ഇസ്‌ലാം; പിശുക്കിനും ധൂർത്തിനും മധ്യെ
വി.വി. ബഷീർ വടകര
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

ഇസ്‌ലാം മിതത്വത്തിന്റെ മതമാണ്. ഏതു കാര്യത്തിലും ആ മിതത്വം നിലനിറുത്താൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. സമ്പത്ത് ചെലവഴിക്കുന്ന വിഷയത്തിലും ഈ മര്യാദ പാലിക്കുവാൻ ഇസ്‌ലാം വിശ്വാസികളെ ഓർമപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റെ യഥാർഥ അടിയാൻമാരെക്കുറിച്ച് ക്വുർആനിൽ പറയുന്നു: “ചെലവു ചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ’’ (25:67).
എന്നാൽ ഇന്നു നാം കാണുന്നതെന്താണ്? പലരും അവശ്യകാര്യങ്ങളിൽ പിശുക്കുകാണിക്കുകയും അനാവശ്യകാര്യങ്ങളിൽ ധാരാളിത്തം പുലർത്തുകയും ചെയ്തുവരുന്നു. പൊങ്ങച്ചവും ദുരഭിമാനവുമാണ് ഇതിനു പ്രേരിപ്പിക്കുന്നത്.
ഞാൻ അധ്വാനിച്ചുണ്ടാക്കിയതല്ലേ, അത് ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ചെലവഴിക്കും എന്ന നിലപാടാണ് പലർക്കുമുള്ളത്. ഒരു യഥാർഥ മുസ്‌ലിമിന് ഈ നിലപാട് സ്വീകരിക്കുവാൻ സാധ്യമല്ല. കാരണം തന്റെ സമ്പത്ത് അല്ലാഹു നൽകിയ അനുഗ്രഹമാണെന്നും നൽകുന്നതും തടയുന്നതും അല്ലാഹുവാണെന്നും അവൻ മനസ്സിലാക്കുന്നു.
“സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാർശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽനിന്ന് നിങ്ങൾ ചെലവഴിക്കുവിൻ. സത്യനിഷേധികൾ തന്നെയാകുന്നു അക്രമികൾ’’ (ക്വുർആൻ 2: 254).
“അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(3:180).
ഉസ്മാൻ ഇബ്‌നു അഫ്ഫാൻ(റ) സമ്പന്നനായിരുന്നു. മക്കയിൽനിന്ന് അബ്‌സീനിയയിലേക്ക് പലായനം ചെയ്തപ്പോഴും, മക്കയിലേക്ക് തിരിച്ചുവന്നപ്പോഴും അദ്ദേഹത്തിന്റെ സമ്പത്തിൽ കുറവു വന്നില്ല. എല്ലാം വെടിഞ്ഞ് മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ അവിടെയും അദ്ദേഹം സമ്പന്നനായി മാറി. വിശ്വാസ സംരക്ഷണത്തിന് അദ്ദേഹം ചെലവഴിച്ചത് കണക്കില്ലാത്തത്ര സമ്പത്തായിരുന്നു. ആദർശ വിശുദ്ധിയും സൂക്ഷ്മതയോടെയുള്ള ജീവിതവും കൈവെടിയാതെ ജീവിച്ചുകൊണ്ടാണ് അദ്ദേഹം സാമ്പത്തികാഭിവൃദ്ധി നേടിയെടുത്തത്.
ജീവിക്കുന്നത് ഭക്ഷണം കഴിക്കാനോ?
മലയാളികൾ ധൂർത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ആർഭാടങ്ങളും പൊങ്ങച്ചവും കാണിക്കാൻ മത്സരിക്കുന്ന വിഭാഗമായി നാം മാറി. National Sample Survey Office(NSSO) വെളുപ്പെടുത്തിയ സർവേയിൽ ഭക്ഷണം കഴിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ തന്നെയാണ്. ‘ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന’ അവസ്ഥയിൽനിന്ന് ‘ഭക്ഷണം കഴിക്കാൻ ജീവിക്കുന്ന’ അവസ്ഥയിലേക്ക് പുതിയ ജനറേഷൻ ചുവടുവച്ചു കഴിഞ്ഞു. പ്രാദേശികമായ ഭക്ഷണ വൈവിധ്യങ്ങളിൽനിന്നകന്ന് മറുനാടൻ ഭക്ഷണ വൈവിധ്യങ്ങളിൽ നാം അഭിരമിക്കുകയാണ്. ഫാസ്റ്റ് ഫുഡ്ഡുകളുടെ നിറവും രുചിയും നമ്മെ അതിലേക്ക് വലിച്ചടുപ്പിക്കുകയാണ്. നാലുപേർ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കൈയിൽ കിട്ടുന്ന ബില്ലിലെ തുക രണ്ടായിരമോ അതിൽ കൂടുതലോ ആയിരിക്കും. കാശ് ഒരു പ്രശ്‌നമേ അല്ല. കേരളത്തിന് ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല, മരുന്ന് കഴിക്കുന്നതിലും ഒന്നാം സ്ഥാനത്തുതന്നെയെന്ന് സർവേ സൂചിപ്പിക്കുന്നുവെന്ന കാര്യം ഇതിനോട് ചേർത്തു വായിക്കുക.
തിന്നുന്നതിലും കുടിക്കുന്നതിലുമൊന്നും അമിതത്വം പാടില്ലെന്നാണ് ഇസ്‌ലാം നിഷ്‌കർഷിക്കുന്നത്.
“...നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (7:31).
ഹറാമായത് വർജിക്കണം, ശുദ്ധമായത് കഴിക്കണം: “സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ’’ (2:172).
വിവാഹരംഗത്തെ ധൂർത്ത്
വിവാഹരംഗത്ത് ധൂർത്തും അനാവശ്യമായ പ്രവണതകളും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിനത്തിൽ ഒതുങ്ങിയിരുന്ന വിവാഹസദ്യകൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതായി മാറിയിരിക്കുന്നു. മഞ്ഞ, പച്ച, ചുവപ്പ്, മെഹന്തി തുടങ്ങി നിരവധി പേരുകളിലുള്ള പെരുമക്കല്യാണങ്ങൾ നാട്ടിൻപുറങ്ങളിൽ പോലും നടന്നുവരുന്നു. ഇസ്‌ലാമിക അധ്യാപനങ്ങൾ പകർന്നുകൊടുക്കേണ്ടവർ പോലും അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതായി കാണാം. മുസ്‌ലിം സംഘടനകൾ ചർച്ചാവിഷയമാക്കേണ്ട സാമൂഹിക ദുരന്തമാണ് ആർഭാട കല്യാണങ്ങൾ. ഇത്തരം കല്യാണങ്ങൾ സാധാരണക്കാരെ പോലും കടക്കെണിയിലേക്ക് തള്ളിവിടുന്ന ദുരന്ത കാഴ്ചകളാണ് നാം കാണുന്നത്.
കളർഫുൾ ഭക്ഷണങ്ങളും, ആഡംബര പന്തലുകളും, ദിനംപ്രതി മാറുന്ന പുതുവസ്ത്രങ്ങളുമായി വിവാഹത്തിന് കൊഴുപ്പ് കൂട്ടുന്നവർ വിവാഹം സ്വപ്‌നം കാണാൻ മാത്രം വിധിക്കപ്പെട്ട പാവങ്ങളെ കാണാതെപോകുന്നു. ഒരു കാലത്ത് സ്ത്രീധനമായിരുന്നു വില്ലനെങ്കിൽ ഇന്ന് സാമ്പത്തിക ചെലവേറിയ വർണാഘോഷ കല്യാണങ്ങളാണ് വില്ലൻ. സംഗീത വിരുന്നുകളും സിനിമാറ്റിക് ഡാൻസുകളും കല്യാണങ്ങളിൽ പൊടിപൊടിക്കുകയാണ്. വിവാഹം കേമമാക്കാൻ ലോണെടുത്തും മറ്റും സാധാരണക്കാർ മറ്റുള്ളവരോട് മത്സരിക്കുന്നതും നാം കാണുന്നു.
നബിﷺ പറഞ്ഞു: “അല്ലാഹു നിങ്ങളിൽ മൂന്നു കാര്യങ്ങൾ വെറുക്കുന്നു. അതിലൊന്ന് ധനം പാഴാക്കിക്കളയലാണ്...’’
“...നീ (ധനം) ദുർവ്യയം ചെയ്തുകളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു’’(ക്വുർആൻ 17:26,27).
വിവാഹ ധൂർത്തിന്റ കഥകൾ ലോകം ശ്രദ്ധിച്ചത് ആനന്ദ് അംബാനി തന്റെ മകന്റെ വിവാഹത്തിന് മുടക്കിയ 5000 കോടി രൂപയുടെ ചെലവ് അറിഞ്ഞപ്പോഴാണ്. വസ്ത്രത്തിന് മാത്രം മുന്നൂറും നാനൂറും കോടി ചെലവഴിച്ചെന്ന വാർത്ത ലോകം അത്ഭുതത്തോടെയാണ് കേട്ടത്. അംബാനിയുടെ ആസ്തി ഏഴുലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം കോടിയാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ശതമാനം പോലും വിവാഹത്തിന് ചെലവഴിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ സാധാരണക്കാരൻ കല്യാണച്ചെലവ് മുഴുവൻ നടത്തുന്നത് കടം വാങ്ങിയാണ്!
