ഡോക്ടറാണെന്ന് നോക്കേണ്ട സർ, മനുഷ്യനായി പരിഗണിക്കാം
ഹിലാൽ സലീം സി.പി.
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

ഡോക്ടർമാരുടെ പ്രഥമകൃത്യം സാമൂഹികസേവനമാണ് എന്നതാണ് വയ്‌പ്പ്. രോഗങ്ങളിൽനിന്നും അപകടമരണങ്ങളിൽനിന്നും ജനത്തെ രക്ഷിക്കുക എന്ന് സാരം. ഇന്ത്യയിൽ ഒരു സർജൻ (ശസ്ത്രക്രിയാവിദഗ്ധൻ) ആയിത്തീരാൻ വേണ്ടത് ഏറ്റവും ചുരുങ്ങിയത് ഒൻപതു വർഷമാണ്. അതും ഇതിനിടയിൽ കടമ്പകളായുള്ള കഠിനമായ പരീക്ഷകളെല്ലാം വിജയിച്ചാൽ മാത്രം. ഒരുപക്ഷേ, സെക്കന്ററിയിൽ കൂടെ പഠിച്ചവരിൽ പലരും അഞ്ചക്ക ശമ്പളം വാങ്ങുമ്പോഴും കാര്യമായൊന്നും സമ്പാദിക്കാൻ സാധിച്ചിട്ടില്ലാത്തവരാകും വൈദ്യശാസ്ത്രമേഖലയിള്ളവർ. പ്രത്യുത, ഒരുപാടുപേർ മെഡിക്കൽ കോളെജിലേക്ക് വണ്ടികയറുന്നത് ഒത്തിരി സ്വപ്നങ്ങളോടെയാണ്. എന്നാൽ ഇതൊക്കെ വെറും തോന്നലുകൾ മാത്രമാണെന്ന് ചിന്തിച്ചുപോവുകയാണ് ചില വാർത്തകൾ കേൾക്കുമ്പോൾ.
പശ്ചിമ ബംഗാളിലെ 138 വർഷത്തെ പാരമ്പര്യമുള്ള ആർജികർ മെഡിക്കൽ കോളേജിൽനിന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗത്തിന്റെ വാർത്ത പുറത്തുവന്നത്. ഇതേ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ 31കാരി തന്റെ നീണ്ട മുപ്പത്തിയാറു മണിക്കൂർ നേരത്തെ ഷിഫ്റ്റിന് ശേഷം കാലത്ത് രണ്ടുമണിക്ക് തൊട്ടടുത്തുള്ള സെമിനാർ ഹാളിലേക്ക് തലചായ്ക്കാൻ വന്നത് മാത്രമാണ് കൂടെയുള്ളവർക്ക് അറിയുന്നത്. അടുത്തദിവസം നേരംപുലർന്നപ്പോൾ അതീവം അപമാനകരമായ നിലയിലുള്ള നഗ്‌നമായ അവരുടെ ചേതനയറ്റ ശരീരമാണ് സെമിനാർ ഹാളിൽ കാണുന്നത്. ഹോസ്പിറ്റലിലെ എല്ലാ വാർഡുകളിലും സ്വതന്ത്രമായി കയറിയിറങ്ങുന്ന ഹെൽത്ത് വളണ്ടിയറായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ഇതിന്റെ പേരിൽ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം പേർ ഈ ഹീനകൃത്യത്തിൽ പങ്കാളികളാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
ഒന്നാലോചിച്ചുനോക്കുക, അ തികഠിനമായ പരീക്ഷകളും പരീക്ഷണങ്ങളും അതിജീവിച്ചുകൊണ്ട് സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ ഒന്നരദിവസത്തിലധികം വിശ്രമമില്ലാതെ ജോലി ചെയ്തയാൾ, അവരേറ്റവും ബഹുമാനിക്കപ്പെടേണ്ടയിടത്ത് അതിഭീകരമായ രീതിയിൽ ലൈംഗിക പീഡനമേറ്റ് കൊല്ലപ്പെടുക എന്നതിന് എന്ത് വിശദീകരണമാണ് അധികാരികൾക്ക് നൽകാനുള്ളത്? സംഭവം നടന്ന ശേഷം ഇരയുടെ കൂടെ ധാർമികമായി നിൽക്കാൻ ബാധ്യതയുള്ള മെഡിക്കൽ കോളേജ് അധികാരികൾ തങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കുമെന്ന് ഭയന്ന് പ്രസ്തുത കൃത്യത്തെ പലവിധത്തിൽ മൂടിവയ്ക്കാൻ ശ്രമിച്ചതിന് എന്ത് ന്യായീകരണമാണുള്ളത്? ബോഡി ഉടനടി പോസ്റ്റ്മോർട്ടത്തിന് അയക്കാനും തെളിവുകൾ നശിപ്പിക്കാനും വേണ്ടിയുള്ള സാത്താനികമായ ആവേശത്തിന്റെ പിന്നിലെന്താണ് എന്നിങ്ങനെ ഉത്തരംകിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ അവശേഷിക്കുകയാണ്.
നിയമനിർമാണം ന്യായമായ ആവശ്യം
പതിവുപോലെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി പരസ്പരം ചെളിവാരിയെറിയുന്ന എല്ലാ രാഷ്ട്രീയ സംഘടനകളോടും നമുക്ക് ഉന്നയിക്കാനുള്ളത് കഴിഞ്ഞ കുറെയേറെ കാലമായി നാം ഉയർത്തുന്ന അതേ വിഷയമാണ്; ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ന്യായവും കഠിനവുമായ ശിക്ഷാനിയമം രാജ്യത്ത് നടപ്പിലാക്കുക! ഡോക്ടർമാരുടെ പക്കൽനിന്നുള്ള മെഡിക്കൽ നെഗ്ലിജൻസ് അഥവാ ഡോക്ടർമാരുടെ ഉപേക്ഷക്കെതിരേ വ്യക്തമായി ശിക്ഷാനിയമം നിലനിൽക്കുന്നയിടത്താണ് നമ്മളിത് അപേക്ഷയെന്ന പോലെ യാചിക്കുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്! 30% ആണ് രാജ്യത്തെ ഡോക്ടർമാരിൽ സ്ത്രീകളുടെ പ്രാതിനിധ്യം. 80%ത്തിലധികം നഴ്‌സ് കമ്മ്യൂണിറ്റിയും സ്ത്രീകളാണ്. ഏകദേശ കണക്കുപ്രകാരം 21 ലക്ഷം പേരാണ് മെഡിക്കൽ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് കഴിഞ്ഞ വർഷം എഴുതിയിട്ടുള്ളത്. അതിൽ 13.5 ലക്ഷം പെൺകുട്ടികളാണ് എന്നത് കൂടി കണക്കിലെടുത്തെങ്കിലും അടിയന്തിര നിയമനിർമാണത്തിന്റെ ആവശ്യകത അധികാരികൾക്ക് ബോധ്യപ്പെടട്ടെ എന്ന് ആശിച്ചുപോവുകയാണ്.
ഇന്ത്യയിൽ വർധിച്ചുവരുന്ന, ഡോക്ടർമാർക്കെതിരെയുള്ള അ തിക്രമങ്ങൾ ആഗോളമാധ്യമങ്ങളിൽ വരെ വാർത്തയാണ്. നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് ബി.ബി.സി. പുറത്തുവിട്ട ലേഖനത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വർധനയുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇതിൽ 20% കേസുകളും ലൈംഗിക പീഡനങ്ങളോ ബലാത്സംഗമോ ആണത്രെ. ഡോക്ടർമാർക്കെതിരേയുള്ള ഇത്തരം അക്രമങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാൻ സാധ്യമല്ല എന്ന് ചുരുക്കം. കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ബിരുദ ട്രെയിനിയായി (ഇന്റെൺ) ആയി ജോലി നോക്കിയിരുന്ന വന്ദന ദാസ് എന്ന ഇരുപത്തിമൂന്നുകാരി പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് മരണപ്പെട്ടത് നാം കേട്ടതാണ്. ഏതെങ്കിലുമൊരിടത്ത് ഇത്തരത്തിൽ ഒരു കൃത്യം നടന്നാൽ അത് ചർച്ച ചെയ്യപ്പെടുകയും എന്നാൽ അത് കെട്ടടങ്ങുന്നതോടെ വീണ്ടും വെന്റിലേറ്ററിലേക്ക് പോവുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ നിയമനിർമാണത്തിന്റെ വിഷയത്തിൽ സംഭവിക്കുന്നത് എന്നതിൽ ഉത്തരം പറയേണ്ടത് പൊതുസമൂഹം കൂടിയാണ്.
മെഡിക്കൽ രംഗത്തെ ടോക്‌സിക് കൾച്ചർ
പ്രസ്തുത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കേസിൽ ഉൾപ്പെട്ട പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ ഹാജരാക്കണം. ഈ വിഷയത്തിൽ ചില വിചിന്തനങ്ങൾ കൂടി നമുക്കാവശ്യമാണ്. മുപ്പത്തിയാറു മുതൽ എഴുപത്തിരണ്ടു മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന എത്ര ജോലിയിടങ്ങൾ നമുക്ക് പരിചയമുണ്ട്? തുടർച്ചയായി മൂന്നു വർഷങ്ങൾ ഈ രീതിയിൽ സ്വന്തം ആരോഗ്യവും ഉറക്കവും ഭക്ഷണവും പോലും ത്യജിച്ചുകൊണ്ട് പണിയെടുക്കുന്ന ടോക്‌സിക് വർക്ക് കൾച്ചർ ഇന്ത്യയിലെ മെഡിക്കൽ ഫീൽഡിൽ മാത്രമാണ് നമുക്ക് കാണാൻ സാധിക്കുക. പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ കൃത്യമായൊരു റസ്റ്റ് റൂമില്ലാത്തയിടങ്ങളാണ് പല ആശുപത്രികളും. ഈ പറഞ്ഞതിന് അപവാദമുണ്ടെങ്കിലും പലപ്പോഴും സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും ഇത്തരം അടിസ്ഥാനപരമായ സൗകര്യങ്ങളില്ല എന്നത് രാജ്യത്തിന് അപമാനമാണ്. 4 പേർ ചെയ്യേണ്ട ജോലി ഒറ്റയാൾ ചുമക്കേണ്ടി വരുമ്പോഴാണ് 72 മണിക്കൂർ തുടർച്ചയായി ‘പട്ടിപ്പണി’യെന്നു ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്കിടയിലുള്ള സംസാരങ്ങളിൽ കടന്നുവരുന്ന സാഹചര്യമുണ്ടാകുന്നത്.
ഇതോടൊപ്പം സമാധാനപരമല്ലാത്ത ജോലി സാഹചര്യങ്ങളും മാന്യമായുള്ള ശമ്പളം പോലും നിഷേധിക്കപ്പെടുന്നതും കൂടി ചേരുന്നതോടെ മെഡിക്കൽ പഠനം കഴിഞ്ഞ് വിദേശത്തേക്ക് വിമാനം കയറുന്നവരുടെ സംഖ്യ വർധിക്കുന്നു എന്ന ‘പ്രശ്‌നം’ മനസ്സിലാക്കാൻ അധികാരികൾ ഒരുപാടധികം ബുദ്ധിമുട്ടേണ്ടി വരില്ല. പേരിനോടൊപ്പം ‘ഡോ’ എന്ന പ്രിഫിക്‌സും സ്വപ്നതുല്യമായ ഭാവിജീവിതവും ലക്ഷ്യമാക്കി മെഡിക്കൽ രംഗത്തേക്ക് കാലുനീട്ടുന്നവർ അത്തരം സാങ്കൽപിക മനക്കോട്ടകളിൽനിന്നും ഇറങ്ങിവന്ന് യാഥാർഥ്യബോധത്തോടുകൂടി തീരുമാനങ്ങളെടുക്കണം എന്നതും ഒരു അപേക്ഷയാണ്. പ്രസ്തുത സംഭവത്തിൽ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടത് മറയ്ക്കുന്നതിന്റെ ഭാഗമായി ആർജികർ മെഡിക്കൽ കോളേജ് അധികൃതർ അവിടെയുള്ള സിസിടിവി വിഷ്വൽസ് അടക്കം ഇല്ലാതാക്കി എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ നാഷണൽ മെഡിക്കൽ കൗൺസിലിന്റെ/അവർ പറയുന്ന ഒരു ഔദ്യോ
ഗിക ബോഡിയുടെ മേൽനോട്ടത്തിൽ ഇത്തരം സിസിടിവി വിഷ്വലുകൾ ലൈവ് ആയി റെക്കോർഡ് ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. മേൽപ്പറഞ്ഞ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള, മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷിതത്വം മുന്നിൽനിർത്തിക്കൊണ്ടുള്ള വിശദമായ പഠനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കണം. അതിൽനിന്നുള്ള അനുമാനങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഇത്തരം അതിക്രമങ്ങൾ നിയന്ത്രിക്കാനുള്ള നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തന്നെ മുന്നോട്ട് വരേണ്ടതുണ്ട്.
നഷ്ടം പൊതുജനത്തിന്
ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പൊതുസമൂഹത്തിൽ പലർക്കും ഉപബോധമനസ്സിലെങ്കിലുമുള്ള ചിന്ത ‘പുള്ളി ഡോക്ടറല്ലേ, കുറേ വാങ്ങുന്നുണ്ടാകുമല്ലോ, കുറച്ച് കൊള്ളട്ടെ...’ എന്നാണെന്ന് സീനിയറായിട്ടുള്ള പലരിൽനിന്നും കേട്ടിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും അത് ചെയ്യുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾക്കൊപ്പം നമ്മുടെ ചിന്ത സഞ്ചരിക്കുന്നുവെങ്കിൽ അവിടെ അടിസ്ഥാനപരമായ എന്തോ പ്രശ്‌നമുണ്ട്. കാലങ്ങൾക്ക് മുമ്പ് പറഞ്ഞുവച്ചിരുന്ന ‘ഡോക്ടർ’ വാർപ്പുമാതൃകകൾ ഇന്ന് അവശേഷിക്കുന്നില്ല എന്നതുകൂടി ഓർക്കണം. എലൈറ്റ് കുടുംബങ്ങളിൽനിന്നുള്ള ചിലർക്ക് റിസർവ് ചെയ്യപ്പെട്ടത് എന്നതിൽനിന്നും ഏതൊരു സാധാരണക്കാരനും അറിയാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള തുറവി ഇന്ന് മെഡിക്കൽ രംഗത്തുണ്ട്. അതിനാൽ കൂടുതലും സാധാരണകുടുംബങ്ങളിൽ നിന്നുള്ളവർ തന്നെയാണ് ഇവിടെയുമുള്ളത്. മേൽ വിശദീകരിച്ച ടോക്‌സിക് ജോലി സമ്പ്രദായമായിരുന്നിട്ടു പോലും മാന്യവും ന്യായവുമായ ശമ്പളം പോലും അവർക്ക് ലഭിക്കുന്നില്ല എന്നത് സാധാരണക്കാർക്ക് ഒരുപക്ഷേ, അറിവുണ്ടായി എന്നു വരില്ല. കൗമാരത്തിന്റെ അവസാനത്തിൽ മെഡിക്കൽ കോളേജിലേക്ക് കടക്കുന്ന ഒരു വിദ്യാർഥി ഒരു കാർഡിയോളജിസ്റ്റായി പുറത്തുവരുമ്പോഴേക്ക് മധ്യവയസ്‌കനായിട്ടുണ്ടാകും. ജീവിതത്തിലെ ഏറ്റവും നല്ല യുവത്വം പഠനത്തിനായി മാത്രം ചെലവഴിക്കുന്നവർക്ക് ന്യായമായ ശമ്പളം ലഭിക്കേണ്ടതുണ്ട്.
എന്നാൽ കൂടെക്കൂടെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളും വ്യാജപരാതികളും യഥാർഥത്തിൽ നഷ്ടം വരുത്തുന്നത് സാധാരണക്കാർക്കാണ് എന്നതാണ് വാസ്തവം. ഒരു രോഗി വേദനയുമായി ആശുപത്രിയിലേക്ക് എത്തിയാൽ ക്ലിനിക്കൽ എക്‌സാമിനേഷനിലൂടെ (നേരിട്ട് നിരീക്ഷിച്ചും തൊട്ടറിഞ്ഞുമുള്ള വൈദ്യശാസ്ത്ര പരീക്ഷണം) രോഗത്തിന്റെ തീർപ്പിലേക്കെത്തുന്നത് ഇന്ന് എൺപത് ശതമാനത്തോളം ഡോക്ടർമാരും നിർത്തിവച്ചിരിക്കുകയാണ്. അതിനു പകരം അവശ്യമായ സ്‌കാനുകളുടെ ഓർ ലിസ്റ്റ് രോഗിയുടെ മുന്നിലേക്ക് നീട്ടുന്ന രീതിയിലേക്ക് (ഡിഫൻസീവ് മെഡിസിൻ) ഡോക്ടർമാർ കളംമാറ്റിച്ചവിട്ടി. ഒരുപക്ഷേ, നിരീക്ഷണത്തിൽ കണ്ടിട്ടില്ലാത്ത വളരെ മൈനറായ വിഷയങ്ങൾക്ക് പോലും നാളെ രോഗിയുടെ പരാതിയിന്മേൽ കോടതി കയറിയിറങ്ങേണ്ടി വരാം എന്ന ഭയമാണ് ഇതിനു കാരണം എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏറെ അനുഭവസമ്പത്തുള്ള ഡോക്ടറാണ്. ഇതിലൂടെ സാധാരണക്കാരുൾപ്പടെയുള്ള രോഗികൾക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും സംഭവിക്കുകയാണ്. എന്നാൽ സ്വന്തം സുരക്ഷിതത്വം എന്നത് ഡോക്ടർമാർ പ്രഥമമായി എടുത്തതിനെ കുറ്റം പറയാൻ സമൂഹത്തിനോ അധികാരികൾക്കോ സാധ്യമല്ല എന്നത് തീർച്ച.
‘വേതനം പറ്റുന്ന ശമ്പളക്കാരൻ!’
അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾ ഓടിയെത്തുന്ന ഇടമാണ് ആശുപത്രികൾ. അത് മരണാസന്നതപോലുള്ള വൈയക്തികമായതാകട്ടെ, സമൂഹത്തെ മുഴുവൻ ബാധിക്കുന്ന കോവിഡ് പോലുള്ള പ്രയാസങ്ങളാകട്ടെ; ആസന്നഘട്ടങ്ങളിൽ തങ്ങളെ സഹായിച്ചു എന്ന നിലക്ക് ഡോക്ടർമാരോട് വളരെ വലിയ ബഹുമാനം കാണിക്കുന്ന സമൂഹം പക്ഷേ, ഇതേ സമൂഹത്തിന് മുറിവേൽക്കുന്ന സാഹചര്യങ്ങളിൽ മിണ്ടാതിരിക്കുന്നു എന്നതിനെ എങ്ങനെയാണ് നാം വിശേഷിപ്പിക്കേണ്ടത്? ഒരുപക്ഷേ, ‘ദൈവത്തിന്റെ കരങ്ങൾ’ എന്നും മറ്റുമുള്ള ആലങ്കാരികവും വസ്തുതാവിരുദ്ധവുമായ പ്രകടപരതകളിൽ നിന്നും മാറിനിന്നു കൊൽക്കത്തയിലെ പ്രസ്തുത സംഭവത്തെ മനുഷ്യത്വത്തിന്റെ ആംഗിളിൽനിന്നും മാത്രം പരിഗണിച്ചാൽ മതിയെന്ന് വിനീതമായി പറഞ്ഞോട്ടെ!
പോക്‌സോ നിയമനിർമാണത്തിന് ഹേതുവായ ദൽഹി നിർഭയ കേസിന് ശേഷം രാജ്യത്തെ നടുക്കിയ ഈ സംഭവത്തെ മാധ്യമങ്ങളും പൊതുസമൂഹവും എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നാലോചിക്കുമ്പോൾ പറയാൻ തോന്നുന്നത് ഇത്രമാത്രമാണ്: ‘ഞാൻ ഡോക്ടർ...ക്ഷമിക്കണം, ജോലി ചെയ്ത് വേതനം പറ്റുന്ന വെറുമൊരു ശമ്പളക്കാരൻ മാത്രം.’
ആലോചിക്കുക, സ്വാതന്ത്ര്യം നേടിയതിന്റെ 78ാമത് വാർഷികം നാം ഒരുവശത്ത് ആഘോഷിക്കുമ്പോൾ മറുവശത്ത് പ്രസ്തുത സംഭവത്തിന്റെ സാഹചര്യത്തിൽ അസമിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജ് തലവൻ തന്റെ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സർക്കുലറിൽ പറയുന്നത് ‘വൈകീട്ട് ആറുമണിക്ക് ശേഷം കോളേജ് ക്യാമ്പസിൽ പെൺകുട്ടികളും സ്ത്രീകളും അത്യാവശ്യത്തിനല്ലാതെ നടക്കേണ്ടതില്ല’ എന്നാണ്! ഇനിയും സുരക്ഷയുറപ്പാക്കാൻ ഞങ്ങൾക്ക് തീരുമാനമില്ല എന്ന് വ്യംഗ്യമായി വായിച്ചെടുക്കാം.
ജനത്തെ സേവിക്കാനും സംരക്ഷിക്കാനും ബാധ്യതപ്പെട്ടവർക്ക് സ്വന്തത്തെ സംരക്ഷിക്കുക എന്നത് മറ്റൊരു ‘ബാധ്യതയായി’ മാറുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല എന്നത് മനസ്സിലാക്കി മെഡിക്കൽ രംഗത്തുള്ള പ്രതിഷേധക്കാരോടൊപ്പം സാധാരണക്കാരും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് പ്രതിഷേധത്തിൽ ശക്തമായി പങ്കാളികളാകണം. ഒരുപക്ഷേ, അതാകും നിങ്ങൾക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരായവരോട് നൽകാൻ കഴിയുന്ന ഏറ്റവും വലിയ നന്ദി.
(എം ഇ എസ് മെഡിക്കൽ കോളേജ് മൂന്നാം വർഷ ബിരുദവിദ്യാർഥിയാണ് ലേഖകൻ)
