മിർസക്ക് വഹ്‌യ് നൽകിയതാര്?
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
2024 മാർച്ച് 16, 1445 റമദാൻ 06

അബൂലഹബിന്റെ സദൃശ ശത്രു!
മുഹമ്മദ് നബിﷺയുടെ കൊടിയശത്രുക്കളായ ദമ്പതികളെ പരാമർശിക്കുന്ന ഒരു അധ്യായം വിശുദ്ധ ക്വുർആനിലുണ്ട്:
“അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയിൽ അവൻ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും’’ (111:15).
പ്രവാചകനോടുള്ള ശത്രുതയിലും ദുഷ്‌ചെയ്തികളിലും ഏറ്റവും മുമ്പിലായിരുന്നു അബൂലഹബ്, ഉമ്മു ജമീൽ എന്നീ ചെല്ലപ്പേരുകളിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ ഉസ്സയും ഭാര്യ അർവയും. അവർക്ക് വേണമെങ്കിൽ ക്വുർആന്റെ ഈ പരാമർശത്തെ വെല്ലുവിളിച്ചുകൊണ്ട് മുനാഫിക്വുകളെപ്പോലെ ബാഹ്യമായി പ്രവാചകനിൽ വിശ്വാസം പ്രഖ്യാപിക്കുകയും അങ്ങനെ ക്വുർആനെ ലോകത്തിനു മുമ്പിൽ ഇകഴ്ത്തുകയും ചെയ്യാമായിരുന്നു. നഊദു ബില്ലാഹ്. എന്നാൽ എന്തുകൊണ്ടത് സംഭവിച്ചില്ല? ക്വുർആന്റെ സംരക്ഷണവും വിശുദ്ധിയും മഹത്ത്വവുമൊക്കെ അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നതിനാൽ തന്നെ!
ഖാദിയാനി പ്രവാചകന്റെ കാര്യത്തിൽ സംഭവിച്ചതോ? ശത്രുക്കളിൽ പ്രമുഖനായ, ഏറ്റവുമടുത്ത കുടുംബക്കാരനും ബന്ധുവും അയൽവാസിയും നാടുപേക്ഷിച്ച് ഹിജ്‌റ പോയാലോ എന്നു പോലും ചിന്തിക്കാൻ മാത്രം ഗുരുതരഭീഷണിയുമായ ഒരാളുടെ ഭാര്യയെക്കുറിച്ചാണ് വെളിപാടുണ്ടായത്, നിന്ദ്യയായ വേശ്യ എന്ന്!
‘തദ്കിറ’യിൽ ഇത് ഉൾപ്പെടുത്തിയ ശേഷമാണ് ചിലർക്ക് ബോധോദയമുണ്ടായത്, ഇതിൽ പറയപ്പെട്ടവളും മകളും ഒക്കെ ഇപ്പോൾ നമുക്കൊപ്പമാണല്ലോ, എങ്കിൽ പുതിയ പതിപ്പിൽ അത് ഒഴിവാക്കാമെന്ന്. അനുയായികൾക്കും എതിരാളികൾക്കും ഈ പുസ്തകം അപ്രാപ്യമായിരിക്കെ കൂട്ടുകയോ കുറക്കുകയോ ചെയ്താൽ കുഴപ്പമില്ലെന്നും അക്കാര്യം ചർച്ചയാകില്ലെന്നും കരുതിക്കാണും. ഏതായാലും ഖാദിയാനി വഹ്‌യുകൾ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ചേർക്കാനും ഒഴിവാക്കാനും പറ്റുമെന്നത് ഒരു യാഥാർഥ്യമാണ്. ഈ ‘മൂത്തമ്മ’ ബൈഅത്ത് ചെയ്തത് 93ാം വയസ്സിലാണ്. നിരാശ്രയയും നിരാലംബയുമായ ഒരു പടുകിഴവിക്ക് സംരക്ഷണം നൽകാനുള്ള ഉപാധിയായിരുന്നു ബൈഅത്ത്.
ഒരു ഭാഗത്ത് ‘മൂത്തമ്മ വന്നു’ എന്ന വഹ്‌യിന് സാക്ഷാത്കാരമാകുമ്പോൾ മറുവശത്ത് ‘തേവിടിശ്ശി വീണുകിടക്കുന്നു’ എന്ന ദർശനത്തിന്റെ മായ്ക്കാനാവാത്ത കളങ്കമായി മാറുന്നു ഈ ബൈഅത്ത്! ആ സ്ത്രീ വിശ്വസിച്ചു വിശുദ്ധയാകുമ്പോൾ പ്രവാചകന്റെ വെളിപാടാണല്ലോ അശുദ്ധമാകുന്നത്. ഇതൊക്കെ മാനവസമൂഹത്തിന് നൽകുന്ന പാഠമെന്ത്? ഇതൊക്കെയാണ് ഉത്തരം തേടുന്ന ചോദ്യങ്ങൾ.
‘വഹ്‌യുകൾ’ സാർവകാലികമല്ല
അന്ത്യപ്രവാചകന് ലഭിച്ച സാർവകാലികഗ്രന്ഥമാണ് നമ്മുടെ മുമ്പിലുള്ളത്. എന്നാൽ മിർസാ ഖാദിയാനിയുടെ വഹ്‌യുകൾ പരിശോധിക്കുമ്പോൾ, അക്കാലത്തെ സത്യാന്വേഷികളെ പോലും തൃപ്തിപ്പെടുത്താൻ പറ്റിയതായിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുക. ഇൽഹാമിലൂടെ ലഭിച്ച മരുന്നുകൾ ഉപയോഗിച്ചും പ്രാർഥിച്ചും തന്റെയും മറ്റു പലരുടെയും മാരകരോഗങ്ങൾ സുഖപ്പെട്ടു എന്നും മരണം കാത്തുനിന്ന രോഗികൾപോലും എഴുന്നേറ്റു നടന്നുവെന്നും അവകാശപ്പെടുന്നുണ്ട്. രോഗം ഉണ്ടായെന്നും സുഖമായി എന്നും പറയുന്നത് അദ്ദേഹം തന്നെയാണ്. അവ പ്രവാചകത്വത്തിന് തെളിവായി സമർപ്പിക്കുമ്പോൾ സത്യമായിരുന്നോ കളവായിരുന്നോ എന്നറിയാൻ ആ കാലശേഷം ഏതായാലും ഒരു മാർഗവുമില്ല. എന്നിരിക്കെ അവ തെളിവായി സ്വീകരിക്കാൻ എങ്ങനെ കഴിയും?
അതുതന്നെയാണ് മുൻകൂട്ടി വിവരം അറിയിച്ചുകൊണ്ട് മണിയോർഡറായും അല്ലാതെയും ലഭിച്ച സാമ്പത്തിക സഹായത്തിന്റെയും അവസ്ഥ. അതൊന്നും സത്യസംഭവമാണെന്ന് തെളിയിക്കാനാവില്ല. ‘തിരിയാഖുൽ ഖുലൂബ്,’ ‘ഹഖീഖതുൽ വഹ്‌യ്’ തുടങ്ങിയ ഗ്രന്ഥങ്ങളിൽ തന്റെ അടയാളങ്ങളായി ഇവ നമ്പറിട്ടു കൊടുത്തപ്പോൾ സമകാലികരായ ആളുകളുടെ ചോദ്യത്തിന് കൊടുത്ത മറുപടി, ഖാദിയാനിലെ പോസ്റ്റ് ഓഫീസ് രജിസ്റ്റർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ്. ഇപ്പോൾ ഒരു നൂറ്റാണ്ടിനുശേഷം, 1880 മുതൽ 1908 വരെയുള്ള രജിസ്റ്റർ പരിശോധിച്ചും മുഹമ്മദ് ബീഗത്തിന്റെ ബന്ധുവിൽനിന്ന് ലഭിച്ച സ്വത്തിന്റെ കാര്യം രജിസ്റ്റർ ഓഫീസിൽ ചെന്ന് അതിന്റെ രേഖ പരിശോധിച്ചും ഉറപ്പുവരുത്തിയശേഷം വിശ്വസിച്ചാൽ മതിയോ ഈ പ്രവാചകനെ? ലോകാവസാനം വരെ നിലനിൽക്കുന്ന ഒരു പ്രവാചകത്വമല്ല തന്റെതെന്നും താൻ വ്യാജനാണെന്നും സ്വയം സമ്മതിക്കുകയാണ് ഇത്തരം വാദങ്ങളിലൂടെ മിർസാ ഖാദിയാനി.

അനുയായികളെ നഷ്ടപ്പെടുത്തിയ വഹ്‌യുകൾ
പിന്നീട് പരിശോധിച്ചത് വിവിധഭാഷകളിൽ അവതരിച്ച വഹ്‌യുകളാണ്. അവയാകട്ടെ മിർസയെ വിഷമിപ്പിക്കാനും സ്വന്തം അനുയായികളെ നഷ്ടപ്പെടാനും മാത്രമെ ഉപകരിച്ചുള്ളൂ. വഹ്‌യുകൾ പ്രകാരം നടത്തിയ ചില പ്രവചനങ്ങളുടെ കാര്യവും നാം പരിശോധിച്ചു. സമയം നിർണയിച്ചു പറഞ്ഞ ഒരു പ്രവചനം പോലും പുലർന്നിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. എങ്ങനെ വ്യാഖ്യാനിച്ചാലും പുലരാത്ത ഒത്തിരി പ്രവചനങ്ങൾ മിർസയെ നിഷേധിക്കാനുള്ള ന്യായമായി ബാക്കിയുണ്ടാവും.
‘ആശയം മനസ്സിലായില്ല,’ ‘ആരെപ്പറ്റിയാണെന്ന് വ്യക്തമായിട്ടില്ല,’ ‘പകുതിയെ കേട്ടുള്ളൂ,’ ‘ഏതു ഭാഷയാണ് എന്നറിയില്ല’... ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് സമർപ്പിച്ച കുറേ വഹ്‌യുകളാണ് തുടർന്ന് നാം പരിശോധിച്ചത്. അത്തരം വഹ്‌യുകളും ദർശനങ്ങളും ഇനിയുമുണ്ട് വളരെയേറെ. ചില ഉദാഹരണ ങ്ങൾ മാത്രം നൽകിയത് ഈ ലേഖനപരമ്പരയുടെ വൃഥാസ്ഥൂലത ഒഴിവാക്കുവാനാണ്.
ഈ പറഞ്ഞതൊക്കെ മിർസാ ഖാദിയാനി സമർപ്പിച്ചവ തന്നെയാണോ, ഇതൊക്കെ അറിയാതെയാവുമോ കുറെ പേരെങ്കിലും ഈ പ്രവാചകനിൽ വിശ്വസിക്കുന്നത് എന്നൊക്കെ നിങ്ങൾക്കു തോന്നിയേക്കാം. മിർസയുടെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാത്തതിനും ആവശ്യക്കാർക്ക് കൊടുക്കാത്തതിനുമുള്ള കാരണം ഇതു തന്നെയാണ്. ‘തദ്കിറ’ ലഭ്യമായിരുന്നെങ്കിൽ ഈ ചോദ്യങ്ങൾ ഉൽഭവിക്കുമായിരുന്നില്ല. വിവിധ ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഖാദിയാനി പ്രവാചക നിൽ വിശ്വസിക്കുന്നവരുടെ പൊടിപോലും കാണാൻ പറ്റുമായിരുന്നില്ല.
അവതരണത്തിന്റെ മൂന്ന് ഘട്ടങ്ങൾ
‘ആദ്യത്തെ വഹ്‌യ്’ ഏതെന്ന കാര്യത്തിലുള്ള ഭിന്നാഭിപ്രായം മാറ്റിവെച്ചാലും, എന്നാണ് വഹ്‌യിന്റെ തുടക്കമെന്ന് ‘തദ്കിറ’യിൽനിന്ന് കണ്ടെത്താനാവില്ല. എന്നാൽ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിക്ക് മൂന്ന് ഘട്ടങ്ങളിലായാണ് വഹ്‌യുകൾ അവതരിപ്പിച്ചിട്ടുള്ളതെന്ന് അതിൽ അവകാശപ്പെടുന്നത് കാണാനാവും.
1890 വരെയാണ് ആദ്യഘട്ടം. അന്ന് ദൈവികഭാഷണം നടത്തുന്ന മുഹദ്ദസും പ്രാർഥന സ്വീകരിക്കപ്പെടുന്ന വലിയ്യുമാണെന്ന് മാത്രമായിരുന്നു വാദം. ഇതിന്റെ അവസാനത്തിലെത്തിയപ്പോൾ ഒരു നവോത്ഥാന നായകന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ മറ്റു മുജദ്ദിദുമാരിൽനിന്ന് വ്യത്യസ്തനായി അദ്ദേഹം ‘ദൈവിക വെളിപാടുകൾ’ അനുസരിച്ചാണെന്നു പറഞ്ഞ് ചില പ്രവചനങ്ങൾ നടത്തിയിരുന്നു. ആകാശവിവാഹവും വാഗ്ദത്തപുത്രന്റെ ജനനവുമൊക്കെ അതിൽ പെട്ട പരാജയസാക്ഷ്യങ്ങളായിരുന്നു. അല്ലാഹു നിയോഗിച്ച പ്രവാചകന്മാരിലൊന്നും നമുക്കിതിന് മാതൃക കാണാനാവില്ല.
പണ്ടൊക്കെ പ്രവാചകൻമാരെ നിയോഗിച്ചിരുന്നത് ഒരു പ്രത്യേക സമയത്തായിരുന്നു. അതിനുമുമ്പ് അങ്ങനെയൊരു ഒരു സൂചന പോലും അവർക്ക് ലഭിച്ചിരുന്നില്ല. മുഹമ്മദ് നബി ഹിറാ ഗുഹയിൽ എകനായി ദൈവസ്മരണയിൽ മുഴുകിയിരിക്കെ ജിബ്‌രീൽ പ്രത്യക്ഷപ്പെട്ട് ആദ്യത്തെ വഹ്‌യ് നൽകുകയായിരുന്നു. അത് അപ്രതീക്ഷിതമായിരുന്നതിനാലാണ് അദ്ദേഹം ഭയപ്പെട്ടതും വീട്ടിലേക്ക് ഓടിയണഞ്ഞതും. തുടർന്ന് വിവിധ സന്ദർഭങ്ങളിലായി അദ്ദേഹത്തിന് ക്വുർആൻ അവതരിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകുമ്പോഴാണ് സീനാപർവതത്തിൽ വെളിച്ചം കണ്ട്, വഴിയന്വേഷിക്കാനായി ചെന്ന മൂസാ(അ)യോട് അല്ലാഹു നേരിട്ട് സംസാരിച്ചതും പ്രവാചകനായി നിയോഗിച്ചതും. അതിനുമുമ്പും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന വടിതന്നെയാണ് ആ നിമിഷം അമാനു ഷികപ്രകടനത്തിനുള്ള മാധ്യമമാക്കി മാറ്റിയത്. ഒരു സൂചനപോലും നേരത്തെ അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നില്ല. പ്രവാചകന്മാരുടെ സന്താനപരമ്പരയിൽ പ്രവാചകത്വം തുടർന്നപ്പോഴും നിശ്ചിതസമയങ്ങളിൽ ആയിരുന്നു അവരെ ദിവ്യബോധനത്തിലൂടെ നിയോഗവാർത്ത അറിയിച്ചത്.
പഞ്ചാബിലെ കാര്യം ഏറെ വ്യത്യസ്തമാണ്. ‘തദ്കിറ’യിൽ പറഞ്ഞപോലെ ചില സ്വപ്നദർശനങ്ങളും കശ്ഫുകളും ഉണ്ടാവുന്നു. പിന്നെ വാചികമായ വഹ്‌യുകൾ ലഭിക്കുന്നു. ഏതാണ് ആദ്യം ലഭിച്ചതെന്ന കാര്യത്തിൽ പോലും ഉറപ്പില്ലാതെ നിസ്സംഗമായ ഒരു അവസ്ഥയിലാണ് കാര്യങ്ങൾ. പിതാവിന്റെ മരണദിവസം ഉണ്ടായ ‘വസ്സമാഇ വത്ത്വാരിഖാ’ണോ, അവതരിച്ച തീയതിപോലും ഓർമയിലില്ലാത്ത ‘രാജാക്കന്മാർ വസത്രാഞ്ചലത്തിൽ നിന്ന് അനുഗ്രഹം തേടു’മെന്ന ഉർദു വചനമാണോ ആദ്യത്തേതെന്ന ഭിന്നാഭിപ്രായം അനുയായികളെ അലോസരപ്പെടുത്താതെ മുമ്പോട്ടു പോകുന്നു.

