സ്ത്രീകൾക്ക് പള്ളി നിഷിദ്ധമോ?
ഹംസ ജമാലി
2024 ജനുവരി 20, 1445 റജബ് 8

അല്ലാഹുവിന്റെ ഭവനമായ പള്ളികൾ ആരുടെയും സ്വന്തം വകയല്ല; അവിടെ ആരാധന നടത്തുന്നതിന് ആർക്കും വിലക്കു കൽപിക്കാൻ അവകാശമില്ല. അല്ലാഹു പറയുന്നു:
“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ (പള്ളികളുടെ) തകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിന ശിക്ഷയും’’ (അൽബക്വറ: 114).
അല്ലാഹുവിന് ഇബാദത്തു ചെയ്യുന്നതിന്നായി പണ്ടുകാലം മുതലേ പള്ളികളിൽ സ്ത്രീകൾ വന്നിരുന്നു. ലോകമുസ്‌ലിംകൾക്ക് ഉദാഹരണമായി വിശുദ്ധ ക്വുർആനിൽ എടുത്തു പറയപ്പെട്ടവരും പേരെടുത്തു പറഞ്ഞ ഏകമഹതിയുമായ മർയമിനോട് അല്ലാഹു പറയുന്നത് നോക്കൂ: “മർയമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക’’ (ആലുഇംറാൻ: 43).
പള്ളികളിൽ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നമസ്‌കരിക്കാനാണ് അല്ലാഹു മർയമിനോട് ഇവിടെ നിർദേശിക്കുന്നത്. തഫ്‌സീർ ഇബ്‌നുകസീറിൽ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു : “അതായത് നീ അവരിൽ ഉൾപ്പെട്ടവളായി നിർവഹിക്കുക.’’
പള്ളി ദർസിൽ പഠിപ്പിക്കുന്ന തഫ്‌സീർ ബൈദാവിയിൽ പറയുന്നു: “അവർ ജമാഅത്തായി നമസ്‌കരിക്കുവാൻ കൽപിക്കപ്പെട്ടു’’ (1/38).
തഫ്‌സീർ ഖാസിൻ പറയുന്നു: “മർയമേ, നീ റുകൂഅ് ചെയ്യുന്ന സ്ത്രീകളുടെ കൂടെ റുകൂഅ് ചെയ്യൂ എന്ന് പറയാതെ റുകൂഅ് ചെയ്യുന്നവരുടെ കൂടെ (പുല്ലിംഗ ബഹുവചനമായി) എന്നാണ് പറഞ്ഞത്. കാരണം അതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപെടും. പുരുഷന്മാരുടെ കൂടെ നമസ്‌കരിക്കലാണ് ഏറ്റവും ഉത്തമവും പരിപൂർണവും. നമസ്‌കരിക്കുന്നവർ ചെയ്യുന്നതുപോലെ ചെയ്യുക എന്നും നമസ്‌കരിക്കുന്നവരുടെ കൂടെ ജമാഅത്ത് നമസ്‌കാരത്തിൽ നീ പങ്കെടുക്കുക എന്നും അർഥം പറയപ്പെടുന്നു’’ (1/347).
സ്ത്രീകൾ പള്ളിയിൽ പോയി ആരാധനാകർമങ്ങൾ നിർവഹിക്കുന്നത് ഇസ്‌ലാമിക ശരീഅത്ത് ഒരുകാലത്തും വിലക്കിയിട്ടില്ല. മറിച്ച്, നബിﷺയുടെ കാലത്തും ശേഷവും ധാരാളം മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പോയിരുന്നതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നു. ഏതാനും ചില തെളിവുകൾ താഴെ കൊടുക്കുന്നു.
ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ അരുളി: “നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികൾക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുത്’’ (മുസ്‌ലിം).
സാലിം(റ) തന്റെ പിതാവിൽനിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ അരുളി: “നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവളെ തടുക്കരുത്’’ (ബുഖാരി).

ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ പ്രവാചകൻﷺ അരുളി: “നിങ്ങളുടെ ഭാര്യമാർ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവർക്ക് അനുവാദം നൽകുവിൻ’’ (അഹ്‌മദ്).
ഇബ്‌നു ഉമർ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽﷺ അരുളി: “നിങ്ങളുടെ ഭാര്യമാർ രാത്രിയിൽ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവർക്ക് അനുവാദം നൽകുവിൻ’’ (ബുഖാരി).
ഇബ്‌നു ഉമർ(റ) നിവേദനം: “ഉമർ(റ)വിന്റെ ഒരു ഭാര്യ സുബ്ഹി, ഇശാഅ് എന്നീ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിക്കാൻ പള്ളിയിൽ വരാറുണ്ടായിരുന്നു. അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: ‘നിങ്ങൾ പള്ളിയിൽ പോകുന്നത് ഉമറി(റ)ന് ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ. പിന്നെ എന്തിനാണ് നിങ്ങൾ പോകുന്നത്?’ ഉടനെ അവർ തിരിച്ചു ചോദിച്ചു: ‘എന്നാൽ പിന്നെ ഉമറിനുതന്നെ നിരോധിച്ചുകളയാൻ എന്തു തടസ്സമാണുള്ളത്?’ അബ്ദുല്ല(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളിൽനിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നിൽക്കുന്നത്’’ (ബുഖാരി).
ഹിജാബിന്റെ ആയത്തിനു ശേഷവും
നബിﷺ ജഹ്ശിന്റെ മകൾ സൈനബ(റ)യെ വിവാഹം ചെയ്ത സന്ദർഭത്തിൽ സദ്യക്ക് ക്ഷണിച്ച വ്യക്തികൾ പുറത്തു പോകാതെയും മറ്റും നബിﷺക്ക്് പ്രയാസമുണ്ടാക്കിയപ്പോൾ വിശുദ്ധ ക്വുർആനിലെ സൂറത്തുൽ അഹ്‌സാബിലെ 53ാം വചനം അവതരിക്കുകയുണ്ടായി:
“സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്ന് ചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീർച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട് (അത് പറയാൻ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങ ൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു’’ (അഹ്‌സാബ് : 53).
ഈ സംഭവം വിവരിച്ചശേഷം ഇമാം ബുഖാരി(റഹി) പറയുന്നു: “അങ്ങനെ ഹിജാബിന്റെ ആയത്ത് അവതരിക്കപ്പെട്ടു.’’
തഫ്‌സീർ ഇബ്‌നുകസീർ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: “ഇതാണ് ഹിജാബിന്റെ ആയത്ത്’’ (3/607).
ഈ സംഭവം നടന്നത് ഹിജ്‌റ മൂന്നിനാണെന്നും അഞ്ചിനാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെ ടുന്നുണ്ട്. എന്നാൽ ഹിജാബിന്റെ ആയത്തായി യാഥാസ്ഥിതികർ ഉദ്ധരിക്കാറുള്ളത് സൂറത്തുൽ അഹ്‌സാബിലെ 32,33 ആയത്തുകളാണ്. അവയുടെ അർഥം കാണുക:
“പ്രവാചക പത്‌നിമാരേ, സ്ത്രീകളിൽ മറ്റു ആരെപ്പോലെയുമല്ല നിങ്ങൾ. നിങ്ങൾ ധർമനിഷ്ഠ പാലിക്കുന്നുവെങ്കിൽ നിങ്ങൾ (അന്യരോട്) അനുനയസ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽനിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്’’ (അഹ്‌സാബ്: 32,33).
മേൽ ആയത്തുകളിലെല്ലാം വീട്ടിലും പുറത്തും അനുഷ്ഠിക്കേണ്ട മര്യാദകൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മര്യാദയോടെ ഇസ്‌ലാം നിർദേശിക്കുന്ന നിബന്ധനയോടെ വസ്ത്രം ധരിച്ചുകൊണ്ട് വീട്ടിൽനിന്ന് പുറത്തുപോകുന്നതിനെയോ പള്ളിയിൽ പോകുന്നതിനേയോ വിലക്കുന്ന ഒരു സൂക്തം അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ പ്രവാചകൻﷺയുടെ തിരുസുന്നത്തിലോ കാണാൻ സാധ്യമല്ല.
മുസ്‌ലിം സ്ത്രീകൾക്ക് പള്ളി വിലക്കുന്ന ഒരു ആയത്താണ് ഹിജാബിന്റെ ആയത്തെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എല്ലാ ആവശ്യങ്ങൾക്കും പുറത്തു പോകുമ്പോൾ പാലിക്കേണ്ട നിയമങ്ങളാണ് സ്ത്രീകൾ പള്ളിയിൽ പോകുമ്പോഴും പാലിക്കേണ്ടത്. ശരീരത്തിന്റെ അവയവങ്ങൾ പ്രകടമാകാത്ത രീതിയിൽ സുഗന്ധം ഉപയോഗിക്കാതെ ജനങ്ങളെ ആകർഷിക്കാത്ത രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട് അന്യപുരുഷന്മാരുമായി ഇടകലരാതെയാണ് പുറത്ത് പോകേണ്ടത്. അതോടൊപ്പം തികഞ്ഞ ഭക്തിയോടും ഭവ്യത്യയാടെയും കൂടിയാണ് അവർ പള്ളിയിലേക്ക് പോകേണ്ടത്.
അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: “ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ കൂടെ അവസാനത്തെ രാത്രി നമസ്‌കാരത്തിന് പങ്കെടുക്കരുത്’’ (മുസ്‌ലിം).
നബിﷺയുടെ ഭാര്യമാരും പള്ളിയിൽ പോയിരുന്നു
നബിﷺയുടെ കാലത്തും വിയോഗാനന്തരവും അവിടുത്തെ ഭാര്യമാർ പള്ളിയിൽ പോയി നമസ്‌കരി ക്കുകയും ഇഅ്തികാഫിരിക്കുകയും ചെയ്തിരുന്നതായി പ്രമാണങ്ങളിൽ കാണാവുന്നതാണ്.
നബിﷺയുടെ ഭാര്യയായ ആഇശ(റ), സൈനബ്(റ) എന്നിവർ പള്ളിയിൽ ഇഅ്തികാഫിരുന്നിരുന്നു (ബുഖാരി, മുസ്‌ലിം).
ആഇശ(റ) പറഞ്ഞു: “നിശ്ചയം സത്യവിശ്വാസിനികളായ സ്ത്രീകൾ അല്ലാഹുവിന്റെ റസൂലി (നോ)ടൊപ്പം അവരുടെ മൂടുവസ്ത്രം ധരിച്ചുകൊണ്ട് സുബ്ഹി നമസ്‌കാരത്തിൽ പങ്കെടുത്തിരുന്നു. നമസ്‌കാരം കഴിഞ്ഞാൽ അവർ വീട്ടിലേക്ക് മടങ്ങും. ഇരുട്ട് നിമിത്തം ഒരാൾക്കും അവരെ തിരിച്ചറിഞ്ഞിരുന്നില്ല’’ (ബുഖാരി).
ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്‌നു ഹജർ അസ്ഖലാനി(റഹി) പറയുന്നത് നോക്കൂ: “ഈ ഹദീസിൽ സുബ്ഹി നമസ്‌കാരം അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണെന്നും രാത്രികളിൽ നമസ്‌കാരത്തിന്ന് വേണ്ടി സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്. അപ്രകാരം പകലിനെക്കാൾ രാത്രിയാണ് കൂടുതൽ സംശയത്തിന് സാധ്യതയുള്ളത് എന്നിരിക്കെ പകലിലും നമസ്‌കാരങ്ങൾക്കായി പള്ളിയിൽ പോകാമെന്ന് മനസ്സിലാകുന്നു’’ (ഫത്ഹുൽബാരി : 2/360)
നബിﷺയുടെ വഫാത്തിന്ന് ശേഷവും അവിടുത്തെ ഭാര്യമാർ പള്ളിയിൽ നമസ്‌കരിക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്തിരുന്നു: ആഇശ(റ) നിവേദനം: “നബിﷺ വഫാത്താകുന്നതുവരെ റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനുശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു’’ (ബുഖാരി, മുസ്‌ലിം).
(തുടരും)

