യേശു മഹാനായ പ്രവാചകൻ

ബിസ്മിത എം (സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്)

2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

ക്രൈസ്തവർ ദൈവപുത്രനായി കണക്കാക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വമാണ് യേശു. ദൈവപുത്രനായ യേശു മനുഷ്യനായി ലോകത്ത് ജനിച്ചതായി അവർ വിശ്വസിക്കുന്നു. എന്നാൽ ഇസ്‌ലാം ആ വാദത്തെ പൂർണമായി എതിർക്കുന്നു. ക്രൈസ്തവർ ദൈവപുത്രൻ എന്ന് വിശേഷിപ്പിക്കുന്ന യേശുവിനെ വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നത് അല്ലാഹുവിന്റെ പ്രവാചകനും മറ്‌യമിന്റെ പുത്രനുമായ ഈസാ(അ) എന്നാണ്. ദൈവപുത്രവാദത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

അല്ലാഹു പറയുന്നത് കാണുക: “അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതു മെല്ലാം അവന്റെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി’’ (ക്വുർആൻ 4:171).

“അവൻ (ആർക്കും) ജൻമം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും’’(112:3-4).

“അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവർക്ക് താക്കീത് നൽകുവാൻ വേണ്ടിയുമാകുന്നു. അവർക്കാകട്ടെ, അവരുടെ പിതാക്കൾക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായിൽനിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവർ കള്ളമല്ലാതെ പറയുന്നില്ല’’ (18:45).

ഇബ്‌നു അബ്ബാസ്(റ)വിൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “അല്ലാഹു പറയുന്നു: ‘ആദമിന്റെ പുത്രൻ എന്നെ വ്യാജമാക്കി. അവന് അതു പാടില്ലായിരുന്നു. അവൻ എന്നെക്കുറിച്ചു പഴി പറഞ്ഞു, അതും അവനു പാടില്ലായിരുന്നു. അവൻ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞത് അവന്റെ ഈ വാക്കാണ് : ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അല്ലാഹു എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ട്’ എന്ന് അവൻ പറഞ്ഞതാണ്. ഒരു ഇണയെയോ സന്താനത്തെയോ സ്വീകരിക്കുന്നതിൽനിന്ന് ഞാൻ മഹാപരിശുദ്ധനുമത്രെ’’ (ബുഖാരി).

“പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവർ വാദിച്ചത് നിമിത്തം’’ (ക്വുർആൻ 19:88-91).

ക്രിസ്മസ് ആഘോഷത്തിന്റെ വേരുതന്നെ അല്ലാഹുവിന് പുത്രൻ ഉണ്ടെന്ന വാദമാണ്. അതുകൊണ്ടുതന്നെ ആ വാദത്തെ അനുകൂലിക്കുന്ന ഏതൊരു പ്രവർത്തനവും നമ്മുടെ വിശ്വാസത്തെ ബാധിക്കുമെന്ന് തിരിച്ചറിയുക.

അബൂസഈദിൽ(റ) നിന്ന് നിവേദനം, നബിﷺ പറഞ്ഞു: “നിശ്ചയം, നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. ‘അല്ലാഹുവിന്റെ ദൂതരേ, മുൻഗാമികളെന്നതുകൊണ്ട് ജൂത-ക്രൈസ്തവരാണോ വിവക്ഷ’ എന്ന് ചോദിക്കപ്പെട്ടു. നബിﷺ പറഞ്ഞു: ‘അവരല്ലാതെ പിന്നെ ആര്?’ (ബുഖാരി).

മുഹമ്മദ് നബിﷺയുടെയോ മറ്റേതെങ്കിലും നബിയുടെയോ ജന്മദിനം ആഘോഷിക്കൽ ഇസ്‌ലാം നിയമമാക്കിയിട്ടില്ല. അങ്ങനെ ചെയ്യൽ മതവിരുദ്ധമാണ്. നന്മയിൽ എല്ലാവരുമായു സഹകരിക്കാം. മാനുഷികമായ സഹായങ്ങൾ ചെയ്യാം. എന്നാൽ വിശ്വാസവിരുദ്ധമായതിൽ നിന്ന് വിട്ടുനിൽക്കുകതന്നെ വേണം.