ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 ജൂലായ് 13, 1446 മുഹർറം 07

(ഭാഗം: 10)

71. അനാഥരെ സഹോദരന്മാരായി ഗണിക്കുക.

അനാഥരെ സാഹാക്കുന്നതിലുപരി അവരെ സ്വന്തം മക്കളെ പോലെയോ സഹോദരന്മാരെ പോലെയോ ഗണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ അവർക്ക് അർഹിക്കുന്ന ആദരവ് ലഭിക്കുകയുളളൂ. അല്ലാഹു പറയുന്നു:

“അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടുജീവിതം നയിക്കുകയാണെങ്കിൽ (അതിൽ തെറ്റില്ല). അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ’’ (ക്വുർആൻ 2:220).

72. പിശാചിന്റെ ഉപദ്രവത്തിൽനിന്നും ശരണം തേടുക

ആദമിന്റെ സന്തതികളെ നേർമാർഗത്തിൽനിന്നും പിഴപ്പിക്കുമെന്ന പ്രതിജ്ഞയുമായി ഭൂമിയിലെത്തിയതാണ് പിശാച്. അതുകൊണ്ട് തന്നെ അധികജനങ്ങളും അവന്റെ വലയിൽ പെടാനിടയുണ്ട്. പ്രത്യക്ഷശത്രുക്കളെ നമുക്ക് ആയുധം കൊണ്ട് നേരിടാം. എന്നാൽ പാരോക്ഷ ശത്രുവായ പിശാചിനെ നേരിടാൻ അല്ലാഹുവിന്റെ സഹായം അനിവാര്യമാണ്.

“ദുർബോധനം നടത്തി പിൻമാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽനിന്ന്. മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ. മനുഷ്യരിലും ജിന്നുകളിലും പെട്ടവർ’’ (114:4-6).

73. അയൽക്കാരന് ഉപകാരം ചെയ്യുക

അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ച് ആഹാരം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന നബിവചനം വളരെ പ്രസിദ്ധമാണ്. അയൽക്കാരന്റെ കാര്യം നബി(സ്വ)യോട് ജിബ്‌രീൽ എന്ന മലക്ക് ധാരാളമായി ഉപദേശിച്ചുകൊണ്ടിരുന്നുവെന്നും അയൽക്കാരനെ അനന്തരവകാശിയാക്കുമോ എന്ന് പോലും ഞാൻ വിചാരിച്ചുവെന്നും നബി(സ്വ) പറഞ്ഞതായി ഹദീസുകളിൽ വന്നിട്ടുണ്ട്.

“കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല’’ (4:36).

74. അല്ലാഹുവിനെ മാത്രം ആരാധിക്കുക

ക്വുർആനിൽ പറഞ്ഞ എല്ലാ സ്വഭാവഗുണങ്ങളും ജീവിതത്തിൽ പകർത്തിയാലും അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഗുണമില്ലെങ്കിൽ ബാക്കി സ്വഭാവഗുണങ്ങളെല്ലാം നിഷ്ഫലമായിത്തീരും. “നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും...’’ (4:36).

75. മാതാപിതാക്കൾക്ക് പുണ്യം ചെയ്യുക

അല്ലാഹുവിനെ മാത്രം ആരാധിക്കാൻ കൽപിച്ചതിനെ തുടർന്ന് ക്വുർആൻ ആവശ്യപ്പെടുന്നത് മാതാപിതാക്കളോട് പുണ്യം ചെയ്യാനാണ്. ഒരു വ്യക്തി അല്ലാഹുവിനോടുള്ള കടമകൾ നിർവഹിക്കുകയും നബി(സ്വ)യെ പിൻപറ്റുകയും ചെയ്തുകഴിഞ്ഞാൽ പിന്നെ തന്റെ മാതാപിതാക്കളോടുളള കർത്തവ്യമാണ് നിറവേറ്റണ്ടത്. അല്ലാഹു പറയുന്നു:

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നൻമചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു...’’(17:23).

“മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക’’(4:36).

76. ഉപദേശങ്ങൾ സ്വജീവിതത്തിൽ പകർത്തുക

നന്മ കൽപിക്കുന്നവർ അത് സ്വയം ജീവിതത്തിൽ പകർത്തുകയും ചെയ്യേതുണ്ട്. സ്വയം ഉൾകൊളളാതെ ജനങ്ങളോട് സൽകർമങ്ങളെക്കുറിച്ച് കൽപിക്കുന്നത് അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടാതാണെന്നാണ് ക്വുർആൻ പറയുന്നത്.

“സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു? നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുക എന്നുള്ളത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു’’ (61:2,3).

ജനങ്ങളോട് നന്മ കൽപിക്കുകയും അത് ജീവിതത്തിൽ പകർത്താതിരിക്കുകയും ചെയ്യുന്നവർക്കുളള അതികഠിനമായ ശിക്ഷയെക്കുറിച്ച് ഹദീസുകളും താക്കീത് നൽകുന്നുണ്ട്. നബി(സ്വ) പറഞ്ഞു:

“അന്ത്യദിനത്തിൽ ഒരാളെ കൊണ്ടുവരും. എന്നിട്ടയാളെ നരകത്തിലേക്ക് എറിയും. എന്നിട്ട് അവന്റെ കുടൽമാലകൾ പുറത്ത് വരും. അതുമായി അവൻ നരകത്തിൽ ചുറ്റിക്കറങ്ങും; കഴുത ആട്ടുചക്കിന് ചുറ്റും കറങ്ങുന്നതുപോലെ. നരകവാസികൾ അവനെ വളയും. അവർ ചോദിക്കും: ‘നിനക്കെന്ത് പറ്റി? നീ ഞങ്ങളോട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നുവല്ലോ!’ അപ്പോൾ അവൻ പറയും: ‘ഞാൻ നിങ്ങളോട് നന്മ കൽപിച്ചിരുന്നു. പക്ഷേ, ഞാൻ അത് ചെയ്തിരുന്നില്ല. ഞാൻ നിങ്ങളോട് തിന്മ വിരോധിച്ചിരുന്നു. പക്ഷേ, ഞാൻ അത് ചെയ്തിരുന്നു’’ (ബുഖാരി, മുസ്‌ലിം).

(അവസാനിച്ചു)