ആശയവായന പ്രമാണനിഷേധമാകരുത്!

ഡോ. അബ്ദുല്ലാ ബാസിൽ സി.പി.

2024 നവംബർ 30, 1446 ജു. ഊലാ 28

ബൈബിളിലെ അധ്യാപനങ്ങൾ പുതിയകാലത്തിന് യോജിച്ചതല്ലെന്ന ചിന്ത വ്യാപകമായപ്പോൾ ക്രൈസ്തവർക്കിടയിൽ ഉണ്ടായ ഒരു ചിന്താധാരയാണ് ‘ക്രിസ്ത്യൻ വെർച്യു എത്തിക്‌സ്.’ ബൈബിളിലെ അധ്യാപനങ്ങളെല്ലാം അതേപടി നാം അക്ഷരവായന നടത്തേണ്ടതില്ലെന്നും സ്‌നേഹം, വിനയം, നീതി, അനുകമ്പ പോലുള്ള അടിസ്ഥാന ഗുണങ്ങൾ സ്വാംശീകരിക്കുകയും കാലോചിതമായി മതത്തെ പുനർവായന നടത്തുകയും ചെയ്യുക എന്നതായിരുന്നു പ്രസ്തുത ചിന്താരീതി മുന്നോട്ടുവച്ച ആശയം. ബൈബിളിൽ പറഞ്ഞ പല തിന്മകളും അങ്ങനെ തിന്മകളല്ലാതായി. പല കൊടിയപാപങ്ങളും സ്വാഭാവികവത്കരിക്കപ്പെട്ടു. കാലക്രമേണ ലിബറലിസം എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മതത്തിനു മുന്നിൽ ക്രൈസ്തവതയുടെ പതനം പൂർത്തിയാകുന്ന കാഴ്ചകളാണ് ഇന്ന് നാം യൂറോപ്പിൽ കാണുന്നത്.

മനുഷ്യന്റെ പരിമിതമായ യുക്തിയും ബുദ്ധിയുംവച്ച് ദൈവികമായ കൽപനകളെ പുനർവായിക്കാൻ തുടങ്ങിയതിന്റെ പരിണിതിയാണ് ഇന്നത്തെ ക്രൈസ്തവതയുടെ ദയനീയമായ അവസ്ഥ. ബൈബിളിന്റെ അക്ഷരവായനയിൽനിന്ന് യേശു പഠിപ്പിച്ച അടിസ്ഥാന ഗുണങ്ങൾവച്ചുള്ള ആശയവായന നടത്തിക്കൊണ്ടുള്ള സ്വീകാര്യവും നവീകരിക്കപ്പെട്ടതുമായ ഒരു ക്രൈസ്തവത എന്നത് അന്ന് വളരെ ആകർഷകമായ ഒരു ചിന്തയായിരുന്നു. എന്നാൽ അതുവഴി സംഭവിച്ചതാകട്ടെ അക്ഷരങ്ങളെ നിഷേധിച്ചപ്പോൾ ക്രൈസ്തവത എന്ന ആശയം തന്നെ ഇല്ലാതായിപ്പോയതാണ്.!

മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി ആധുനികതയോട് ആശയപരമായി നേരിട്ട് ഏറ്റുമുട്ടി നിൽക്കുന്നത് ഇന്നും ഇസ്‌ലാം മാത്രമാണ്. അതിന്റെ കാരണം ലിബറലിസത്തിന്റെ മൂല്യസങ്കൽപങ്ങൾക്കനുസരിച്ച് ഇസ്‌ലാം അതിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച നടത്താൻ തയാറായില്ല എന്നതുതന്നെയാണ്. മുസ്‌ലിംകൾ വിശ്വസിക്കുന്നത് ക്വുർആനും സ്വഹീഹായ നബിവചനങ്ങളും സ്രഷ്ടാവിൽനിന്നുള്ള ദിവ്യബോധനങ്ങൾ, അഥവാ വഹ‌്‌യ് ആണെന്നാണ്. ദിവ്യബോധനങ്ങൾ കാലത്തിനോ ദേശത്തിനോ അനുസരിച്ച് മാറ്റേണ്ടതില്ലാത്തതുകൊണ്ട് തന്നെ ആ അക്ഷരങ്ങൾക്ക് അത്രമേൽ വലിയ പ്രാധാന്യവും വിശ്വാസികൾ കൊടുക്കാറുണ്ട്. ഇവിടെയാണ് അക്ഷരവായനയുമായി ബന്ധപ്പെട്ട, ബഹുമാന്യ പണ്ഡിതൻ ഡോ. ഇകെ അഹ്‌മദ് കുട്ടി സാഹിബിന്റെ ലേഖനത്തോട് അടിസ്ഥാനപരമായി വിയോജിക്കേണ്ടി വരുന്നത്.

ഇസ്‌ലാമിക പ്രമാണങ്ങളുടെ അക്ഷരങ്ങൾക്കും ആശയത്തിനും വലിയ പ്രാധാന്യമുണ്ട്. ആശയവായന വേണം; പക്ഷേ, ആശയങ്ങൾക്ക് പുതിയ വായനയില്ല എന്നതാണ് പ്രമാണങ്ങളുടെ പ്രത്യേകത. ഇസ്‌ലാമിക പ്രമാണങ്ങളുടെ ആശയവും അക്ഷരവും പൂർത്തിയാക്കപ്പെട്ടിരിക്കുന്നു. ഇനിയതിൽ ഓരോരുത്തർക്ക് തോന്നിയ രൂപത്തിൽ ആശയങ്ങൾ നിർദ്ധരിച്ചെടുക്കാൻ നിർവാഹമില്ല. ഓരോ അക്ഷരങ്ങൾക്കും മുൻഗാമികൾ എന്ത് ആശയമാണോ കൽപിച്ചു നൽകിയത് അത് ഉൾക്കൊള്ളുക എന്നതാണ് വിശ്വാസിയുടെ നയം.

ഇടതു കൈകൊണ്ട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് പിശാചാണെന്നും പറയുന്ന ഹദീസിന്റെ അക്ഷരവും ആശയവും അത് പാടില്ലെന്നുതന്നെയാണ്. അങ്ങനെയല്ലെന്ന് ആ ആശയം ഏറ്റവും നന്നായി മനസ്സിലാക്കിയ മുഹമ്മദ് നബിﷺയോ സ്വഹാബത്തോ മറ്റു മുൻഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കഴുകുന്നതിന്റെ കൂടെ കഴുകിയാൽ തീരുന്ന, ഗ്ലാസ്സിൽ പറ്റുന്ന അവശിഷ്ടത്തിന്റെ പേരിൽ ആ ആശയത്തെയോ അക്ഷരത്തെയോ ഒഴിവാക്കാൻ ഒരു വഴിയും കാണുന്നുമില്ല.

ആശയവായനയെന്ന പേരിൽ അക്ഷരത്തിന്റെയും ആശയത്തിന്റെയും നിഷേധമാണ് നടക്കുന്നത് എന്നതാണ് ഇവിടെയുള്ള പ്രശ്‌നം. മതകൽപനകൾ കാലത്തിനു യോജിച്ചതല്ലെന്നും പരിഷ്‌കരിക്കേണ്ടതുണ്ടെന്നും വാദിക്കുന്നവരെല്ലാം ഇത്തരത്തിൽ ആശയവായനയെന്ന പേരിൽ നിഷേധം എഴുന്നള്ളിക്കുന്നു എന്നതാണ് അനുഭവം. അതിനാലാണ് ഇത് വലിയൊരു അപകടത്തിലേക്കുള്ള വാതിൽ തുറക്കലാകുന്നത്. കൃത്യമായ അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളുമില്ലാതെ ഓരോരുത്തരും ഇത്തരത്തിൽ ആശയവായന തുടങ്ങിയാൽ നേരത്തെ ക്രൈസ്തവതയ്ക്ക് സംഭവിച്ചത് പോലെ ദീൻ തന്നെ ഇല്ലാതാവും!

തട്ടം ശരിക്ക് ധരിക്കാത്ത ഒരു സഹോദരിയോട്, ഹിജാബിന്റെ പ്രാധാന്യവും പ്രസക്തിയും പറയുന്ന ക്വുർആൻ ആയത്തുകളും ഹദീസുകളും ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവർ പറഞ്ഞ മറുപടി ഞാൻ അതിന്റെ ആശയത്തെ ഉൾക്കൊള്ളുന്നു എന്നതായിരുന്നു. അക്കാലത്ത് മുഖവും മുൻകൈയുമൊഴികെയുള്ള ഭാഗങ്ങൾ മറച്ച് വസ്ത്രം ധരിക്കലാണ് മാന്യമായ വസ്ത്രധാരണം. നമ്മുടെ കാലത്തേക്കും പ്രദേശത്തേക്കും വരുമ്പോൾ അത് അങ്ങനെയായിക്കൊള്ളണം എന്നില്ല. അതിനാൽ ‘മാന്യമായ വസ്ത്രധാരണം വേണം’ എന്ന ആശയം ഞാനെടുക്കുന്നു, മുഖവും മുൻകൈയും ഒഴിച്ചുള്ളത് എന്ന അക്ഷരങ്ങളെ ഞാൻ അവഗണിക്കുന്നു എന്നതായിരുന്നു അവർ മുന്നോട്ടുവെച്ച വാദം.

ഇതുംകടന്ന് മുന്നോട്ടുപോയവരുമുണ്ട്. വസ്ത്രത്തിലേക്കോ ബാഹ്യമായ വേഷഭൂഷാദികളിലേക്കോ അല്ല പടച്ചവൻ നോക്കുന്നത്, നിങ്ങളുടെ ഹൃദയത്തിലേക്കാണ് എന്ന ആശയമെടുത്ത്, ഹിജാബിനെയും ബാഹ്യമായ മതത്തിന്റെ അടയാളങ്ങളെ മുഴുക്കെയും നിഷേധിക്കുന്നവരും ധാരാളം. അവരും നടത്തുന്നത് ആശയവായന തന്നെ! ഇവിടെയെല്ലാം സംഭവിക്കുന്നത് നമുക്ക് സൗകര്യപ്രദമായ ആശയത്തെ മാത്രമെടുത്ത് ബാക്കിയുള്ളതിനെ നിഷേധിക്കുക എന്ന വലിയ അപരാധമാണ്. അതിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുമ്പോൾ വളരെയേറെ സൂക്ഷിക്കേണ്ടിയിരുന്നു.

ദിവ്യബോധനങ്ങൾ മുഖേന സ്ഥിരപ്പെട്ട ഒരു കാര്യമോ കൽപനയോ വന്നാൽ നമ്മുടെ സൗകര്യങ്ങളും യുക്തിയും ദേഹേച്ഛകളുമെല്ലാം മാറ്റിവച്ച് അതിന് പരിപൂർണമായി സമർപ്പിക്കുകയാണ് ഒരു മുസ്‌ലിമിന്റെ കടമ എന്നത് പഠിപ്പിക്കേണ്ടവരാണ് നാം. എല്ലാമറിയുന്ന പടച്ചവന്റെ കൽപനകളെ നമ്മുടെ പരിമിതമായ യുക്തിയും ബുദ്ധിയുംവച്ച് അരിച്ചശേഷം മാത്രം സ്വീകരിക്കുകയെന്നതാണ് യുക്തിരാഹിത്യം!

‘തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ ബധിരൻമാരും അന്ധൻമാരുമായിക്കൊണ്ട് അതിൻമേൽ ചാടിവീഴാത്തവരുമാകുന്നു അവർ’ എന്ന ക്വുർആൻ സൂക്തത്തെ അക്ഷരാർഥത്തിൽ സ്വീകരിക്കേണ്ടതില്ല എന്ന ആശയത്തിന് മുൻഗാമികളാരും ഉദ്ധരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. അമാനി മൗലവിയുടെ തഫ്‌സീറിൽ ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

“അതായത്, അല്ലാഹുവിന്റെ ആയത്തുകൾ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തിൽ അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ അശ്രദ്ധയും അവഗണനയും അവർ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും സബഹുമാനം അത് സ്വീകരിക്കുകയും ചെയ്വാൻ ആവേശപൂർവ്വം തയ്യാറാകുകയാണ് ചെയ്യുക. ചില ആളുകൾ തെറ്റിദ്ധരിച്ചതുപോലെ, അല്ലെങ്കിൽ താൽപര്യപൂർവ്വം ദുർവ്യാഖ്യാനം ചെയ്തതുപോലെ അല്ലാഹുവിന്റെ ആയത്തുകൾ കൊണ്ട് ഉപദേശിക്കപ്പെടുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കാതെ, വിമർശനബുദ്ധ്യാ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അത് സ്വീകരിക്കുകയുള്ളു എന്നല്ല ഈ വചനത്തിന്റെ സാരം. സാധാരണക്കാർ നൽകുന്ന ഉപദേശങ്ങളിൽ ഇതാവശ്യംതന്നെ. എന്നാൽ അല്ലാഹുവിന്റെ ആയത്തുകൾ വിമർശനപൂർവ്വം പരിശോധിച്ചേ സ്വീകരിക്കാവൂ എന്ന് പറയുന്നത് കേവലം അസംബന്ധവും അതിരുകവിച്ചിലുമാകുന്നു’’ (അമാനി മൗലവി തഫ്‌സീർ, സൂറഃ അൽഫുർഖാൻ, സൂക്തം 73).

ക്വുർആനിന്റെ ആയത്തുകളെ പോലും അതേപടി സ്വീകരിക്കേണ്ടതില്ല എന്നതിന് ഈ ആയത്ത് തെളിവാക്കുമ്പോൾ അത് വലിയ അപരാധമായിപ്പോയി എന്ന് പറയാതെവയ്യ! പ്രമാണങ്ങളെയും മതത്തെ തന്നെയും ഒഴിവാക്കാനും വലിച്ചെറിയാനും വെമ്പിനിൽക്കുന്ന പുതിയതലമുറയുടെ മുന്നിലേക്കാണ് ഇത്തരം ചിന്തകളിട്ടു കൊടുക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. വഹ്‌യ് മുഖേന സ്ഥിരപ്പെട്ട് ഒരു കാര്യം വന്നാൽ അത് വിമർശനാത്മകമായി പരിശോധിക്കാനല്ല, അപ്പടി സ്വീകരിക്കാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നത്.

“റസൂലിന്ന് അദ്ദേഹത്തിന്റെ റബ്ബിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതിൽ അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം കാണിക്കുകയില്ല (ഇതാണവരുടെ നില). അവർ പറയുകയും ചെയ്യുന്നു: ‘ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്റെ പൊറുക്കൽ- (അതാണ് ഞങ്ങൾ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്റെ അടുക്കലേക്കത്രെ തിരിച്ചുവരവും’’ (ക്വുർആൻ 2:285).

മുഹമ്മദ് നബിﷺയുടെ പതിവ് ശീലങ്ങളെയും (ആദാത്ത്) കൽപനകളെയും ഏതൊരാൾക്കും വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ വ്യക്തമാണ് ഹദീസുകൾ. മുഹമ്മദ് നബിﷺ ഒട്ടകത്തിന്റെ മുകളിലാണ് യാത്ര ചെയ്തത് എന്നതുകൊണ്ട് കാറോ ബസ്സോ പാടില്ലെന്ന് പറയുന്നവരെയോ, ഇലക്ട്രിസിറ്റി ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അത് പാടില്ലെന്നു പറയുന്നവരെയോ നമുക്ക് കാണാൻ സാധിക്കുന്നില്ല. ഇനിയാരെങ്കിലും അങ്ങനെയുണ്ടെങ്കിൽ അവർക്ക് കൽപനകളും പതിവുരീതികളും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചുകൊടുക്കുക എന്നതാണ് പരിഹാരം.

എന്നാൽ ആ പേരിൽ കൽപനകളെത്തന്നെ നിഷേധിക്കുന്നത് ഒട്ടും കരണീയമല്ല. അജ്‌വ കാരക്ക നബിﷺ സാധാരണ ഭക്ഷണമായി കഴിച്ചതാണെങ്കിൽ നബിയുടെ മറ്റ് ഭക്ഷണരീതിയെ പോലെത്തന്നെയാണ് മുസ്‌ലിംകൾ അതിനെ കാണുക. എന്നാൽ അജ്‌വ രാവിലെ കഴിക്കുന്നതിന്റെ പുണ്യം പ്രത്യേകം പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പതിവുരീതിയല്ല, എണ്ണവും സമയവും നിശ്ചയിച്ചുള്ള പ്രത്യേക നിർദേശമാണത്. മരണാസന്നനായ വ്യക്തിക്ക് കലിമ ചൊല്ലിക്കൊടുക്കുക എന്നത് പതിവുരീതിയായല്ല, ചൊല്ലിക്കൊടുക്കാൻ പ്രത്യേകം തന്നെ നിർദേശിച്ചതായാണ് ഹദീസുകളിൽ കാണാനാവുക. അതിനെ ആരെങ്കിലും മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യത്തെ മാത്രം എതിർക്കുക എന്നതിനപ്പുറം കലിമ ചൊല്ലിക്കൊടുക്കുന്നതിനെ തന്നെ വിമർശിക്കുന്നതിൽ അർഥമില്ല. ക്വുർആൻ പാരായണവും നമസ്‌കാരവും പോലും മറ്റുള്ളവർക്ക് ഉപദ്രവകരമായ രീതിയിൽ ചെയ്യുന്നവരുണ്ട്. ‘ആശയവായന’ അതിലേക്കും വ്യാപിച്ചാൽ കുടുങ്ങിപ്പോകും!

ജമാഅത്ത് നമസ്‌കാരങ്ങൾക്ക് വരാത്തവരുടെ വീടുകൾക്ക് തീവെച്ചാലോ എന്ന് ഞാൻ ആലോചിച്ചു എന്ന ഹദീസിന്റെ അക്ഷരത്തിനും ആശയത്തിനും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. മുഹമ്മദ് നബി, ജമാത്തിനു വരാത്ത ഒരാളുടെ പോലും വീടിനു തീയിട്ടിട്ടുമില്ല. അങ്ങനെ ചെയ്യണമെന്ന് അക്ഷരങ്ങളിൽ നിന്ന് കിട്ടുകയുമില്ല. പിന്നെ എങ്ങനെയാണ് അക്ഷരങ്ങളെ അവഗണിച്ച് ആശയങ്ങൾ സ്വീകരിക്കാൻ അത് തെളിവാകുന്നത്? വകതിരിവെത്തിയ ശേഷം മതി ഇസ്‌ലാമിക വസ്ത്രധാരണത്തിലെ പരിശീലനമെന്നതും ആശയവായനയല്ല, അക്ഷരനിഷേധമാണ്. ഈ ആശയവായന വലിച്ചുനീട്ടി നമസ്‌കാരവും ചേലാകർമവും എന്നല്ല; മതംപോലും പ്രായപൂർത്തി/ലയശേഷം മതി എന്ന് വ്യാഖ്യാനിക്കാൻ കാത്തുനിൽക്കുന്നവർ പുറത്തും അകത്തുമുണ്ട് എന്നത് മറന്നുപോകരുത്. ചുരുക്കത്തിൽ, പ്രമാണങ്ങളിൽ വരുന്ന കൽപനകളും അധ്യാപനങ്ങളും അതേപടി സ്വീകരിക്കുകയാണ് വേണ്ടത് എന്ന മുൻകാല നിലപാടുകളിലേക്ക് തിരിച്ചുപോവുക തന്നെയാണ് എക്കാലത്തും അഭികാമ്യം. ആശയവായനയെന്ന പേരിൽ പ്രമാണനിഷേധം തുടങ്ങിയവരെല്ലാം പിന്നീട് ആശയനിഷേധത്തിലേക്കാണ് എത്തിച്ചേർന്നത് എന്നത് നമുക്കുമുന്നിലുള്ള അനുഭവമാണ്.

ഇസ്‌ലാഹി പ്രസ്ഥാനം കേരളത്തിൽ നടത്തിയ നവോത്ഥാനം പ്രമാണനിഷേധത്തിന്റെതല്ല; പ്രമാണങ്ങളിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടുള്ളതായിരുന്നു എന്നത് നാം ഓർക്കണം. സ്ത്രീകൾക്ക് പള്ളിയിൽ പോകാമെന്നും എഴുത്തുപഠിക്കാമെന്നും നാം വാദിച്ചത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലിബർട്ടിയുടെയും ഇക്വാിിറ്റിയുടെയും പ്രതലത്തിൽ നിന്നല്ല, മറിച്ച് ക്വുർആനിലും ഹദീസിലും അതുണ്ട് എന്നതുകൊണ്ടായിരുന്നു. അതിന്റെ ആശയവും അക്ഷരങ്ങളും അപ്പടി ഉൾക്കൊണ്ടുകൊണ്ടായിരുന്നു! ആ വഴിയിൽ ഒരുമിച്ചു മുന്നോട്ടുപോകാൻ റബ്ബ് അനുഗ്രഹിക്കട്ടെ.