സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

2024 ഫെബ്രുവരി 03, 1445 റജബ് 22

ഭാഗം: 02

(വിവ: ശമീർ മദീനി)

നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങൾക്ക് ബാധ്യതയുള്ളത് നിങ്ങൾ ചുമതല ഏൽപിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു’’ (24:54).

“നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്’’ (59:7).

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (49:1).

“നിങ്ങൾക്ക് ജീവൻനൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ് കൊള്ളുക’’ (8:24).

“തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ’’ (24:51,52).

“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല’’ (46:13).

“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: ‘നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട, നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞ് കൊള്ളുക’’ (41:30).

“അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധി കൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്’’ (42:21).

ഒരുകൂട്ടം ജിന്നുകൾ ക്വുർആൻ ശ്രവിച്ചശേഷം അവരുടെ ജനങ്ങളിലേക്ക് ചെന്ന് പറഞ്ഞ കാര്യങ്ങൾ അല്ലാഹു ഉദ്ധരിക്കുന്നു: “ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്ന പക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു’’ (46:30-32).

ഇതുപോലെ സുന്നത്ത് പിൻപറ്റാനും ബിദ്അത്തുകൾ കൈയൊഴിയാനും പഠിപ്പിക്കുന്നതും ബിദ്അത്തിന്റെ അപകടങ്ങൾ വിവരിക്കുന്നതുമായ ധാരാളം ഹദീസുകൾ നബിﷺയുടെ സുന്നത്തിലും കാണാം. അതിൽ ചിലത് കാണുക:

1) നബിﷺ പറയുന്നു: “നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്’’(ബുഖാരി, മുസ്‌ലിം).

ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാനുള്ളത്: “നമ്മുടെ നിർദേശമില്ലാതെ ആരെങ്കിലും (മതത്തിന്റെ ഭാഗമായി) വല്ലതും പ്രവർത്തിച്ചാൽ അത് തള്ളപ്പെടുന്നതാണ്.’’

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഈ റിപ്പോർട്ടാണ് മറ്റു റിപ്പോർട്ടുകളെക്കാൾ വ്യാപകമായ ആശയമുൾകൊള്ളുന്നത്. കാരണം, ബിദ്അത്തുണ്ടാക്കിയവരെയും അതിനെ പിൻപറ്റി കർമങ്ങൾ ചെയ്യുന്നവരെയും ഈ വചനം ഉൾകൊള്ളുന്നുണ്ട്. കർമങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകളിൽ ഒന്നാണത്. അഥവാ, നബിﷺയെ പിൻപറ്റിക്കൊണ്ട് കർമങ്ങൾ ചെയ്യൽ. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാക്ഷിച്ചുകൊണ്ട് ചെയ്യുന്ന എതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

ഒന്ന്: അല്ലാഹുവിന്റെ പ്രീതിമാത്രം കാക്ഷിച്ചു യാതൊരാളെയും പങ്കുചേർക്കാതെ അവന് നിഷ്‌കളങ്കമായി അഥവാ ഇഖ്‌ലാസോട് കൂടി സമർപ്പിക്കുന്നതായിരിക്കണം ആ കർമം. അതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യ വചനത്തിന്റെ തേട്ടം.

രണ്ട്: നബിﷺയെ പിൻപറ്റിക്കൊണ്ടായിരിക്കണം പ്രസ്തുത കർമം അനുഷ്ഠിക്കേണ്ടത്. അതാണ് മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ സത്യദൂതനാനെന്ന സാക്ഷ്യപ്രഖ്യാപനത്തിന്റെ താൽപര്യം.

‘നിങ്ങളിൽ ഏറ്റവും നന്നായി കർമം ചെയ്യുന്നതാരെന്നു പരീക്ഷിക്കുവാൻവേണ്ടി’ എന്ന 67:2 ആയത്തിലെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫുദൈലുബ്‌നു ഇയാദ്(റ) പറയുന്നു: “ഒരു കർമം ഏറ്റവും ആത്മാർഥതയുള്ളതും (ഇഖ്‌ലാസ്) എന്നാൽ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലല്ലാതായിരിക്കുകയും ചെയ്താൽ അത് സ്വീകരിക്കപ്പെടുകയുമില്ല. അതുപോലെതന്നെ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലാവുകയും ഇഖ്‌ലാസ് നഷ്ടപ്പെടുകയും ചെയ്താലും പ്രസ്തുത കർമം സ്വീകരിക്കപ്പെടുകയില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതിമാത്രം ലക്ഷ്യമാക്കി ഇഖ്‌ലാസോടുകൂടിയും പ്രവാചക മാതൃക പിൻപറ്റി കുറ്റമറ്റ രീതിയിലും അനുഷ്ഠിക്കുന്നതായാൽ മാത്രമാണ് സ്വീകരിക്കപ്പെടുക. ഇഖ്‌ലാസോടുകൂടിയാവുക എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ മാത്രം തൃപ്തിയും പ്രതിഫലവും കാക്ഷിക്കലും, ശരിയായ വിധത്തിലാവുക എന്നു പറഞ്ഞാൽ സുന്നത്തനുസരിച്ചും ആയിരിക്കുക എന്നതാണ് വിവക്ഷ’’ (മജ്മൂഉൽ ഫതാവാ, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, 18/250).

18:110ന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറയുന്നു: “സൽകർമം ചെയ്തുകൊള്ളട്ടെ’’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ നിയമനിർദേശങ്ങളോട് യോജിക്കുന്നത് എന്ന അർഥത്തിലാണ്. ‘തന്റെ രക്ഷിതാവിനുള്ള ഇബാദത്തിൽ ഒരാളെയും പങ്കുചേർക്കുകയുമരുത്’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ മാത്രം പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടുള്ള കർമമായിരിക്കണം എന്ന അർഥത്തിലുമാണ്. ഈ രണ്ട് കാര്യങ്ങളുമാണ് സ്വീകാര്യയോഗ്യമായ കർമങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ. അഥവാ അല്ലാഹുവിന് നിഷ്‌കളങ്കമായി സമർപ്പിച്ചതും നബിﷺയുടെ മാതൃകയനുസരിച്ചും ഉള്ളതായിരിക്കണം അത.്’’

2) ഇർബാദ് ഇബ്‌നു സാരിയ (റ) പറയുന്നു: “നബിﷺ ഞങ്ങളെ ഉപദേശിച്ചു, സാരവത്തായ ഒരു ഉപദേശമായിരുന്നു അത്. കണ്ണുകൾ നിറയുകയും ഹൃദയങ്ങൾ പിടയ്ക്കുകയും ചെയ്തു. അതുകേട്ട ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് ഒരു വിടവാങ്ങലിന്റെ ഉപദേശം പോലെ തോന്നുന്നു വല്ലോ, എന്താണ് അങ്ങേക്ക് ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്?’

അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കണമെന്നും നേതൃത്വത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നുമാണ്-അതൊരു എത്യോപ്യൻ അടിമയാണെങ്കിലും-ഞാൻ നിങ്ങളെ ഉപദേശിക്കുന്നത്. തീർച്ചയായും നിങ്ങളിൽനിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതായിരിക്കും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സച്ചരിതരായ ഖുലഫാഉകളുടെ സുന്നത്തും പിൻപറ്റണം. അവയെ നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൾകൊണ്ട് കടിച്ചു പിടിക്കുകയും വേണം. (മതത്തിൽ) പുതിയതായി നിർമിക്കപ്പെട്ട പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷി ക്കുകയും ചെയ്യുക. നിശ്ചയം! എല്ലാ പുത്തനാചാരങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ. തിർമുദി പറഞ്ഞു: ഈ ഹദീസ് ഹസനും സ്വഹീഹുമാണ്).

തന്റെ കാലഘട്ടത്തിനോടടുത്ത കാലത്തുതന്നെ ഭിന്നതകളുണ്ടാകുമെന്നു നബിﷺ അറിയിച്ചു. അത് ധാരാളമായി ഉണ്ടാകുമെന്നും സ്വഹാബികളുടെ കൂട്ടത്തിൽ ജീവിച്ചിരിക്കുന്നവർ അത് കാണുമെന്നും പറയുകയും ശേഷം അതിൽനിന്നുള്ള സുരക്ഷക്ക് വേണ്ട മാർഗനിർദേശങ്ങൾ അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. നബിﷺയുടെയും ഖുലഫാഉർറാഷിദുകളുടെയും സുന്നത്ത് പിൻപറ്റലാകുന്നു അത്. പുത്തനാശയങ്ങളെ കൈയൊഴിയാനും സുന്നത്ത് സ്വീകരിക്കാനും അവിടുന്ന് പ്രേരിപ്പിക്കുകയും ചെയ്തു.

3) ജാബിർ ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘നബിﷺ ഒരു ജുമുഅ ദിവസം പ്രസംഗിക്കുകയായിരുന്നു. അപ്പോൾ പറഞ്ഞു: ‘നിശ്ചയം! സംസാരങ്ങളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ ഗ്രന്ഥം അഥവാ വിശുദ്ധ ക്വുർആനും മാതൃകകളിൽവെച്ച് ഏറ്റവും ഉത്കൃഷ്ടമായാത് മുഹമ്മദ് നബിﷺയുടെ മാതൃകയുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും ചീത്ത മതത്തിൽ പുതുതായുണ്ടാക്കിയ കാര്യങ്ങളാണ്. എല്ലാ പുതുനിർമിതികളും (ബിദ്അത്തുകൾ) വഴികേടാണ്’’(സ്വഹീഹു മുസ്‌ലിം).

4) നബിﷺ പറഞ്ഞു: “ആരെങ്കിലും എന്റെ ചര്യയോട് (സുന്നത്തിനോട്) വെറുപ്പ് പ്രകടിപ്പിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല’’ (ബുഖാരി, മുസ്‌ലിം).

5) നബിﷺ പറഞ്ഞു: “അല്ലെയോ ജനങ്ങളേ, ഞാൻ നിങ്ങളിലേക്കിതാ ഒരുകാര്യം വിട്ടേച്ചുപോകുന്നു. നിങ്ങളത് മുറുകെപിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ക്വുർആനും നബിﷺയുടെ സുന്നത്തുമത്രെ അത്.’’

“ഞാൻ നിങ്ങളിലേക്ക് രണ്ട് കാര്യങ്ങൾ വിട്ടേച്ചുപോകുന്നു. അതിനുശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ ക്വുർആനും എന്റെ സുന്നത്തുമാണത്’’ (ഹാകിം).

ഹജ്ജത്തുൽ വദാഇൽവെച്ച് നബിﷺ പറഞ്ഞ ദീർഘമായ ഹദീസ് ജാബിർ(റ) നിവേദനം ചെയ്തത് സ്വഹീഹു മുസ്‌ലിമിൽ കാണാം: “തീർച്ചയായും ഒരു കാര്യം ഞാൻ നിങ്ങളിലേക്ക് വിട്ടുതന്നിട്ട് പോകുന്നു. അത് നിങ്ങൾ മുറുകെ പിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുർആനത്രെ അത്. പരലോകത്ത് നിങ്ങളോട് എന്നെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്തായിരിക്കും മറുപടി പറയുക?’ സ്വഹാബത്ത് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് കാര്യങ്ങൾ എത്തിച്ചുതരികയും വിശദമാക്കിത്തരികയും ഗുണകാക്ഷയോടെ വർത്തിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷി പറയും.’’ അപ്പോൾ നബിﷺ തന്റെ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷിയാണ്! അല്ലാഹുവേ, നീ സാക്ഷിയാണ്! നീ സാക്ഷിയാണ്!’’

(തുടരും)