ആൾദൈവങ്ങളും ആത്മീയചൂഷണവും
വി.വി. ബഷീർ വടകര
2024 ജൂലായ് 13, 1446 മുഹർറം 07

അറിയുക! അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) ‘അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരുവാൻ വേണ്ടി മാത്രമാണ് ഞങ്ങളവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപിക്കുകതന്നെ ചെയ്യും...’’ (ക്വുർആൻ 39:3).
യഥാർഥ വിശ്വാസം
ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഏകദൈവ വിശ്വാസമാണ് അതിന്റെ പ്രത്യേകത. മനുഷ്യൻ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമ്പോൾ എത്തിപ്പെടുന്നത് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമായിരിക്കും. അവൻ അതിൽ നിർവൃതികൊള്ളുമ്പോൾ അവന് നഷ്ടമാകുന്നത് അവന്റെ സമ്പത്തും വിശ്വാസവും തന്നെയാണ്. ആത്യന്തികമായി അവൻ എത്തിപ്പെടുന്നത് പ്രയാസങ്ങളിലേക്കും ദുരിതങ്ങളിലേക്കുമായിരിക്കും. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്ന കൽപന ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്.
“(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും’’ (113:1-4).
ഇതാണ് യഥാർഥ ദൈവത്തെക്കുറിച്ചുള്ള കൃത്യമായ, സംക്ഷിപ്ത വിവരണം. നിർമിത ബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമല്ല ഇത്. പ്രപഞ്ച സ്രഷ്ടാവുതന്നെ അവനെക്കുറിച്ച് പറഞ്ഞുതന്നതാണ്.
ഇങ്ങനെയുള്ള അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾ അവനല്ലാതെ മറ്റൊരാരാധ്യനില്ല എന്ന് അംഗീകരിക്കേണ്ടതുണ്ട്. അറിവ്, ദൃഢവിശ്വാസം, ആത്മാർഥത, സത്യസന്ധത, സ്‌നേഹം, സ്വീകരിക്കലും കീഴ്പ്പടലും എന്നിവ അതിന്റെ നിർബന്ധ ഘടകങ്ങളാണ്.
ആദിമനുഷ്യനായ ആദം നബി(അ) മുതൽ ലോകാവസാനംവരെയുള്ള എല്ലാ മനുഷ്യർക്കുമുള്ള രക്ഷയുടെ മാർഗമാണിത്. മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമതന്നെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കലാണെന്ന് വിശുദ്ധ ക്വുർആൻ അറിയിക്കുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’(51:56).
പ്രവാചകൻമാർ കാലാകാലങ്ങളിൽ പ്രബോധിത സമൂഹത്തെ ഈ ആദർശത്തിലേക്ക് ക്ഷണിച്ചു, അതിലേക്ക് കടന്നുവന്നവരുടെ പിൻതലമുറക്കാർ ഈ തത്ത്വത്തിൽനിന്ന് വ്യതിചലിച്ചു പോകുവാൻ പൈശാചിക പ്രേരണ ഹേതുവായി! സ്രഷ്ടാവിന്റെ വായുശ്വസിച്ചും വെള്ളം കുടിച്ചും ജീവൻ നിലനിർത്തുന്ന മനുഷ്യൻ നന്ദികേടിലേക്ക് നീങ്ങി. ഏകദൈവ വിശ്വാസത്തിൽനിന്ന് പതിയെ ബഹുദൈവ വിശ്വാസത്തിലേക്ക് മനുഷ്യൻ മാറിക്കൊണ്ടിരുന്നു. അതാകട്ടെ വലിയ പാപമാണ്.
അല്ലാഹു പറഞ്ഞു: “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവൻ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്’’(4:48).
ആൾദൈവങ്ങൾ ഉണ്ടാകുന്നത്!
ആൾദൈവങ്ങൾ ആധുനിക സമൂഹത്തിൽ മുളപൊട്ടിവന്ന ഒന്നല്ല. പൗരാണിക സമൂഹങ്ങളുടെ കാഴ്ചപ്പാടുകളിലും വിശ്വാസങ്ങളിലും ആൾദൈവസങ്കല്പം ഉണ്ടായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. ഫിർഔൻ താൻ അത്യുന്നതനായ റബ്ബാണ് എന്ന് സ്വയം വാദിച്ചിരുന്നു.
അറബികൾ മുഴുവൻ ഇസ്മാഈൽ നബി(അ)യുടെ പ്രബോധനം ഉൾക്കൊണ്ടവരായിരുന്നു. കാലക്രമേണ അവരിൽ വ്യതിയാനം സംഭവിച്ചു. ഖുസാഅത് ഗോത്രനേതാവും അറബികളുടെ പൊതു സ്വീകാര്യനുമായിരുന്ന അംറുബ്‌നു ലുഹയ്യ് ഒരിക്കൽ സിറിയ സന്ദർശിച്ചു. സൽസ്വഭാവിയായ അംറ് നന്മയിലും ധർമത്തിലും മതനിഷ്ഠയിലും മുൻനിരയിലുണ്ടായിരുന്നതിനാൽ മക്കാനിവാസികൾ അദ്ദേഹത്തെ സ്‌നേഹിച്ചു, അദ്ദേഹത്തിന് വഴിപ്പെട്ടു. അദ്ദേഹം പണ്ഡിതനും വലിയ്യുമാണെന്ന് അവർ വിശ്വസിച്ചു. സിറിയയിൽ ബിംബാരാധന നടമാടിയ കാലഘട്ടമായിരുന്നു അത്. അംറിന് ഈ ഏർപ്പാട് നന്നായി ഇഷ്ടപ്പെട്ടു. ഹുബ്ൽ എന്ന വിഗ്രഹവുമായാണ് അയാൾ സിറിയയിൽനിന്ന് മക്കയിലേക്ക് തിരിച്ചു വരുന്നത്. ചെങ്കടൽ തീരത്ത് അതിനെ പ്രതിഷ്ഠിക്കുകയും പിന്നീട് അതിനെ ആരാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പിന്നീടു കണ്ടത്.
ഒരാളോടുള്ള ഇഷ്ടവും അയാളുടെ സ്വഭാവവും അതേപോലെതന്നെ അയാളുടെ സവിശേഷമായ ചില പ്രവർത്തനങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുമ്പോൾ അത് അദ്ദേഹത്തോടുള്ള ആരാധനയായി മാറുന്ന അവസ്ഥക്ക് ചരിത്രത്തിൽ ഉദാഹരണങ്ങളേറെയുണ്ട്.
ജനങ്ങൾക്ക് മരണപ്പെട്ട ഏതെങ്കിലും മഹാനോടുള്ള അതിയായ ആദരവും ബഹുമാനവും ചൂഷണം ചെയ്ത് പണമുണ്ടാക്കുവാൻ പുരോഹിതന്മാർ അവരുടെ ക്വബ്‌റുകളെ ആരാധനാകേന്ദ്രമാക്കി മാറ്റുന്നു.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് അവരെ തടയുകയും ചെയ്യുന്നു’’ (9:34).
മുസ്‌ലിം സമുദായത്തിലെ ചില പണ്ഡിതവേഷധാരികൾ സ്വയം ദൈവികത അവകാശപ്പെടുന്നില്ലെങ്കിലും അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പല കഴിവുകളും തങ്ങൾക്കുമുണ്ടെന്ന് അവകാശപ്പെടുന്നു. പലർക്കും സ്രഷ്ടാവിന്റെ പദവി ചാർത്തിക്കൊടുക്കാൻ പോലും ധൈര്യം കാണിക്കുന്നു. ഉറുക്കും ഏലസ്സും ദുർമന്ത്രങ്ങളും വശീകരണ യന്ത്രങ്ങളും മറ്റും ആൾദൈവ സങ്കൽപത്തിന്റെ ചിഹ്നങ്ങളാണ്. സർവ മതക്കാർക്കിടയിലും ഇത് കാണാവുന്നതാണ്.
യു.പിയിലെ ഹാഥ്‌റസ് ജില്ലയിലെ ഫുൽറൈ ഗ്രാമത്തിൽ ഈയിടെ ഒരു ആൾദൈവ കേന്ദ്രത്തിലെ പ്രാർഥനായോഗത്തിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ടതും നിരവധി പേർക്ക് പരിക്കേറ്റതും നാം കണ്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുതൽമുടക്കില്ലാതെ കോടികൾ സമ്പാദിക്കാൻ മനുഷ്യർ കണ്ടെത്തുന്ന കുറുക്കുവഴികൾ വരുത്തുന്ന ഇത്തരം ദുരന്തങ്ങൾ ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ മാത്രം ഒതുങ്ങുന്നതല്ല. ലക്ഷ്വറി വാഹനങ്ങളും കൊട്ടാരങ്ങളും പരിവാരങ്ങളും സുഖിക്കാൻ സർവവിധ സൗകര്യങ്ങളും ഇത്തരം ആത്മീയ ചൂഷകർക്ക് വളരെ പെട്ടെന്നാണ് ലഭിക്കാറുള്ളത് എന്ന വസ്തുത വരുമാനത്തിന്റെ അളവ് വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പോലും ഭയക്കുന്ന ഇവരുടെ സ്വൈര്യവിഹാരത്തിന് ഭരണകൂടത്തിന്റെ ഒത്താശയും ലഭിക്കുന്നു എന്നുള്ളതാണ് ചരിത്രം!
ഓഷോ രജനീഷ് പോലുള്ളവരെ സംരക്ഷിക്കാനും വളർത്താനും ശ്രമിച്ചതിലൂടെ ഇന്ത്യനേടിയ അപഖ്യാതി ചെറുതല്ല. ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപത്തിന്റെ ആധുനിക വക്താവായിരുന്നു അദ്ദേഹം. നിരവധി പേരെ വധിക്കുകയും യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്ത ഗുർമിത് റാം റഹിം സിംഗും ഇന്ത്യയിൽ ജീവിച്ച, ഇന്ത്യക്കപമാനമായ ആൾദൈവമാണ്. ആളുകൾ വളർത്തുന്ന ആൾദൈവങ്ങൾക്ക് മൂലധനം ആവശ്യമില്ല എന്നത് അവർക്ക് തഴച്ചുവളരാൻ കാരണമാകുന്നു. ലക്ഷക്കണക്കിന് അനുയായികളുള്ള ആസാറാം ബാപ്പുജിയെപ്പോലെയുള്ള പലരും അഴിക്കുള്ളിലായത് പുറത്തുപറയാൻ കൊള്ളാത്തത്ര ലൈംഗിക ചൂഷണങ്ങൾ കാരണമാണ്.
ലോകമേറെ വളർന്നിട്ടും പൗരബോധം നഷ്ടപ്പെട്ടവരായി ഇന്ത്യൻ ജനത മാറുന്നുണ്ടോ എന്നതാണ് ഹാഥ്‌റസ് ദുരന്തം നമ്മെ ഓർമപ്പെടുത്തുന്നത്. മതങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടത്, മനുഷ്യരെയാണ്! വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ‘കീഴ് വായു പുറപ്പെടുവിക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സ്ഥാനം കയ്യേറി.’
ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരം ചൂഷകരെ നിലയ്ക്കു നിറുത്താൻ സർക്കാറിന് സാധിക്കണം. മന്ത്രിമാരും ജനപ്രതിനിധികളും ജഡ്ജിമാരുമൊക്കെ ചില നമ്പറുകളെ പോലും ഭയപ്പെടുന്നത് നാം കാണുന്നു. അന്ധവിശ്വാസങ്ങളും അമിതമായ വ്യക്തിയാരാധനയും ആൾ ദൈവഭക്തിയും കൂടുതലും അഭ്യസ്തവിദ്യരിലാണ് കണ്ടുവരുന്നത്.
പല രാഷ്ട്രീയ നേതാക്കളും അവരുടെ ജയപരാജയത്തിനു നിദാനം ആൾദൈവങ്ങളാണെന്ന് വിശ്വസിക്കുന്നു. സ്വന്തം ശരീരത്തെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ കഴിയാത്തവർ മറ്റുള്ളവരുടെ രോഗങ്ങളും പ്രയാസങ്ങളും മാറ്റിക്കൊടുക്കുമെന്ന് പരസ്യം ചെയ്യുന്നു. അമ്മമാരും ബീവിമാരും ബാബമാരും ഉസ്താദുമാരുമായി അറിയപ്പെടുന്ന പലരും ഈ കുളിമുറിയിൽ നഗ്നരാണെന്നു പറയേണ്ടിയിരിക്കുന്നു. വഴിവാണിഭം പോലെ ആത്മീയവാണിഭം തഴച്ചു വളരാൻ ഇതുവഴി സാധിക്കുന്നു.
