ലക്ഷ്യം ബ്രിട്ടീഷ് ഗവൺമെന്റിനെ പിന്തുണക്കൽ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 മാർച്ച് 30, 1445 റമദാൻ 20

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 54

ബിസ്മില്ലാഹി എവിടെ?

മിർസയുടെ വാദം ‘തദ്കിറ’ ക്വുർആനിന്റെ രണ്ടാം വാള്യമാണ് എന്നാണ്. എന്നാൽ ഇതിൽ അറബിയിൽ ഇറങ്ങിയ വഹ്‌യുകളായി അവകാശപ്പെടുന്നവയുടെ പോലും തുടക്കത്തിൽ ബിസ്മി എഴുതിയതായി കാണുന്നില്ല. പക്ഷേ, ഹദീസുകളോട് സാമ്യപ്പെടുത്തുന്ന ‘സീറത്തുൽ മഹ്ദി’യിലെ എല്ലാ നിവേദനങ്ങളും ബിസ്മികൊണ്ടാണ് തുടങ്ങുന്നത്. എല്ലാ കാര്യത്തിലുമെന്ന പോലെ തലതിരിഞ്ഞ നിലപാടാണ് ഈ കാര്യത്തിലും ഖാദിയാനികൾ സ്വീകരിച്ചിട്ടുള്ളത്.

ഇൽഹാമീ ഖുതുബ തദ്കിറക്കു പുറത്ത്

മിർസാ ഖാദിയാനിയുടെ ‘ഖുതുബയേ ഇൽഹാമിയ്യ’ പൂർണമായും ദൈവിക വചനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ഓരോ വചനത്തിന്റെയും അവസാന ത്തിൽ ക്രമനമ്പർ നൽകിയിട്ടുണ്ട്. എന്നാൽ ആദ്യഭാഗത്തുള്ള 330 വചനങ്ങൾ മാത്രമെ ദൈവിക

വചനമാണെന്ന വാദമുള്ളൂ. അതു മാത്രമാണ് ഖുതുബയിൽ പറഞ്ഞത്. പിന്നീട് കൂട്ടിച്ചേർത്ത രണ്ട് അധ്യായങ്ങൾ ‘ദൈവിക’മല്ലെങ്കിലും വചനങ്ങൾക്ക് ക്രമനമ്പർ നൽകിയതായി കാണാം.

ഈ 330 വചനങ്ങൾ ദൈവികമാണെങ്കിൽ തദ്കിറയിൽ കാണേണ്ടതാണല്ലോ! പക്ഷേ, അതിനെക്കുറിച്ച് അറബിയിലും ഉർദുവിലും വന്ന രണ്ട് ‘വഹ്‌യുകൾ’ മാത്രമാണുള്ളത്. 1900 ഏപ്രിൽ 11ന് രാവിലെ ‘അല്പം അറബിയിൽ പറയൂ, ഇന്ന് നിങ്ങൾ അറബിയിൽ പ്രസം ഗിക്കുക, അതിനുള്ള കഴിവ് നിങ്ങൾക്ക് നൽകിയിരിക്കുന്നു ‘ എന്ന് ഉർദുവിലും ‘ഈ വാചാലമായ വചനങ്ങൾ മാന്യനായ അല്ലാഹുവിൽ നിന്നുള്ളതാകുന്നു’ എന്ന് അറബിയിലും വഹ്‌‌യ്\അവതരിപ്പിച്ച തായി പറയുന്നുണ്ട്. (പേജ് 356-357). എല്ലാം കഴിഞ്ഞശേഷം ‘മുബാറക്’ എന്ന് ആശംസിക്കുന്നുമുണ്ട്. (പേജ് 359)

ഇതു പൂർണമായും ദൈവത്തിന്റെ വചനമാണെന്ന് പറയുമ്പോഴും ഈ സമാഹാരത്തിൽ ചേർക്കാതിരുന്നത് അതിന് മാത്രമുള്ള നിലവാരം ഇല്ലാത്തത് കൊണ്ടായിരിക്കാം. അതല്ലെങ്കിൽ നേതാക്കൾക്ക് ദൈവികമാണെന്ന വിശ്വാസം ഇല്ലായിരിക്കാം.

‘മരിച്ചവനെ എങ്ങനെ ജീവിപ്പിക്കും?’

1901 ലെ ആദ്യത്തെ വഹ്‌യായി എഴുതിയത് “അവർ പറഞ്ഞു: ഈ തഫ്‌സീർ ഒന്നുമല്ല’’ എന്നായിരുന്നു. ജനുവരി 24നാണ് അത് ‘അൽഹക’മിൽ പ്രസിദ്ധീകരിച്ചത്. തുടർന്നു പറഞ്ഞു: “ഈ തഫ്‌സീർ രചനയിൽ നിന്നെ നേരിടാൻ ആർക്കും സാധ്യമല്ല’’ (പേജ് 416).

അറബി ഭാഷയിൽ രചിച്ച ഫാതിഹയുടെ തഫ്‌സീറാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. നേരത്തെ ഇതേ ഉള്ളടക്കത്തിൽ ‘കറാമാത്തുസ്സ്വാദിക്വീൻ,’ ‘അയ്യാമുസ്സുൽഹ്’ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. 1901 ലാണ് ‘ഇഅ്ജാസുൽ മസീഹ്’ പ്രസിദ്ധീകരിച്ചത്. 70 ദിവസം കൊണ്ടാണ് ഈ കൃതി പൂർത്തീകരിച്ചതെന്നും ഇത്രയും ദിവസംകൊണ്ട് ആരെങ്കിലും ഇതിനെ വെല്ലുന്ന ഒരു പുസ്തകം രചിച്ചാൽ 500 രൂപ നൽകുമെന്നും മുസ്‌ലിം പണ്ഡിതന്മാരെ വെല്ലുവിളിച്ചുകൊണ്ടാണ് അതെഴുതിയത്. പക്ഷേ, അതിന്റെ ഉള്ളടക്കവും സൂറത്തുൽ ഫാതിഹയുടെ വ്യാഖ്യാനമാണ് എന്നറിയുമ്പോഴാണ് ഈ വെല്ലുവിളിയുടെ പൊള്ളത്തരം മനസ്സിലാവുക. ഏഴ് ആയത്തുകളുടെ വ്യാഖ്യാനം 70 ദിവസങ്ങൾകൊണ്ട് മൂന്നാമതും എഴുതി എന്നതാണത്രെ അതിമഹത്തായ അമാനുഷികത!

പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ കറാമത്ത് വളർന്ന് മുഅ്ജിസത്തായി എന്നത് വലിയൊരു സന്ദേശം നൽകുന്നുണ്ട്. എന്നുവെച്ചാൽ വലിയ്യ് വാദത്തിൽനിന്ന് പ്രവാചകത്വ വാദത്തിലേക്കുള്ള വളർച്ച!

1901ലെ ഏറ്റവും അവസാനത്തെ ‘വഹ്‌യിൽ’ ‘മരിച്ചവനെ എങ്ങനെ ജീവിപ്പിക്കും’ എന്ന ചോദ്യവും ആകാശത്തുനിന്ന് കാരുണ്യത്തിനും പാപമോചനത്തിനുമുള്ള അർഥനയുമാണ് ഉള്ളത്. മകൻ മുബാറക് അഹ്‌മദ് മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നതായിരുന്നു അതിന്റെ പുലർച്ചയെന്ന് അവകാശപ്പെട്ടെങ്കിലും ഏറെ വൈകാതെ ആ കുട്ടി മരിച്ചുപോവുകയായിരുന്നു. വിശുദ്ധ ക്വുർആനിൽ അറുത്ത് കഷ്ണങ്ങളാക്കിയ പക്ഷികളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടായിരുന്നു ഇബ്‌റാഹിം നബി(അ)യുടെ ഇതേ സംശയം ദൂരീകരിച്ചത്. ഇവിടെ മകന് താൽക്കാലികമായി ലഭിച്ച രോഗശമനം മാത്രമാണ് ചോദ്യത്തിനുള്ള മറുപടി. ഈ വ്യത്യാസം എല്ലാ കാര്യത്തിലും നമുക്ക് കാണാവുന്നതാണ്. വ്യാജ പ്രവാചകത്വവാദിക്ക് ഇതിനല്ലേ കഴിയൂ!

സ്വയം നിർമിക്കുന്ന നിയമങ്ങൾ

‘തദ്കിറ’യിലൂടെ കണ്ണോടിച്ചാൽ നേരത്തെ ഇസ്‌ലാമിലുള്ള ചില ശരീഅത്ത് നിയമങ്ങൾ തന്നെ തനിക്ക് വഹ്‌യ് ലഭിച്ചതായി മിർസ അവകാശപ്പെടുന്നത് കാണാം. ഉദാ: “വിശ്വാസികളോട് പറയുക: അവർ കണ്ണുകൾ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങൾ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവർക്കുള്ള ഏറ്റവും സംസ്‌കൃതമായ നടപടി.’’

എന്നാൽ ഇസ്‌ലാമിലെ സുപ്രധാനമായ നിയമങ്ങൾ റദ്ദാക്കുന്നതിനോ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിനോ വഹ്‌യോ ദൈവികനിർദേശമോ ആവശ്യമില്ല എന്നതാണ് ഖാദിയാനി മതത്തിന്റെ സവിശേഷത.

‘ഇസ്‌ലാമിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് അല്ലാഹുവിനെ അനുസരിക്കൽ, രണ്ട് സമാധാനം സ്ഥാപിച്ച് അക്രമങ്ങളിൽനിന്നും സംരക്ഷണം നൽകിയ ബ്രിട്ടീഷ് ഗവൺമെന്റിനെ അനുസരിക്കൽ’ എന്നും ‘ബ്രിട്ടീഷുകാർക്കെതിരെയുള്ള ജിഹാദ് ഹറാമാണെ’ന്നുമുള്ള പ്രഖ്യാപനം വളരെ ഗൗരവമുള്ള ഒരു മതനിയമമാണല്ലോ. വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു നിർബന്ധമാക്കിയ ജിഹാദ് നിഷിദ്ധമാക്കാൻ ഇംഗ്ലീഷുകാരോടുള്ള വിധേയത്വം മാത്രമാണ് മിർസയെ പ്രേരിപ്പിച്ചിട്ടുള്ളത്. മിർസാ ഖാദിയാനിയുടെ ‘ഫതാവാ അഹ്‌മദിയ്യ’യിലെ മൂന്നാമത്തെ ഫത്‌വ, അനുയായികൾ കർമശാസ്ത്ര കാര്യങ്ങളിൽ ഇമാം അബൂഹനീഫയുടെ മദ്ഹബ് സ്വീകരിക്കണമെന്നാണ്. ഇതിന്റെ സാംഗത്യത്തെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നില്ല. ഇപ്പറഞ്ഞതിനൊന്നും വഹ്‌യിന്റെയോ ദർശനത്തിന്റെയോ പിൻബലമുണ്ടന്ന് മിർസാഗുലാം അവകാശപ്പെടുന്നില്ല എന്നതാണ് രസകരം.

ഏതുകാര്യത്തിലും സ്വന്തമായ തീരുമാനമെടുക്കുകയാണ്, അല്ലാഹുവിന്റെ നിയമങ്ങൾക്കെതിരായാൽ പോലും അദ്ദേഹം ചെയ്യുന്നത്. ഇതിന്റെ ഫലമാണ്, പല വാദങ്ങളിലും ഗുരുതരമായ വൈരുധ്യങ്ങൾ കാണാൻ സാധിക്കുന്നത്.

ദജ്ജാൽ, യഅ്ജൂജ് മഅ്ജൂജ്, ദാബ്ബത്തുൽ അർള് തുടങ്ങിയവയെപ്പറ്റിയുള്ള കൃത്യമായ അറിവ് മുഹമ്മദ് നബിﷺക്ക് പോലും ലഭിച്ചിട്ടില്ലെന്നും തനിക്ക് അതെല്ലാം വിശദീകരിച്ചുതന്നിട്ടുണ്ടെന്നും മിർസ അവകാശപ്പെടുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച് പറഞ്ഞതിൽ ഗുരുതരമായ വൈരുധ്യങ്ങളാണ് കാണാൻ സാധിക്കുക.

ദജ്ജാൽ ക്രിസ്ത്യൻ പാതിരിമാരാണെന്നും ദജ്ജാലിന്റെ കഴുത തീവണ്ടിയാണെന്നും, ദാബ്ബതുൽ അർള് ചിലപ്പോൾ മുസ്‌ലിം പണ്ഡിതന്മാരും മറ്റുചിലപ്പോൾ പ്ലേഗ് രോഗമാണെന്നും അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. യഅ്ജൂജ് മഅ്ജൂജ് ബ്രിട്ടീഷുകാരും റഷ്യക്കാരുമാണെന്നും ഹൈന്ദവ വേദങ്ങൾ ദൈവപ്രോക്തമാണെന്നും; അല്ല, സൂര്യാരാധനയും ബിംബാരാധനയും പഠിപ്പിച്ച, എല്ലാവിധ ശിർക്കിന്റെയും അനാചാരങ്ങളുടെയും ഉറവിടമാണെന്നുമൊക്കെ, ഒരു പ്രവാചത്വവാദിയുടെ വരമൊഴിയിൽ പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ കാണേണ്ടി വരുന്നത് അത് സംബന്ധമായ വിവരം അല്ലാഹുവിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണല്ലോ.

ഈസാനബി(അ)യുടെ മുത്തശ്ശിമാർ തേവിടിശ്ശികളാണെന്നും ആ രക്തത്തിലാണ് അദ്ദേഹം ജനിച്ചതെന്നും മാത്രമല്ല വിശുദ്ധ ക്വുർആൻ സത്യവിശ്വാസികൾക്ക് മാതൃകയായി പരിചയപ്പെടുത്തിയ ഈസാ നബിയുടെ മാതാവിനെ വിവാഹത്തിനുമുമ്പ് ഗർഭിണിയായവളെന്നും -നഊദു ബില്ലാഹ്- ഈസാ നബി മദ്യലഹരിയിൽ വേശ്യയുമായി സല്ലപിച്ചിരുന്നുവെന്നുമൊക്കെ കേട്ടാലറയ്ക്കുന്ന ആക്ഷേപങ്ങളു ന്നയിച്ചത് മിർസാ ഖാദിയാനിയുടെ ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. താൻ നിയോഗിച്ച ഒരു പ്രവാചകനെ ആക്ഷേപിച്ചുകൊണ്ട് മറ്റൊരു പ്രവാചകന് അല്ലാഹുവിൽനിന്ന് ദിവ്യബോധനം ലഭിക്കില്ലെന്നത് തീർച്ചയാണ്. ഈസാ മസീഹിനെ നിയോഗിച്ച അല്ലാഹുവല്ല ഈ സദൃശമസീഹ് വാദിയെ നിയോഗിച്ചതെന്നും ഇദ്ദേഹം തനിച്ച വ്യാജ പ്രവാചകനാണെന്നും തീർച്ച. ഈസാ നബിയെ ഇകഴ്ത്തുന്ന പരാമർശങ്ങളൊന്നും ‘തദ്കിറ’യിൽ ഇടംപിടിച്ചതായി കാണുന്നില്ല.

അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് മുസ്ത്വഫﷺ അവന്റെ നിർദേശമനുസരിച്ചല്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല എന്നാണ് വിശുദ്ധ ക്വുർആൻ അധ്യാപനം.

“അദ്ദേഹം സ്വേച്ഛാനുസൃതം പറയുകയല്ല; ഇത് അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു’’(53:3,4).

അല്ലാഹു തനിക്കിഷ്ടപ്പെട്ട ദാസന്മാരെ തെരഞ്ഞെടുത്തു ജനങ്ങളെ നേർവഴി കാണിക്കനായി നിയോഗിക്കുകയും ദിവ്യബോധനം നൽകുകയുമാണ് ചെയ്തിരുന്നത്. അത് മുഹമ്മദ് നബിﷺയോടെ അവസാനിച്ചു എന്ന് വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനത്തി ലൂടെ നമുക്ക് ബോധ്യപ്പെട്ടതാണ്.

അന്ത്യപ്രവാചകന് ശേഷം പ്രവാചകത്വ വാദവുമായി രംഗത്ത് വന്ന മിർസാ ഗുലാം അഹ്‌മദ് തനിക്ക് അവതരിച്ചു എന്ന് അവകാശപ്പെടുന്ന വഹ്‌യുകളെയും ദർശനങ്ങളെയുമാണ് നാം ഇതുവരെ പഠനവിധേയമാക്കിയത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പക്കൽനിന്നു ലഭിച്ചതല്ല അവയൊന്നും എന്ന് യുക്തിപരമായും പ്രാമാണികമായും വായനക്കാർക്ക് ബോധ്യമായിട്ടുണ്ടാകുമെന്ന് കരുതുന്നു.

(അവസാനിച്ചു)