ആത്മീയതയുടെ മറവിൽ ധനസമാഹരണം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 ജനുവരി 20, 1445 റജബ് 8

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 46)

ഖാദിയാനി പ്രവാചകൻ തന്റെ രണ്ടാമത്തെ ‘വഹ്‌യ്’ തന്നെ വിറ്റു കാശാക്കിയ കാര്യം നേരത്തെ പറഞ്ഞുവല്ലോ. അനുയായികളിൽനിന്ന് പണം പിടുങ്ങാൻ പല തന്ത്രങ്ങളും അദ്ദേഹം പയറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇനി പറയാൻ പോകുന്നത്. ആത്മീയതയുടെ മറവിൽ എങ്ങനെ നന്നായി കാശുണ്ടാക്കാമെന്നു മനസ്സിലാക്കാൻ മിർസയുടെ ചരിത്രം പഠിച്ചാൽ മതി. ആരെങ്കിലും പണം അയച്ചാൽ, ഇക്കാര്യം നേരത്തെതന്നെ അല്ലാഹു അറിയിച്ചിട്ടുണ്ടെന്നും ഈ ധനത്യാഗം അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്നതിന് തെളിവാണെന്നും പറയുമായിരുന്നു അദ്ദേഹം.

“മാജ്ജേഖാന്റെ മകനെയും ശംസുദ്ദീൻ ഭണ്ഡാരിയെയും ലാഹോർ ജില്ലയിലേക്ക് അയക്കുകയാണ്. ഒപ്പംതന്നെ ഒരു ജാഗ്രദ് ദർശനത്തിൽ നാൽപത്തിനാലോ നാൽപത്തിയഞ്ചോ രൂപ കാണുകയും ചെയ്തു. പിന്നീട് ഒരു കാർഡ് കിട്ടി. അതിൽ മാജ്ജേഖാന്റെ മകൻ 40 രൂപയും ശംസുദ്ദീൻ വക നാലോ ആറോ രൂപയും അയക്കുന്നു എന്ന് എഴുതിയിരുന്നു. അത് പുലർന്നുകൊണ്ട് പണം വരികയും ചെയ്തു’’ (പേജ് 41).

സംഖ്യയും അയച്ച ആളുടെ വിവരവും അറിയാത്ത മണിയോർഡർ വഹ്‌യുകളും ദർശനങ്ങളും മിർസയുടെ കാര്യത്തിൽ പുതുമയുള്ളതല്ല! ശംസുദ്ദീൻ ഭണ്ഡാരി വക നാല് രൂപയാണോ ആറ് രൂപയാണോ എന്ന് വ്യക്തതയില്ലാത്ത ‘വഹ്‌യാ’ണിത്. ഇതിലെ പ്രവചനം പുലർന്നു എന്നും പറയുന്നു. കൈയിൽ കിട്ടിയപ്പോഴെങ്കിലും ഒന്ന് എണ്ണി നോക്കാമായിരുന്നു. ഇതൊക്കെ എഴുതിവച്ചത് താൻ പ്രവാചകനാണെന്നതിനുള്ള തെളിവുകളാണെന്ന് മറന്നുപോകരുത്. ഖാദിയാനി പ്രവാചകന്റെയൊരു ദുർഗതി എന്നല്ലാതെ എന്തു പറയാൻ!

അദൃശ്യജ്ഞാനം

“1883 ഏപ്രിൽ മാസത്തിൽ, ഒരുദിവസം രാവിലെ ഉണർന്നപ്പോൾ കിട്ടിയ വിവരം ഝലം എന്ന സ്ഥലത്തുനിന്ന് ആരോ കാശയച്ചിട്ടുണ്ട് എന്നായിരുന്നു. എന്നാൽ അവിടെനിന്ന് കത്തൊന്നും വന്നിരുന്നില്ല. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മണിയോർഡറായി 45 രൂപ വന്നു. ഞാൻ കണക്ക് കൂട്ടിയപ്പോൾ അദൃശ്യജ്ഞാനി വിവരം അറിയിച്ച ദിവസം തന്നെയാണ് എംഒ ചെയ്തത് എന്ന് അറിയാൻ കഴിഞ്ഞു’’ (പേജ് 61).

“1883 സെപ്തംബർ ആറിന് വളരെ അത്യാവശ്യമുള്ള സമയത്ത് എന്നെ സമാധാനിപ്പിക്കുന്ന ഒരു വഹ്‌യ് സുവാർത്തയായി വന്നു: ‘21 രൂപ വരുന്നുണ്ട്.’ ഇതിൽ ഏറ്റവും അത്ഭുതമുള്ള കാര്യം വരുന്ന സംഖ്യ പറഞ്ഞു എന്നതാണ്. പ്രത്യേക എണ്ണം വെളിപ്പെടുത്തുക എന്നത് അദൃശ്യജ്ഞാനിക്ക് അല്ലാതെ മറ്റാർക്കും സാധ്യമല്ലല്ലോ. മറ്റൊരു അതിശയം എന്തെന്നാൽ പുസ്തകത്തിന്റെ നിശ്ചിത വിലയുമായി ആ സംഖ്യക്ക് ഒരു ബന്ധവുമില്ല എന്നതാണ്. ഈ കാരണങ്ങളാൽ ഞാൻ കാര്യം നേരത്തെ തന്നെ ചില ആര്യന്മാരോട് പറഞ്ഞു. സെപ്തംബർ പത്തിന് മൂന്നാമതും ഒരു താക്കീത് എന്ന പോലെ ഇൽഹാം വന്നു; ‘ഇരുപതും ഒന്നും രുപ വന്നിരിക്കുന്നു’ എന്ന്. മൂന്നു മിനുട്ട് കഴിഞ്ഞുകാണും; വസീർ സിംഗ് എന്ന ഒരു രോഗി എന്റെ അടുത്തു വന്നു, ഉടനെ ഒരു രൂപ കൈയിൽ തന്നു. ചികിത്സ എന്റെ തൊഴിലൊന്നുമല്ല. ആരെങ്കിലും വന്നാൽ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു മരുന്നു കൊടുക്കും. എന്നാൽ ആ ഒരു രൂപ ഞാൻ വാങ്ങിവച്ചു. കാരണം ഇത് പ്രവചനത്തിന്റെ ഒരു ഭാഗമാണെങ്കിലോ എന്ന ചിന്തയുണ്ടായി. പിന്നെ പോസ്റ്റ് ഓഫീസിലേക്ക് ആളെ അയച്ചു. ഹിന്ദുവായ പോസ്റ്റൽ ക്ലർക്ക് പറഞ്ഞു: ‘ഡേറാ ഗാസിഖാനിൽനിന്ന് ആകെ അഞ്ചു രൂപയുടെ എംഒ ആണ് വന്നത്. ഇനിയും വന്നാൽ തരാം.’ ഞാൻ ആകെ പരിഭ്രമത്തിലായി. അപ്പോൾ ആറ് രൂപയായി. ഞാൻ വിഷമിച്ചു താടിക്ക് കൈയും കൊടുത്ത് ഇരിപ്പായി. അപ്പോഴും ശക്തമായ വഹ്‌യ് അവതരിച്ചു: ‘സംശയമില്ല, ഇരുപതും ഒന്നും വന്നിട്ടുണ്ട്.’ ഉച്ചയ്ക്ക് ശേഷം ആ ഹിന്ദു വന്ന് പറയുകയാണ്; ‘അഞ്ചല്ല, ഇരുപത് രൂപയുണ്ട്. ലാഹോറിൽനിന്ന് ഇലാഹീ ബക്ഷ് അക്കൗണ്ടന്റ് അയച്ചതാണ്. നേരത്തെ അറിയാതെ പറഞ്ഞതായിരുന്നു’’ (പേജ് 115).

“1984 ജനുവരി 3നാണ് അടുത്ത ‘മണിയാർഡർ വഹ്‌യ്’ വരുന്നത്. അമ്പത് രൂപയുടെ അടിയന്തര ആവശ്യം നേരിട്ടപ്പോൾ പ്രാർഥിച്ചു. അപ്പോൾ ‘നിന്റെ പ്രാർഥന എത്ര ഭംഗിയായി സ്വീകരിക്കാനാവുമോ അത്രയും നന്നായി ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്നു വഹ്‌യ് വന്നു. ജനുവരി ആറിന് താങ്കളുടെ പണം ലഭിച്ചു.’’

മീർ അബ്ബാസ് അലി ഷാ ലുധിയാനവിക്കെഴുതിയ കത്തിലാണ് ഈ സംഭവവിവരണം (പേജ് 123). യാദൃച്ഛികമാവാം, ഖാദിയാനി പ്രവാചകന്റെ ഉത്തമ അനുയായികളും പിന്നീട് കൊടിയ ശത്രുക്കളുമായ അബ്ബാസ് അലി ഷായും ഇലാഹി ബക്ഷുമാണ് അന്നത്തെ ഭീമമായ സംഖ്യ ‘ബറാഹീനെ അഹ്‌മദിയ്യ’യുടെ പ്രസിദ്ധീകരണത്തിനായി സംഭാവന ചെയ്തത്. ഇംഗ്ലീഷ് വഹ്‌യുകളുടെ അർഥം തേടിയുള്ള കത്ത് ലഭിച്ചപ്പോഴാണ് അബ്ബാസ് അലിഷാ പ്രവാചകനോട് റ്റാറ്റാ പറഞ്ഞത്. പ്രസ്തുത കൃതിയിൽ വാഗ്ദാനത്തിന് വിരുദ്ധമായി സ്വന്തം വഹ്‌യുകളുടെ അനസ്യൂതപ്രവാഹം കണ്ടാണ് ഇലാഹി ബക്ഷ് ഖാദിയാനിസം വിട്ടതും മിർസ ഖാദിയാനിക്കെതിരെ പുസ്തകം രചിച്ചതും. ഇപ്പോഴത്തെ വിശ്വാസികൾക്ക് പക്ഷേ, അങ്ങനെ ചിന്തിക്കാനുള്ള വിവേകമോ വിശ്വാസമോ ഇല്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

പ്രാർഥിക്കുന്നു, പണം വരുന്നു!

“സാധുക്കൾക്കും അല്ലാഹുവിൽ സ്വയം സമർപ്പിച്ചവർക്കും ഉണ്ടാകാറുള്ളപോലെ ഒരിക്കൽ 50 രൂപയുടെ അത്യാവശ്യം നേരിട്ടു. രാവിലെ നടക്കാനിറങ്ങിയപ്പോൾ ഖാദിയാനിൽനിന്ന് ബട്ടാലയിലേക്കുള്ള വഴിയിൽ നദിക്കരയിലെ കാട്ടിൽ ആരും കാണാത്ത ഏകാന്തതയിൽ പ്രാർഥിക്കാൻ ഇരുന്നു. ദുആക്കൊപ്പമെന്നോണം ഇൽഹാം അവതരിച്ചു. അതിന്റെ തർജമ ഇതാണ്: ‘ഞാൻ നിന്റെ പ്രാർഥനകൾ എത്ര വേഗത്തിലാണ് സ്വീകരിക്കുന്നതെന്ന് നോക്കുക!’ സന്തോഷത്തോടെ ഖാദിയാനിൽ വന്നു. അങ്ങാടിയിലേക്ക് പോയി, പോസ്റ്റ് ഓഫീസിൽ അന്വേഷിക്കാമല്ലോ. അവിടെനിന്ന് ഒരു കത്ത് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നു: ‘ലുധിയാനയിൽനിന്ന് 50 രൂപ അയച്ചിട്ടുണ്ട്.’ അന്നോ അടുത്ത ദിവസമോ അത് കൈപ്പറ്റുകയും ചെയ്തു’’ (പേജ് 123).

50 രൂപയെപ്പറ്റി വന്ന ആദ്യ ‘പേർഷ്യൻ വഹ്‌യിന്റെ’ ഉർദു തർജമയാണ് രണ്ടാമത്തെത്. ആദ്യത്തെത് ലുധിയാനവിയുടെ കത്തിൽനിന്ന് എടുത്തതാണെങ്കിൽ രണ്ടാമത്തേത് ലുധിയാനയിൽനിന്നാണ് പണം വന്നത്. ‘തദ്കിറ’യിൽ അടുത്തടുത്ത നമ്പറുകളിലായിട്ടാണ് ഇത് രണ്ടും വിവരിക്കുന്നത്. ഏതായാലും പണത്തിന്റെ ആവശ്യം നേരിടുന്നു, പ്രാർഥിക്കുന്നു, പറഞ്ഞപോലെ സ്വീകരിക്കപ്പെടുന്നു, വഹ്‌യ് വരുന്നു, എംഒ ആയോ മറ്റു വിധത്തിലോ പണം കൈപ്പറ്റുന്നു. കൗതുകകരമാണ് ഈ നൈരന്തര്യം. മുഹമ്മദ് നബിﷺയും അദ്ദേഹത്തിനു മുമ്പ് വന്ന പ്രവാചകന്മാരിൽ പലരും നിത്യജീവിത ചെലവിനുവരെ പ്രയാസപ്പെട്ടിരുന്നു. നബിﷺക്ക് സമ്പന്നതയെ ഭയമായിരുന്നു.

ഫിഫ്റ്റി ഫിഫ്റ്റി

“1887ൽ ഒരു ദിവസം ലുധിയാനയിലേക്കുള്ള തീവണ്ടിയാത്രയിൽ ‘പകുതി നിനക്കും പകുതി പങ്കുകാർക്കും’ എന്ന വഹ്‌യ് വന്നു. ഒപ്പം തന്നെ വിശദീകരണവും ഇട്ടു തന്നു: ‘നമ്മുടെ പിതൃവ്യന്റെ ബന്ധത്തിൽപ്പെട്ട ഇമാം ബീബി മരിക്കും. അവരുടെ സ്വത്തിൽ പകുതി എനിക്കും പകുതി മറ്റ് അവകാശികൾക്കുമാണ്.’ ഞാൻ ആ വിവരം കൂടെയുള്ളവരെ അറിയിച്ചു. അവർ മരിച്ചപ്പോൾ അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു’’ (പേജ് 153-154).

വളരെ എളുപ്പത്തിൽ കിട്ടിയത് പോലെയാണ് പറയുന്നത്, ‘വഹ്‌യ് വന്നു, ഇമാം ബീബി മരിച്ചു, സ്വത്ത് കിട്ടി!’ ഇതിനിടെ നടന്ന പ്രമാദമായ ഒരുപാട് സംഭവങ്ങൾ ഉണ്ട്. ഇമാം ബീബിയെ വിവാഹം ചെയ്തിരുന്ന, മിർസയുടെ സഹോദരപുത്രൻ ഗുലാം ഹുസൈൻ നാട് വിട്ടുപോവുകയും 25 വർഷങ്ങളായി യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്തിരുന്നു. കുട്ടികൾ ഇല്ലാത്തതിനാൽ സഹോദരൻ എന്ന നിലയ്ക്ക് അവകാശവുമായി ബന്ധപ്പെട്ട് ഒപ്പിടുവിക്കാൻ വേണ്ടി വന്നപ്പോഴാണ്, അഹ്‌മദ് ബേഗിനോട് മകൾ മുഹമ്മദീ ബീഗത്തെ തനിക്ക് വിവാഹം ചെയ്തു തന്നാൽ മാത്രമെ ഒപ്പിട്ട് തരികയുള്ളൂ എന്ന് ശഠിച്ചതും ശേഷം സംഭവബഹുലമായ ‘ആകാശവിവാഹക്കഥ’യുടെ ചുരുൾ നിവരുന്നതും.

ഈ വ്യാജ വഹ്‌യ് സ്വന്തം പ്രവാചകത്വത്തിനുള്ള തെളിവായി സമർപ്പിച്ചതാണെങ്കിലും മിർസാ ഗുലാം പ്രവാചകനല്ല എന്നാണ് ഇത് തെളിയിക്കുന്നത്. മുഹമ്മദ് നബിﷺ പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രവാചകന്മാർ ആരുടെയും അനന്തരാവകാശം എടുക്കുകയില്ല. ആർക്കും അനന്തരാവകാശം കൊടുക്കുകയുമില്ല.’’ മുഹമ്മദ് നബിക്ക് പിതാവിന്റെയോ മാതാവിന്റെയോ അനന്തരാവകാശം ലഭിച്ചിരുന്നില്ലെന്നതിനും മരണശേഷം മക്കൾക്ക് കൊടുക്കാൻ യാതൊന്നും ഉണ്ടായിരുന്നില്ലെന്നതിനും ചരിത്രം സാക്ഷ്യം വഹിക്കുന്നു. മിർസക്കാകട്ടെ പിതാവിന്റെ സ്വത്തിന് പുറമെയാണ് മേൽപ്പറഞ്ഞ അകന്ന കുടുംബത്തിലെ സ്ത്രീയുടെ സ്വത്തുകൂടി ലഭിക്കുന്നത്!