മുഹമ്മദ് നബിﷺയുടെ സമുദായത്തി‌െൻറ‌ ശ്രേഷ്ഠതകൾ

ഉമ്മു മിസ്‌യാൽ മൊറയൂർ

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

(ഭാഗം 02)

നബിﷺ പറയുന്നു: “ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഈ ഉമ്മത്തിന്റെയും ഉദാഹരണം ഒരു മനുഷ്യനെ പോലെയാണ്. അയാൾ കുറച്ചു ജോലിക്കാരെ കൂലിക്ക് വിളിച്ചു. എന്നിട്ട് അയാൾ ചോദിച്ചു: ‘ഒരു ക്വീറാത്തിന് രാവിലെ മുതൽ ഉച്ചവരെ നിങ്ങളിൽ ആരാണ് ജോലിയെടുക്കുക?’ ജൂതന്മാർ രാവിലെ മുതൽ ഉച്ചവരെ പണിയെടുത്തു. എന്നിട്ട് വീണ്ടും അയാൾ ചോദിച്ചു: ‘ഉച്ചമുതൽ അസ്വ്‌റിന്റെ സമയംവരെ നിങ്ങളിൽ ആരാണ് ഒരു ക്വീറാത്തിന് പണിയെടുക്കുക?’ ക്രിസ്ത്യാനികൾ അസ്വ്‌റിന്റെ സമയംവരെ പണിയെടുത്തു. ‘അസ്വ്‌റ് മുതൽ സൂര്യൻ അസ്തമിക്കുന്നതുവരെ രണ്ട് ക്വീറാത്തിന് ആരാണ് പണിയെടുക്കുക?’

ശേഷം പ്രവാചകൻﷺ പറഞ്ഞു: ‘അവരാണ് നിങ്ങൾ. കുറച്ചു സമയമേ നിങ്ങൾക്കുള്ളൂ; കൂടുതൽ കൂലിയും.’ ഇത് കേട്ടപ്പോൾ ജൂതന്മാരും ക്രിസ്ത്യാനികളും ദേഷ്യത്തോടെ ചോദിച്ചു: ‘ഞങ്ങൾക്ക് കൂടുതൽ ജോലിയും കുറവ് കൂലിയും?’

‘നിങ്ങൾക്ക് അർഹമായി കിട്ടേണ്ട കൂലിയിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ’ എന്ന് അല്ലാഹു അവരോട് ചോദിച്ചു.

അവർ പറഞ്ഞു: ‘ഇല്ല. പക്ഷേ, അവർക്ക് കൂടുതൽ കൂലി കൊടുത്തല്ലോ!’

അതിന് അല്ലാഹു പറഞ്ഞ മറുപടി: ‘അത് എന്റെ ഔദാര്യമാണ്, ആ ഔദാര്യം ഞാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ഞാൻ കൊടുക്കും’ (ബുഖാരി).

5 നേരം നമസ്‌കരിച്ച ഒരാൾക്ക് 50 നേരം നമസ്‌കരിച്ച പുണ്യമാണ് എന്ന് ഹദീസിൽ കാണാം. ഒരു നന്മക്ക് പത്ത് പ്രതിഫലമാണ് ഈ ഉമ്മത്തിന് നൽകപ്പെടുന്നത്. കുറഞ്ഞ പണി, കൂടുതൽ പ്രതിഫലം! അപ്രകാരം, ആദ്യമായി വിചാരണക്കെടുക്കപ്പെടുന്നതും സ്വിറാത്ത് പാലത്തിലൂടെ ആദ്യമായി കടക്കുന്നതും ഈ ഉമ്മത്തായിരിക്കും എന്നും നബിﷺ അറിയിച്ചിട്ടുണ്ട്’’(സ്വഹീഹു തർഗീബ്).

യുദ്ധത്തിൽ കിട്ടുന്ന ഗനീമത്ത് സ്വത്തുക്കൾ എടുക്കാനുള്ള അവകാശം ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകതയാണ്. മുൻകഴിഞ്ഞ സമുദായങ്ങളിൽ യുദ്ധം നടന്നാൽ ഗനീമത്ത് സ്വത്ത് ഒരു ഭാഗത്ത് ഒരുമിച്ച് കൂട്ടിയിടുകയും, ആകാശലോകത്തുനിന്ന് ഒരു തീനാളം വന്നുകൊണ്ട് പ്രസ്തുത ഗനീമത്ത് സ്വത്തുക്കൾ നശിപ്പിക്കുകയുമായിരുന്നു ഉണ്ടായിരുന്നത്.

മുമ്പത്തെ സമുദായങ്ങളെക്കാളും നിരവധി പ്രത്യേകതകളും ശ്രേഷ്ഠതകളും ഉള്ള ഒരു സമുദായത്തിലെ അംഗമാവാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകിയിരിക്കയാണ്. എന്നാൽ എത്ര പേർ ഈ മഹത്ത്വം തിരിച്ചറിയുന്നുണ്ട്? ഈ വിഷയത്തിൽ നമുക്ക് വേണ്ട ആത്മാഭിമാനം നമ്മൾ കരസ്ഥമാക്കിയോ എന്നതും ചിന്തിക്കേണ്ടതാണ്.

ഇതര സമുദായങ്ങളുടെ ശിർക്കും കുഫ്‌റും നിറഞ്ഞ ആഘോഷങ്ങൾ വരുമ്പോൾ അതിൽ സന്തോഷിക്കാനും നൃത്തമാടാനും അതിന് വേണ്ടി പണം ചെലവഴിക്കാൻ മൽസരിക്കാനും ഈ ഉത്തമ സമൂഹത്തിലെ അംഗങ്ങൾ കാണിക്കുന്ന ഊറ്റം കാണുമ്പോൾ വലിയ പ്രയാസമാണ് തോന്നുന്നത്.

വിശ്വാസികളുടെ വിശേഷണമായി പ്രമാണങ്ങൾ പഠിപ്പിച്ച കാര്യമാണ്, ശിർക്കിനെയും കുഫ്‌റിനെയും സംബന്ധിച്ച് വിശ്വാസികളുടെ ഹൃദയത്തിൽ ഉണ്ടാവുന്ന വെറുപ്പും വിശ്വാസത്തേടും ഈമാനിനോടും ഉണ്ടാവുന്ന ഇഷ്ടവും സ്‌നേഹവും. അല്ലാഹു പറയുന്നു:

“എങ്കിലും അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീർക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധർമവും അനുസരണക്കേടും നിങ്ങൾക്കവൻ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേർമാർഗം സ്വീകരിച്ചവർ’’ (ഹുജുറാത്ത്:7).

എന്നാൽ സങ്കടകരമെന്ന് പറയട്ടെ, സമൂഹത്തിൽ നിലവിലുളള ഏത് തിന്മയെടുത്താലും മുസ്‌ലിം സമൂഹത്തിലെ അംഗങ്ങൾ അതിൽ ഉണ്ടാവും! മദ്യപാനം, മയക്കുമരുന്ന്, സ്വവർഗവിവാഹം എന്നിവയിലടക്കം സമുദായത്തിന്റെ മക്കൾ ചെന്നകപ്പെട്ടിരിക്കുന്നു!

നന്മയുടെ വഴികൾ എത്രതന്നെ കണ്ടാലും ആ വഴികളെ അവർ കണ്ട ഭാവം ഉണ്ടാവില്ല. തിന്മയുടെ വഴിയാണെങ്കിലോ, അത് ആവേശപൂർവം സ്വീകരിക്കും! അല്ലാഹു പറഞ്ഞത് എത്ര സത്യം:

“ന്യായം കൂടാതെ ഭൂമിയിൽ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളിൽനിന്ന് ഞാൻ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതിൽ വിശ്വസിക്കുകയില്ല. നേർമാർഗം കണ്ടാൽ അവർ അതിനെ മാർഗമായി സ്വീകരിക്കുകയില്ല. ദുർമാർഗം കണ്ടാൽ അവരത് മാർഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവർ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്’’ (അഅ്‌റാഫ്:146).

വിശ്വാസവും സൽപ്രവൃത്തികളും നിലനിർത്തിയാൽ മാത്രമെ ഈ ഉമ്മത്തിനെ അല്ലാഹു നിലനിർത്തുകയുള്ളൂ. അവ വിനഷ്ടമാവുന്ന വേളകളിൽ റബ്ബിന്റെ ശിക്ഷ വന്ന് സമൂഹം ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാവും. അതിന് ഉദാഹരണമാണ് ആധുനിക സ്‌പെയിൻ!

ഒരു കാലത്ത് ഇസ്‌ലാമിന്റെ പ്രതാപ ഭൂമിയായായിരുന്നു സ്‌പെയിൻ! എണ്ണമറ്റ ഇമാമുകൾ, നൂറുകണക്കിന് ഗ്രന്ഥശാലകൾ, ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ, ആയിരക്കണക്കിന് പളളികൾ...! പക്ഷേ, ഇന്നത്തെ അവസ്ഥ നോക്കുക, എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു! മുസ്‌ലിം സമൂഹം ദീനിനെ കളഞ്ഞു കുളിച്ചത് കാരണം അല്ലാഹു അവരുടെ ദുൻയാവിനെയും അവരിൽ നിന്ന് തടഞ്ഞു! ഇക്കാര്യം ഇബ്‌നു കസീർ(റഹ്) തന്റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ‘അൽബിദായ വന്നിഹായ’യിൽ പരാമർശിക്കുന്നുണ്ട്.

മുസ്‌ലിംകൾ പ്രതാപത്തോടെ ജീവിച്ച കാലത്ത് ക്രിസ്ത്യാനികൾക്ക് മുസ്‌ലിംകളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, മുസ്‌ലിംകൾ ദീനിൽനിന്ന് മെല്ലെ മെല്ലെ അകന്നു പോയപ്പോൾ അവരുടെ പള്ളികൾ പിടിക്കപ്പെടുകയും ചർച്ചാക്കപ്പെടുകയും ചെയ്തു. അവിടെയുള്ള ഇസ്‌ലാമിക ഗ്രന്ഥാലയങ്ങൾ നശിപ്പിക്കപ്പെട്ടു. പണ്ഡിതന്മാർ വധിക്കപ്പെടുകയും ചെയ്തു. അവസാനം ഇസ്‌ലാമിന്റെ മുഴുവൻ ചിഹ്നങ്ങളും ആ രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. അങ്ങനെ ക്രിസ്ത്യൻ രാജ്യമായി അത് മാറ്റപ്പെടുകയുണ്ടായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഇസ്‌ലാമിന്റെ ആളുകൾ ഇസ്‌ലാമിൽ നിന്ന് മെല്ലെ മെല്ലെ അകന്നു പോയി. അവർ മറ്റുള്ളവരുടെ സംസ്‌കാരം ഏറ്റെടുത്തു. അപ്പോൾ അല്ലാഹു ആ സമൂഹത്തെ ശിക്ഷിച്ചു.

ഇതിൽനിന്നെല്ലാം നമുക്ക് പാഠം ഉൾക്കൊള്ളാനുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങളോടും ചിഹ്നങ്ങളോടും ചേർന്നു നിൽക്കാതെയായാൽ പ്രവാചകൻ പറഞ്ഞതുപോലെ അവർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്ന ചണ്ടികളാവും. പ്രവാചകന്റെ കാലത്ത് പരീക്ഷണങ്ങളും പ്രയാസങ്ങളും ഉണ്ടായപ്പോഴും അവർ ഇസ്‌ലാമിന്റെ പ്രമാണങ്ങളെ ചേർത്തുവച്ചതുകൊണ്ടാണ് അവർക്ക് പ്രതാപമുണ്ടായത്.

നമ്മൾ ജീവിക്കുന്ന സമുദായത്തിൽ ഇസ്‌ലാമിന്റെ മോഡലുകൾ ആവാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ആചാരങ്ങളും രീതികളും എടുത്തണിയുകയല്ല വേണ്ടത്. ഇതൊക്കെ പിശാചിന്റെയും അവന്റെ കൂട്ടാളികളുടെയും ശ്രമമാണെന്ന് നാം മനസ്സിലാക്കണം. അല്ലെങ്കിൽ ഇസ്‌ലാം നമ്മിൽനിന്ന് അകന്നുപോകും. അത് നമ്മുടെ നാടിനും സമുദായത്തിനും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.