ഹേമാ കമ്മറ്റി റിപ്പോർട്ടും സിനിമാ മേഖലയുടെ ജനിതകപ്രശ്‌നവും!

ഡോ. അബ്ദുല്ലാ ബാസിൽ സി. പി

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

മാനം നിറയെ നിഗൂഢതകളാണ്, മിന്നുന്ന താരങ്ങളും സുന്ദരമായ അമ്പിളി മാമനും അതിലുണ്ട്. പക്ഷേ, ശാസ്ത്രീയമായ അന്വേഷണം തെളിയിക്കുന്നത് താരങ്ങൾക്ക് തിളക്കമില്ലെന്നും ചന്ദ്രൻ അത്ര സുന്ദരമല്ലെന്നുമാണ്. അതുകൊണ്ട് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു; കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയെ പോലിരിക്കും!’

സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് തുടങ്ങുന്നത് ഈ വാചകങ്ങൾ കൊണ്ടാണ്. 2019ൽ തന്നെ പൂർത്തിയായ റിപ്പോർട്ടാണെങ്കിലും പല കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ച റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ചിന്തയും ജീവിതരീതിയും വസ്ത്രവും ഭക്ഷണവും പോലും നിർണയിക്കുന്നത് സിനിമയുടെ സ്വാധീനത്തിലൂടെയാണ്. പലരുടെയും സംസ്‌കാരവും ധാർമിക കാഴ്ചപ്പാടുകളും നിശ്ചയിക്കുന്നതും സിനിമ തന്നെ. എന്നാൽ അങ്ങനെ പൊതുസമൂഹത്തെ പുതിയ സംസ്‌കാരത്തിലേക്കും കാഴ്ചപ്പാടുകളിലേക്കും കൊണ്ടുപോയ സിനിമാ ലോകത്തിന്റെ ഉള്ളറകൾ ചെറിയ രൂപത്തിലെങ്കിലും തുറന്നുകാട്ടപ്പെടുമ്പോൾ സമൂഹത്തിന് ഒരുപാട് പാഠങ്ങൾ അതിലുണ്ട്.

സിനിമാ മേഖലയുടെ ജനിതകപ്രശ്‌നമോ?

എല്ലായിടങ്ങളിലും സ്ത്രീകൾ പലതരം പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. അത്തരത്തിൽ ചിലത് സിനിമയിലുമുണ്ടാകാം എന്ന ചിന്തക്ക് തന്നെ ഇളക്കം തട്ടിക്കുന്ന രീതിയിലുള്ള കണ്ടെത്തലുകളും വെളിപ്പെടുത്തലുകളുമാണ് റിപ്പോർട്ടിലുള്ളത്. മറ്റ് തൊഴിലിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമയിൽ സ്ത്രീ പീഡനങ്ങളും വിവേചനങ്ങളും വളരെയധികമാണ് എന്നാണ് റിപ്പോർട്ടിന്റെ ആകെത്തുക. റിപ്പോർട്ടിന്റെ 39-ാം പേജിൽ ഇങ്ങനെ വായിക്കാം:

‘എല്ലാവർക്കും മാന്യവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാതെയും പ്രത്യേകിച്ച് ലൈംഗിക പീഡനങ്ങൾക്ക് ഇരയാവാതെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടതുണ്ട്. എന്നാൽ സിനിമാ മേഖലയിൽ അത്തരം അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയല്ല, കൂടുതലായി ലംഘിക്കപ്പെടുകയാണ്. നിരത്തപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ അത്തരം പീഡനങ്ങൾ ഞെട്ടിക്കുന്ന തരത്തിൽ സിനിമാ മേഖലയിൽ വ്യാപകവും അനിയന്ത്രിതവുമാണ് എന്നത് നിസ്സംശയം പറയാൻ സാധിക്കും.’

എന്തുകൊണ്ടായിരിക്കും മറ്റ് മേഖലകളിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമാ മേഖലയിൽ ഇത്രമേൽ വ്യാപകവും അനിയന്ത്രിതവുമായ രീതിയിൽ ലൈംഗിക ആരാചകത്വങ്ങൾ വ്യാപകമാകുന്നത് എന്ന ചിന്തയും ചർച്ചയും കൂടുതൽ നടക്കേണ്ട സമയമാണിത്. സകല സാദാചാര - ധാർമിക സങ്കല്പങ്ങളെയും ചോദ്യം ചെയ്ത്, നേരിട്ടും അല്ലാതെയും നിരന്തരം ലിബറൽ ആശയങ്ങളും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമ. സിനിമകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ആശയങ്ങളും ജീവിതരീതിയും പൊതുവിൽ സമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീകൾക്കും വലിയ അപകടമാണുണ്ടാക്കുക എന്ന വാദമുയർത്തുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാൽ അത്തരം വാദങ്ങളെ ‘പ്രാകൃതം, അപരിഷ്‌കൃതം, കാലത്തിന്റെ മാറ്റമറിയാത്തവർ’ എന്നിങ്ങനെ പരിഹസിക്കാനല്ലാതെ, കൃത്യമായി നേരിടാൻ ആരും തയാറായിരുന്നില്ല.

ഇപ്പോഴിതാ, ആ ആശയങ്ങളുടെയും മേഖലയുടെയും തന്നെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന രൂപത്തിലുള്ള കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നു! ഒരുപക്ഷേ, ഈ വി വാദത്തിന്റെ മാർക്കറ്റിടിയുന്നതോടെ മീഡിയകളും പൊതുസമൂഹവും അടുത്ത ചർച്ചയുടെ പിന്നാലെ പോയി എല്ലാം പഴയത് പോലെ തന്നെയായേക്കാം. എന്നാൽ ആലോചിക്കുന്നവർക്കും കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നവർക്കും ഇതിൽ ഏറെ ചിന്തിക്കാനുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി എണ്ണിയ പതിനേഴ് വിഷയങ്ങളിൽ പലതും ഏറെ ചർച്ചകളർഹിക്കുന്നതാണ്. അവയിൽ ചിലത് താഴെ കൊടുക്കുന്നു:

  • സിനിമയിൽ അവസരം ലഭിക്കാൻ തുടക്കത്തിൽ തന്നെ ലൈംഗികമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കപ്പെടുന്നു.
  • ജോലി സ്ഥലത്തും വാഹനങ്ങളിലും താമസസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങളും ഉപദ്രവങ്ങളും നടക്കുന്നു.
  • ലൈംഗികമായ ആവശ്യങ്ങൾ നിരസിക്കുന്ന സ്ത്രീകൾ ഉപദ്രവിക്കപ്പെടുന്നു.
  • സിനിമാ സെറ്റിൽ ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങളും വസ്ത്രം മാറാനുള്ള സംവിധാനങ്ങളും നൽകാതെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു.
  • സിനിമയിലെ താമസസ്ഥലത്തും വാഹനത്തിലും ആവശ്യമായ സുരക്ഷയില്ല.
  • പുരുഷാധിപത്യവും ലിംഗവിവേചനങ്ങളും സിനിമാ മേഖലയിൽ നിലനിൽക്കുന്നു.
  • ലഹരി ഉപയോഗം, മാന്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ അച്ചടക്കരഹിതമായ കാര്യങ്ങൾ സിനിമയിൽ നിത്യമാണ്.
  • വൃത്തികെട്ടതും താഴ്ത്തിക്കെട്ടുന്നതുമായ കമന്റുകൾ സിനിമാ സെറ്റിലും ഫോണിലൂടെയും നടത്തുന്നു.
  • വേതനത്തിൽ സ്ത്രീ - പുരുഷ തുല്യതയില്ല.
  • സൈബർ ആക്രമണങ്ങൾ.

ജോലിയല്ലേ?

തീർത്തും അന്യരായ സ്ത്രീപുരുഷന്മാർ ഒരു പരിധിയുമില്ലാതെ ഇടപഴകിയും ഇഴുകിച്ചേർന്നും അഭിനയിക്കുന്നു എന്നതാണ് സിനിമാ മേഖലയുടെ നിലനിൽപ്പ്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ ഒന്നാമതായി വരുന്ന ഒരു മറുപടിയുണ്ട്, ‘അത് അവരുടെ ജോലിയല്ലേ, അതിനെ അങ്ങനെ കണ്ടാൽ പോരേ?’ എന്നതാണത്. എന്നാൽ ജോലിയിലാണെങ്കിലും മനുഷ്യൻ മനുഷ്യനല്ലാതാവുകയോ അവന്റെ ചിന്തകൾ ക്യാമറ ഓണാകുമ്പോൾ ഓഫാകുകയോ ചെയ്യില്ല എന്നതാണ് യാഥാർഥ്യം. അതിന് അടിവരയിടുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ;

‘ക്യാമറയ്ക്ക് മുമ്പിൽ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ തയ്യാറാകുന്ന സ്ത്രീകൾ ക്യാമറയ്ക്ക് പിന്നിലും അത്തരത്തിൽ തയാറാകും എന്ന രീതിയിലാണ് സിനിമയിലുള്ള മിക്ക പുരുഷന്മാരും ചിന്തിക്കുന്നത്. അതുകൊണ്ട് ആ പുരുഷന്മാർ യാതൊരു സങ്കോചവും കൂടാതെ തന്നെ ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള ആവശ്യങ്ങൾ നേരിട്ട് മുന്നോട്ടുവെക്കുന്നു. സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ താല്പര്യമില്ലെങ്കിലും അത്തരം ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയും കൂടുതൽ അവസരങ്ങൾ അതിന് വേണ്ടി വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു.’

സ്ത്രീയുടെ നഗ്‌നത വില്പനച്ചരക്കാക്കുക എന്നത് പുരുഷതാല്പര്യമാണെന്നതിനും കൃത്യമായ തെളിവുകൾ റിപ്പോർട്ടിൽ വായിക്കാം:

“പുരുഷ സംവിധായകരാണ് എങ്കിൽ കൂടുതൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നതായി കമ്മിറ്റിയുടെ മുമ്പിൽ ഹാജരായ സ്ത്രീകൾ പറഞ്ഞു.’

മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: ‘ മലയാള സിനിമയുടെ ഉള്ളടക്കം എങ്ങനെയാണ് സ്ത്രീകൾ വില്പനച്ചരക്കാക്കപ്പെടുന്നത് എന്നത് കാണിച്ചു തരുന്നു. അവർ പ്രദർശനവസ്തുക്കൾ മാത്രമായാണ് സ്ത്രീകളെ കാണുന്നത്. പല ഐറ്റം ഗാനങ്ങളും സ്ത്രീശരീരവും അംഗലാവണ്യങ്ങളും പ്രദർശിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. അതിന് സിനിമയുടെ കഥയുമായോ ആഖ്യാനവുമായോ യാതൊരു ബന്ധവും ഉണ്ടാവണമെന്നില്ല.’

ജോലിയല്ലേ എന്ന ചോദ്യത്തിനുത്തരം ജോലി തന്നെയാണ് എന്നാണ്. എന്നാൽ സ്വന്തം ശരീരം കേവലമൊരു വില്പനച്ചരക്കും പ്രദർശനവസ്തുവുമാക്കുന്ന ജോലിയാണെന്ന കാര്യം കൂടി പരിഗണിക്കണം എന്നുമാത്രം! ജോലിയാണ് എന്നത് എന്തും ചെയ്യാനോ ധാർമിക - സദാചാര മൂല്യങ്ങൾ ഒഴിവാക്കാനോ ഉള്ള ന്യായമല്ല. ജോലിയിലും കുടുംബത്തിലും സമൂഹത്തിലും കളിക്കളത്തിലുമെല്ലാം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കേണ്ടതുണ്ട്.

നടി ശാരദയുടെ കണ്ടെത്തലുകൾ

ജസ്റ്റിസ് ഹേമ, ടി. ശാരദ, കെ. ബി വൽസലകുമാരി (റിട്ടയേർഡ് ഐ. എ. എസ്) എന്നിവരാണ് ഈ കമ്മിറ്റി അംഗങ്ങൾ. ഇതിൽ നടി ശാരദക്ക് മാത്രമാണ് സിനിമ മേഖലയിൽ പ്രവർത്തിച്ച് അനുഭവമുള്ളത്. ആ നിലയ്ക്ക് ഈ റിപ്പോർട്ടിൽ അവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പ്രത്യേകം പരാമർശമർഹിക്കുന്നതാണ്.

സ്ത്രീ പുരുഷ കൂടിക്കലരുകൾ: ലൈംഗിക പീഡനങ്ങൾ വളരെയധികം വർധിച്ചു വരുന്നതിന്റെ കാരണങ്ങൾ മുമ്പ് ഈ മേഖലയിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയ്ക്ക് അവർ വിലയിരുത്തുന്നത് ഇങ്ങനെയാണ്:

‘അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും ചെയ്യാൻ ആവശ്യപ്പെടുന്നു എന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെട്ട പ്രശ്‌നം. പഴയ നല്ലകാലത്തും സിനിമാ മേഖലയിൽ ലൈംഗിക പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നത്തെ സമൂഹം ഇന്നലത്തേതിൽനിന്നും വ്യത്യസ്തമാണ്. ഇന്ന് പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനം വളരെയധികമാണ്. അതിനാൽ എല്ലാവരും വളരെയധികം അടുത്ത് ഇടപഴകുന്നു. ഗേൾഫ്രണ്ടും ബോയ്ഫ്രണ്ട്‌സുമെല്ലാം ഇന്ന് വളരെയധികം പൊതുവായ കാര്യമാണ്. ആണും പെണ്ണും തമ്മിലുള്ള ബന്ധം മുമ്പ് വളരെയധികം വ്യത്യസ്തമായിരുന്നു. പുതുതലമുറയുടെ സംസ്‌കാരം വളരെ വ്യത്യസ്തമാണ്. അഡ്ജസ്റ്റ്‌മെന്റുകളും കോംപ്രമൈസുകളും ഇന്ന് പരസ്യമാണ്. മുമ്പ് അങ്ങനെയായിരുന്നില്ല.’

വസ്ത്രധാരണ സംസ്‌കാരം

സിനിമയിലൂടെ സമൂഹത്തിലേക്ക് പടരുന്ന അല്പവസ്ത്രധാരണ സംസ്‌കാരത്തെ പറ്റി വിമർശിച്ചാൽ തന്നെ അപരിഷ്‌കൃതപട്ടം ചാർത്താൻ ഓടിവരുന്നവർ ശ്രദ്ധിച്ച് വായിക്കേണ്ട ഭാഗമാണ് നടി ശാരദയുടെ ഈ നിരീക്ഷണം:

‘സിനിമാ മേഖലയിലെ ഒരുപാടാളുകൾ (സ്ത്രീകൾ?) വസ്ത്രം ധരിക്കുന്ന രീതി ശരിയല്ല. ശരീരം മറയ്ക്കുന്നതിനെക്കാൾ പ്രദർശിപ്പിക്കുകയാണ് അവരുടെ രീതി. മുമ്പ് കാലത്ത് ലൈംഗികമായ ദ്വയാർഥപ്രയോഗങ്ങൾ സെറ്റിലെ സംസാരങ്ങളിൽ ഉണ്ടായിരുന്നില്ല. അതുപോലെ നടിമാരുടെയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്മാരുടെയും സ്തനങ്ങൾ തൊടുകയും മറ്റും ചെയ്യുന്നത് പോലുള്ള ലൈംഗികമായ ചേഷ്ടകളും മുമ്പുണ്ടായിരുന്നില്ല. ഇന്നത് ഇല്ല എന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ്.’

നോക്കൂ, എല്ലാ പ്രശ്‌നങ്ങളുടെയും വേര് പോകുന്നത് അടിസ്ഥാനപരമായി ഇത്തരം കാര്യങ്ങളിലേക്ക് തന്നെയാണ്. പരിധിയിൽ കവിഞ്ഞ ഇടകലരലുകളും അല്പവസ്ത്രധാരണവും സ്വാഭാവികമായും സ്ത്രീകളെ കൂടുതൽ പ്രയാസത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്നു എന്ന യാഥാർഥ്യം എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും വീണ്ടും ഉയർന്നുവരിക തന്നെ ചെയ്യും.

പരിഹാരങ്ങൾ

സ്ത്രീകൾ സിനിമാ മേഖലയിൽ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി റിപ്പോർട്ടിൽ നേരിട്ടും അല്ലാതെയും മുന്നോട്ടുവെച്ച പരിഹാരങ്ങളും ഏറെ ചിന്തിപ്പിക്കുന്നതാണ്.

1. സുരക്ഷിതമായ ഡ്രസ്സിങ്ങ് മുറിയും ടോയിലറ്റും : സ്ത്രീകൾക്ക് മാത്രമായി സുരക്ഷിതമായ വസ്ത്രം മാറാനുള്ള സൗകര്യവും ടോയിലറ്റ് സൗകര്യവും വേണം എന്നതാണ് ഒരു പരിഹാരം. നടി ശാരദയുടെ റിപ്പോർട്ടിൽ സ്ത്രീകളുടെ താമസവും ഒരുമിച്ചാക്കണമെന്നും കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇത്തരം സൗകര്യങ്ങൾ ഒരുക്കുക എന്നത് പണ്ടുമുതലേ ചെയ്തുപോന്നത് ഈ രീതിയിൽ സ്ത്രീകളുടെ സുരക്ഷിതത്വവും സൗകര്യവും പരിഗണിച്ചാണ്. പുരുഷന്മാർ എല്ലാവരും പീഡകരായത് കൊണ്ടല്ല. എന്നാൽ ജൈവികമായിത്തന്നെ പുരുഷനിൽ അത്തരം പ്രവണതകൾ ഉള്ളത് കൊണ്ടും, എല്ലാവരും ധാർമിക നിയമങ്ങൾ പരിഗണിച്ച് അത് അടക്കിക്കൊള്ളണമെന്നില്ല എന്നത് കൊണ്ടുമാണത്. എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതി ‘ജെൻഡർ ന്യൂട്രൽ’ ശുചിമുറികൾ സ്ഥാപിച്ച് പുരോഗമനം തെളിയിക്കാൻ പാടുപെടുകയാണ് പലരും. അതുകൊണ്ടുള്ള ഗുണമെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിലും എതിർക്കുന്നവർ പുരോഗമന വിരുദ്ധരാണ്!

2. വസ്ത്രധാരണവും ശരീരപ്രദർശനവും : സ്ത്രീയുടെ നഗ്‌നത കൂടുതൽ പ്രദർശിപ്പിച്ച് പുരുഷ സംവിധായകർ പ്രത്യേകിച്ചും പെൺശരീരത്തെ വില്പനച്ചരക്കാക്കുകയാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. പെൺശരീരം പുരുഷന്റെ നയനസുഖത്തിനായി പ്രദർശിപ്പിക്കാൻ മാത്രം വിലകുറഞ്ഞതല്ലെന്നും, തുച്ഛമായ പണത്തിനും അവസരങ്ങൾക്കും വേണ്ടി അതിന് വഴങ്ങേണ്ടി വരുന്നത് ഗതികേടാണെന്നും വ്യക്തമാണ്. എന്നാൽ അല്പവസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യമെന്നും അതാണ് പുരോഗമനമെന്നും മനസ്സിലാക്കുന്ന സിനിമ കണ്ട് അനുകരിക്കുന്ന പെൺകുട്ടികൾക്കെങ്കിലും ഇക്കാര്യം ബോധ്യമായെങ്കിൽ!

3. ഒറ്റയ്ക്കാവാതിരിക്കൽ: സ്ത്രീകൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ റിപ്പോർട്ടിലും അതിന് ശേഷം വന്ന സിനിമാ താരങ്ങളുടെ പ്രതികരണത്തിലും വന്ന ഒരു കാര്യം ഒറ്റയ്ക്കാവാതിരിക്കുക എന്നതാണ്. സിനിമാ സെറ്റിൽ വരുമ്പോഴും താമസിക്കുമ്പോഴും കുടുംബത്തിലെ ആരെങ്കിലും കൂടെയുണ്ടെങ്കിൽ അത് ഒരു പരിധിവരെയെങ്കിലും പ്രശ്‌നങ്ങൾ കുറയ്ക്കുന്നു എന്നാണ് വാദം. ഇതേകാര്യം മറ്റുവല്ലവരുമായിരുന്നു പറഞ്ഞിരുന്നതെങ്കിൽ അത് സ്ത്രീയെ കുറച്ചുകാണലും അവളുടെ സ്വതന്ത്ര്യത്തെ തല്ലിക്കെടുത്തലുമെല്ലാമായേനെ! സ്ത്രീയുടെ സുരക്ഷ പരിഗണിച്ച് ‘മഹ്‌റ’മിനൊപ്പമാണ് ദൂരയാത്രകൾ ചെയ്യേണ്ടത് എന്ന മതനിയമത്തെയെല്ലാം പരിഹസിച്ച പുരോഗമന ഇടങ്ങളിൽ നിന്നാണ് ഇതെല്ലാം കേൾക്കേണ്ടി വരുന്നത് എന്നതാണ് ഒരു സമാധാനം!

4.അമിത ഭൗതികതയാണ് വില്ലൻ!: സ്ത്രീകൾ അനുഭവിക്കുന്ന അനേകം പ്രശ്‌നങ്ങൾ ഉന്നയിച്ച റിപ്പോർട്ടിൽ തുടക്കം മുതൽ ആവർത്തിക്കുന്ന ഒരു കാര്യമുണ്ട് ഇരകളായ സ്ത്രീകൾ തങ്ങൾക്ക് നേരിട്ട പീഡനങ്ങളെ പറ്റി പറയാൻ കാണിക്കുന്ന പേടിയും വിമുഖതയുമാണത്. സിനിമയിൽ അവസരങ്ങളും ഉയർച്ചയും ഇല്ലാതാകും എന്ന ഭയമാണ് അവരെ പിന്തിരിപ്പിക്കുന്നത്.

ഡാൻസ് കലാകാരികളുടെ ഒരു വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കി അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ കമ്മിറ്റി ശ്രമം നടത്തിയപ്പോൾ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവരെല്ലാവരും ഗ്രൂപ്പിൽ നിന്നും ഒഴിഞ്ഞു പോയത്രെ! തങ്ങൾക്ക് നേരിട്ട ദൂരനുഭവങ്ങളെ പറ്റി കമ്മിറ്റിയോട് പറയരുതെന്ന് അവർക്ക് നിർദേശം കിട്ടിയിട്ടുണ്ടത്രെ! അങ്ങനെ പറഞ്ഞാൽ അവരുടെ ഭാവി പ്രായസത്തിലാകും.

ഇവിടെയാണ് പണത്തിനും പ്രശസ്തിക്കും വേണ്ടി ഇത്രമേൽ വലിയ പ്രയാസങ്ങൾ സഹിക്കാൻ മനുഷ്യൻ തയാറാകുന്നതിന് പിന്നിലെ കാരണം നമ്മെ ചിന്തിപ്പിക്കേണ്ടത്. താൻ വെറുമൊരു കച്ചവടച്ചരക്കായാലും തന്റെ മാനം കവർന്നാലും തന്നെ വെറുമൊരു പ്രദർശന വസ്തുവാക്കിയാലുമൊന്നും പ്രശ്‌നമില്ല, പണവും പ്രശസ്തിയും കിട്ടിയാൽ മതിയെന്ന ചിന്തയല്ലേ മൂലകാരണം? ചില രക്ഷിതാക്കൾ പോലും മക്കൾ ഇത്തരം ‘അഡ്ജസ്റ്റ്‌മെൻറ്’ നടത്തുന്നതിൽ പ്രശ്‌നം കാണുന്നില്ലത്രെ! സ്വന്തം മക്കളുടെ ചാരിത്ര്യത്തിന് വില പറയുന്ന രക്ഷിതാക്കളെ നയിക്കുന്ന ഘടകം ഭീകരം തന്നെയാണ്. പട്ടിണികിടന്നാലും ആത്മാഭിമാനവും മൂല്യങ്ങളും വിട്ടുവീഴ്ച ചെയ്യാൻ തയാറല്ലാത്ത ലോകവീക്ഷണത്തിൽ നിന്ന് ഇതൊക്കെ നോക്കിക്കാണുന്നതും ഒരു വല്ലാത്ത അനുഭവമാണ്. അമിതമായ ഭൗതികത മനുഷ്യനെ എത്രമേൽ ദുഷിച്ച അവസ്ഥയിലേക്കാണ് തള്ളിവിടുന്നത് എന്നതിന്റെ ഉദാഹരണങ്ങളായി അല്പ കാലത്തേക്കെങ്കിലും ഇത്തരം ചർച്ചകൾ നമുക്ക് കേൾക്കാം..