പുരോഗമന കാലത്തെ സാമൂഹ്യമാധ്യമ വിക്രിയകൾ

നബീൽ പയ്യോളി

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

കുതിപ്പിന്റെ കാലത്ത് നേട്ടങ്ങളുടെ നെറുകയിൽ വിരാജിക്കുന്ന, പുരോഗമനത്തിന്റെ അപ്പോസ്തലന്മാർ ചെയ്തുകൂട്ടുന്ന വിക്രിയകൾ ദുരന്ത സമാനമാണ്. ടെക്‌നോളജിക്കൽ റവല്യൂഷൻ ആഘോഷമാക്കുന്നവർതന്നെ അതിന്റെ അപകടങ്ങളെകൂടി ഉപയോഗപ്പെടുത്തുന്നത് എത്ര നീചമാണ്! ‘ഇതാ ഞങ്ങളെ നോക്കൂ, ഇരുണ്ടയുഗത്തിൽനിന്ന് വണ്ടി കിട്ടാത്തവരേ’ എന്ന് ആക്ഷേപഗീതങ്ങൾ രചിക്കുന്നവർ ഇരുണ്ട മനസ്സുകളെപോലും ലജ്ജിപ്പുക്കും വിധമുള്ള വിക്രിയകളുടെ ഫേക്ക് ലോകത്താണ് എന്നത് വിരോധാസമാണ്.

മതം പുരോഗതിക്ക് തടസ്സമാണെന്നും അത് അപരിഷ്‌കൃതമാണെന്നും നാഴികക്ക് നാൽപതുവട്ടം പറയുന്നവർതന്നെ സ്വാർഥതാൽപര്യങ്ങൾക്കായി മതവിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ നാണക്കേട് തോന്നുന്നില്ലേ? എന്തൊരു ചർമസൗഭാഗ്യമെന്ന് തോന്നിപ്പോകാറുണ്ട്. ഒന്നുകിൽ തങ്ങളുടെ പ്രത്യയശാത്ര അടിസ്ഥാനങ്ങളെ അംഗീകരിച്ച് അത് എന്നും നിലപാടായി സ്വീകരിച്ച് സക്രിയ സംവാദങ്ങൾ നടത്തുക. ഇല്ലെങ്കിൽ പ്രത്യയശാത്രത്തെ ആറായി മടക്കി പോക്കറ്റിലിട്ട് അവസരത്തിനൊത്ത് നിലപാടെടുക്കുക. രണ്ടുംകൂടി ചേരില്ലല്ലോ.

രാഷ്ട്രീയവും തെരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞകാലങ്ങളിലും വിവാദച്ചുഴികളിൽ കലങ്ങിമറിഞ്ഞിട്ടുണ്ട്. കാലം മാറിയത് അറിഞ്ഞില്ലേ എന്ന് മറ്റുള്ളവരോട് ചോദിക്കുന്നവർതന്നെ അത് മറക്കുന്നു. കളവുകൾ പിടിക്കപ്പെടാനുള്ള ഡിജിറ്റൽ തെളിവുകൾ അവശേഷിക്കുന്ന കാലത്താണ് ജീവിക്കുന്നതെന്ന് അവർതന്നെ മറന്ന് പോകുന്നു. പറഞ്ഞത് നിഷേധിക്കാനും ചെയ്തത് മായ്ച്ചുകളയാനും പറ്റാത്ത കാലത്താണ് ജീവിക്കുന്നതെന്ന മിനിമം ബോധം പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും ഉണ്ടാവേണ്ടത് കാലത്തിന്റെ കൂടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെയ്യുന്നതും പറയുന്നതും നൂറുവട്ടം ആലോചിച്ചു വേണം. ഇല്ലെങ്കിൽ പ്രതീക്ഷകൾക്കപ്പുറത്തുള്ള തിരിച്ചടികൾ തീർച്ച, എതിരാളികൾ അതിനെ മൂർച്ചകൂട്ടി കാലങ്ങളോളം ഉപയോഗപ്പെടുത്തും. സത്യാനന്തര കാലത്താണ് ജീവിക്കുന്നതെന്ന് ഓർമിപ്പിക്കുന്നവർതന്നെ അസത്യവും കളവും വ്യാജവും പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങുന്നത് എങ്ങനെയാണ്?

ജനാധിപത്യവും മതേതരത്വവും ഒരുവേള മനുഷ്യത്വവും അന്യമായ ഫാസിസ്റ്റ് കാലത്ത് ശത്രുക്കളുടെ കൈയിൽ മൂർച്ചയുള്ള ആയുധം വെച്ചുകൊടുക്കുന്ന അവിവേകം കൂടിയാണ് ഇപ്പോൾ നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സത്യസന്ധവും നീതിയുക്തവും ആയിരിക്കണമെന്ന ബോധ്യം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇനിയെങ്കിലും ഉണ്ടായേ മതിയാവൂ. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വളർന്നു എന്ന് അവകാശപ്പെടുമ്പോഴും ഇത്തരം അസാംസ്‌കാരിക പ്രവർത്തനങ്ങൾ തുടരുന്നത് നാണക്കേടാണ്. ചുറ്റുമുള്ളവരെല്ലാം മണ്ടന്മാരാണെന്ന മൗഢ്യം വെടിയണം. വിവേകവും പക്വതയും ചേർന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷമാണ് ഉണ്ടാവേണ്ടത്. കലങ്ങിമറിയാൻ കാത്തിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഉരുൾപൊട്ടലായി കല്ലും മണ്ണും പാറക്കഷ്ണങ്ങളും ചെളിയും സകല മാലിന്യങ്ങളും ഒഴുകിവരുന്ന ഇടങ്ങളായി നമ്മുടെ നാട് മാറരുത്.

ശക്തമായ ആശയസംവാദവും അതിനെക്കാളപ്പുറം പാരസ്പര്യത്തിലൂന്നിയ നിലപാടുകളുമാണ് ഇന്നിന്റെ ആവശ്യം. നാടിന്റെ നിലനിൽപ്പും നന്മയുമൊക്കെ എല്ലാവരുടെയും ആവശ്യമാണ്. പ്രയാസങ്ങളും പ്രതിസന്ധികളും അശാന്തിയും ഏതോ ചിലരെ മാത്രം ബാധിക്കുന്ന ഒന്നാവില്ല. എല്ലാവരും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും. അതുകൊണ്ട് തന്നെ നിലപാടുകളുടെ പക്വതയും ജാഗ്രതയും ഓരോരുത്തരുടെയും ബാധ്യതയാണ് എന്ന തിരിച്ചറിവുണ്ടാവൽ അനിവാര്യമാണ്.

മനസ്സിൽ തോന്നുന്നതൊക്കെ വിളിച്ചുപറയാനും കുതന്ത്രങ്ങൾക്ക് ഉപകരണങ്ങളാകാനുമല്ല സാമൂഹ്യമാധ്യങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്. മറിച്ച്, സത്യവും നീതിയും നന്മയും പുലരാനാവണം.

നിയമപാലകർക്കും ഭരണകൂടത്തിനും ഇതിൽ നീതിയുക്തമായ നിലപാടെടുക്കാൻ സാധിക്കണം. പച്ചവെള്ളത്തിന് തീപിടിക്കുംവിധം വർഗീയ വിഷങ്ങൾ പത്തിവിടർത്തുമ്പോൾ പേരും നാടും നോക്കി ചാടിയെഴുന്നേൽക്കാനും മരിച്ചതുപോലെ കിടക്കാനും കാണിക്കുന്ന വൈഭവം വിവേകമല്ല, തികഞ്ഞ അവിവേകമാണ്. അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നതിന് അനേകം ഉദാഹരണങ്ങൾ നമ്മൂടെ മുന്നിലുണ്ട്. നിരപരാധികളെ മരണത്തിലേക്ക് തള്ളിവിട്ടും അവരുടെ ജീവിതം തകർത്തും സാമ്പത്തിക ചൂഷണം നടത്തിയും മറ്റുമായി സൈബറിടങ്ങളിൽ വാഴുന്നവരെ കണ്ടില്ലെന്നു നടിച്ച് എത്രകാലം നമുക്ക് മുന്നോട്ടു പോകാൻ കഴിയും? വഴിയോരങ്ങളിൽ പതുങ്ങിയിരുന്ന് പാവങ്ങൾക്ക് പെറ്റിയടിക്കാൻ സമർഥരായ പോലീസ് സംവിധാനം തങ്ങളുടെ കൺമുന്നിലുള്ള പ്രതികളെ കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയും കണ്ടുവരുന്നു.

വർഗീയ കലാപം അടക്കമുള്ള വലിയ സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണമാകുന്നത് പലപ്പോഴും അസത്യങ്ങളും അർധസത്യങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴി നിർബാധം പ്രവഹിക്കുന്നതാണ്. സൈബറിടത്തെ ജാഗ്രത ഇന്നിന്റെ അനിവാര്യതയാണ്. അത് ഭരണകൂടവും രാഷ്ട്രീയ, സാംസ്‌കാരിക, മത നേതൃത്വങ്ങളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്.