നിരർത്ഥക ജല്പനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 ഫെബ്രുവരി 03, 1445 റജബ് 22

മുഹമ്മദീയ മതം അത്യാസന്നനിലയിൽ!

ഈ ശീർഷകത്തിൽ ഖാദിയാനി പ്രവാചകന്റെ ഒരു ദർശനം കൂടി വിവരിക്കാം. “കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിളർച്ച ബാധിച്ച് മരണാസന്നനായ ഒരു മനുഷ്യനെ കണ്ടു. അവൻ സ്വയം പരിചയപ്പെടുത്തി: ‘ഞാൻ ദീനെ മുഹമ്മദ് ആകുന്നു.’ മുഹമ്മദീയമതം ആണെന്ന് എന്റെ മനസ്സിലേക്ക് ഇട്ടുതന്നു. എനിക്ക് ഒരു ശരീരമായി കാണിച്ചതാണ്. ഞാൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘നീ എന്റെ കൈകളാൽ സുഖം പ്രാപിക്കും’’ (പേജ് 145).

ഇതുവരെ പറഞ്ഞ ഇൽഹാമിയോപ്പതിയിൽനിന്ന് വ്യത്യസ്തമായി ഒരു സിംബോളിക് ദർശനമാണിത്. ഇസ്‌ലാം മതം, ഖാദിയാനി ഭാഷ്യത്തിൽ ‘മുഹമ്മദീയ മതം’ അത്യാസന്നനിലയിലായിരിക്കുന്ന അവസ്ഥയിൽ അതിനെ മസിഹീ മുഅ്ജിസത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ നിയോഗിക്കപ്പെട്ടവനാണ് താനെന്ന അഹങ്കാരം പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് മിർസാ ഖാദിയാനി. പക്ഷേ, ഖാദിയാനിസത്തിന്റെ ചരിത്രം പഠിച്ചവർക്കും ഇപ്പോൾ അവരുടെ ചെയ്തികൾ ശ്രദ്ധിക്കുന്നവർക്കും അറിയാം, ഇസ്‌ലാം മതത്തിന് ഏതുതരത്തിലുള്ള ‘നവജീവൻ’ ആണ് അവർ നൽകുന്നത് എന്ന്. മിർസക്ക് മുമ്പും ശേഷവും ഇസ്‌ലാം നിലനിന്നിട്ടുണ്ട്, നിലനിൽക്കുന്നുണ്ട്.

ബാക്കി പണമെവിടെ?

മോഷണംപോയ 47 രൂപയടക്കം മൊത്തം 1724 രൂപയുടെ മണിയോർഡർ വഹ്‌യുകളാണ് ‘തദ്കിറ’ യിൽനിന്ന് നാം എടുത്തെഴുതിയത്. എന്നാൽ ‘ഹഖീഖതുൽ വഹ്‌യി’ൽ മിർസാ ഖാദിയാനിയുടെ അവകാശവാദം കാണുക: “പോസ്റ്റ് ഓഫീസിലൂടെയും നേരിട്ടും അല്ലാഹുവിൽനിന്ന് എനിക്ക് വളരെയേറെ പണം വന്നിട്ടുണ്ട്. എത്ര ആയിരം വന്നു എന്നതിന് ഒരു കൈയും കണക്കുമില്ല. സംശയമുള്ളവർ 1905 മുതൽ കഴിഞ്ഞവർഷം വരെയുള്ള പോസ്റ്റ് ഓഫീസ് രജിസ്റ്റർ പരിശോധിക്കട്ടെ’’(പേജ് 332).

ഖാദിയാനികളുടെ വിശ്വാസ പ്രകാരം ‘ലോകാവസാനം വരേക്കുമുള്ള മനുഷ്യവർഗത്തിന് മാർഗദർശനമാവേണ്ട ഗ്രന്ഥത്തിലാണ്’ താൻ പറഞ്ഞത് സത്യമാണ് എന്നതിന് തെളിവായി ഖാദിയാനിലെ പോസ്റ്റ് ഓഫീസിലെ എംഒ റജിസ്റ്റർ പരിശോധിക്കാൻ പറയുന്നത്. അതിരിക്കട്ടെ, നമുക്ക് ആ കണക്ക് അത്ര കൃത്യമായി അറിയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ ഖാദിയാനിലെ തപാൽ ഓഫീസിൽ പോകേണ്ടതും ഇല്ല. എന്നാൽ തുടർന്ന് പറയുന്ന മറ്റൊരു കാര്യമുണ്ട്. അതിന് അനുയായികൾ മറുപടി പറയാൻ ബാധ്യസ്ഥരാണ്. അടുത്ത പേജിൽ മിർസ എഴുതി: “വല്ലവനും എനിക്ക് പണമോ സമ്മാനമോ അയക്കുകയാണെങ്കിൽ ഇൽഹാമിലൂടെയോ സ്വപ്നത്തിലൂടെയോ അക്കാര്യം നേരത്തെതന്നെ എന്നെ അറിയിക്കുക എന്നതാണ് അല്ലാഹു സ്വീകരിച്ച രീതി. ഇത്തരം അമ്പതിനായിരത്തിലേറെ അടയാളങ്ങൾ എനിക്കുണ്ടായിട്ടുണ്ട്’’ (പേജ് 333).

1907ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലാണ് ഇതെഴുതിയത്. 1860കളുടെ തുടക്കം മുതൽ 1908 മെയ് 26ന് മരിക്കുന്നതുവരെയുള്ള അമ്പതോളം വർഷങ്ങളിലെ പ്രസിദ്ധീകരിക്കാത്ത ഗ്രന്ഥങ്ങളിൽനിന്നും അനുയായികൾ പറഞ്ഞുകേട്ടതും ഒറ്റയും തെറ്റയുമായി തുടങ്ങി അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ ‘മഴ വർഷിക്കും പോലെ’ അവതരിച്ച വഹ്‌യ് മുഴുവൻ ‘തദ്കിറ’യിൽ ക്രോഡീകരിച്ചിട്ടുണ്ട്. പണം ലഭിച്ചതുമായി ബന്ധപ്പെട്ട് മാത്രം അമ്പതിനായിരം അടയാളങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ, അതും മഹത്തായ ഗ്രന്ഥം എന്ന് അവകാശപ്പെടുന്ന ‘ഹഖീഖതുൽ വഹ്‌യി’ൽ രേഖപ്പെടുത്തുമ്പോൾ, അത് നേരത്തെ ശരംപത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ 99 ശതമാനം നുണയാണെന്ന് സമ്മതിക്കേണ്ടിവരും.

നിരർഥക ജല്പനങ്ങൾ

മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയുടെ ഇനി പറയുന്ന ‘വഹ്‌യു’കളും ‘ദർശന’ങ്ങളും വായിക്കുന്നവർക്ക് അവയുടെ ആശയമോ അർഥമോ മനസ്സിലാക്കാൻ സാധിക്കില്ല. എന്നല്ല, അവതരിപ്പിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന ആൾക്ക് പോലും അതിന് സാധിച്ചിട്ടില്ല. ഇത് വെറും ആരോപണമാണെന്ന് അനുയായികൾ പറയുമെങ്കിലും അവരുടെ പ്രവാചകൻ വളരെ വ്യക്തമായിത്തന്നെ ‘അവയുടെ ആശയം മനസ്സിലായിട്ടില്ല, വിശദീകരിച്ചു തന്നിട്ടില്ല, അല്ലാഹു അഅ്‌ലം’ എന്നൊക്കെ എഴുതിവച്ചത് കാണാം.

ഒബ്ജക്റ്റീവ് ടൈപ്പ്!

‘തദ്കിറ’യിലെ ‘വഹ്‌യു’കളിൽ ചിലത് ഒബ്ജക്റ്റീവ് ടൈപ്പാണ്. ഉദാഹരണങ്ങൾ കാണുക:

“1857 ഫെബ്രുവരി 13ന് അവതരിച്ച ‘അബ്ദുൽ ബാസിത്’ ആരെ ഉദ്ദേശിച്ചാണെന്നറിയില്ല. അല്ലാഹു അഅ്‌ലം’’ (പേജ് 117). 2004ലെ പതിപ്പിൽ പുതുതായി ചേർത്ത അടിക്കുറിപ്പിൽ ഹകീം നൂറുദ്ദീന്റെ ഒരു അവകാശവാദം എടുത്ത് എഴുതിയിട്ടുണ്ട്: ‘എന്റെ ഇൽഹാമീ നാമമാണ് അബ്ദുൽ ബാസിത്.’ ഇക്കാര്യം പക്ഷേ, ‘വഹ്‌യ് ലഭിച്ചയാൾക്ക്’ അറിയില്ല! ഇതെന്തുകൊണ്ട് ആദ്യ പതിപ്പുകളിൽ ചേർത്തില്ല? അദ്ദേഹം മരിച്ചു രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് തദ്കിറ പ്രസിദ്ധീകരിക്കുന്നത്.

Fairman, Association

“ഇന്ന് സ്വപ്‌നത്തിൽ വായിൽ വന്ന വാക്ക് ‘Fair man’ എന്നായിരുന്നു. ഇത് ആരെപ്പറ്റിയാണെന്ന് അറിയില്ല’’ (പേജ് 403). “ഒരു വെളുത്ത കടലാസിൽ ഒറ്റവാക്കിൽ എഴുതിയത് കണ്ടു; ‘ഇഖ്ബാൽ.’ അവസാനത്തെ വരിയിലായതുകൊണ്ട് അന്ത്യം ശുഭമാകും എന്ന് മനസ്സിലാവുന്നു’’(പേജ് 293). “8.9.1906: ‘അമീനുൽ മൂൽക് ജയ്‌സിംഗ് ബഹാദുർ’’ (പേജ് 568). ആരെക്കുറിച്ചാണെന്ന് ക്രോഡീകരിച്ചയാൾക്കും പറയാനായിട്ടില്ല.

“6.2.1907: ‘തുഹ്ഫതുൽ മുലൂക.്’ ഇതിന്റെ അർഥം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാലും രാജാക്കന്മാരുമായി എന്തോ ബന്ധമുണ്ടെന്ന് അറിയാം’’ (പേജ് 590). ഈ അറബി വാക്കിന്റെ അർഥം’രാജാക്കന്മാരുടെ സമ്മാനം’ എന്നായിരിക്കെ, രാജാക്കന്മാരുമായി എന്തോ ബന്ധമുണ്ടെന്ന ജ്ഞാനം വലിയ കാര്യം തന്നെയാണ്!

“26.3.1905. ‘ചൗധരി റുസ്തം അലി’’ (പേജ് 447). “20.7.1907. ‘അസോസിയേഷൻ’’ (പേജ് 613). ഈ രണ്ടു ‘വഹ്‌യു’കൾക്കും ഖാദിയാനി ‘പ്രവാചകനോ’ ക്രോഡീകരിച്ചയാളോ ഒരു വിശദീകരണവും നൽകിയിട്ടില്ല.

അസിസ്റ്റൻറ് സർജൻ

“7.4.1905: ഭൂകമ്പമുണ്ടായപ്പോൾ കടുത്ത ദുഃഖത്തോടും പരിഭ്രാന്തിയോടും കൂടി പ്രാർഥനയിൽ മുഴുകി. അപ്പോൾ ഇൽഹാം അവതരിച്ചു: ‘അസിസ്റ്റൻറ് സർജൻ.’ ഉദ്ദേശ്യം എന്തെന്ന് മനസ്സിലായില്ല’’ (പേജ് 449).

ക്രോഡീകരിച്ചയാൾക്ക് കാര്യം ഭംഗിയായി മനസ്സിലായിട്ടുണ്ട്! അടിക്കുറിപ്പിൽ അത് ഇങ്ങനെ വിശദീകരിക്കുന്നു: “ഡോക്ടർ മുഹമ്മദ് ഇസ്മായിൽ ലാഹോർ മെഡിക്കൽ കോളേജിൽനിന്ന് പരീക്ഷ പാസായി അസിസ്റ്റന്റ് സർജൻ ആയി നിയമിതനായി.’’ അതിഗംഭീരം ഇൽഹാമിന്റെ സാക്ഷാത്കാരം! ഈ ഭൂകമ്പവും ഡോക്ടറും തമ്മിൽ എന്താണ് ബന്ധമാവോ!

കുറിപ്പടിയും ഗുസ്തിയും

1906 മെയ് ഏഴിനും പതിനൊന്നിനും യഥാക്രമം അവതരിച്ച രണ്ടു ‘ഉർദു വഹ്‌യുകൾ’ കാണുക: “ക്രിസ്ത്യൻ പള്ളിയുടെ ശാക്തീകരണത്തിനുള്ള കുറിപ്പടി.’’ “നൗകകൾ ചലിക്കുന്നു; ഗുസ്തിയും!’’ (പേജ് 527)

‘വഹ്‌യ്’ ലഭിച്ചയാളും സമാഹരിച്ചയാളും ഒരു വിശദീകരണവും നൽകാതെ മൗനം പാലിച്ചിരിക്കുന്നു. അവർക്കൊന്നും മനസ്സിലായിട്ടില്ലായിരിക്കും. ഖാദിയാനി അനുയായികളും അല്ലാത്തവരുമായ പലരോടും അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല!

പൊരിച്ച പാമ്പും മീനും!

“1877ൽ, ഒരുതരത്തിലുള്ള വാദവും തുടങ്ങാത്ത കാലത്ത്, അമൃതസറിൽ പ്രിൻറിംഗ് പ്രസ്സ് നടത്തിയിരുന്ന റലിയാറാം വക്കീൽ എന്നെ കടിക്കാനായി ഒരു പാമ്പിനെ അയച്ചു. ഞാൻ അതിനെ ഒരു മത്സ്യം എന്നപോലെ ഫ്രൈ ചെയ്തു തിരിച്ചയച്ചു. ഇതാണ് അല്ലാഹു വെളിപ്പെടുത്തിയ ഒരു സ്വപ്‌നദർശനത്തിലെ സന്ദേശം. തപാൽ കേസിൽ കോടതിവിധിയെപ്പറ്റിയാണ് സൂചന. വക്കീലന്മാർക്ക് പ്രയോജനപ്പെടുന്ന ഒരു ഉപമയാണിത്’’ (പേജ് 21-22).

എന്തോ അവ്യക്തത ഉണ്ടല്ലേ? അതുതന്നെയാണ് തുടക്കത്തിൽ പറഞ്ഞത്! തന്റെ ഒരു ലേഖനം അച്ചടിക്കാനായി മിർസാ ഖാദിയാനി റലിയാറാം വക്കീലിന്റെ പ്രസ്സിലേക്ക് ബുക്ക് പോസ്റ്റായി അയച്ചു. പ്രിന്റിംഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെഴുതിയ ഒരു കുറിപ്പും കൂടെ വെച്ചു. അത് പോസ്റ്റൽ നിയമത്തിന് വിരുദ്ധമാണെന്ന് കണ്ടു അധികൃതർ നോട്ടീസയച്ചു. സംഗതി കേസായി. ഒടുവിൽ മേലിൽ അങ്ങനെ ചെയ്യില്ല എന്ന് സത്യവാങ്മൂലം എഴുതി വാങ്ങി വെറുതെ വിട്ടു. അത് സംബന്ധിച്ച് ‘രസികനായ യലാശു’വിന്റെ (യലാശു എന്നത് അല്ലാഹുവിന്റെ പേരാണത്രെ!) കമന്റിലാണ് പാമ്പും മീനും കയറിക്കൂടിയത്.

ഇതിൽനിന്ന് ആവേശം ഉൾക്കൊണ്ടായിരിക്കാം പിൽക്കാലത്ത് പാതിരി അബ്ദുല്ല ആഥമിനെക്കുറിച്ച് മരണം പ്രവചിച്ച് അതിന്റെ സാക്ഷാത്കാരത്തിനായി ഖാദിയാനി പ്രവാചകൻ പാതിരിയുടെ ഫ്‌ളാറ്റിലേക്ക് ‘പഠിപ്പിച്ച പാമ്പിനെ’ പറഞ്ഞയച്ചത്!