ദാനധർമത്തിന്റെ സദ്ഫലങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 മാർച്ച് 23, 1445 റമദാൻ 13

അല്ലാഹു വിന് ഏറ്റവും ഇഷ്ടപ്പെട്ട സൽകർമങ്ങളിൽ ഒന്നായ ദാനധർമത്തിന് ഐഹികവും പാരത്രികവുമായ ഒട്ടേറെ നേട്ടങ്ങളുണ്ട്. പരീക്ഷണങ്ങളെ തടയാനുളള ഒരു രക്ഷാകവചമായി ഇസ്‌ലാം പഠിപ്പിക്കുന്നത് ദാനധർമങ്ങളുടെ നിർവഹണമാണ്.

നബിﷺ പറഞ്ഞു: “നിങ്ങൾ ദാനധർമങ്ങൾ നേരത്തെ ചെയ്യുക. കാരണം പരീക്ഷണം ദാനധർമത്തെ താണ്ടിക്കടക്കുകയില്ല’’ (ബൈഹക്വി).

പരീക്ഷണങ്ങൾ കടന്നുവരുന്നതിനെ തടയാനുളള ഒരു തടസ്സമായിട്ടാണ് പ്രവാചകൻﷺ സ്വദക്വയെ ഉപമിക്കുന്നത്. അതിനെ താണ്ടിക്കടന്ന് നമ്മിലേക്ക് വരാൻ പരീക്ഷണത്തിനാകുകയില്ലെന്നാണ് ഈ തിരുവചനം വ്യക്തമാക്കുന്നത്. തിന്മകളെ തടയാൻ സ്വദക്വയിലൂടെ സാധിക്കുമെന്ന് മറ്റൊരു ഹദീസും സൂചിപ്പിക്കുന്നുണ്ട്, നബിﷺ പറഞ്ഞു: “ദാനധർമം തിന്മയുടെ എഴുപത് കവാടങ്ങളെ തടയുന്നു’’ (ത്വബ്‌റാനി).

തിന്മകളിൽനിന്ന് മോചനം നേടാൻ മാത്രമല്ല, നാം ഏറെ ഭയപ്പെടുന്ന ദുർമരണത്തിൽനിന്നും രക്ഷ പ്പെടുന്നതിനുളള മാർഗവുമാണ് സ്വദക്വ. നബിﷺ പറഞ്ഞു: “തീർച്ചയായും സ്വദക്വ രക്ഷിതാവിന്റെ കോപത്തെ കെടുത്തുന്നു, ദുർമരണത്തെ തടയുന്നു’’ (തിർമുദി).

തിന്മകളെയും പരീക്ഷണങ്ങളെയും ദുർമരണത്തെയും തടയാൻ മാത്രമല്ല; രോഗങ്ങളെ തടയാനും ദാനധർമം ഉപകരിക്കും.

നബിﷺ പറഞ്ഞു: “നിങ്ങളുടെ രോഗികളെ നിങ്ങൾ സ്വദക്വകൊണ്ട് ചികിത്സിക്കുക. നിങ്ങളുടെ സമ്പത്തിനെ നിങ്ങൾ സകാത്തുകൊണ്ട് സംരക്ഷിക്കുക. പരീക്ഷണത്തിന് നിങ്ങൾ പ്രാർഥനകൊണ്ട് സജ്ജമാകുക’’ (ബൈഹക്വി).

ദാനധർമങ്ങൾ അത് നൽകുന്ന വ്യക്തികളുടെ മനസ്സിന് അനിർവചനീയമായ ഒരു സംതൃപ്തി പ്രദാനം ചെയ്യുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് പരലോകത്തെ പ്രതിഫലത്തിൽ വിശ്വാസമില്ലാത്തവരും ദാനധർമങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മുഴുകുന്നത്. പുണ്യം മനസ്സിന് സമാധാനം ഉണ്ടാക്കുന്നതാണെന്ന് പ്രവാചകനും പ്രസ്താവിച്ചിട്ടുണ്ട്. പാരത്രികമായി ദാനധർമത്തിന് അനവധി നേട്ടങ്ങളുണ്ട്. പാപങ്ങൾ തുടച്ചുനീക്കാൻ അതിലൂടെ സാധ്യമാകും.

നബിﷺ പറഞ്ഞു: “നിങ്ങൾ ഒരു ഈത്തപ്പഴം കൊണ്ടെങ്കിലും ദാനം ചെയ്യുക. കാരണം, അത് വിശക്കുന്നവന് ശമനം നൽകുകയും പാപങ്ങൾ കെടുത്തിക്കളയുകയും ചെയ്യും; വെളളം തീ കെടുത്തുന്നത് പോലെ’’ (ജാമിഉസ്സഗീർ). നിസ്സാര വസ്തുവും ദാനമായി നൽകാം എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

സകാത്തിനെ സംബന്ധിച്ചിടത്തോളം, ഒരു നിശ്ചിത വരുമാനമുളളവൻ ഒരു കൃത്യമായ വിഹിതം മാത്രമെ നൽകേണ്ടതുളളൂ. സ്വദക്വ ഒരു വ്യക്തിയുടെ കഴിവും മനഃസ്ഥിതിയും അനുസരിച്ച് എത്ര കുറവായാലും കൂടുതലായാലും നൽകാവുന്നതാണ്. ഉമർ(റ) സമ്പത്തിന്റെ പകുതിയും അബുബക്ർ(റ) സമ്പത്ത് മുഴുവനും ദാനം നൽകിയ സംഭവം പ്രസിദ്ധമാണ്. ഇല്ലാത്തവൻ പ്രയാസപ്പെട്ട് കൊടുക്കുമ്പോൾ അത് കൂടുതൽ മഹത്തരമായിത്തീരും.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഏത് ദാന ധർമമാണ് ഏറ്റവും ഉത്തമം?’’ നബിﷺ പറഞ്ഞു: “കുറവുള്ളവന്റെ പരിശ്രമം. നിന്റെ ആശ്രിതരിൽ നിന്ന് നീ ആരംഭിക്കുക’’ (ഇബ്‌നു ഖുസൈമ).

ദാനധർമമായി ഭക്ഷണപാനീയങ്ങളോ വസ്ത്രമോ നൽകുകയാണെങ്കിൽ അവയ്ക്ക് മഹത്തായ പ്രതിഫലം പരലോകത്ത് ലഭ്യമാകും.

നബിﷺ പറഞ്ഞു: “ഏതെങ്കിലും ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് വിശപ്പിന് ഭക്ഷണം നൽകിയാൽ അന്ത്യദിനത്തിൽ അല്ലാഹു അവന് സ്വർഗത്തിലെ ഫലങ്ങളിൽനിന്ന് ഭക്ഷണം നൽകും. ഏതെങ്കിലും ഒരു വിശ്വസി മറ്റൊരു വിശ്വാസിയുടെ ദാഹത്തിന് വെള്ളം നൽകിയാൽ അല്ലാഹു അന്ത്യദിനത്തിൽ സ്വർഗീയ പാനീയത്തിൽനിന്നും അവനെ കുടിപ്പിക്കും. ഏതെങ്കിലും ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ നഗ്‌നതക്ക് ധരിപ്പിച്ചാൽ അല്ലാഹു സ്വർഗീയ ഹരിതപ്പട്ട് അവനെ ധരിപ്പിക്കും’’ (അഹ്‌മദ്).

അന്ത്യദിനത്തിൽ അർശിന്റെ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തിൽ ഒന്ന് രഹസ്യമായി ദാനം ചെയ്യുന്നവനാണ്.

“ഒരാൾ ഒരു ദാനധർമം നൽകി, എന്നിട്ട് അത് മറച്ചുവെച്ചു. വലതുകൈ ചെലവഴിച്ചത് ഇടതുകൈ അറിയാത്തവണ്ണം’’ (ബുഖാരി).

സ്വദക്വ ചെയ്യുന്നവർക്ക് പ്രവേശിക്കുന്നതിനായി സ്വർഗത്തിൽ ഒരു പ്രത്യേക കവാടം തന്നെയുണ്ടെന്നും ഹദീസുകളിൽ കാണാം.

സമ്പത്ത് ദാനമായി നൽകിയാൽ അതിൽ കുറവ് വരുമെന്ന ഭീതിയാണ് പലരെയും സ്വദക്വയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ സ്വദക്വ ഒരിക്കലും ധനത്തിൽ കുറവ് വരുത്തുകയില്ല.

നബിﷺ പറഞ്ഞു: “സ്വദക്വ സമ്പത്തിന് ഒരു കുറവും വരുത്തുകയില്ല. വിട്ടുവീഴ്ച ചെയ്യുന്ന ദാസന് അല്ലാഹു പ്രതാപമല്ലാതെ വർധിപ്പിക്കുകയില്ല, അല്ലാഹുവിന് വേണ്ടി ആർ വിനയം കാണിച്ചാലും അല്ലാഹു അവനെ ഉയർത്താതിരിക്കില്ല’’ (മുസ്‌ലിം).

ചെലവഴിക്കുന്നവർക്ക് വേണ്ടി അല്ലാഹു ചെലവഴിക്കുമെന്ന് ഒരു ക്വുദ്‌സിയായ ഹദീസിൽ കാണാം.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദം, നബിﷺ പറഞ്ഞു: “അല്ലാഹു പറഞ്ഞു: ‘ആദമിന്റെ പുത്രാ! നീ ചെലവഴിക്കൂ, നിന്റെ മേൽ ഞാൻ ചെലവഴിക്കും’’ (ബുഖാരി).

ചെലവഴിക്കുന്നവർക്ക് പകരം നൽകാൻ മലക്കുകൾ ദിനേന പ്രാർഥിച്ചു കൊണ്ടിരിക്കുമെന്ന ഹദീസ് പ്രസിദ്ധമാണ്. നമ്മൾ എന്തു ചെലവഴിച്ചാലും അല്ലാഹു അതിന് പകരം നൽകുമെന്ന് ക്വുർആൻ വാഗ്ദാനം ചെയ്യുന്നുണ്ട്:

“നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ’’ (സബഅ് 39).