വിവേചനങ്ങളുടെ വേരറുത്ത മതം

ആഷിഖ എ.വി നടുവട്ടം

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ജാതിയുടെയും മതത്തിന്റെയും തൊലിയുടെ നിറത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരിലുള്ള വിവേചനവും അകറ്റിനിറുത്തലും അക്രമവും നീതിനിഷേധവും ലോകത്ത് ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ലജ്ജാവഹമായ കാര്യമാണ്.

ജോർജ് ഫ്‌ളോയിഡ് എന്ന 48 വയസ്സുകാരന് വെള്ളപ്പട്ടാളക്കാരന്റെ കാലിന്റെ മുട്ടിനിടയിൽ കിടന്ന് മരിക്കേണ്ട അവസ്ഥയുണ്ടായത് ‘വിവരമില്ലാത്ത ഏതെങ്കിലും അറബ്‌നാട്ടിൽ’ വെച്ചല്ല. ലോകത്ത് ഏറ്റവും ഉന്നതരും സമ്പന്നരും പരിഷ്‌കൃതരുമാണെന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന അമേരിക്കയിൽ വെച്ചാണ്.

അമേരിക്കയിൽ കടുത്ത വർണ വിവേചനം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ബസുകളിലടക്കം കറുത്ത വംശജർക്ക് വിവേചനം നേരിടേണ്ടി വന്നു. 1955ൽ കറുത്ത വർഗക്കാരിയായ റോസ പാർക്‌സ് ബസിൽ ഒരു വെള്ളക്കാരനായി സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി. ഇതിനെ തുടർന്ന് മോണ്ട്‌ഗോമറിയിലെ എൻ.എ.എ.സി.പി തലവനായിരുന്ന ഇ.ഡി.നിക്്‌സൺ ആസൂത്രണം ചെയ്ത മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണ സമരം നയിച്ചത് മാർട്ടിൻ ലൂഥർ കിങ്ങായിരുന്നു. സമരം 385 ദിവസം നീണ്ടു. ഇതോടെ കിങ് അറസ്റ്റിലാകുകയും അദ്ദേഹത്തിന്റെ വീടിനു നേരെ ബോംബേറുണ്ടാകുകയും ചെയ്തു. ഇതിനുപിന്നാലെ അലബാമയിലെ യു.എസ് കോടതി പ്രക്ഷോഭകർക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. മോണ്ട്‌ഗോമറിയിലെ ബസുകളിൽ വെള്ളക്കാർക്കായി പ്രത്യേകം നീക്കിവെച്ച സീറ്റുകൾ നിർത്തലാക്കുകയും ചെയ്തു.

1968 ഏപ്രിൽ നാലിന് മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെട്ടു. ലോറൻ മോട്ടിലെ തന്റെ മുറിക്ക് പുറത്തുള്ള ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ജെയിംസ് എന്ന വെളുത്ത വംശക്കാരനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

കറുത്തവരോടുള്ള പകയാൽ പുകയുന്ന മനസ്സുകൾ ഇന്നും അമേരിക്കയിലുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടയ്ക്ക് അവിടെ അരങ്ങേറുന്നുണ്ട്.

എന്നാൽ ഇവരൊക്കെ വിലകുറച്ചുകാണുന്ന മുഹമ്മദ് നബിﷺ വെളുവെളുത്ത സൽമാനുൽ ഫാരിസി(റ)യെയും കറുകറുത്ത ബിലാലി(റ)നെയും തോളോടുതോൾ ചേർത്തുനിറുത്തി വർണ വിവേചനത്തിന്റെ കടയ്ക്കൽ കത്തിവെച്ച മഹാനായ നേതാവാണ്. തൊലി കറുത്തുപോയി എന്ന കാരണത്താൽ പരിഹസിക്കപ്പെടുകയും അക്രമിക്കപ്പെടുകയും അകറ്റപ്പെടുകയും ചെയ്യുന്നവർ അനുഭവിക്കുന്ന മാനസിക പ്രയാസത്തിന്റെ ആഴം വിവരണാതീതമായിരിക്കും.

വിശുദ്ധമക്കയിൽ ഹജ്ജ് കർമത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിനു ഹാജിമാർ സമത്വത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുന്നു. യാതൊരുവിധ വിവേചനവും അവർക്കിടയിൽ കാണുവാൻ സാധ്യമല്ല.

നബിﷺ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു: “മനുഷ്യരേ, അറിഞ്ഞേക്കുക; നിങ്ങളുടെ റബ്ബ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തനെക്കാളും അറബിയല്ലാത്തവന് അറബിയെക്കാളും കറുത്തവന് വെളുത്തവനെക്കാളും വെളുത്തവന് കറുത്തവനെക്കാളും ശ്രേഷ്ഠതയില്ല; ഭയഭക്തികൊണ്ടല്ലാതെ...’’

അല്ലാഹു പറയുന്നു: “ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (49:13).

അറിവുണ്ടായിട്ടും അഹന്തകൊണ്ട് അകം കറുത്തവരാണ് മർത്യർക്കിടയിൽ നിറംകൊണ്ട് മതിലുകെട്ടുന്നത്.