ഹദീസ് വിരോധത്തിലെ അപകടങ്ങൾ-3

ദുൽക്കർഷാൻ അലനല്ലൂർ

2024 നവംബർ 30, 1446 ജു. ഊലാ 28

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ ഗ്രാമത്തിൽ ജനിച്ച മിർസാഗുലാം അഹ്‌മദ് പ്രവാചകത്വം വാദിച്ച് ദുഷ്‌കീർത്തി നേടിയ ആളാണ്. ബ്രിട്ടീഷുകാർക്ക് ഒത്താശചെയ്തുകൊടുക്കുന്നതിലായിരുന്നു ടിയാന്റെ ശ്രദ്ധ മുഴുവൻ. ബ്രിട്ടീഷുകാരുടെ ഇഷ്ടം പിടിച്ചുപറ്റാൻ വളരെ നീചമായ രീതിയിൽ അദ്ദേഹം ഉത്തരവുകൾ പുറപ്പെടുവിച്ചു. ബ്രിട്ടീഷുകാർക്കെതിരിൽ യുദ്ധം ചെയ്യാൻ പാടില്ലെന്നും ജിഹാദ് പാടില്ലെന്നുമൊക്കെ മിർസ തട്ടിവിട്ടു.

ഈസാ നബി(അ)യെ ക്രൂശിക്കാൻ വന്ന ജൂതന്മാരിൽനിന്നും അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി സംരക്ഷിച്ചതും അവസാന കാലത്ത് അദ്ദേഹം ഇറങ്ങിവരുന്നതും വിവരിക്കുന്ന സ്വഹീഹായ ഹദീസുകൾ ഇദ്ദേഹം നിഷേധിച്ചതിൽ ചിലതുമാത്രമാണ്.

ഹദീസ് നിഷേധികളുടെ ചർച്ചയിൽ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രമുഖനാണ് മൗലാനാ അബുൽ അഅ്‌ലാ മൗദൂദി സാഹിബ്. ഇദ്ദേഹം ഒരു ഹദീസ് നിഷേധിയായിരുന്നില്ല. വായനക്കാർക്ക് തെറ്റിദ്ധാരണ വരാതിരിക്കാനാണ് ആദ്യം തന്നെ ഇത് സൂചിപ്പിക്കുന്നത്. കാരണം മുമ്പ് നാം സൂചിപ്പിച്ച ചില ഹദീസ് നിഷേധികൾക്ക് ഖണ്ഡനമെഴുതിയ മഹാനാണ് മൗദൂദി സാഹിബ്. എന്നാൽ ഹദീസിന്റെ വിഷയത്തിൽ ചരിത്രത്തിൽ പലർക്കും സംഭവിച്ചപോലെ ചില രോഗങ്ങൾ മൗദൂദിക്കും സംഭവിച്ചിട്ടുണ്ട്.

ഹദീസുകൾ സ്വീകരിക്കുന്നതിലുള്ള മുഹദ്ദിസുകളുടെ മാർഗത്തെ വിമർശിക്കൽ, യുക്തിയെ മാനദണ്ഡമാക്കി ഹദീസുകളെ തള്ളുകയും കൊള്ളുകയും ചെയ്യൽ, സനദിലും മത്‌നിലും രിവായത്തിലുമെല്ലാം മുൻഗാമികൾ പറയാത്ത ആരോപണങ്ങൾ പറയുക പോലുള്ളതെല്ലാം മൗദൂദി സാഹിബിന്റെ ദോഷങ്ങൾ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആദർശത്തിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയിലും ഇത്തരം ദോഷങ്ങൾ കാണുക സ്വാഭാവികം.

മൗദൂദി സാഹിബ് ഹദീസ് നിഷേധം നടത്തിയതിന് ഉദാഹരണമാണ് ദജ്ജാലുമായി ബന്ധപ്പെട്ട് വന്ന ഹദീസുകൾ. ‘അന്ത്യനാളിന്റെ അടയാളമായി ദജ്ജാൽ പ്രത്യക്ഷപ്പെടുന്നതിനെ സംബന്ധിച്ചുള്ള ഹദീസുകൾ മുതവാതിറായ നിലക്കു സ്ഥിരപ്പെട്ടതാണ്. ദജ്ജാലിന്റെ വരവിന്റെ സമയം, അവന്റെ സ്വഭാവങ്ങൾ, സവിശേഷതകൾ, കഴിവുകൾ, അവൻ ചെയ്യുന്ന പ്രവർത്തനങ്ങൾ, വഴിപിഴപ്പിക്കലിന്റെ രീതികൾ തുടങ്ങിയവയെല്ലാം ഹദീസുകളിൽ കാണാം. അത്തഹിയ്യാതിൽ ദജ്ജാലിൽനിന്നും രക്ഷ ചോദിച്ച് നബിﷺ പ്രാർഥിച്ചിരുന്നതായി ഹദീസുകളിൽ കാണാം.

ഇവയെല്ലാം സത്യമാണെന്നും സത്യത്തിന്റെ കക്ഷികളുടെ വിശ്വാസമാണെന്നും ഇബ്‌നുഹജർ, ഇമാം നവവി പോലുള്ള പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തുർമിദി, അഹ്‌മദ്, ഇബ്‌നുമാജ... തുടങ്ങിയവരുടെയെല്ലാം ഹദീസിന്റെ ഗ്രന്ഥങ്ങളിൽ ദജ്ജാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണാം.

പ്രമാണങ്ങളെക്കാൾ സ്വന്തം ബുദ്ധിക്കും യുക്തിക്കും പ്രാധാന്യം നൽകുന്നവർ ഈ ഹദീസുകളെ നിഷേധിച്ചു. ഇബ്‌നുകസീർ പറയുന്നതു കാണുക: “ഖവാരിജുകളും ജഹ്‌മിയ്യാക്കളും ചില മുഅ്തസിലുകളും ദജ്ജാലിന്റെ വരവിനെ മൊത്തത്തിൽ നിഷേധിച്ചു. ഈ വിഷയത്തിൽ വന്ന ഹദീസുകളെ അവർ തള്ളിക്കളഞ്ഞു’’ (അൽബിദായതു വന്നിഹായ: 1/148).

ഇനി ഈ വിഷയത്തിൽ മൗദൂദി എന്തു പറയുന്നു എന്നു നമുക്ക് പരിശോധിക്കാം. ദജ്ജാലിനെക്കുറിച്ച് മൗദൂദിക്ക് വന്ന ഒരു ചോദ്യവും അതിനു നൽകിയ മറുപടിയും കാണുക:

ചോദ്യം: “ദജ്ജാലിനെക്കുറിച്ച് ഇന്ന സ്ഥലത്ത് ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രചരിച്ചിട്ടുണ്ട്. ഏതാണീ സ്ഥലം? ലോകത്തിന്റെ എല്ലാ ഭാഗത്തും മനുഷ്യൻ ചെന്നെത്തിയിട്ടുണ്ട്. ഇപ്പോൾ അവന്റെ ഒരു അടയാളവും കാണാത്തതിന്റെ കാരണമെന്ത്?’’

ഉത്തരം: “ഈ മസീഹുദ്ദജ്ജാലും അതുപോലുള്ളവയും കള്ളക്കഥകളാണ്. മതത്തിൽ അതിന് യാതൊരു സ്ഥാനവുമില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യവും നമുക്കില്ല. ജനങ്ങൾക്കിടയിൽ പ്രചരിച്ച ഇത്തരം കാര്യങ്ങൾക്ക് ഇസ്‌ലാം ഉത്തരവാദിയല്ല.’’ (തർജുമാനുൽ ഖുർആൻ, 1945 സെപ്തംബർ- ഒക്‌ടോബർ).

ഇതൊന്നും റസൂലിൽനിന്നും വന്നതല്ലെന്നും എല്ലാം ഊഹാപോഹങ്ങളാണെന്നും മൗദൂദി സമർഥിക്കുന്നുണ്ട്. വ്യത്യസ്ത രിവായത്തുകളിൽ വ്യത്യസ്ത രൂപങ്ങളിൽ വിശദീകരിക്കപ്പെട്ടു എന്നതും എതിർപ്പിനുള്ള കാരണമായി മൗദൂദി പറയുന്നുണ്ട്. എന്നാൽ മൗദൂദിയുടെ ഇത്തരം വിദണ്ഡ വാദങ്ങൾക്ക് അന്നത്തെ പണ്ഡിതന്മാർ മറുപടി നൽകിയിട്ടുണ്ട്.

ശൈഖ് മിയാൻ മുഹമ്മദ് ദഹ്‌ലവി, ശൈഖ് മുഹമ്മദ് സകരിയ്യാ കാന്തലവി, ശൈഖ് ഹുസൈൻ അഹ്‌മദ് മൽമദനി തുടങ്ങിയവർ അതിൽപെട്ടതാണ്. സനാഉല്ല അമൃതസരി, മുഹമ്മദ് ഇസ്മാഇൽ സലഫി തുടങ്ങിയവർ മൗദൂദിക്ക് ഖണ്ഡനം എഴുതിയ പണ്ഡിതന്മാരാണ്.

ബുഖാരിയിലെ ഒട്ടനവധി ഹദീസുകൾക്ക് നേരെ മൗദൂദിയുടെ വിമർശനശരങ്ങൾ ചെന്നിട്ടുണ്ട്. സുലൈമാൻ നബി(അ)യുമായി ബന്ധപ്പെട്ട, ബുഖാരിയിൽ വിവിധ അധ്യായങ്ങളിൽ വന്ന, ഇമാം മുസ്‌ലിം, നസാഈ എന്നിവർ തങ്ങളുടെ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച ഹദീസിനെയും മൗദൂദി വിമർശിക്കുന്നുണ്ട്. ജൂതന്മാരിൽനിന്ന് കേട്ട സംസാരത്തെ നബിﷺയുടെ സംസാരമായി അബൂഹുറയ്‌റ(റ) മനസ്സി ലാക്കിയതാണെന്നും ആ നിലയ്ക്ക് അബൂഹുറയ്‌റക്ക് അബദ്ധം സംഭവിച്ചതുമാണെന്നാണ് മൗദൂദിയുടെ വാദം.

മൗദൂദിയുടെ പാത പിൻപറ്റിയതിനാലാവാം കേരള ജമാഅത്തെ ഇസ്‌ലാമിക്കും ഇന്ന് പല ഹദീസുകളോടും പുഛമാണ്. സിഹ്‌റിന്റെ ഹദീസും പ്രവാചകന്റെ ചില മുഅ്ജിസത്തുകൾ വിവരിക്കുന്ന ഹദീസുകളും ഉദാഹരണം.

(വിവരങ്ങൾക്കു കടപ്പാട്: ഹദീസ്; പ്രസക്തി, പ്രാമണികത, നിഷേധം. ഫദ്‌ലുൽ ഹഖ് ഉമരി ആമയൂർ, പേജ് 78-80).