ഔദാര്യത്തിന്റെ പ്രവാചകൻ
ഡോ. ടി. കെ യൂസുഫ്
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

ലോക ജനതക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിﷺയിൽ എല്ലാ കാര്യങ്ങളിലും മാതൃക കാണാൻ കഴിയും. സാമ്പത്തിക വിനിമയ രംഗത്ത് തികച്ചും ഉദാരമായ ഒരു നിലപാടാണ് പ്രവാചകൻﷺ സ്വീകരിച്ചിരുന്നത്. ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഉദാരവാൻ എന്ന വിശേഷണമാണ് ഹദീസ് ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുളളത്. ‘അല്ലാഹുവിന്റെ ദൂതരോട് എന്തു ചോദിച്ചാലും ഒരിക്കലും അദ്ദേഹം ഇല്ല എന്ന് പറഞ്ഞിരുന്നില്ല’ (ബുഖാരി, മുസ്‌ലിം).
തിരുദൂതരുടെ, ദാരിദ്ര്യം ഭയപ്പെടാത്ത ദാനശീലമാണ് ഹദീസുകളിൽ പ്രതിഫലിക്കുന്നത്. അനസി(റ)ൽ നിന്ന് നിവേദനം: “അല്ലാഹുവിന്റെ ദൂതരോട് എന്തു ചോദിച്ചാലും അദ്ദേഹം നൽകാതിരുന്നിട്ടില്ല. ഒരാൾ വന്നിട്ട് രണ്ട് പർവതിങ്ങൾക്കിടയിലുളള ഒരു ആട്ടിൻ പറ്റത്തെ ചോദിച്ചു. അദ്ദേഹം അതുമായി തന്റെ ജനതയിലേക്ക് പോയി; എന്നിട്ട് പറഞ്ഞു: കൂട്ടരേ, നിങ്ങൾ ഇസ്‌ലാം സ്വീകരിക്കുക. കാരണം, മുഹമ്മദ് ദാരിദ്ര്യം ഭയപ്പെടാതെ ദാനം ചെയ്യുന്നുണ്ട്’’ (മുസ്‌ലിം). നബി തിരുമേനിﷺയുടെ ദാനശീലം മനസ്സിലാക്കിയ ഒരു അപരിഷ്‌കൃത അറബിയാണ് താഴ്‌വരയിൽ മേയുന്ന ഒരു ആട്ടിൻപറ്റത്തെ ഒരു ചോദ്യത്തിലൂടെ സ്വന്തമാക്കിയത്. നബിﷺയുടെ ഉദാര മനഃസ്ഥിതി പലരെയും ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ നിമിത്തമായിട്ടുണ്ട്. ഇത്തരം ആളുകൾ ഭൗതിക നേട്ടങ്ങൾ കണ്ട് ഇസ്‌ലാമിലേക്ക് വരുന്നവരാണെങ്കിലും പിന്നീട് അവർക്ക് ഇസ്‌ലാം ഇഹലോകത്തെക്കാളും പ്രിയങ്കരമായിത്തീരുമെന്നാണ് അനസ്(റ) വിശദീകരിക്കുന്നത്.
എത്ര വലിയതും വിലപിടിപ്പുള്ളതുമായ വസ്തുക്കളാണെങ്കിലും ഒട്ടും വൈമനസ്യം കൂടാതെ കൊടുത്തിരുന്ന പ്രവാചകൻﷺ തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് പോലും ചോദിച്ചവർക്ക് നൽകിയിരുന്നു. സഹലിൽനിന്നും നിവേദനം. ഒരു സ്ത്രീ നബിﷺയുടെ അടുക്കൽ നെയ്‌തെടുക്കപ്പെട്ട ഒരു ബുർദയുമായി വന്നു. (‘ബുർദയെന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ?’ അവർ പറഞ്ഞു: ‘വലിയ തുണി.’ അദ്ദേഹം പറഞ്ഞു: ‘അതെ’). എന്നിട്ട് ആ സ്ത്രീ പറഞ്ഞു: ‘ഞാൻ ഇത് എന്റെ കൈകൊണ്ട് നെയ്തുണ്ടാക്കിയതാണ്. താങ്കളെ ഇത് ധരിപ്പിക്കാനാണ് ഞാൻ ഇതുമായി വന്നത്.’ നബിﷺക്ക് അത് ആവശ്യമുളളതുകൊണ്ട് അദ്ദേഹം അത് സ്വീകരിച്ചു. അത് തുണിയായി ധരിച്ചുകൊണ്ട് ഞങ്ങളിലേക്ക് വന്നു. അപ്പോൾ ഒരാൾ പറഞ്ഞു: ‘അത് എനിക്ക് നൽകിയാലും, അതിന് നല്ല ഭംഗിയുണ്ട്.’ അപ്പോൾ ജനങ്ങൾ പറഞ്ഞു: ‘നീ ചെയ്തത് ശരിയായില്ല. അല്ലാഹുവിന്റെ റസൂലിന് അത് ആവശ്യമുളളതു കൊണ്ടാണ് അദ്ദേഹം അത് ധരിച്ചത്. പിന്നെ നീ എങ്ങനെയാണ് അത് ചോദിക്കുക? നിനക്ക് അറിയില്ലേ അവിടുന്ന് ചോദിച്ചാൽ നിഷേധിക്കുകയില്ലെന്ന്?’ അദ്ദേഹം പറഞ്ഞു: ‘ഞാൻ എനിക്ക് ധരിക്കാനല്ല അത് ചോദിച്ചത്. അത് എന്റെ കഫൻ പുടവയാക്കുന്നതിനാണ് ഞാൻ അത് ചോദിച്ചത്.’ സഹൽ(റ) പറയുന്നു: ‘അത് അദ്ദേഹത്തിന്റെ കഫൻപുടവയായിത്തീർന്നു’’ (ബുഖാരി).
മുസ്‌ലിംകളോടു മാത്രമല്ല ഇസ്‌ലാമിന്റെ ശത്രുക്കളോടു പോലും നബിﷺ ഈ ഉദാരത കാണിച്ചിരുന്നു. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബിൻ ഉബയ്യ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മകൻ പ്രവാചക സന്നിധിയിൽ വന്നിട്ട് പറഞ്ഞു: ‘താങ്കളുടെ വസ്ത്രം തന്നാലും, ഞാൻ അതിൽ അദ്ദേഹത്തെ കഫൻ ചെയ്യട്ടെ.’ അപ്പോൾ നബിﷺ അത് അദ്ദേഹത്തിന് നൽകി’ (ബുഖാരി, മുസ്‌ലിം).
നബിﷺ ചോദിച്ചു വരുന്നവർക്ക് മാത്രമല്ല നൽകിയിരുന്നത്. ചോദിക്കാതെ തന്നെ ദാനധർമങ്ങളും സമ്മാനങ്ങളും നൽകുകയും സമ്മാനം നൽകുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സമ്മാനങ്ങൾ നൽകുന്നത് മനസ്സിലെ വിദ്വേഷം ദൂരീകരിക്കുന്നതിനും സ്‌നേഹം ഉണ്ടാക്കുന്നതിനും കാരണമായിത്തീരുമെന്ന് സൂചിപ്പിക്കുന്ന ഹദീസുകൾ കാണാം. ‘നിങ്ങൾ പരസ്പരം പാരിതോഷികങ്ങൾ നൽകുക അത് നിങ്ങൾക്കിടയിൽ സ്‌നേഹമുണ്ടാക്കും’ (അഹ്‌മദ്, അബൂദാവൂദ്).
നബിﷺ വല്ലതും വാങ്ങുമ്പോൾ വിലപേശിയിരുന്നില്ല എന്നുമാത്രമല്ല, പലപ്പോഴും അതിന്റെ വിലയെക്കാൾ അധികം നൽകുകയും അപ്രകാരം ചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാൻ കാരണമായിത്തീരും എന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബിﷺ പറഞ്ഞു: ‘വാങ്ങുമ്പോഴും വിൽക്കുമ്പോഴും കടം വീട്ടുമ്പോഴും വിട്ടുവീഴ്ച ചെയ്യുന്നവന് അല്ലാഹു കാരുണ്യം ചെയ്യട്ടെ’ (ബുഖാരി).
കണ്ടറിഞ്ഞ് ആളുകളെ സഹായിക്കാനുളള മനഃസ്ഥിതിയാണ് സാമ്പത്തിക രംഗത്തെ മറ്റൊരു പ്രവാചക മാതൃക. ഒരു യാത്രയിൽ ജാബിർ ബിൻ അബ്ദുല്ല(റ)യുടെ വേഗത കുറഞ്ഞ ഒരു ഒട്ടകത്തെ പ്രവാചകൻ നാല് ദീനാറിന് വാങ്ങി. മദീനയിൽ തിരിച്ചെത്തിയശേഷം ജാബിറിന് വിവാഹാനന്തരം സാമ്പത്തിക പ്രയാസമുണ്ടെന്ന് മനസ്സിലാക്കിയ പ്രവാചകൻﷺ ബിലാലി(റ)നെ വിളിച്ച് പ്രസ്തുത ഒട്ടകവും നാല് ദീനാറും അതിലുപരി ഒരു കാൽ ദീനാർ അധികവും ജാബിറി(റ)ന് കൊടുക്കാൻ കൽപിച്ചു. ജാബിർ പറഞ്ഞു: ‘നബിﷺ അധികമായി നൽകിയ ദീനാർ എന്റെ തുകൽ കിഴിയെ വേർപിരിഞ്ഞിട്ടില്ല’ (ബുഖാരി).
യുദ്ധാന്തരം ലഭിക്കുന്ന സ്വത്തുക്കളെല്ലാം ഒട്ടും എടുത്തുവെക്കാതെ ഉടനെത്തന്നെ വിതരണം ചെയ്യുന്ന രീതിയാണ് പ്രവാചകൻﷺ സ്വീകരിച്ചിരുന്നത്. ഹുനൈൻ യുദ്ധത്തിൽ നിന്ന് ലഭിച്ച ഒട്ടകങ്ങളെ വിതരണം ചെയ്തതിനുശേഷം ചില അപരിഷ്‌കൃത അറബികൾ വീണ്ടും ചോദിച്ചു. അപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾ എന്നെക്കുറിച്ച് പിശുക്കനെന്ന് വിചാരിക്കുന്നുണ്ടോ? അല്ലാഹു തന്നെയാണ് സത്യം! തിഹാമയിലെ മരങ്ങളുടെ അത്രയും ഒട്ടകങ്ങൾ എന്റെ അടുക്കലുണ്ടെങ്കിലും ഞാനത് നിങ്ങൾക്ക് വിതരണം ചെയ്യും. പിന്നീട് നിങ്ങൾക്ക് എന്നെ ലുബ്ധനും ഭീരുവും കളവ് പറയുന്നവനുമായി കാണാൻ കഴിയില്ല’ (അഹ്‌മദ്).
ദാനശീലം നബിതിരുമേനിയുടെ ജന്മസിദ്ധമായ ഒരു സ്വഭാവമായിരുന്നു. പ്രവാചകത്വത്തിന് മുമ്പു തന്നെ ഈ സൽഗുണം അദ്ദേഹത്തിലുണ്ടായിരുന്നു. ഹിറാഗുഹയിൽനിന്ന് ദിവ്യബോധനാനന്തരം ഭയപ്പെട്ട് വന്നപ്പോൾ ഖദീജ ബീവി(റ) പറഞ്ഞു: ‘താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കുകയില്ല, താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, ഭാരം ചുമക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, കാലവിപത്തുകൾക്കെതിരിൽ സഹായിക്കുന്നു’ (ബുഖാരി).
നബിയായി നിയോഗിക്കപ്പെടുന്നതിനു മുമ്പുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഴുവൻ തലങ്ങളും സ്പർശിക്കുന്ന പരോപകാരങ്ങളുടെ സൽകീർത്തി അദ്ദേഹത്തിനുണ്ടായിരുന്നു. കഴിവിന്റെ പരമാവധി ദാനധർമങ്ങൾ ചെയ്യുകയും അപ്രകാരം ചെയ്യാൻ ജനങ്ങളോട് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകൻ പിശുക്കിനെ ഭയപ്പെടുകയും അതിൽനിന്ന് അല്ലാഹുവിനോട് ശരണം തേടുകയും ചെയ്തിരുന്നു. നബിﷺയുടെ ഒരു പ്രാർഥന കാണുക: “അല്ലാഹുവേ, ഞാൻ നിന്നോട് പിശുക്കിൽ നിന്നും രക്ഷ ചോദിക്കുന്നു...’’ (ബുഖാരി).
‘നബിﷺ നാളേക്കു വേണ്ടി ഒന്നും ശേഖരിച്ചുവെച്ചിരുന്നില്ല’ (തിർമുദി). അതുകൊണ്ട് തന്നെ പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കൽ പണയത്തിലായിരുന്നു. ആഇശ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതർ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ അങ്കി ഒരു ജുതന്റെ അടുക്കൽ പണയത്തിലായിരുന്നു; മുപ്പത് സ്വാഅ് ബാർലിക്ക് വേണ്ടി’ (ബുഖാരി).
അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമമായ മാതൃകയുണ്ടെന്ന് ക്വുർആൻ പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക രംഗത്തുളള പ്രവാചക മാതൃകകൂടി നാം അനുധാവനം ചെയ്യേണ്ടതുണ്ട്.
