മരണാനന്തര ജീവിതത്തിൽ സംശയമോ?

മുആദ് പകര, ജാമിഅ അൽഹിന്ദ്

2024 ഏപ്രിൽ 06, 1445 റമദാൻ 27

ഈ ലേഖനം എഴുതുന്ന ഞാനും വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുമൊക്കെ ജനിക്കുന്നതിനു മുമ്പ് ലോകത്ത് കോടിക്കണക്കിന് മനുഷ്യർ ജനിക്കുകയും ജീവിക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവരൊക്കെ വീണ്ടും ജീവിക്കുമോ? മരിച്ച് മണ്ണോടുചേർന്ന്, എല്ലുകൾപോലും നുരുമ്പിയാൽ എങ്ങനെയാണ് മനുഷ്യൻ പഴയതുപോലെയാവുക? ആർക്കാണ് വീണ്ടും ജീവിപ്പിക്കാൻ കഴിയുക? മരിച്ചാൽ വീണ്ടും ജീവിക്കും എന്നതിന് എന്താണ് തെളിവ്? മതനിഷേധികൾ പലപ്പോഴും ഇത്തരം ചോദ്യങ്ങളുമായി വിശ്വാസികളെ നേരിടാറുണ്ട്.

വാസ്തവത്തിൽ മരണാനന്തരം ഒരു ജീവിതമുണ്ട് എന്നതിന് ഈ ലോകം തന്നെയാണ് തെളിവ്. മുൻ മാതൃകയില്ലാതെ ഈ പ്രപഞ്ചത്തെ ഈവിധം സൃഷ്ടിച്ച സ്രഷ്ടാവിന് പരലോകം സൃഷ്ടിക്കുക എന്നുള്ളത് വളരെ നിസ്സാരമായ കാര്യമാണ്.

സ്രഷ്ടാവ് പറയുന്നു: “ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു’’ (ക്വുർആൻ 2: 117).

ഭീമാകാരമായ, ചലിച്ചുകൊണ്ടേയിരിക്കുന്ന കോടാനുകോടി ഗോളങ്ങളും നക്ഷത്രങ്ങളുമുള്ള ആകാശം, കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി, വെളിച്ചവും ഊർജവും നൽകുന്ന സൂര്യൻ, രാപകലുകളുടെ മാറ്റം, മഴ... തുടങ്ങിയവയെല്ലാം മുൻ മാതൃകയില്ലാതെ സംവിധാനിച്ച് നിയന്ത്രിക്കുന്നത് ആരാണ്? ശൂന്യതക്കും യാദൃച്ഛികതയ്ക്കും അതിന് സാധിക്കുമെന്ന് ബുദ്ധിയുള്ളവർക്ക് പറയാൻ കഴിയില്ല. അത് ബുദ്ധിക്കും യുക്തിക്കും എതിരാണ്. സർവശക്തനായ ദൈവമാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്ന് സമ്മതിക്കലാണ് ബുദ്ധിയും യുക്തിയും. ആ സ്രഷ്ടാവിന് പുനഃസൃഷ്ടി നടത്താൻ എന്തു പ്രയാസമാണുണ്ടാവുക?

ഈ തെളിവുകളെല്ലാം കണ്ടിട്ടും ദൈവനിഷേധികൾ മരണാനന്തര ജീവിതത്തെ നിഷേധിക്കുവാൻ വേണ്ടി ചോദിക്കുകയാണ്, എല്ലുകൾ പോലും നുരുമ്പിക്കഴിഞ്ഞാൽ പിന്നെ അതിനെ ജീവിപ്പിക്കുവാൻ ആർക്ക്, എങ്ങനെ സാധിക്കുമെന്ന്! താൻ എങ്ങനെയുണ്ടായി എന്നത് പോലും മറന്നുകൊണ്ടാണ് ഈ ചോദ്യം! അല്ലാഹു പറയുന്നു:

“ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻതന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ’’ (ക്വുർആൻ 36:79).

മഴ ലഭിക്കാതെ, ഉണങ്ങി നിർജീവമായി കിടക്കുന്ന ഭൂമിലേക്ക് അല്ലാഹു മഴ വർഷിപ്പിക്കുപോൾ ഭൂമിയിൽ അനേകം സസ്യങ്ങൾ മുളച്ചു പൊന്തുന്നു! കാലങ്ങളായി മണ്ണിനടിയിൽ കിടക്കുന്ന ഉണങ്ങിയ വിത്ത്, അൽപം വെള്ളം അതിലേക്ക് വീഴുമ്പോൾ അതിൽനിന്ന് പുതുസസ്യം മുളച്ചുവരുന്നു! മനുഷ്യർക്ക് എന്തു പങ്കാണ് അതിലുള്ളത്? ഇതുപോലെ മണ്ണിൽ അലിഞ്ഞു ചേർന്നവരെ ഉയിർത്തെഴുന്നേൽപിക്കാൻ സ്രഷ്ടാവിന് സാധിക്കുമെന്ന് വിശ്വസിക്കുകയല്ലേ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്?

“നിർജീവമായതിൽനിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ടുവരുന്നു. ജീവനുള്ളതിൽനിന്ന് നിർജീവമായതിനെയും അവൻ പുറത്ത് കൊണ്ടുവരുന്നു. ഭൂമിയുടെ നിർജീവാവസ്ഥയ്ക്കുശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്തുകൊണ്ടുവരപ്പെടും’’ (ക്വുർആൻ 30:19).

“അല്ലാഹുവാണ് കാറ്റുകളെ അയച്ചവൻ. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ടുപോകുകയും അതുമുഖേന ഭൂമിയെ അതിന്റെ നിർജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിർത്തെഴുന്നേൽപ്’’ (ക്വുർആൻ 35: 9).

നിർജീവമായ ഭൂമിക്ക് മഴയിലൂടെ ജീവൻ നൽകുന്നു എന്ന മഹാപ്രതിഭാസം മരണാനന്തര ജീവിതത്തിന് അടയാളമാണെന്ന് സ്രഷ്ടാവ് ഉറപ്പിച്ചു പറയുമ്പോൾ അതെങ്ങനെ നിഷേധിക്കാൻ മനുഷ്യന് സാധിക്കും?

മരണാനന്തരം ഒരു ലോകമുണ്ട് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ഈ ദൃശ്യപ്രപഞ്ചം തന്നെയാണ്. സൂര്യൻ അനേകായിരം മൈലുകൾ അകലെയായിട്ടും അതിന്റെ ചൂടിന്റെ കാഠിന്യം നമുക്ക് സഹിക്കാൻ കഴിയുന്നില്ല. അങ്ങനെയുള്ള സൂര്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് നരകം സൃഷ്ടിക്കാൻ എന്തു പ്രയാസം?

വിവിധങ്ങളായ നിറങ്ങളിൽ വ്യത്യസ്തങ്ങളായ ചെടികളും പൂക്കളും രുചിവൈവിധ്യങ്ങളുള്ള പഴവർഗങ്ങളും പുഴകളും അരുവികളുമെല്ലാം പടച്ച സ്രഷ്ടാവിന് അതിലേറെ മനോഹരമായ സ്വർഗം സൃഷ്ടിക്കാൻ കഴിയില്ലയോ?

നാം ഈ ലോകത്തേക്കു ജനിച്ചുവീഴും മുമ്പ് നമ്മുടെ അസ്തിത്വം ഇവിടെ ഉണ്ടായിരുന്നില്ലല്ലോ! മനോഹരമായ ശരീരവും അതിസങ്കീർണമായ ആന്തരികഘടനയും നമുക്കുണ്ടായതിൽ നമ്മുടെ പങ്കെന്താണെന്നു ചിന്തിക്കുക. അല്ലാഹു പറയുന്നു:

“മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും, പിന്നീട് ബീജത്തിൽനിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു’’ (ഹജ്ജ് 5).

മനുഷ്യന് കേൾവിശക്തിയും കാഴ്ചശക്തിയും ചിന്താശേഷിയുമെല്ലാം നൽകിയ അവന്റെ സ്രഷ്ടാവ് നേരായമാർഗവും കാണിച്ചുതന്നിട്ടുണ്ട്. ഒന്നുകിൽ മനുഷ്യൻ നേരായമാർഗം സ്വീകരിച്ച് നന്ദിയുള്ളവനാകും, അല്ലെങ്കിൽ പിഴച്ചമാർഗം സ്വീകരിച്ച് നന്ദികെട്ടവനാകും.

മരണാനന്തരം ഒരു ജീവിതമില്ല എന്ന് വാദിക്കുന്നവർക്ക് മരണമെന്ന പ്രതിഭാസത്തെ തടുക്കാൻ കഴിയുമോ? മരണത്തോടെ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി വിശദീകരിക്കാൻ കഴിയുമോ? നാം നിശ്ചയമായും മരിക്കും എന്നതുതന്നെ മരണാനന്തരം ഒരു ജീവിതമുണ്ട് എന്നതിന് തെളിവല്ലേ?

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽ പിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (3:185).