എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?

സലീം പട്‌ല

2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

(ഭാഗം:02)

11. ഹൃദയവിശാലതക്കും കാര്യങ്ങൾ എളുപ്പമാകാനും മൂസാ നബി(അ) പ്രാർഥിച്ചത് അല്ലാഹുവോടാണ്: “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ച് തരേണമേ; ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്’’(20:25-28).

വിജ്ഞാന വർധനവിന് മുഹമ്മദ് നബിﷺ പ്രാർഥിച്ചത് അല്ലാഹുവോടാണ്: “എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വർധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക’’ (20:114).

രാജാധികാരം നൽകാനും അനുഗ്രഹത്തിന് നന്ദികാണിക്കാനും അല്ലാഹു ഇഷ്ടപ്പെട്ട സൽകർമങ്ങളിൽ നിരതനായി നല്ലവരിൽ ഉൾപ്പെടുത്താനും സുലൈമാൻ നബി(അ) പ്രാർഥിച്ചത് അല്ലാഹുവിനോട് മാത്രമാണ്:

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്കുശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ...’’ (38:35).

“...എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സദ്‌വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ’’(27:19).

12. പൊറുത്തുതരാനും സജ്ജനങ്ങളിലും സ്വർഗാവകാശികളിലും ഉൾപെടുത്താനും സൽകീർത്തി നൽകാനും ഇബ്‌റാഹീം നബി(അ) പ്രാർഥിച്ചത് അല്ലാഹുവോടാണ്:

“എന്റെ രക്ഷിതാവേ, എനിക്ക് നീ തത്ത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ’’ (26:83-85).

ചെയ്ത സൽകർമ്മങ്ങൾ സ്വീകരിക്കാൻ ഇബ്‌റാഹിം നബി(അ)യും ഇസ്മാഈൽ നബി(അ)യും പ്രാർഥിച്ചത് അല്ലാഹുവോടായിരുന്നു:

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽനിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ...’’(2:128).

13. വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തിയ നമ്മുടെ മാതൃകാപുരുഷരും മാർഗദർശികളുമായ(6:90), (4:69) പ്രവാചകൻമാരെല്ലാം എന്തിനും ഏതിനും എപ്പോഴും എവിടെനിന്നും പ്രാർഥിച്ചത് അല്ലാഹുവോട് മാത്രമായിരുന്നു:

“...തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതികാണിക്കുകയും ആശിച്ച് കൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാർഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു’’(21:90).

14. വിശുദ്ധക്വുർആൻ പരിചയപ്പെടുത്തിയ മാതൃകാമഹതികളായ മർയം, മർയമിന്റെ മാതാവ്, ഫിർഔന്റെ പത്‌നി, സബഇലെ രാജ്ഞി തുടങ്ങിയവരെല്ലാം പ്രാർഥിച്ചതും ശരണം തേടിയതും അഭയം തേടിയതും പൊറുക്കലിനെ ചോദിച്ചതും അല്ലാഹുവിനോട് മാത്രമായിരുന്നു:

“അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽനിന്ന് ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. ..’’ (19:18).

“ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആകയാൽ എന്നിൽനിന്ന് നീ അത് സ്വീകരിക്കേണമേ. തീർച്ചയായും നീ (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമത്രെ’’(3:35).

“സത്യവിശ്വാസികൾക്ക് ഒരു ഉപമയായി അല്ലാഹു ഫിർഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവൾ പറഞ്ഞ സന്ദർഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിർഔനിൽനിന്നും അവന്റെ പ്രവർത്തനത്തിൽനിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളിൽനിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ’’ (66:11).

“...അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു’’ (27:44).

15. വിശുദ്ധ ക്വുർആൻ പരാമർശിച്ച സത്യവിശ്വാസികളുടെ പ്രാർഥനകളെല്ലാം അല്ലാഹുവോട് നേരിട്ടായിരുന്നു:

സ്വഹാബിമാർ: “ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്‌ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ’’ (2:286).

അസ്ഹാബുൽ കഹ്ഫ്: “...അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിർവഹിക്കുവാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ’’(18:10).

മൂസാ നബി(അ)യിൽ വിശ്വസിച്ചവർ:

“...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ’’(7:126).

ഈസാ നബി(അ)യുടെ അപ്പോസ്തലർ: “ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും (നിന്റെ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ’’ (3:53).

ഇബാദുർറഹ്‌മാൻ: “...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു’’ (25:65,66).

ക്ഷമാശീലരായ ദൈവദാസൻമാർ: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ’’(3:147).

ചിന്തിക്കുന്നവർ: “...ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികൾക്ക് സഹായികളായി ആരുമില്ല താനും. ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവിൻ എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിൻമകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാൻമാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൂതൻമാർ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് നൽകുകയും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഞങ്ങൾക്കു നീ നിന്ദ്യത വരുത്താ തിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച’’ (3:191-194).

അറിവിൽ അടിയുറച്ചവർ: “അവർ പ്രാർഥിക്കും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കി യതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. തീർച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല’’(3:8,9).

(അവസാനിച്ചില്ല)