ഏറ്റവും അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?
അബ്ദുൽ മാലിക് സലഫി
2024 ജൂലായ് 27, 1446 മുഹർറം 21

അല്ലാഹുവിനോട് പ്രാർഥിക്കാൻ ഇടയാളനെ ആവശ്യമില്ല എന്നതാണ് ഇസ്‌ലാമിന്റെ അടിത്തറ. ആദം നബി(അ) മുതൽ മുഹമ്മദ് നബി ﷺ വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്. വിശുദ്ധ ക്വുർആനിലെ മുഴുവൻ പ്രാർഥനകളും അല്ലാഹുവിനോട് നേരിട്ടാണ്. ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർഥനകളും റബ്ബിനോട് നേരിട്ടാണ്. അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് മറ്റൊരു ഇടയാളൻ? അല്ലാഹു പറയുന്നു:
وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ [سُورَةُ البَقَرَةِ: ١٨٦]
‘നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.’
റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു! ഈ ആഹ്വാനം നിങ്ങൾ സ്വീകരിക്കണം എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു! ഇത്രയും വ്യക്തമായി റബ്ബ് പറഞ്ഞിരിക്കെ പിന്നെ എവിടുന്നാണ് ഇടയാള വാദം കടന്നു വന്നത്? വീണ്ടും പറയുന്നു:
فَٱسۡتَغۡفِرُوهُ ثُمَّ تُوبُوۤا۟ إِلَیۡهِۚ إِنَّ رَبِّی قَرِیبٌ مُّجِیبٌ [سُورَةُ هُودٍ: ٦١]
‘നിങ്ങൾ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീർച്ചയായും എെൻറ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാർഥനക്ക്) ഉത്തരം നൽകുന്നവനുമാകുന്നു.’
ഏറ്റവും അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ? അതാവശ്യമില്ല. ഇടയാളവാദം പുതിയതാണ്. അതിനാൽതന്നെ അത് വഴികേടുമാണ്. വഴികേടുകൾ ചെന്നെത്തുക നരകത്തിലേക്കുമാണ്. അപ്പോൾ ഉയരാവുന്ന ചോദ്യമിതാണ്: وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ അല്ലാഹുവിലേക്ക് നിങ്ങൾ വസീലതേടുക’ എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ? ഉണ്ട്! അതിനർഥം അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വെക്കണം എന്നല്ല. അത് ദുർവ്യാഖ്യാനമാണ്. ശരിയായ അർഥം എന്താണ്? തഫ്‌സീർ ജലാലൈനി തന്നെ പറയട്ടെ:
ما يُقَرِّبكُمْ إلَيْهِ مِن طاعَته ‘അവനിലേക്കടുപ്പിക്കുന്ന നന്മകൾ ചെയ്യുക.’ ഇതാണ് ഉദ്ദേശ്യം! ഇമാം ത്വബ്‌രി (റഹി) പറയുന്നു:
عن قتادة قوله:»وابتغوا إليه الوسيلة»، أي: تقربوا إليه بطاعته والعملِ بما يرضيه
“താബിഈ പ്രമുഖനായ ഖതാദ(റഹി) പറയുന്നു: അവൻ ഇഷ്ടപ്പെടുന്ന നന്മകളിലൂടെ നിങ്ങൾ അവനിലേക്കടുക്കുക.’’ മറ്റൊരു സംശയം:
اللهم إنِّي أسألُكَ وأتوسَّلُ إليكَ بنبيِّكَ محمَّدٍ نبيِّ الرَّحمةِ،
“അല്ലാഹുവേ, നിന്റെ നബിയെ കൊണ്ട് ഞാൻ വസീലയാക്കുന്നു” എന്ന് ഹദീസിൽ ഇല്ലേ എന്നതാണ്. ഉണ്ട്. ഇവിടെയും അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വേണം എന്നല്ല. കാരണം ഹദീസിന്റെ ആദ്യഭാഗം അത് വ്യക്തമാക്കുന്നുണ്ട്.
ادعُ اللَّهَ أن يعافيَني قالَ : إن شئتَ دعوتُ وإن شِئتَ صبرتَ فَهوَ خيرٌ لَكَ . قالَ : فادعُهْ ،
അന്ധനായ സ്വഹാബി വന്ന് നബിﷺയോട് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെടുകയാണ്. നബിﷺ അദ്ദേഹത്തോട് ‘പ്രാർഥിക്കാം’ എന്നും പറയുന്നു. ജീവിച്ചിരിക്കുന്നവരോട് തനിക്ക് വേണ്ടി താങ്കൾ പ്രാർഥിക്കണമെന്നും എന്ന് പറയുന്നതിൽ തെറ്റില്ല. ഇതിൽ എവിടെയാണ് ഇടയാളവാദത്തിന് തെളിവ്? അബ്ബാസ്(റ)വിനെ മഴക്കു വേണ്ടിയുള്ള പ്രാർഥനയിൽ ഇമാമാക്കിയതും ഇതിനു സമാനമാണ്.
നന്മകൾ കൊണ്ട് റബ്ബിലേക്ക് അടുക്കുക, നല്ലവരോട് പ്രാർഥിക്കാൻ പറയുക എന്നതിനപ്പുറത്ത് അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വെച്ച് അവരോട് പ്രാർഥിക്കുന്ന രീതി പ്രമാണങ്ങൾക്കപരിചിതമാണ്. എന്നിരിക്കെയാണ് ‘നേരിട്ട് പറഞ്ഞാൽ പോരേ, എന്തിനാണ് ഇടയാളന്മാർ?’ എന്ന ചോദ്യത്തിനെതിരെ ചിലർ കത്തുമായി വന്നിരിക്കുന്നത് (ആ കത്ത് അയക്കുന്നതിലെ പ്രമുഖനും സ്വീകരിക്കുന്നതിലെ പ്രമുഖനും ഒരാൾ തന്നെ എന്ന കൗതുകവുമുണ്ട്!).
തൗഹീദിനെതിരെ കത്തയക്കാൻ കാണിക്കുന്ന ആവേശത്തിന്റെ ആയിരത്തിൽ ഒരംശം ഇവർ മൂത്തേടം കാസിമിക്കെതിരെ അയക്കാൻ കാണിച്ചിരുന്നുവെങ്കിൽ! എന്തൊക്കെ കുഫ്‌രിയത്തുകൾ അയാളുടെ വായിലൂടെ വന്നു! ഇപ്പോൾ സർവ മത സത്യവാദത്തിൽ എത്തിയിരിക്കുന്നു ഗവേഷണം! പ്രമാണങ്ങളെ സ്വന്തമായി വ്യാഖ്യാനിച്ച് പ്രമാണി ചമയാൻ നോക്കിയതിന്റെ ദുരന്തമാണിത്! സമസ്ത ‘കമ’ മിണ്ടിയോ? ലെറ്റർ പാഡിന്റെ ഒരു ലീഫ് കാസിമിക്കും പോകട്ടെ! തനിച്ച ശീഈ ആശയക്കാരനായ സി. ഹംസ ഇപ്പോഴും സമസ്തയുടെ ഉള്ളിൽ തന്നെ! സ്വഹാബിയായ മുആവിയ(റ) മദ്യപാനിയും കൊലപാതകിയുമാണ് എന്ന് എഴുതിയ ഇയാൾക്കെതിരെ സമസ്ത വല്ല സർക്കുലറും ഇറക്കിയോ?
