സ്രഷ്ടാവിനെ സൃഷ്ടികളുമായി താരതമ്യം ചെയ്യരുത്
മെഹബൂബ് മദനി, ഒറ്റപ്പാലം
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

ഒരു മനുഷ്യൻ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളിൽ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചാണെന്നതിൽ സംശയമില്ല. ‘ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക’ (47:19) എന്ന ക്വുർആൻ വചനം ഇതിലേക്ക് സൂചന നൽകുന്നതാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള പ്രമാണബദ്ധമായ വിശ്വാസമാണ് എല്ലാവിധ നന്മകളുടെയും അടിസ്ഥാനം. ഇത് കരഗതമാകുന്നതിലൂടെ മാത്രമെ മനുഷ്യർക്ക് നന്മകളിൽ അടിയുറച്ച് നിൽക്കുവാനും തിന്മകളെ പാടെ ജീവിതത്തിൽനിന്ന് ഒഴിവാക്കുവാനും സാധിക്കുകയുള്ളൂ.
സ്രഷ്ടാവിനെക്കുറിച്ചുള്ള വികലമായ ധാരണകളും വിശ്വാസങ്ങളുമാണ് അധികമാളുകളെയും സന്മാർഗസരണിയിൽനിന്ന് തെറ്റിച്ചുകളയുന്നത്. പ്രവാചകന്മാരാൽ പഠിപ്പിക്കപ്പെട്ട കളങ്കമുക്തമായ വിശ്വാസങ്ങളിൽനിന്ന് തെന്നിമാറുന്നതോടെ അന്ധവിശ്വാസങ്ങളായിരിക്കും മനസ്സുകളിൽ മുളപൊട്ടുക. അതാകട്ടെ നരകത്തിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
‘ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദർഭത്തിൽ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവർ ചെയ്തത്...’ (6:91).
അല്ലാഹുവിെന്റ നാമഗുണ വിശേഷണങ്ങൾ (അസ്മാഉ വസ്സ്വിഫാത്ത്) പഠിക്കുന്നതിലൂടെയാണ് നമുക്ക് കാരുണ്യവാനായ റബ്ബിനെ അടുത്തറിയാനാവുക. അല്ലാഹുവിന്ന് ഏറ്റവും അത്യുത്തമമായ നാമങ്ങളാണുള്ളത്. അവയെല്ലാംതന്നെ ഏറ്റവും നല്ല അർഥങ്ങളുള്ളതും അല്ലാഹുവിെന്റ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ചവയുമാണ്. അല്ലാഹു പറയുന്നു:
‘അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക. അവൻെറ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തുവരുന്നതിെന്റ ഫലം അവർക്കു വഴിയെ നൽകപ്പെടും’(7:180).
ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടുവന്ന നാമങ്ങളിലൂടെയാണ് നാം റബ്ബിനെക്കുറിച്ച് അറിയേണ്ടത്. നമുക്ക് തോന്നുന്ന രൂപത്തിൽ അല്ലാഹുവിന് പേരുകൾ നൽകുന്നത് അനുവദനീയമല്ല. അത് വലിയ മാർഗഭ്രംശത്തിലേക്കാണ് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുക. മനുഷ്യബുദ്ധികൊണ്ട് ഒരിക്കലും അല്ലാഹുവിെന്റ പുതിയ നാമങ്ങളൊന്നും തേടിപ്പിടിക്കുവാൻ സാധ്യമല്ല. അത് റബ്ബിനോട് ചെയ്യുന്ന അന്യായമാണ്. അറിവ് നൽകപ്പെട്ടില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെ പോകുന്നത് നഷ്ടം മാത്രമെ വരുത്തിവെക്കൂ:
‘നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിെന്റയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’(17:36).
അല്ലാഹുവിെന്റ നാമങ്ങളെ അടുത്തറിയുന്നതിെന്റ പ്രാധാന്യം വ്യക്തമാക്കി നബിﷺ പറഞ്ഞത് കാണുക: ‘നിശ്ചയം! അല്ലാഹുവിന് 99 നാമങ്ങളുണ്ട്. നൂറിൽ ഒന്ന് കുറവ്. വല്ലവനും അവയെ ‘ഇഹ്‌സ്വാഅ്’ ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു’ (മുസ്‌ലിം).
‘ഇഹ്‌സ്വാഅ്’ ചെയ്യുക എന്നതിെന്റ ഉദ്ദേശ്യം അവയെ എണ്ണി തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യലാണെന്നും, അവയുടെ അർഥവും തേട്ടവും അറിയലാണെന്നും, അവകൊണ്ട് പ്രാർഥിക്കലാണന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മുകളിൽ സൂചിപ്പിച്ച ഹദീസിൽനിന്ന് അല്ലാഹുവിന് 99 നാമങ്ങൾ മാത്രമേയുള്ളൂ എന്ന് ഒരിക്കലും മനസ്സിലാക്കിക്കൂടാ. കാരണം അല്ലാഹുവിെന്റ നാമങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നമുക്ക് കഴിയാവുന്നതിലപ്പുറമാണെന്ന് മറ്റു ഹദീസുകളിൽ വന്നിട്ടുണ്ട്. അല്ലാഹുവിെന്റ നാമങ്ങളിൽനിന്ന് ‘ഇഹ്‌സ്വാഅ്’ ചെയ്താൽ സ്വർഗപ്രവേശം സാധ്യമാകുന്നതിെന്റ എണ്ണത്തെയാണ് ആ എണ്ണംകൊണ്ട് അർഥമാക്കുന്നത്. നമുക്ക് വ്യക്തമാക്കിത്തരാത്ത നാമങ്ങൾ റഹ്‌മാനായ അല്ലാഹുവിനുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ദുആയിൽ ഇപ്രകാരം കാണാം: ‘നീ നിെന്റ നഫ്‌സിന് പേരുവെച്ച, നിെന്റ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിെന്റ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിെന്റ അടുക്കലുള്ള അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുൻനിറുത്തി ഞാൻ നിന്നോട് തേടുന്നു’(അഹ്‌മദ്).
അല്ലാഹുവിെന്റ നാമഗുണ വിശേഷണങ്ങളെ നിഷേധിക്കുവാനോ രൂപം പറയുവാനോ ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ പാടില്ലാത്തതാണ്. ഇസ്‌ലാമികലോകത്തെ അറിയപ്പെട്ട അക്വീദ (വിശ്വാസം) ഗ്രന്ഥമായ ‘അക്വീദതുൽ വാസിത്വിയ്യ’യിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നത് കാണുക: ‘ഫിർക്വതുന്നാജിയ്യയുടെ, അത്ത്വാഇഫതുൽ മൻസ്വൂറയുടെ അഥവാ അഹ്‌ലുസ്സുന്ന വൽജമാഅയുടെ വിശ്വാസ സംഹിതയാണിത്. അതായത് അല്ലാഹുവിലും അവൻെറ മലക്കുകളിലും അവൻെറ വേദഗ്രന്ഥങ്ങളിലും അവനയച്ച ദൂതന്മാരിലും മരണാനന്തര ജീവിതത്തിലും വിധിയിലും അതിെന്റ നന്മയിലും തിന്മയിലും വിശ്വസിക്കുക.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ പെട്ടതാണ് അല്ലാഹു അവനെപ്പറ്റി അവൻെറ ഗ്രന്ഥത്തിൽ വിശേഷിച്ചതും അല്ലാഹുവിെന്റ ദൂതൻ അവനെപ്പറ്റി വിശദീകരിച്ചതുമായ വിശേഷണങ്ങൾ ദുർവ്യാഖ്യാനിക്കാതെയും നിഷേധിക്കാതെയും സാമ്യപ്പെടുത്താതെയും ഉപമിക്കാതെയും വിശ്വസിക്കുക എന്നത്.
‘അവന് സാമ്യമൊത്ത ഒന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാണ്’ (42:11) എന്ന് അല്ലാഹുവെ സംബന്ധിച്ച് അവർ വിശ്വസിക്കണം. അവൻ സ്വന്തത്തെപ്പറ്റി വിശേഷിപ്പിച്ചതായ ഒന്നും അവർ നിഷേധിക്കരുത്. പദങ്ങളെ അതിെന്റ യഥാർഥ സ്ഥാനത്തുനിന് കോട്ടിമാട്ടുകയോ അല്ലാഹുവിെന്റ നാമങ്ങളിലും ആയത്തുകളിലും കൃത്രിമം കാണിക്കുകയോ ചെയ്യരുത്. അല്ലാഹുവിെന്റ വിശേഷണങ്ങളുടെ രൂപം പറയുകയോ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്തുകയോ ചെയ്യരുത്. പരിശുദ്ധനായ അല്ലാഹുവിന് പേരൊത്തതായി ആരുമില്ല. അവന് സമന്മാരോ സദൃശ്യരോ ഇല്ല. പരിശുദ്ധനും ഉന്നതനുമായ അവനെ സൃഷ്ടികളോട് താരതമ്യം ചെയ്യാൻ കഴിയുന്നതുമല്ല. തീർച്ചയായും സ്വന്തത്തെപ്പറ്റിയും ഏറ്റവും വസ്തുതാപരവും നല്ലതും അവൻെറ വാക്കുകളാണ്. ശേഷം വിശ്വസ്തരായ അവൻെറ ദൂതന്മാരുടെ (വാക്കുകളും). അല്ലാഹുവെക്കുറിച്ച് അറിവില്ലാത്തവർ പറഞ്ഞുകൊണ്ടിരിക്കുന്നതിന് വിരുദ്ധമായാണ് (കാര്യങ്ങൾ). അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ‘പ്രതാപത്തിെന്റ നാഥനായ നിെന്റ രക്ഷിതാവ് അവർ ചമച്ചു പറയുന്നതിൽനിന്നെല്ലാം എത്ര പരിശുദ്ധൻ! ദൂതന്മാർക്ക് സമാധാനം. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി’ (അക്വീദതുൽ വാസിത്വിയ്യ, ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ).
അല്ലാഹുവിനെക്കുറിച്ച് പ്രമാണബദ്ധമായി മനസ്സിലാക്കിയില്ലെങ്കിൽ അത് മനുഷ്യരെ സ്രഷ്ടാവിനെക്കുറിച്ച തെറ്റായ ധാരണകളിലേക്കെത്തിക്കുകയും അത് മുഖേന അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയുകയും ചെയ്യും. ഇതാകട്ടെ വിലക്കപ്പെട്ട കാര്യവുമാണ്. അല്ലാഹു പറയുന്നത് കാണുക:
‘പറയുക: എെന്റ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധർമവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും അല്ലാഹുവിെന്റ പേരിൽ നിങ്ങൾക്കു വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്’(7:33).
ക്വുർആനിലെ ഏറ്റവും ശ്രേഷ്ഠമായ വചനമായി നബിﷺ അറിയിച്ച ആയത്തുൽ കുർസിയ്യ് അല്ലാഹുവിനെ സംബന്ധിച്ച വ്യക്തമായ ബോധം നമുക്ക് നൽകുന്നതാണ്:
‘അല്ലാഹു -അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻെറതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻെറ അനുവാദപ്രകാരമല്ലാതെ അവൻെറയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവൻെറ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻെറ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ’ (2:255).
പ്രത്യേകതകൾ ഏറെയുള്ള സൂറത്തുൽ ഇഖ്‌ലാസും അല്ലാഹു ആരെന്ന് നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്നവർക്കുള്ള കൃത്യമായ മറുപടിയും അത് നൽകുന്നു: ‘(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജൻമം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും’ (112:1-4).
