മുഹമ്മദ് നബി ﷺ ഇന്ത്യയിലോ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

‘മിർസാഗുലാം വായുവിൽ പറക്കുന്നു!’

“1902 ഡിസംബർ 8: ഞാൻ ഒരിടത്തുനിന്ന് വുദൂഅ് ചെയ്യുകയാണ്. നിന്നിടം ചതുപ്പായതിനാൽ വലിയൊരു ഗർത്തം രൂപപ്പെടുകയും ഞാൻ അതിലേക്ക് വീഴുകയും ചെയ്തു. താഴേക്ക് പോകവെ സർവശക്തിയുമുപയോഗിച്ച് ഞാൻ മേലോട്ട് തുള്ളി. തറനിരപ്പിൽനിന്ന് വീണ്ടും മേൽപോട്ട് പറന്നു. ഇവിടെനിന്ന് നവാബ് സാഹിബിന്റെ വീടിനടുത്തുവരെ വിസ്തൃതിയിൽ ഞാൻ ഗോളാകാരത്തിൽ പറന്നുകൊണ്ടിരുന്നു. അപ്പോൾ ഒരു അറ്റത്തായി സയ്യിദ് മുഹമ്മദ് അഹ്‌സൻ നിൽക്കുന്നത് കണ്ടു. ‘നോക്കൂ, ഈസാ വെള്ളത്തിന് മുകളിലൂടെയാണല്ലോ നടന്നത്, ഞാനിതാ വായുവിൽ പറക്കുന്നു. അല്ലാഹുവിന്റെ ഔദാര്യം അയാളെക്കാൾ എനിക്കാണല്ലോ ലഭിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട് കൈയും കാലും ഇളക്കുക പോലും ചെയ്യാതെ അനായാസേന ഞാൻ പറന്നു. ഒരുമണിക്ക് 20 മിനുട്ട് ഉള്ളപ്പോഴാണ് ഞാൻ ഈ സ്വപ്നം കണ്ടത്’’ (പേജ് 365).

സ്വപ്നത്തിൽ ആകാശത്തു പറക്കുകയും സമുദ്രത്തിൽ നീന്തുകയും ചെയ്യാത്തവർ വിരളമായിരിക്കും. അതൊന്നും പക്ഷേ, മുഅ്ജിസത്തുകളെയും കറാമത്തുകളെയും ഇകഴ്ത്താൻ മാത്രമുള്ള മഹത്ത്വമായി ആരും പറയില്ല. പക്ഷേ, ഖാദിയാനി പ്രവാചകന് ഏതുകാര്യത്തിലും ഈസാനബി(അ)യെ ഒന്ന് ഇകഴ്ത്തിയാൽ മാത്രമെ തൃപ്തി വരികയുള്ളൂ.

കല്ലെരുമ!

“3.2.1899: ഇന്ന് 1316, വിശുദ്ധ റമദാൻ 21 രാത്രി; ഒരു ആത്മീയചൈതന്യം അനുഭവപ്പെട്ടു. ലൈലത്തുൽ ക്വദ്ർ ആണെന്ന് വെളിപാടുണ്ടായി. സുഖകരമായ മഴപെയ്യുന്നു. ഒരു സ്വപ്നദർശനം; എന്നെപ്പറ്റി ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് വേണ്ടി. അവർ എന്നോട് പറഞ്ഞു: ‘സർവശക്തനാണ് നിന്റെ ദൈവമെങ്കിൽ നിന്റെ തലയിലിരിക്കുന്ന ഈ കല്ലിനെ ഒരു എരുമ ആക്കാനായി പ്രാർഥിക്കുക.’ അപ്പോൾ എന്റെ തലയിൽ ഭാരിച്ച ഒരു കല്ല് ഇരിക്കുന്നത് ഞാൻ കണ്ടു. അതൊരു മരക്കഷ്ണമാണ് എന്നും തോന്നി. ഞാൻ അത് നിലത്തേക്കിട്ടു. ‘ഇതിനെ എരുമയാക്കണേ’ എന്ന് പ്രാർഥിച്ചു. കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് പ്രകാശിക്കുന്ന രണ്ട് കണ്ണുകളാണ്. കണ്ണില്ലാത്ത കല്ലിന് പ്രകാശിക്കുന്ന കണ്ണുകൾ നൽകി സുന്ദരിയായ എരുമ ആക്കിയ നാഥന്റെ ശക്തി ഓർത്തു ഞാൻ അവന് പ്രണാമമർപ്പിച്ചു. ‘അല്ലാഹു അത്യുന്നതൻ’ എന്ന് അവന്റെ മഹത്ത്വം വാഴ്ത്തി. ദൂരങ്ങളിൽനിന്ന് അലയടിച്ച ശബ്ദം കേട്ടു. ബാനു എന്ന് പേരുള്ള ഒരു സ്ത്രീ എന്റെയടുത്ത് വന്നു. അവളായിരുന്നു പ്രാർഥിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ അവളോടും പിന്നെ സ്വയം ആവർത്തിച്ചും പറഞ്ഞുകൊണ്ട് പ്രണമിച്ചും മഹത്ത്വം വാഴ്ത്തിയും കഴിയവെ കണ്ണുതുറന്നു. അപ്പോൾ രാത്രി നാലുമണി ആയിരുന്നു. ഇതിന്റെ വ്യാഖ്യാനം ഞാൻ പറയാം: ‘ഗവൺമെന്റിന്റെയടുത്ത് എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. എന്നാൽ കണ്ണില്ലാത്ത കല്ല് എരുമയായ പോലെ ഗവൺമെന്റെ് കണ്ണുതുറക്കുകയും യാഥാർഥ്യം മനസ്സിലാക്കുകയും ചെയ്യും’’ (പേജ് 273-274).

മിർസയുടെ ലക്ഷ്യം അല്ലാഹു സർവശക്തനാണെന്ന് അറിയിക്കുന്നതിനെക്കാൾ പ്രധാനം ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുമ്പിൽ നല്ലപിള്ളയാവുകയാണ് എന്നല്ലേ ഈ വ്യാഖ്യാനത്തിൽ നിന്ന് മനസ്സിലാവുക? റമദാൻ 21നാണ് ലൈലത്തുൽ ക്വദ്ർ എന്ന് കൃത്യമായി മിർസയെ അറിയിച്ചുവെങ്കിൽ അത് ഖാദിയാനികളുടെ ഭാഗ്യം. മുസ്‌ലിംകളുടെ അന്തിമ പ്രവാചകൻ ﷺ അതെന്നാണെന്ന് നിർണിതമായി പറഞ്ഞു തന്നിട്ടില്ല. പക്ഷേ, ഈ കാര്യത്തിലും ഉറച്ചുനിൽക്കാൻ ഖാദിയാനി പ്രവാചകന് ആവുന്നില്ല. മറ്റൊരു ‘വഹ്‌യി’ൽ തീയതി മാറുന്നത് കാണുക: “15.11.1906: ഇന്ന് റമദാൻ 27ാം രാവ് ലൈലത്തുൽ ക്വദ്ർ ആണെന്ന് മനസ്സിൽ തോന്നിച്ചു. ജീവിതത്തിന് ഒരു പരിഗണനയും ഇല്ല. ഒരുപക്ഷേ, ഈ രാത്രിയുടെ സൗഭാഗ്യം ലഭിച്ചെങ്കിലോ എന്ന് ചിന്തിച്ചുകൊണ്ട് എഴുന്നേറ്റു നമസ്‌കരിച്ചു, ദുആ ചെയ്തു. അപ്പോൾ ഒരു വരി കവിത ഇൽഹാമായി അവതരിച്ചു: ‘അവൻ വളരെ ശക്തനാണ്; പൊട്ടിപ്പോയവ നന്നാക്കാനും നന്നാക്കിയവ പൊട്ടിക്കാനും. ആർക്കും അവന്റെ രഹസ്യം പിടികിട്ടില്ല.’ വീണ്ടും ‘നിസ്സാരന്റെ തോണി മുങ്ങിപ്പോയി’ എന്ന് ഇൽഹാം അവതരിച്ചു’’ (പേജ് 577).

അല്ലാഹുവല്ല ഈ ‘വഹ്‌യുകൾ’ അവതരിപ്പിക്കുന്നതെന്ന് ആർക്കും തിരിച്ചറിയാനാവും. വിശുദ്ധ ക്വുർആൻ അവതരിച്ച, ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ക്വദ്ർ രണ്ടു രാത്രികളിലാണെന്ന് അല്ലാഹുവിൽ നിന്നു വഹ്‌യ് ലഭിച്ചു എന്നാണ് പറയുന്നത്. തന്റെ ദൂതന് ചെറിയ ഒരു അബദ്ധം പോലും വരാതെ സൂക്ഷിക്കാൻ അല്ലാഹു ബാധ്യസ്ഥനാണല്ലോ. പക്ഷേ, ഈ കാര്യങ്ങളൊന്നും ഖാദിയാനി പ്രവാചകന്റെ അനുയായികൾക്ക് അറിയില്ല എന്നതാണ് കഷ്ടം!

ആരാണ് ആ ആടുകൾ?

“1883ൽ ഒരു വഹ്‌യ് അവതരിച്ചു: രണ്ട് ആടുകൾ അറുക്കപ്പെടും. ഭൂമിക്കു മേലെ ഒരാളും മരണത്തിൽനിന്ന് രക്ഷപ്പെടുകയില്ല’’ (പേജ് 69).

ഇതിന് മിർസാ ഗുലാം പലപ്പോഴും നൽകിയ വിശദീകരണം, ആകാശവിവാഹത്തിലെ വധുവിന്റെ പിതാവ് അഹ്‌മദ് ബേഗും അവളുടെ ഭർത്താവായ പ്രതിനായകൻ സുൽത്താൻ അഹ്‌മദും ആണ് ഈ രണ്ടാടുകൾ എന്നായിരുന്നു. ‘നിങ്ങൾ ചിന്തിക്കുക, ഇതൊക്കെ മനുഷ്യസാധ്യമാണോ? വരാനിരിക്കുന്ന കാര്യങ്ങൾ ഇത്ര വ്യക്തമായി മുൻകൂട്ടി പറയാൻ കഴിയുമോ?’ എന്നുപോലും അയാൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഒരാട് അറുക്കപ്പെടാതെ ബാക്കിയായപ്പോൾ ‘പ്രവാചകൻ’ തന്നെ മറ്റൊരു വിശദീകരണം നൽകി. ആടുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശത്രുക്കളല്ല, കുഞ്ഞാടുകൾ ആണെന്നും ആത്മാർഥതയും അർപ്പണബോധവുമുള്ള അനുയായികളായിരിക്കും അവരെന്നും വ്യാഖ്യാനിച്ചുകൊണ്ട് കാബൂൾക്കാരായ മൗലാനാ അബ്ദുൽ ലത്തീഫും ശിഷ്യൻ മൗലവി അബ്ദുൽ കരീമുമാണ് ആടുകളെന്നും അവർ രണ്ടുപേരെയും കാബൂൾ ഭരണകൂടം നിർദയം വധിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. തദ്കിറയിലെ അടിക്കുറിപ്പിൽ, ക്രോഡീകരിച്ചയാളുടെ വിശദീകരണം രണ്ടാമത്തെ സാക്ഷാത്കാ രമാണ്. ഒരേ ‘വഹ്‌യി’ന് തന്നെയാണ് പരസ്പരവിരുദ്ധമായ ഈ വ്യാഖ്യാനങ്ങൾ നൽകിയിരിക്കുന്നത്.

പൂച്ചക്ക് വധശിക്ഷ!

“1903 ആഗസ്റ്റ് 24: ഒരു പൂച്ച എന്റെ കൈയിലിരിക്കുന്ന പ്രാവിനെ ആക്രമിക്കുകയാണ്. പലവുരു ആട്ടിയോടിച്ചിട്ടും അത് പിന്മാറാൻ ഭാവമില്ല. ഗത്യന്തരമില്ലാതെ ഞാൻ അതിന്റെ മൂക്ക് അരിഞ്ഞു. ചോര ചീറ്റിയീട്ടും അത് മുമ്പോട്ടുതന്നെ. ഞാൻ അതിന്റെ കഴുത്തു പിടിച്ച് മുഖം നിലത്തിട്ട് ഉരസാൻ തുടങ്ങി. അപ്പോഴും അത് തലപൊക്കാൻ തന്നെയാണ് ഭാവം. ഞാൻ പറഞ്ഞു; വരൂ, ഇതിനെ തൂക്കിലേറ്റാം’’ (പേജ് 402-403).

ജന്തുക്കളോട് പരമാവധി ക്രൂരത കാട്ടണമെന്നും കഴിയുന്നത്ര പീഡിപ്പിക്കണമെന്നുമാണല്ലോ ഇതിൽനിന്നും ഖാദിയാനികൾക്കുള്ള പാഠം! നായക്ക് വെള്ളം കൊടുത്തയാൾ സ്വർഗാവകാശിയും പൂച്ചയെ കെട്ടിയിട്ട് കൊന്നയാൾ നരകാവകാശിയുമായതിന്റെ കഥ പറഞ്ഞ, പച്ചക്കരളുള്ള ഏതു ജീവിയോടു കാരുണ്യം കാണിച്ചാലും പ്രതിഫലം ലഭിക്കുമെന്നു പഠിപ്പിച്ച മുഹമ്മദ് നബിയെയാണ് മുസ്‌ലിംകൾ പിൻപറ്റുന്നത്.

മുഹമ്മദ് നബിﷺഇന്ത്യയിലോ!

1903 നവംബറിൽ അവതരിച്ചതെന്ന് അവകാശപ്പെടുന്ന നാല് ‘വഹ്‌യുകൾ’ യാതൊരു വിശദീകരണവുമില്ലാതെ ‘തദ്കിറ’യിൽ കൊടുത്തത് കാണാം:

(1) “നമ്മുടെ വിജയം, നമ്മുടെ അധീശത്വം.

(2) അല്ലാഹുവിന്റെ സഹായം, തെളിഞ്ഞ വിജയവും.

(3) സഹായവും അല്ലാഹുവിൽനിന്നുള്ള വിജയവും.

(4) ഇന്ത്യയിലെ കോട്ടയിൽ അല്ലാഹുവിന്റെ റസൂൽﷺ അഭയം തേടിയിരിക്കുന്നു’’(പേജ് 506)

ഈ നാലാമത്തെ ‘വഹ്‌യ്’ 2004ലെ പുതിയ പതിപ്പിൽ കാണുന്നില്ല. നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിന്റെ വഹ്‌യുകൾ ചിലത് നേതാക്കൾക്ക് സ്വീകാര്യവും മറ്റു ചിലത് ചതുർഥിയും ആകുന്നതിന്റെ മാനദണ്ഡം അവർതന്നെ പറയണം. മുഹമ്മദ് നബിﷺയെക്കുറിച്ച് കള്ളം പറയുന്ന, മോശമായി ചിത്രീകരിക്കുന്ന ഈ വാക്ക് മിർസക്ക് അവതരിച്ച വഹ്‌യാണെങ്കിൽ എന്തിന് ‘ഖലീഫമാർ’ അത് വേണ്ടെന്നു വെക്കണം? 2004ന് ശേഷം ഖാദിയാനി അനുയായികൾക്ക് ഈ ചരിത്രം പഠിക്കേണ്ടതില്ലേ? ചിന്താശേഷി നഷ്ടപ്പെടാത്ത അനുയായികൾ ചിന്തിക്കുക.

ദുശ്ശകുനം!

“1907 ജൂലൈ 4: ഉച്ചക്ക് രണ്ടു മണിക്കാണ് വീട്ടുകാരി അമൃതസറിൽ എത്തിക്കാണുമോ എന്ന ചിന്തയുണ്ടായത്. സുരക്ഷിതമായി ലാഹോറിലെത്തട്ടെ. ചെറിയൊരു മയക്കത്തിൽ എന്റെ മുന്നിൽ കുറെ കടലപ്പരിപ്പും കിസ്മിസും ചിതറിക്കിടക്കുന്നത് കണ്ടു. കടലപ്പരിപ്പ് ദുഃഖത്തിന്റെ അടയാളമാണ്. ഞാൻ കിസ്മിസ് തിന്നുകൊണ്ടിരിക്കെ, യാത്രയിലെ പ്രയാസമാണ് ഇതിലൂടെ എന്നെ അറിയിക്കുന്നത് എന്ന് തോന്നി. അപ്പോഴാണ് ‘അവർക്ക് നന്മയാണ്’ എന്ന് രണ്ടു പ്രാവശ്യം പറയുന്നതായി വെളിപാടുണ്ടായത്. പിന്നെ കുറച്ചു പൈസ കണ്ടു. കടലപ്പരിപ്പ് പോലെ അതും ദുശ്ശകുനമാണ്. നന്മയാണെന്ന ഇൽഹാമിനോടൊപ്പം ദുഃഖത്തിന്റെയും പ്രയാസത്തിന്റെയും സാധനങ്ങൾ വീണ്ടും കാണിച്ചതിൽ ഞാൻ ആകെ അസ്വസ്ഥനായി. ഇതെല്ലാം എന്റെ തോന്നലാണ്. അല്ലാഹു രക്ഷിക്കട്ടെ’’ (പേജ് 611)

യഥാർഥ പ്രവാചകന്മാരുടെ സ്വപ്നങ്ങൾ വഹ്‌യിന്റെ ഒരു വകഭേദമാണ്. എന്നാൽ താൻ വ്യാജനാണെന്ന വസ്തുത മിർസതന്നെ തെളിയിക്കുകയാണ് തന്റെ സ്വപ്ന വാർത്തയിലൂടെ. യഥാർഥ പ്രവാചകൻ താൻ സ്വപ്നത്തിൽ കാണുന്ന വസ്തുക്കളെ അപശകുനവും ദുഃഖനിമിത്തവുമായി കണ്ടു ബേജാറാകുന്ന ഒരു അന്ധവിശ്വാസിയാകില്ലല്ലോ.

സൂറതുൽ ഫാതിഹ മിർസക്കും അവതരിച്ചെന്ന്!

“ഒരിക്കൽ മസ്ജിദുൽ മുബാറകിൽ ഇരിക്കുകയായിരുന്നു മസീഹ്. ചിലർ കൂടിയിരുന്ന് ‘സബ്ഉൽ മസാനി’ എന്ന പേരിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. അത് അൽഹംദുവിന്റെ പേരാണെന്നും അല്ല മറ്റേതോ സൂറത്തിന്റെ പേരാണെന്നും അവർ തർക്കിച്ചു. ‘അൽഹംദു മക്കയിലും മദീനയിലും അവതരിച്ചതു കൊണ്ടാണ് ആ പേരു വന്നത്’ എന്ന് ആരോ പറഞ്ഞു. മസീഹ് ഇടപെട്ടു: ‘അത് ശരിയാകാം. പക്ഷേ, ആ സൂറഃ ആദ്യം മുഹമ്മദിനും പിന്നീട് മസീഹിനും അവതരിച്ചതുകൊണ്ടാണ് ‘സബ്ഉൽ മസാനി’ എന്ന പേരു വന്നത്’’ (പേജ് 680-681).

പച്ചക്കള്ളമാണ് മിർസാ ഗുലാം ഇപ്പറഞ്ഞത്. അയാൾക്ക് അവതരിച്ച എല്ലാ വഹ്‌യുകളും ദർശനങ്ങളും ‘തദ്കിറ’യിൽ സമാഹരിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ക്വുർആനിലെ നിരവധി ആയത്തുകൾ അതേപോലെ മിർസാക്ക് ലഭിച്ച വഹ്‌യായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിൽ പോലും ഫാതിഹ കാണാനാകില്ല. പിന്നെ ആരെ പറ്റിക്കാൻ വേണ്ടിയാണ് ഇമ്മാതിരി കള്ളം വിളിച്ചു കൂവുന്നത്? ഇയാൾക്ക് ‘അവതരിക്കുന്നതിന് മുമ്പ്’ ഇങ്ങനെയൊരു പേരില്ലായിരുന്നോ ഫാതിഹക്ക്?