ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

(ഭാഗം:08)
58. പ്രവാചകനെ മാതൃകയാക്കുക
മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധവും മാർഗദർശനവും നൽകാൻ ഒരു മനുഷ്യമാതൃക അനിവാര്യമാണ്. മുഹമ്മദ് നബിﷺ അല്ലാത്ത മനുഷ്യരെല്ലാം തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നതു കൊണ്ട് അവരുടെ ജീവിതത്തിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും. എന്നാൽ പ്രവാചകൻ ദൈവിക വെളിപാടിനനുസരിച്ച് മാത്രം വർത്തിക്കുന്നതുകൊണ്ട് അദ്ദേഹത്തിൽ മാനവകുലത്തിന് മാതൃകയുണ്ട്. അദ്ദേഹം കൽപിക്കുന്നതെല്ലാം നൻമയും വിരോധിക്കുന്നതെല്ലാം ചീത്തയുമായിരിക്കും. അല്ലാഹു പറയുന്നു:
“(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (7:157).
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (33:21).
59. വിട്ടുവീഴ്ച ചെയ്യുക, വിഡ്ഢികളിൽനിന്ന് അകലുക
ജനങ്ങളുമായി ഇടപഴകുമ്പോൾ അറിവില്ലാത്തവർ പല അനർഥങ്ങളുമുണ്ടാക്കും. നമുക്ക് അനിഷ്ടകരമായ കാര്യങ്ങൾ ചെയ്യുന്നവരോട് അതേനാണയത്തിൽ തിരിച്ചടിക്കാൻ നിന്നാൽ അത് സ്ഥിതി കൂടുതൽ വഷളാക്കുകയാണുണ്ടാകുക. അതുകൊണ്ട് അത്തരം വിവരദോഷികളിൽനിന്ന് വിട്ടുനിൽക്കുന്നതാണുത്തമം. അല്ലാഹു പറയുന്നു:
“നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക’’ (7:199).
60. തത്ത്വദീക്ഷയോടും സദുപദേശത്തോടും കൂടി പ്രബോധനം നടത്തുക
മതപ്രബോധനം മുസ്‌ലിംകളുടെ ബാധ്യതയാണ്. അതിന് ചില മാനദണ്ഡങ്ങളും മാർഗനിർദേശ ങ്ങളുമുണ്ട്. തത്ത്വദീക്ഷയില്ലാത്ത പ്രബോധനം ചിലപ്പോൾ വിപരീത ഫലമാണുണ്ടാക്കുക. അല്ലാഹു പറയുന്നു:
“യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാർഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സൻമാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ’’ (16:125).
61. പിശുക്കും ദുർവ്യയവും ഒഴിവാക്കുക
സാമ്പത്തിക വിനിമയ രംഗത്ത് പിശുക്കും ദൂർവ്യയവുമില്ലാത്ത ഒരു മധ്യമ നിലപാടാണ് ഇസ്‌ലാം നിർദേശിക്കുന്നത്. പിശുക്ക്, ധുർത്ത്; ഈ രണ്ട് ദുസ്സ്വഭാവങ്ങളും ഒരുപോലെ വിലക്കപ്പെട്ടതാണ്.
“കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നൽകുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുർവ്യയം ചെയ്തു കളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു’’ (17:27).
“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്കുതന്നെ ഗുണകരമായ നിലയിൽ ചെലവഴിക്കുകയും ചെയ്യുക. ആർ മനസ്സിന്റെ പിശുക്കിൽനിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവർതന്നെയാകുന്നു വിജയം പ്രാപിച്ചവർ’’ (64:16).
62. ഭൗതികസുഖം ത്യജിക്കേണ്ടതില്ല
വിശ്വാസികളുടെ ജീവിതലക്ഷ്യം പാരത്രിക സൗഖ്യമാണെങ്കിലും ഐഹികലോകത്തെ സുഖ സൗകര്യങ്ങൾ അവർ ത്യജിക്കേണ്ടതില്ല. അനുവദനീയമായ ജീവിത സുഖങ്ങൾ ആസ്വദിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: “അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തിൽ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നൻമ ചെയ്തതുപോലെ നീയും നൻമചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല’’ (28:77).
63. അനുരഞ്ജനം ഉണ്ടാക്കുക
മനുഷ്യർക്കിടയിൽ തർക്കവും അഭിപ്രായ വ്യത്യാസവും സ്വാഭാവികമാണ്. അത് ഊതിവീർപ്പിക്കാതെ അവർക്കിടയിൽ അനുരഞ്ജനം ഉണ്ടാക്കാൻ വേണ്ടിയാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടത്. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കി ടയിൽ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടിൽ ഒരുവിഭാഗം മറുവിഭാഗത്തിനെതിരിൽ അതിക്രമം കാണി ച്ചാൽ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങൾ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കിൽ നീതിപൂർവം ആ രണ്ടു വിഭാഗങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങൾ നീതിപാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടുസ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’ (49:10).
(തുടരും)
