചു മാത്രമാണ്’ എന്ന് നബി ﷺ ഓർമപ്പെടുത്തിയിട്ടുണ്ട്.
റമദാനിലെ നോമ്പിന് ഓരോ ദിവസവും പ്രഭാതോദയത്തിനു മുമ്പു തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. ഹഫ്‌സ(റ) നിവേദനം. നബിﷺ പറഞ്ഞു: “പ്രഭാതോദയത്തിന് മുമ്പായി നിയ്യത്ത് ചെയ്യാത്തവരുടെ നോമ്പ് സാധുവല്ല’’ (അബൂദാവൂദ്, തിർമിദി). എന്നാൽ നിയ്യത്ത് ചൊല്ലിക്കൊടുക്കലും ഏറ്റുപറയലുമൊന്നും നബിചര്യയിൽ പെട്ടതല്ല.
അത്താഴം
അനസ്(റ) നിവേദനം. നബിﷺ പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക, നിശ്ചയമായും അതിൽ അനുഗ്രഹമുണ്ട്’’ (ബുഖാരി, മുസ്‌ലിം).
അൽപം വെള്ളം മാത്രമെ കുടിക്കുന്നുള്ളൂ എങ്കിൽപോലും അത്താഴം കഴിച്ചവനായി മാറുന്നതാണ്. ഇബ്‌നു ഉമർ(റ) നിവേദനം: “നിങ്ങൾ അൽപം വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത്താഴം കഴിക്കുക’’ (അൽജാമിഅ്, ഇബ്‌നുഹിബ്ബാൻ).
അത്താഴം പരമാവധി പിന്തിപ്പിക്കുന്നതാണ് സുന്നത്ത്. സൈദ് ബിൻ സാബിത്(റ) നിവേദനം: “ഞങ്ങൾ നബിﷺയോടൊന്നിച്ച് അത്താഴം കഴിക്കുകയും സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു. അപ്പോൾ അനസ്(റ) ചോദിച്ചു: ‘അത്താഴത്തിനും ബാങ്കിനുമിടയിൽ എത്ര സമയം ഉണ്ടായിരുന്നു?’ സൈദ്(റ) പറഞ്ഞു: ‘അമ്പത് ആയത്തുകൾ പാരായണം ചെയ്യുവാനുള്ളത്ര സമയം’’ (ബുഖാരി, മുസ്‌ലിം).
നോമ്പ് തുറക്കേണ്ടതെപ്പോൾ?
അല്ലാഹു പറയുന്നു: ‘...പിന്നെ നിങ്ങൾ രാത്രിവരെ നോമ്പ് പൂർത്തിയാക്കുക...’ (2:187). ഇതിന്റെ താൽപര്യം രാത്രിയുടെ ആഗമനവും പകലിന്റെ പിൻവാങ്ങലും സൂര്യന്റെ അസ്തമയവുമാണ്. സൂര്യൻ അസ്തമിച്ചാലുടൻ നോമ്പ് അവസാനിപ്പിക്കേണ്ടതാണ്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “നോമ്പുതുറക്കുന്ന വിഷയത്തിൽ (സമയമായാലുടൻ) ധൃതികാണിക്കുന്ന കാലത്തോളം ഇസ്‌ലാം പ്രകടമായി (അജയ്യമായി). കാരണം യഹൂദരും ക്രൈസ്തവരും അത് പിന്തിക്കുന്നവരാണ്’’ (അബൂദാവൂദ്, ഇബ്‌നുഹിബ്ബാൻ).
നബിﷺ നോമ്പു തുറക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: “ധമനികൾ നനഞ്ഞു, ദാഹം മാറുകയും ചെയ്തു, അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ (ഈ നോമ്പിന്റെ) പ്രതിഫലം സ്ഥിരപ്പെട്ടുകഴിഞ്ഞു’’ (സ്വഹീഹുൽ ജാമിഅ്, അബൂദാവൂദ്)

