തീരാത്ത മൂപ്പിളമത്തർക്കം
മൂസ സ്വലാഹി കാര
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

സമസ്തയുടെ നൂറാം ആണ്ടും തീരാത്ത പാരമ്പര്യാവകാശ തർക്കങ്ങളും 2
സംഘടനാവിഭജനത്തിന് പ്രധാന ഹേതുവായ എറണാകുളം സമ്മേളനത്തിന് കണ്ണിയത്ത് നൽകിയ ആശീർവാദം കാണുക: “എനിക്ക് ഇപ്പോൾ തീരെ സുഖമില്ല. ഇൻശാ അല്ലാഹ് സാധിച്ചെങ്കിൽ ഞാനും ഈ സമ്മേളനത്തിന് പങ്കെടുക്കും. തങ്ങൾ എനിക്കുവേണ്ടി ദുആ ചെയ്യണം. ഇത് സുന്നികളുടെ സമ്മേളനമാണ്. തങ്ങൾ നിർബന്ധമായും പോകണം. എപിയും അവേലത്ത് തങ്ങളും സമ്മേളനത്തിന് വരില്ലേ? അവരോട് പ്രാർത്ഥിക്കാൻ പറയണം’’ (സുന്നിവോയ്‌സ്/2018 നവംബർ 16-30/പേജ് 29).
പാരമ്പര്യ വിഷയത്തിൽ പൊന്മള മുസ്‌ലിയാർ പറയുന്നു: “വിവാദമായ ത്വലാഖ് ഫത്‌വയിൽ വിഘടിത സമസ്ത സെക്രട്ടറി ഒ.കെ ഉസ്താദിനെതിരിൽ വന്നതോടെ ഈ വിഭാഗത്തിന് പാരമ്പര്യം അവകാശപ്പെടാൻ ഒരു അർഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു’’ (സിറാജ്/1999 ഏപ്രിൽ 19, തിങ്കൾ).ഈ വിവരണങ്ങളിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ രണ്ടും കളവ് എന്നല്ലാതെ മറ്റെന്ത് പറയാൻ കഴിയും? മറ നീക്കി പൂർണസത്യം പുറത്തുവിടാൻ പിളർപ്പിന്റെ അനുഭവസ്ഥരായ പുരോഹിതന്മാർ തന്നെ മുതിരുന്നില്ല എന്നതാണ് ഏറ്റവും പുതിയ എഴുത്തുകളും തെളിയിക്കുന്നത്.
“ഒരു നൂറ്റാണ്ടുകാലം മുസ്‌ലിം കേരളത്തിന്റെ ആത്മീയ ചാലക ശക്തിയായി ശോഭിച്ച സമസ്തയുടെ നൂറാം വാർഷികം 2016ലെ സമസ്ത 90-ാം വാർഷിക വേദിയിൽ തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇന്നലത്തെ മഴയിൽ മുളച്ചുപൊന്തിയ ചിലർ സമസ്തയോട് കിടപിടിക്കുന്നതിന് വേണ്ടി 37ൽ നിന്നും നൂറിലേക്ക് ചാടി സമ്മേളനത്തിന് കാൽ നാട്ടുന്നത് ധാർമികവും വിവേകവുമല്ല. വസ്തുതകൾക്ക് നിരക്കാത്ത സകലതും പടച്ചുവിട്ട് തുള്ളിച്ചാടുന്ന കള്ളനാണയങ്ങളെ മുസ്‌ലിം സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും. ഒരു നൂറ്റാണ്ടുകാലം ഉമ്മത്തിനെ വഴി നടത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മാത്രമാണ് നൂറാം വാർഷികം ആഘോഷിക്കാനുള്ള അർഹത’’ (സുന്നിഅഫ്കാർ/2024 ജനുവരി 1/ പേജ് 41).
“എസ്‌വൈഎസ്, എസ്എസ്എഫ് പോലുള്ള സംഘടനകളും സിറാജ്, സുന്നിവോയ്‌സ്, രിസാല പോലുള്ള പ്രസിദ്ധീകരണങ്ങളും സമസ്തയുടെ ഓരം ചേർന്നു നിന്ന് ദീനീ പ്രചാരണ രംഗത്ത് സജീവമായി നിലകൊള്ളുന്നു. അങ്ങനെ ഉമ്മത്തിനെ ശരിയായ പാതയിൽ വഴിനടത്തുന്ന കാഴ്ച എത്ര മനോഹരമാണ്. അഹ്‌ലുസ്സുന്നയുടെ ഇന്ത്യൻ നായകൻ അഹ്‌മദ് റിളാഖാൻ ബറേൽവി(റ) രൂപം നൽകിയ ത്രിവർണ ധ്വജം ഇന്നും ഈ പ്രസ്ഥാനം അഭിമാനപൂർവം നെഞ്ചേറ്റുന്നു. വാനിലുയർത്തുകയും ചെയ്യുന്നു. അൽഹംദുലില്ലാഹ്. 2026ൽ സമസ്തക്ക് ഒരു നൂറ്റാണ്ട് തികയുകയാണ്. നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപന മഹാസംഗമം ഡിസംബർ 30ന് കാസർകോട് വെച്ച് നടക്കാനിരിക്കുന്നു(ഇ.അ). ഈ വഴിവിളക്ക് ഇനിയും ഉജ്ജ്വലമായി പ്രഭവിതറട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം’’ (സുന്നിവോയ്‌സ്/2023 ഡിസംബർ 16-31/പേജ് 5).
സത്യത്തെ നിരാകരിക്കുകയും പണ്ഡിത മഹത്തുക്കളെ വേദനിപ്പിക്കുകയും ആത്മാർഥതയുള്ള പ്രബോധകരെ വേട്ടയാടുകയും ചെയ്തിന്റെ ദുരന്തഫലമാകാം ഇവരിന്നനുഭവിക്കുന്നത്. സമസ്തയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പിളർപ്പുകൾ സമസ്ത മുസ്‌ലിയാക്കന്മാരെയും അനുയായികളെയും മൊത്തത്തിൽ അലോസരപ്പെടുത്തുന്ന വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വലിയ വിശേഷണങ്ങൾ നൽകി, അഭിമാനമായി കൊണ്ടുനടക്കുന്ന ഉസ്താദുമാരെ സമൂഹമധ്യത്തിലിട്ട് തട്ടിക്കളിക്കുന്ന തിരക്കിലാണ് തലമുതിർന്ന നേതാക്കൾ. കാന്തപുരം പക്ഷക്കാരനായ എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ സങ്കടം തുളുമ്പുന്ന വാക്കുകൾകൊണ്ട് പ്രശ്‌നാന്തരീക്ഷത്തെ ഓർക്കുന്നത് കാണുക:
“നിയന്ത്രിക്കാൻ ബാധ്യതപ്പെട്ടവർ നിയന്ത്രിക്കാതെയും രഹസ്യമായി ചെയ്യാവുന്ന കാര്യം അനിയന്ത്രിമാക്കുകയും ചെയ്തവർ മാപ്പർഹിക്കുന്നില്ലെന്ന കാര്യം രേഖപ്പെടുത്താതെ നിവൃത്തിയില്ല. സമസ്ത ഓഫീസ് കൈയേറി, സെക്രട്ടറിയെ കൈയേറ്റം ചെയ്തു എന്നീ തലക്കെട്ടുകളിട്ട് പിറ്റേദിവസം ചില പത്രമാധ്യമങ്ങളെ ഒരു കക്ഷി ഉപയോഗപ്പെടുത്തുകയായിരുന്നു. ഫസൽ തങ്ങളുടെ വീട്ടിൽ വേദന കടിച്ചിറക്കിയിരുന്ന ഞങ്ങൾ രണ്ടുപേരും മുഖത്തോടു മുഖം നോക്കി അസഹനീയതയോടെ സ്ഥലം വിട്ടത് ഇന്നും മനോമുകുരത്തിൽ തളം കെട്ടി നിൽക്കുന്നു. എന്നാൽ സ്ഥലത്ത് ഉണ്ടായില്ലെന്നു മാത്രമല്ല എനിക്കു മുഖപരിചയം പോലുമില്ലാത്ത ഒരു എംഎൽഎയും ഈ വിനീതനും അതിനു നേതൃത്വം നൽകിയെന്നു കെട്ടുകഥയുണ്ടാക്കി പ്രചരിപ്പിക്കാൻ പോലും പിശാച് ചിലർക്കു പ്രചോദനം നൽകിയതോർത്തു വിലപിക്കുകയല്ലാതെ നിവൃത്തിയുണ്ടായില്ല. ഏതായാലും നാട്ടിക മൂസ മൗലവിയുടെ പത്രപ്രസ്താവന മുഖേന തടിച്ചുകൂടിയ ജനങ്ങൾ തമ്മിൽ ഉരസലുണ്ടായെങ്കിൽ അതു നിയന്ത്രിക്കേണ്ട നേതാക്കൾ അവസരോചിതം വേണ്ടതു ചെയ്യാതെ നിരപരാധികളുടെ മേൽ പഴിചാരാൻ മുതിർന്നതും അവർക്കു നേതൃത്വം കൊടുത്തതും അനന്തരം ജനങ്ങൾ ചേരിതിരിഞ്ഞു സുന്നീ അണികളെ ശിഥിലീകരിക്കാനിടവരുത്തിയെന്ന യാഥാർത്ഥ്യവും വിസ്മരിക്കാൻ കഴിയാത്തതാണ്. അതിന് ഉത്തരവാദികളായവർ റബ്ബിന്റെ കോടതിയിൽ മറുപടി പറയട്ടെയെന്നു സമാധാനിക്കുക മാത്രമേ നിർവാഹമള്ളൂ’’ (സമസ്തയുടെ ചരിത്രം/എംഎ/പേജ് 135,136).
അന്നത്തെ മുശാവറയിൽനിന്ന് പതിനൊന്ന് പേരാണ് ഇറങ്ങിയതെന്നുകൂടി ഇദ്ദേഹം വ്യക്തമാക്കുന്നത് കാണുക: “ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ തീരുമാനം പാസ്സാക്കൊനൊരിങ്ങിയപ്പോൾ 95 ശതമാനം അല്ലാഹുവില്ലെന്നു പറഞ്ഞാൽ അതു സ്വീകരിക്കണമെന്നാണോ വാദം എന്നു ചോദിച്ചുകൊണ്ട് ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ പതിനൊന്നാളുകളും ഇറങ്ങിപ്പോരുകയാണ് ചെയ്തത്. ഉള്ളാൾ സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരി, കാന്തപുരം എപി അബൂബക്ർ മുസ്‌ലിയാർ, എവി മാനുപ്പ മുസ്‌ലിയാർ, അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ, സി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ നെടിയനാട്, കെപി ഹംസ മുസ്‌ലിയാർ ചിത്താരി, അണ്ടോണ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, ഇമ്പിച്ചി മുസ്‌ലിയാർ, പിഎ അബ്ദുല്ല മുസ്‌ലിയാർ, സിഎം അബ്ദുല്ല മുസ്‌ലിയാർ ചെമ്പരിക്ക, എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നിവരായിരുന്നു ഇറങ്ങിപ്പോന്ന പതിനൊന്നു മെമ്പർമാർ. നിയമാനുസൃതം പറഞ്ഞാൽ മുശാവറയുടെ കോറമായിരുന്ന പതിനൊന്നു പേരാണ് അന്നിറങ്ങിപ്പോന്നത്. രണ്ടുപേർ തിരക്കിട്ടു സ്ഥലം വിട്ടെങ്കിലും ബാക്കി ഒമ്പതു പേർ പത്രക്കാരെ വിളിച്ചു പത്രസമ്മേളനം നടത്തി എഴുതി ഒപ്പിട്ടു കൊടുത്താണു സ്ഥലം വിട്ടിരുന്നത്. അന്ന് യോഗത്തിൽ സംബന്ധിക്കാതിരുന്ന എൻ. ബാവ മുസ്‌ലിയാർ വൈലത്തൂരും ഉള്ളാൾ തങ്ങളെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് ഇഷ്ടപ്പെടാതെ നേരത്തെ ഇറങ്ങിപ്പോന്ന ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാരും പിന്നീട് ഞങ്ങൾക്കൊപ്പം ചേർന്നു. അതിനുശേഷം അവർക്കിഷ്ടമുള്ളതു പാസ്സാക്കുകയും പിന്നീടു ഞങ്ങളെ പിരിച്ചുവിടുന്നതായി പ്രസ്താവനയിറക്കി അപമാനിക്കുകയുമാണു ചെയ്തത്’’ (സമസ്തയുടെ ചരിത്രം/പേജ് 139,140).
മറുഭാഗം സമസ്ത അവരുടെ ന്യായം നിരത്തി ഇതിനെ ഖണ്ഡിക്കുന്നതു കാണുക:
“1986ന് ശേഷം കത്തിനിന്ന ശരീഅത്ത് പ്രശ്‌നമാണ് സമസ്തയിൽ പ്രകമ്പനം സൃഷ്ടിച്ച മറ്റൊരു വിഷയം. ശരീഅത്ത് വിവാദ കാലത്ത് എല്ലാ മുസ്‌ലിം സംഘടനകളെയും സംഘടിപ്പിച്ചു കോഴിക്കോട് ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നപ്പോൾ ഇതരപ്രസ്ഥാന നേതാക്കളോടൊപ്പം സമസ്തയുടെ ജനറൽ സെക്രട്ടറി ശംസുൽ ഉലമ വേദി പങ്കിട്ടു എന്നതായിരുന്നു ചിലർ ഉയർത്തിക്കാണിച്ച പ്രശ്‌നം. അക്കാരണം ചൂണ്ടിക്കാട്ടി അവർ സംഘടനയിൽ കലാപം സൃഷ്ടിച്ചു. സുന്നി യുവജന സംഘത്തിന്റെയും വിദ്യാർത്ഥി ഘട്ടമായ സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും നേതൃത്വത്തിലുള്ളവരായിരുന്നു അതിനു ചുക്കാൻ പിടിച്ചത്. പല മസ്ലഹത്ത് ശ്രമങ്ങളും നടന്നിരുന്നെങ്കിലും വിജയിച്ചില്ല. 1989 ജനുവരി 19-22ന് എസ്‌വൈഎസ് നേതൃത്വം സമസ്ത മുശാവറയുടെ തീരുമാനം ധിക്കരിച്ചുകൊണ്ട് എറണാകുളത്ത് സമ്മേളനം നടത്തിയതോടെ സംഘടനാ രംഗം കലുഷിതമായി.
അതിനു വേണ്ടി ചരടുവലികൾ നടത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഉള്ളാൾ കുഞ്ഞിക്കോയ തങ്ങളും ഉൾപ്പെടെ ആറു പേർ സമസ്ത മുശാവറയിൽനിന്നു ഇറങ്ങിപ്പോവുകയും സമസ്തയുടെ പേരിൽ മുശാവറയും കീഴ്ഘടകങ്ങളും രൂപീകരിക്കുകയുമായിരുന്നു പിന്നീട്. അതോടെ കേരളത്തിലെ സുന്നീ സമൂഹം രണ്ടു ചേരികളിലായി’’ (മുഖ്യധാരയും വിഘടിത ചേരികളും/പി.എ സ്വാദിഖ് ഫൈസി താനൂർ/പേജ് 294).
എപിക്കാർ പറയുന്നു: “ആധുനിക കാലത്തിന്റെ മാനസികാവസ്ഥ കണ്ടറിഞ്ഞുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സുന്നീ വിദ്യാഭ്യാസ ബോർഡ് തയാറാക്കുകയും വിവിധ ഭാഷകളിലേക്ക് പുസ്തകം തയാറാക്കി ഇതര സേറ്ററ്റുകളിൽ കൂടി വിതരണം ചെയ്യാനും അത് അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കാനും കഴിഞ്ഞു. ഉറുദു ഭാഷയിലുള്ള പാഠ പുസ്തകങ്ങൾ മുഖേന ഇന്ത്യയുടെ മൊത്തം മത വിദ്യാഭ്യാസ മേഖലയിൽ വ്യാപകമാക്കാനും അതു സഹായിച്ചുവെന്ന് ചാരിതാർത്ഥ്യത്തോടെ അനുസ്മരിക്കട്ടെ. സുന്നീ വിദ്യാഭ്യാസ ബോർഡിന്റെ കേരളാഘടകം സെക്രട്ടറിയെന്ന നിലക്ക് പ്രസിഡണ്ട് സയ്യിദ് അവേലത്ത് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളോടും ഖജാൻജി മൗലാനാ എ.പി അബൂബക്ർ മുസ്‌ലിയാരോടും കൈകോർത്തു നീങ്ങുകയും അഖിലേന്ത്യാ തലത്തിൽ വിനീതനായ ഈയുള്ളവൻ പ്രസിഡണ്ടും പാറ്റ്‌നയിലെ പ്രസിദ്ധ പണ്ഡിതനും മുഫ്തിയും നവീന വാദികളുടെ കണ്ഠകോടാലിയുമായ മൗലാനാ മുഫ്തി മുതീഉറഹ്‌മാൻ സെക്രട്ടറിയുമായി ഡൽഹി ആസ്ഥാനമായി ഓഫീസ് പ്രവർത്തനം നടത്താനും പ്രസ്തുത വഴിത്തിരിവ് പ്രചോദനമായിത്തീർന്നത് പുളകത്തോടുകൂടി രേഖപ്പെടുത്തട്ടെ’’ (സമസ്തയുടെ ചരിത്രം/പേജ് 141,142).
ഈ പുകഴ്ത്തുപാട്ടിനെ ഇ.കെ വിഭാഗം തള്ളിക്കളയുന്നത് കാണുക: “കേരള മുസ്‌ലിംകളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായോടൊപ്പമാണ്. മറ്റു സംഘടനകൾക്കെല്ലാം ധാരാളം പള്ളികളും സ്ഥാപനങ്ങളുമെല്ലാം ഉണ്ടെങ്കിലും സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റായ മഹല്ലുകളിൽ സമസ്തക്കാണ് ആധിപത്യം. കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത പ്രസ്ഥാനമായി മലയാളികൾ ഇപ്പോഴും നോക്കിക്കാണുന്നത് സമസ്തയെ തന്നെയാണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. കേരളക്കരക്കു ലഭിച്ച മഹാ അനുഗ്രഹമാണീ സംഘശക്തി. മുസ്‌ലിം കേരളത്തിന്റെ ഈമാനിനു കാവൽ നിൽക്കുന്ന ഈ പണ്ഡിതസഭ എന്നും നമുക്ക് ആശയും പ്രതീക്ഷയുമാണ്. ഊർജ്ജവും ഉന്മേഷവുമാണ്. താങ്ങും തണലുമാണ്’’ (മുഖ്യധാരയും വിഘടിത ചേരികളും/പേജ് 295).
സമസ്തയുടെ ചരിത്രം എഴുതുന്നവർ പോലും പറയാൻ മടിക്കുന്ന ഇത്തരം അവകാശവാദങ്ങൾ അവരുടെ രേഖകളിൽനിന്ന് എടുത്തുദ്ധരിക്കുന്നത് ഇത്തരക്കാരുടെ പുറംമോടി കണ്ട് വഞ്ചിതരായവർ സമസ്തയുടെ അകം അപകടങ്ങൾകൊണ്ട് അലംകൃതമാണെന്ന് തിരിച്ചറിയാനും ഭൂരിപക്ഷ വാദികൾ നിരീക്ഷിക്കപ്പെടാനും വേണ്ടിയാണ്. നൂറിന്റെ അവകാശം പറയലും ചോദ്യം ചെയ്യലുമൊക്കെ ഇവരുടെ സ്വാതന്ത്ര്യം. പക്ഷേ, ഇവർ സമുദായത്തിലെ ഒട്ടേറെയാളുകളെ വഴിപിഴപ്പിച്ചത് മാപ്പർഹിക്കുന്നതാണോ?
ഒരു നൂറ്റാണ്ടായി ഇവർ വിശ്വസിച്ചുവന്നതും പ്രചരിപ്പിച്ചതുമായ പലതും തെറ്റായിരുന്നു എന്ന് പറയാൻ തുടങ്ങിയത് അഭിനന്ദനീയമാണ്. പുതിയ വിശ്വാസം പഠിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി ഉലമാ സമ്മേളനങ്ങൾ, ആധുനിക സംവിധാനങ്ങൾവഴി ചോദ്യം ചെയ്യലുകളും ഭീഷണികളും, ആത്മീയ ചൂഷണ സദസ്സുകൾ കൊണ്ട് പൊറുതി മുട്ടിയതിനാൽ പലതിൽനിന്നും കൈ കഴുകി ഒഴിയുന്നു, പല ജാറങ്ങളിലും നടത്തിപ്പുകാരായി രണ്ട് കമ്മിറ്റികൾ, എത്രയോ മഹല്ലുകളിൽ ഇപ്പോഴും സംഘർഷ ഭരിതമായ അവസ്ഥ തുടരുന്നു, തങ്ങന്മാരിലെ വ്യാജന്മാരെ കണ്ടെത്താൻ പ്രത്യേകം സംഘടന നിലവിൽ വന്നു. അനാവശ്യമായി മഹല്ലുകളിൽ ഏർപ്പെടുത്തിയ ഊരുവിലക്കുകളും ബഹിഷ്‌ക്കരണങ്ങളും നിയമക്കുരുക്കിലകപ്പെട്ട സന്ദർഭം... ഗ്ലാസ് വീണുടഞ്ഞതുപോലെ മഹല്ലുകളിലെ മുക്കു മൂലകളിൽ ഗ്രൂപ്പുകൾ ജന്മമെടുക്കുകയാണിപ്പോൾ. അതെ, പിളർപ്പ് തുടങ്ങിവെച്ചവർ അതിന്റെ ഞെരുക്കത്തിലമർന്നുകൊണ്ടേയിരിക്കുകയാണ്.
രാഷ്ട്രീയ ഇടപെടലിന്റെ പേരിൽ ഭിന്നിച്ചവർ ഇന്നും അതിന്റെ പേരിലുള്ള വാഗ്വാദത്തിലാണ്. ഇകെ വിഭാഗത്തിൽ തന്നെ അതിന്റെ പേരിൽ ശക്തമായ ഭിന്നതയുണ്ട്. അന്ന് രാഷ്ട്രീയ ഇടപെടലിനെ എതിർത്ത കാന്തപുരം ഇന്ന് അനുകൂലമായ നിലപാടിലെത്തിയിരിക്കുന്നു. ഇനിയെങ്കിലും, അഹ് ലുസ്സുന്നയുടെ പാതയിൽ മുന്നേറുന്ന സലഫികളെയും കെ.എം മൗലവിയെ പോലുള്ള നവോത്ഥാന നായകരെയും അന്ധമായി ആക്ഷേപിക്കൽ അവസാനിപ്പിച്ച് സത്യത്തിന്റെ പാതയിൽ സമുദായത്തെ നയിക്കാൻ ശ്രമിക്കുക എന്നാണ് പറയാനുള്ളത്.
എ. നജീബ് മൗലവി നയിക്കുന്ന മറ്റൊരു ഗ്രൂപ്പായ സംസ്ഥാനക്കാർ പറയുന്നു: “ഈ ശിർക്കാരോപണം അവസാനിപ്പിക്കുകയെന്ന നാല്പതു നാൾ നീണ്ടുനിന്ന പ്രഥമ ക്യാംപെയ്ൻ തന്നെ കേരളീയ സമൂഹം സർവ്വാത്മനാ സ്വാഗതം ചെയ്തതിന്റെ ഫലമായാണു സമുദായത്തിനകത്ത് ഒരു നൂറ്റാണ്ടോളം നിലനിന്ന ശിർക്കാരോപണം അവസാനിച്ചതെന്നത് ഒരു വസ്തുതയാണ്. കേവലം ശബ്ദഘോഷങ്ങളിലും ജനകീയ മേളനങ്ങളിലും പര്യവസാനിക്കുന്ന വാർഷികാഘോഷങ്ങൾക്കു പകരം കേരള സുന്നീ ജമാഅത്തിന്റെ അർത്ഥപൂർണ്ണവും ശാന്തവുമായ ഈ പതിനഞ്ചാം വാർഷികാഘോഷവും അഭിനന്ദനീയവും ആഹ്ലാദകരവുമാണ്. സങ്കുചിത കക്ഷിതാല്പര്യങ്ങൾക്കതീതമായി സുന്നത്തു ജമാഅത്തിനെ നിഷ്‌കപടമായി സേവിക്കാൻ സുന്നീജമാഅത്തിനെ അല്ലാഹു തുണക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്’’ (ബുൽബുൽ മാസിക/2022 നവംബർ/പേജ് 8).
നൂരിശാഹ് തങ്ങളുടെ അനുയായികൾ സംഘടനയിലെ കുഴപ്പങ്ങളെ വിലയിരുത്തി അഭിപ്രായപ്പെടുന്നത് കാണുക: “സമസ്തയിൽ അക്കാലംവരെയും പ്രത്യക്ഷമാകാതെ അന്തഃക്ഷോഭങ്ങളായി നിലനിന്ന പല പ്രവണതകളും എല്ലാ മറയും നീക്കി പുറത്തുവന്നുകൊണ്ടിരുന്നു. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, ബഹുമാന്യ പണ്ഡിതൻ കണ്ണിയ്യത്ത് ഉസ്താദ് തുടങ്ങിയ പ്രമുഖർക്കുണ്ടായിരുന്ന പ്രാമുഖ്യം ദുർബലപ്പെടുകയും ദീനീതാത്പര്യങ്ങളെക്കാൾ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാമുഖ്യം കൈവരിക്കുകയും ചെയ്യുന്ന ദുഷ്പ്രവണതകൾ സുന്നത്ത് ജമാഅത്തിന്റെ ലേബലിൽ തന്നെ പ്രബലപ്പെട്ടു വന്നു. സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യങ്ങളെയും അതിന്റെ തനതായ മൂല്യങ്ങളെയും പ്രതിനിധീകരിച്ച സാത്വികരായ പണ്ഡിതന്മാർ ആദ്യമേതന്നെ സംസ്ഥാന ജംഇയ്യത്തുൽ ഉലമയായും മറ്റും പിരിഞ്ഞുപോയിരുന്നു. സൂക്ഷ്മതയുള്ള അത്തരം ഉലമാക്കൾ പലരും സമസ്തയിൽ പിൽക്കാലത്തും ശേഷിച്ചിരുന്നുവെങ്കിലും സംഘടനയും അതിന്റെ സ്ഥാപിത താത്പര്യങ്ങളും നടത്തിക്കൊണ്ടുപോകാൻ അത്തരം ഉലമാക്കൾ സന്നദ്ധരായിരുന്നില്ല. അഥവാ ദീനീ മൂല്യങ്ങളെക്കാൾ വൈയക്തികമായ താത്പര്യങ്ങൾക്കും രാഷ്ട്രീയ പക്ഷപാതിത്വങ്ങൾക്കും പ്രാമുഖ്യം നൽകുന്നവർക്ക് മാത്രം നടത്തി കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നായി ഉലമാ സംഘടന ഈ ഘട്ടത്തിൽ മാറിക്കഴിഞ്ഞിരുന്നു’’ (ഫൈളാനേ നൂരി വോള്യം 2/ യു.മുഹമ്മദ് ഇബ്രാഹീം മുസ്‌ലിയാർ/പേജ് 426).
അല്ലാഹു പറയുന്നു: “പൂർവ വേദക്കാർ ഭിന്നിച്ചത് അവർക്ക് അറിവ് വന്നുകിട്ടിയതിനുശേഷം തന്നെയാണ്. അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്. നിർണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് മുമ്പുതന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ (ഉടനെ) തീർപ്പുകൽപിക്കപ്പെടുമായിരുന്നു. അവർക്ക് ശേഷം വേദഗ്രന്ഥത്തിന്റെ അനന്തരാവകാശം നൽകപ്പെട്ടവർ തീർച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു’’ (42:14).
ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറയുന്നു: “അവരുടെ കാര്യത്തെപ്പറ്റി അവർക്ക് ഉറപ്പില്ല. പകരം അവർ തങ്ങളുടെ പിതാക്കന്മാരെയും പൂർവികരെയും തെളിവോ രേഖയോ ഇല്ലാതെ അനുകരിക്കുകയാണ്. അവരുടെ കാര്യത്തിൻ ആശയക്കുഴപ്പത്തിലും സംശയത്തിലും ഛിദ്രതയിലും അകപ്പെട്ടിരിക്കുകയാണവർ.’’

