സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

2024 ഫെബ്രുവരി 10, 1445 റജബ് 29

ഭാഗം: 03

(വിവർത്തനം: ശമീർ മദീനി)

6. അബൂഹുറയ്‌റ(റ) പറയുന്നു, നബിﷺ പറഞ്ഞു: ‘എന്റെ സമുദായം മുഴുവനായും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവരൊഴികെ.’ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിച്ചവർ?’ അവിടുന്ന് പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ, അയാൾ സ്വർഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അയാൾ വിസമ്മതിച്ചവനാണ്’ (ബുഖാരി).

7. അബൂഹുറയ്‌റ(റ) പറയുന്നു, നബിﷺ പറഞ്ഞു: “ഞാൻ നിങ്ങളോട് വിരോധിച്ചതിൽനിന്ന് നിങ്ങൾ വിട്ടകന്നു നിൽക്കുക. ഞാൻ നിങ്ങളോട് കൽപിച്ച കാര്യങ്ങൾ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചുകളഞ്ഞത് അവരുടെ അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോട് എതിരാവലുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).

8. നബിﷺ പറഞ്ഞു: “ഞാൻ കൊണ്ടുവന്ന ആശയാദർശങ്ങളോട് യോജിക്കുന്ന വിധത്തിൽ സ്വന്തം ഇച്ഛകളും ആയിത്തീരുന്നതുവരെ നിങ്ങളിലൊരാളും പരിപൂർണ വിശ്വാസിയാവുകയില്ല’’ (ഇമാം നവവി തന്റെ ‘നാൽപതു ഹദീസുകൾ’ എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലാഹിബ്‌നു അംറി(റ)ൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്).

ഇബ്‌നു ഹജർ(റഹി) പറയുന്നു: “ബൈഹക്വി തന്റെ ‘അൽമദ്ഖലി’ലും ഇബ്‌നു അബ്ദിൽബിർറ് ‘ബയാനുൽ ഇൽമി’ലും ഒരുപറ്റം താബിഉകളിൽനിന്നും-ഹസൻ, ഇബ്‌നു സിരീൻ, ശുറൈഹ്, ശഅ്ബി, നഖഈ പോലുള്ളവരിൽനിന്ന്- (കേവലം അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനെ ആക്ഷേപിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ) നല്ല പരമ്പരയോടുകൂടി ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ടുകളെല്ലാം ഉൾകൊള്ളുന്നത് മേൽസൂചിപ്പിച്ച, അബൂഹുറയ്‌റ(റ) പറഞ്ഞ ഹദീസ്, ഹസനുബ്‌നു സുഫ്‌യാനും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ നിവേദകർ പ്രബലരാണ്. ഇമാം നവവി ‘നാൽപതു ഹദീസു’കളുടെ അവസാനത്തിൽ ഇത് സ്വഹീഹാനെന്നു പറയുകയും ചെയ്തിട്ടുണ്ട്’’ (ഫത്ഹുൽ ബാരി 13/289).

9. ഉമർ(റ) ഹജറുൽ അസ്‌വദിന്റെ അടുക്കൽ ചെന്ന് അതിനെ ചുംബിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ല് മാത്രമാണ് നീയെന്ന് എനിക്ക് നന്നായറിയാം. നബിﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല’’(ബുഖാരി, മുസ്‌ലിം).

10. അബൂഹുറയ്‌റ(റ) പറയുന്നു; നിശ്ചയം, നബി ﷺ പറഞ്ഞു: “ആരെങ്കിലും ഒരു സന്മാർഗകാര്യത്തിലേക്ക് ആരെയെങ്കിലും ക്ഷണിച്ചാൽ അയാളെ പിൻപറ്റുന്നവരുടെതിനു സമാനമായ പ്രതിഫലം ആ ക്ഷണിച്ചയാൾക്കും ഉണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുത്തുന്നതല്ല. അതുപോലെ ആരെങ്കിലും ഒരു വഴികേടിലേക്ക് മറ്റൊരാളെ ക്ഷണിച്ചാൽ അയാളെ പിൻപറ്റിയ എല്ലാവരുടെതിനും സമാനമായ പാപം അയാൾക്കുമുണ്ടായിരിക്കും. എന്നാൽ അത് അയാളുടെ പാപങ്ങളിൽ നിന്ന് യാതൊരു കുറവും വരുത്തുകയില്ല.’’

സുന്നത്ത് പിൻപറ്റാൻ പ്രേരിപ്പിച്ചുകൊണ്ടും ബിദ്അത്തുകളിൽനിന്ന് താക്കീത് നൽകിക്കൊണ്ടും ധാരാളം ക്വുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും വന്നിട്ടുള്ളതുപോലെ, സ്വഹാബികളും താബിഉകളുമടങ്ങുന്ന സച്ചരിതരായ മുൻഗാമികളുടെ (സലഫുകളുടെ) ധാരാളം ഉദ്ധരണികളും (അസറുകൾ) ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതിൽ ചിലത് കാണുക:

1) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: “നിങ്ങൾ സുന്നത്തുകൾ പിൻപറ്റുക. മതത്തിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കരുത്. കാരണം ദീൻ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്’’ (ദാരിമി).

2) ഉസ്മാനുബ്‌നു ഹാദിർ(റ) പറയുന്നു: “ഞാനൊരിക്കൽ ഇബ്‌നുഅബ്ബാസി(റ)ന്റെ അടുക്കൽ ചെന്നിട്ട് പറഞ്ഞു: ‘എനിക്ക് വേണ്ട ഉപദേശം(വസ്വിയ്യത്ത്) തന്നാലും.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ശരി, നീ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് നേരെ ചൊവ്വെ നിലകൊള്ളുക, സുന്നത്ത് പിൻപറ്റുക, ബിദ്അത്തുകളുണ്ടാക്കാതെയിരിക്കുക’’ (ദാരിമി).

3) അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞു: “ആരെങ്കിലും മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, നിർബന്ധ നമസ്‌കാരങ്ങൾ അതിനായി വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ (അഥവാ പള്ളികളിൽ വെച്ച് ജമാഅത്തായി) നിർവഹിക്കാൻ ശ്രദ്ധിച്ചുകൊള്ളട്ടെ! നിശ്ചയം, അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗചര്യകൾ മതമാക്കിയിരിക്കുന്നു. ഈ നമസ്‌കാരങ്ങൾ പ്രസ്തുത സന്മാർഗചര്യകളിൽ പെട്ടതാണ്. നിങ്ങളെങ്ങാനും (പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാതെ) നിങ്ങളുടെ വീടുകളിൽവെച്ചാണ് ഈ ഫർദു നമസ്‌കാരങ്ങൾ നിർവഹിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യയാണ് കയ്യൊഴിയുന്നത്. നിങ്ങളെങ്ങാനും നിങ്ങളുടെ പ്രവാചകന്റെ ചര്യകൾ കയ്യൊഴിച്ചാൽ വഴിപിഴച്ചതുതന്നെ!’’ (മുസ്‌ലിം).

4) അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു: “എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും’’ (മുഹമ്മദ് ഇബ്‌നു നസ്വ‌്ർ അൽമർവസി തന്റെ ‘അസ്സുന്ന’യിൽ ഉദ്ധരിച്ചത്).

5) മുആദുബ്‌നു ജബൽ(റ) പറയുന്നു: “മതത്തിൽ പുതുതായുണ്ടാക്കുന്ന (ബിദ്അത്തുകളെ) കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. കാരണം അവ വഴികേടാണ്’’ (അബൂദാവൂദ്).

6) ‘ക്വദ്‌റി’നെ (വിധിയിലുള്ള വിശ്വാസത്തെ) കുറിച്ച് ചോദിച്ചുകൊണ്ട് ഒരാൾ ഉമറുബ്‌നു അബ്ദിൽ അസീസി(റഹി)ന് കത്തെഴുതി. അപ്പോൾ അദ്ദേഹം അയാൾക്ക് ഇപ്രകാരം മറുപടി നൽകി: “അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കണമെന്നും അതിൽ അതിരുവിടാതെ സൂക്ഷിക്കണമെന്നും ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. അപ്രകാരം തന്നെ നബിﷺയുടെ സുന്നത്തുകൾ പിൻപറ്റുകയും അതിനുപുറമെ ആളുകൾ മതത്തിൽ പുതുതായി കടത്തികൂട്ടിയ അനാചാരങ്ങളെ കയ്യൊഴിയുകയും വേണം. നിങ്ങളുടെ കടമ അതാണ്. പുതിയതായി ഒന്നും മതത്തിലേക്ക് ചേർക്കേണ്ടതില്ല. അതിനാൽ നിങ്ങൾ സുന്നത്തുകളെ കണിശമായി പിൻപറ്റുക. തീർച്ചയായും നിങ്ങൾക്കത് സുരക്ഷയായിരിക്കും’’ (അബൂദാവൂദ്).

7) സഹലുബ്‌നു അബ്ദില്ലാഹിത്തുസ്തുരി(റ) പറഞ്ഞു: “ആരെങ്കിലും (മത)വിജ്ഞാനങ്ങളിൽ പുതിയതായി വല്ലതും ഉണ്ടാക്കിയാൽ തീർച്ചയായും ക്വിയാമത്ത് നാളിൽ അയാളോട് അതിനെപ്പറ്റി ചോദിക്കുന്നതായിരിക്കും. അത് സുന്നത്തിനോട് യോജിക്കുന്നതും (ബിദ്അത്തല്ലാതിരിക്കുകയും ചെയ്താൽ) അയാൾ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അയാൾക്ക് രക്ഷയില്ല’’ (ഫത്ഹുൽ ബാരി).

8) അബൂ ഉസ്മാൻ അന്നൈസാബൂരി(റഹി) പറയുന്നു: “ആരെങ്കിലും തന്റെ വാക്കുകളിലും പ്രവൃത്തികളിലും സുന്നത്തിനെ നേതാവാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്നുവെങ്കിൽ യുക്തിഭദ്രമായ വിജ്ഞാനമായിരിക്കും അയാളിൽനിന്ന് പുറത്തുവരിക. നേരെമറിച്ച് ആരെങ്കിലും ദേഹേച്ഛയെയാണ് നേതാവാക്കി അനുസരിക്കുന്നതെങ്കിൽ അയാളുടെ വാക്കിലും പ്രവൃത്തികളിലും സുന്നത്തിനു വിരുദ്ധമായ ബിദ്അത്തായിരിക്കും ഉണ്ടാവുക’’ (ഹിൽയത്തുൽ ഔലിയാഅ്).

9) ഇമാം മാലിക്(റഹി) പറഞ്ഞു: “ആരെങ്കിലും ഇസ്‌ലാമിൽ പുതിയതായി വല്ലതും ഉണ്ടാക്കുകയും അത് നല്ല കാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ, മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചനകാണിച്ചു എന്നാണ് അയാൾ അതിലൂടെ വിളിച്ചുപറയുന്നത്. കാരണം അല്ലാഹു പറയുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തീകരിച്ച് തന്നിരിക്കുന്നു...’(5:3). അതിനാൽ അന്നേദിവസം ദീനല്ലാത്ത ഒന്നും ഇന്നും ദീനായിരിക്കുകയില്ല’’ (ശാത്വിബിയുടെ അൽഇഅ്തിസ്വാം).

10) ഇമാം അഹ്‌മദ്(റഹി) പറയുന്നു: “നബിﷺയുടെ അനുചരന്മാർ നിലകൊണ്ട ആശയാദർശങ്ങൾ മുറുകെ പിടിച്ച് അവരെ പിൻപറ്റലും ബിദ്അത്തുകൾ കയ്യൊഴിക്കലുമാണ് സുന്നത്തിന്റെ വക്താക്കളുടെ അടിസ്ഥാനം. മതത്തിൽ ഉണ്ടാക്കപ്പെടുന്ന എല്ലാ പുതിയതും (ബിദ്അത്തും) വഴികേടാകുന്നു’’ (ലാലകാഇയുടെ ശർഹു ഉസ്വൂലി ഇഅ്തിക്വാദി അഹ്‌ലിസ്സുന്ന 317).

വിശ്വാസകാര്യങ്ങളിലെന്ന പോലെ മറ്റു കാര്യങ്ങളിലും സുന്നത്ത് പിൻപറ്റൽ അനിവാര്യം

വിശ്വാസകാര്യങ്ങളിൽ നബി ﷺയുടെ അധ്യാപനങ്ങൾ പിൻപറ്റൽ നിർബന്ധമാണ് എന്നപോലെത്തന്നെ ക്വുർആനും സുന്നത്തും പഠിപ്പിക്കുന്ന മറ്റു കാര്യങ്ങളിലും പ്രവാചകചര്യ പിൻപറ്റൽ അനിവാര്യമാണ്. നബിﷺ പറയുന്നു: “നിങ്ങളിൽ ആരെങ്കിലും എന്റെ കാലശേഷം ജീവിച്ചിരിക്കുന്നെങ്കിൽ ധാരാളം ഭിന്നതകൾ കാണാൻ കഴിയുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ ചര്യയും ഖുലഫാഉർറാശിദുകളുടെ ചര്യയും പിൻപറ്റുക.’’

തെളിവുകൾ വ്യക്തമാകുന്ന സന്ദർഭത്തിൽ ശാഖാപരമായ, ഇജ്തിഹാദിയായ കാര്യങ്ങളിലടക്കം സുന്നത്ത് പിൻപറ്റാനാണ് ഈ ഹദീസ് അറിയിക്കുന്നത്. ഈ സമുദായത്തിലെ സച്ചരിതരായ മുൻകാല പണ്ഡിതന്മാരടക്കം ഇക്കാര്യം ഉപദേശിച്ചിട്ടുണ്ട്. അതിൽ പ്രമുഖരാണ് ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം അശ്ശാഫിഈ (റഹി), ഇമാം അഹ്‌മദ്(റഹി) എന്നിവർ. തങ്ങൾ പറഞ്ഞതിനെതിരായി നബിﷺയിൽനിന്ന് വല്ല ഹദീസും സ്ഥിരപ്പെട്ടുവന്നാൽ തങ്ങളുടെ വാക്കുകൾ കയ്യൊഴിച്ചു പ്രസ്തുത തെളിവ് സ്വീകരിക്കാനാണ് അവരൊക്കെയും പറഞ്ഞത്.

ഇമാം മാലികി(റ)ന്റെ ഈ വാക്കുകൾ വളരെ പ്രസിദ്ധമാണ്: “നബിﷺയുടെതല്ലാത്ത ഏതൊരാളുടെയും വാക്കുകളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും’’

ഇമാം ശാഫിഈ(റഹി) പറയുന്നു: “നബിﷺയുടെ സുന്നത്ത് ഒരാൾക്ക് വ്യക്തമായിക്കഴിഞ്ഞാൽ പിന്നെ മറ്റൊരാളുടെ വാക്കിന്റെ പേരിൽ അത് കയ്യൊഴിക്കാൻ പാടുള്ളതല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാരുടെ ‘ഇജ്മാഅ്’ (ഏകോപിച്ച അഭിപ്രായം) ഉണ്ട്. (ഇബ്‌നുൽ ക്വയ്യിമിന്റെ ‘അർറൂഹ്’ എന്ന ഗ്രന്ഥം, പേജ് 395-396).

ഉപരിസൂചിത പണ്ഡിതവചനങ്ങൾ ഉദ്ധരിക്കുന്നതിന്റെ അൽപം മുമ്പ് ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: “ആരെങ്കിലും പണ്ഡിതന്മാരുടെ വാക്കുകൾ ക്വുർആനിനോടും സുന്നത്തിനോടും ഒത്തുനോക്കുകയും എന്നിട്ട് പ്രമാണങ്ങളോട് എതിരായ പണ്ഡിതാഭിപ്രായങ്ങളോട് വിയോജിക്കുകയും ചെയ്താൽ അയാൾ ഒരിക്കലും ആ പണ്ഡിതന്മാരെ അവഹേളിച്ചവനോ അവരുടെ വാക്കുകളെ കയ്യൊഴിച്ചവനോ ആവുകയില്ല. മറിച്ച്, അയാൾ അവരെ ശരിയായ വിധത്തിൽ പിൻപറ്റിയവനാണ്. കാരണം, ആ പണ്ഡിതന്മാരൊക്കെയും ഉപദേശിച്ചതും നിർദേശിച്ചതും അതാണ്. അതിനാൽ അവരെ യഥാർഥത്തിൽ പിൻപറ്റിയവൻ അവരുടെ ഉപദേശങ്ങളെ പ്രയോഗവത്കരിച്ചവനാണ്; അല്ലാതെ അവരോട് എതിരായവനല്ല.’’

കർമശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന നാലു മദ്ഹബുകളിലെയും പണ്ഡിതന്മാരിൽ എത്രയോപേർ മദ്ഹബിലെ അഭിപ്രായങ്ങൾക്ക് എതിരായി പ്രമാണങ്ങൾ സ്ഥിരപ്പെട്ടുവരുമ്പോൾ തെളിവിനെ പിൻപറ്റി ഇമാമുകളുടെ വാക്കുകളെ ഉപേക്ഷിച്ച നിരവധി സംഭവങ്ങളുണ്ട്.

അസബഗ് ഇബ്‌നു ഫറജ്(റഹി) പറയുന്നു: “നാട്ടിലുള്ള സന്ദർഭത്തിലും (അഥവാ യാത്രക്കാരനല്ലാത്ത അവസ്ഥയിലും) ഖുഫ്ഫയിന്മേൽ തടവാമെന്നത് നബിﷺയിൽനിന്നും പ്രമുഖരായ സ്വഹാബികളിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതിനെതിരിൽ ഇമാം മാലികി(റ)ന്റെ വാക്ക് പിൻപറ്റുന്നതിനെക്കാൾ നമ്മുടെ അടുക്കൽ ഏറ്റവും ശക്തവും പ്രബലവുമായത് പ്രസ്തുത പ്രമാണങ്ങളെ പിൻപറ്റലാണ്’’ (ഫത്ഹുൽ ബാരി 1/306).

ഹാഫിദ്വ് ഇബ്‌നു ഹജർ(റഹി) ഫത്ഹുൽ ബാരിയിൽ പറയുന്നു: “നായ പാത്രത്തിൽ തലയിട്ടാൽ ശുദ്ധീകരിക്കുന്നതിന് ഏഴു പ്രാവശ്യം കഴുകുമ്പോൾ ഒന്നാമത് മണ്ണുകൊണ്ടായിരിക്കണമെന്ന ക്രമം (തർതീബ്) പരിഗണിക്കണമെന്ന് മാലികികൾ അഭിപ്രായപ്പെടുന്നില്ല, എന്നാൽ അവരുടെ കൂട്ടത്തിൽ പെട്ട ഖറാഫി(റഹി) പറയുന്നത് കാണുക: “ഈ വിഷയത്തിൽ ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നിട്ടും മദ്ഹബിലെ പണ്ഡിതന്മാർ അതനുസരിച്ച് തിരുത്തിപ്പറയാത്തതിലാണ് അത്ഭുതം!’’

(തുടരും)