റമദാനും പെരുന്നാളും: ചില വികലവാദങ്ങൾ ഒരു വിശകലനം
ഇബ്നു മുഹമ്മദ് മലപ്പുറം
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

വിശുദ്ധ റമദാനും പെരുന്നാളും ഭംഗിയായി അവസാനിച്ചു. ശരീഅത്തനുസരിച്ച് നോമ്പു നോറ്റവർക്ക് 29 നോമ്പ് ലഭിച്ചു. അവർ ശരീഅത്തനുസരിച്ച് പെരുന്നാളും ആഘോഷിച്ചു. ഈ റമദാനിൽ ഉയർന്ന ചില അപശബ്ദങ്ങൾ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട് എന്നു തോന്നിയതിനാലാണ് ഈ കുറിപ്പ്.
ന്യൂമൂൺ അടിസ്ഥാനമാക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന വികലവാദക്കാർ ആകെ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങളാണ് ശഅ്ബാനിന്റെയും റമദാനിന്റെയും അവസാന ഭാഗങ്ങൾ. ഇത്തവണയും അതുണ്ടായി. ലോക മുസ്‌ലിംകളുടെ നോമ്പും ഈദും ഒന്നാക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർ പക്ഷേ, തങ്ങളുടെ തലതിരിഞ്ഞ വാദംമൂലം സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട് പരിഹാസ്യരാവുന്ന അവസ്ഥ ഇത്തവണയും ഉണ്ടായി. അറിഞ്ഞിടത്തോളം, ഈ വർഷം ചൊവ്വാഴ്ച ഈദുൽ ഫിത്വ‌്ർ ആഘോഷിച്ച ഏകവിഭാഗം കേരളത്തിലെയും തമിഴ്‌നാട്ടിലെയും അംഗുലീപരിമിതരായചില അലി മണിക്ഫാൻ അനുകൂലികൾ മാത്രമാണ്. മുസ്‌ലിംകളുടെ കൂടെ ആഘോഷം പങ്കിടാൻ അവർക്കു സാധിച്ചില്ല. റമദാനിലെ പകലിൽ പെരുന്നാൾ ആഘോഷിക്കുകയും ചെയ്തു!
മണിക്ഫാൻ ആശയക്കാരെ പ്രത്യക്ഷത്തിൽ എതിർക്കുകയും ഭാഗികമായി അവരുടെ വാദത്തിന് സമാനമായ, ശരീഅത്ത് വിരുദ്ധമായ വാദം ഉന്നയിക്കുകയും ചെയ്യുന്ന മർകസുദ്ദഅ്‌വ വിഭാഗമാണ് മറ്റൊരുദുരന്തം! മാസം ഉദിച്ചാൽ മതി, കാണേണ്ടതില്ല എന്ന, അധികം പ്രായമില്ലാത്ത പിഴച്ച വാദമാണ് ഇവരുടെത്! അതുപ്രകാരം മാർച്ച് 10ന് 8 മിനുട്ട് ചക്രവാളത്തിൽ ചന്ദ്രൻ ഉള്ളതിനാൽ പിറ്റേദിവസം റമദാൻ ഒന്നായി ഈ വിഭാഗം പ്രഖ്യാപിച്ചു! അതേസമയം കേരളത്തിലെവിടെയും അന്ന് പിറ കണ്ടിരുന്നില്ല. കാണാത്ത ചന്ദ്രനെ (Black Moon) അടിസ്ഥാനമാക്കുന്ന മണിക്ഫാൻ വിഭാഗവും മറഞ്ഞ ചന്ദ്രനെ അടിസ്ഥാമാക്കുന്ന മർകസുദ്ദഅ്‌വക്കാരും തത്ത്വത്തിൽ ഒരു ആശയമാണ് പറയുന്നത്. രണ്ടും ശരീഅത്ത് വിരുദ്ധം!
ഈ ജാള്യത മറയ്ക്കാൻ സൗദിയിലെ ഹിലാലിനെ ഹലാലാക്കുകയാണ് പിന്നീട് ചെയ്തത്! അതു പക്ഷേ, കൂടുതൽ പരിഹാസ്യരാകുവാൻ വക നൽകുകയാണ് ചെയ്തത്! കാരണം, അതുമൂലം എന്താണ് ശരിക്കും മർകസുദ്ദഅ്‌വക്കാരുടെ ഈ വിഷയത്തിലെ വാദം എന്നതിൽ കൂടുതൽ അവ്യക്തത വന്നു.
ലോകത്ത് എവിടെയെങ്കിലും കണ്ടാൽ മതി എന്നാണോ? എങ്കിൽ പിന്നെ എന്തിനാണ് മക്കയിൽ കാണുന്നതിന്റെ രണ്ടര മണിക്കൂർ മുമ്പ് തന്നെ റമദാൻ ഉറപ്പിച്ചത്? ഇനി അതല്ല, ഉദയമുണ്ടായാൽ മതി, കാണണം എന്നില്ല എന്നാണോ? എങ്കിൽ പിന്നെ എന്തിനാണ് സൗദി ഹിലാലിനെ ഇവിടേക്ക് കയറിട്ടു വലിച്ചിഴച്ചത്? ആകെ കൺഫ്യൂഷൻ!
ഈ വിഷയത്തിലെ ഇവരുടെ പരിഹാസ്യമായ നിലപാടു കാരണം തിങ്കളാഴ്ച നോമ്പെടുക്കാത്ത ചില മർകസുദ്ദഅ്‌വ പ്രവർത്തകരെ ഈ കുറിപ്പുകാരന് വ്യക്തിപരമായി അറിയാം. ഈ കൺഫ്യൂഷൻ കുറച്ചുകാലമായി മർകസുദ്ദഅ്‌വക്കാരുടെ മുഖമുദ്രയാണ്. ഒരു സംഘടനയിൽ പെട്ടവർതന്നെ മൂന്നു ദിവസങ്ങളിലായി പെരുന്നാൾ കഴിച്ച ദുരന്തം മുൻവർഷങ്ങളിൽ ഇവർക്ക് ഉണ്ടായതും ഈ കൺഫ്യൂഷൻ കാരണമാണ്. പ്രവർത്തകരിൽ ഒരു വിഭാഗം മണിക്ഫാൻ ആശയങ്ങളുമായി ‘ആഭിമുഖ്യം’ പുലർത്തുന്നവരാണ് എന്നതും ഇവരുടെ സംഘടനയിലെ വലിയൊരു പ്രതിസന്ധിയാണ്. മാസം കാണാതെ കിട്ടിയതും കൂട്ടി റമദാൻ 30 കിട്ടി എന്നതാണത്രെ ഇവരുടെ ആശ്വാസം! വല്ലാത്ത ആശ്വാസം തന്നെ! മാസം കാണാതെ കിട്ടിയത് റമദാനിലേക്ക് അന്യായമായി വരവുവച്ചപ്പോൾ മാസം കാണാതെ പെരുന്നാൾ ഉറപ്പിക്കുക എന്ന അന്യായം കൂടി ഇവർക്ക് സംഭവിച്ചു! സുന്നത്തനുസരിച്ച് നോമ്പു നോറ്റവർക്ക് റമദാനിന്റെ പ്രതിഫലത്തിൽനിന്ന് ഒരുതരിമ്പും കുറവ് വരില്ല. എന്നാൽ മാസം കാണാതെ റമദാനും ശവ്വാലും തീരുമാനിച്ചതിലൂടെ പ്രത്യക്ഷമായ രണ്ട് ഹറാമുകൾ അവർക്ക് സംഭവിച്ചു! ഈ വിശുദ്ധ റമദാനിലെ ഈ ‘നേട്ടം’ പ്രമാണം കൈവിട്ട ഇവർക്ക് (എല്ലാവർക്കും അല്ല) മാത്രം ലഭിച്ചതാണ്. റബ്ബിലേക്ക് തൗബ ചെയ്തു മടങ്ങുക എന്നു മാത്രമെ പറയാനുള്ളൂ.
കണക്കു നോക്കി ശഅ്ബാൻ കണക്കാക്കിയ സിഡി ടവറുകാർ റമദാനിലേക്ക് പ്രവേശിച്ചത് കണക്കിലൂടെ തന്നെയാണ്! എല്ലാ വർഷവും ശഅ്ബാൻ 30 തികക്കുക എന്ന അപൂർവ ‘സൗഭാഗ്യം’ കണക്കിനെ കൂട്ടുപിടിക്കുന്ന ഇവർക്ക് ലഭിക്കുന്നതാണ്.
റമദാൻ മാസപ്പിറവിയുടെ അടിസ്ഥാനത്തിലോ, ശഅ്ബാൻ മാസം ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ 30 തികച്ചോ ആണ് സുന്നത്തനുസരിച്ച് റമദാനിലേക്ക് പ്രവേശിക്കേണ്ടത്. കുറച്ചുകാലമായി ഈ സുന്നത്ത് സിഡി ടവറുകാർക്ക് ലഭിക്കാറില്ല. എല്ലാ മാസവും നോക്കിയാൽ ദിവസത്തിന്റെ എണ്ണം കൂടും എന്നു പറഞ്ഞ് 9 മാസം കണക്കിന്റെ പിന്നാലെ പോയതിന്റെ ഫലമാണ് ഈ ദുരന്തം! എന്നാൽ 9 മാസം കണക്ക് നോക്കിയവരും എല്ലാ മാസവും നിരീക്ഷിക്കുന്നവരും എല്ലാ വർഷവും നോമ്പും പെരുന്നാളും ഒന്നിച്ചുതന്നെയാണ് കഴിക്കുന്നത്! അതിനർഥം എല്ലാ മാസവും നിരീക്ഷിക്കുന്നതിനാൽ ഒരു ദിവസം പോലും വർധിച്ചിട്ടില്ല എന്നല്ലേ? ഇക്കാര്യം സിഡി ടവറുകാർക്ക് അംഗീകരിക്കാൻ ഇനി എന്താണ് തടസ്സമുള്ളത്?
അനാവശ്യ ഈഗോകൾ കാരണം നബിﷺ പഠിപ്പിച്ച സുന്നത്തിനെ അവഗണിക്കുന്നത് ഗൗരവമുള്ള കാര്യമല്ലേ? എല്ലാമാസവും നോക്കരുത് എന്ന നിലപാട് ഒരു കാലത്തും മുജാഹിദുകൾ സ്വീകരിച്ചിട്ടില്ല. ഇപ്പോൾ എല്ലാ മാസപ്പിറവികളും സുന്നത്തനുസരിച്ച് മുജാഹിദുകൾ നിരീക്ഷിക്കുന്നതിന് ഒരു തടസ്സവുമില്ല എന്നിരിക്കെ, നബിﷺയുടെ കാലം മുതലുള്ള പ്രസ്തുതചര്യയെ എല്ലാവരും സ്വീകരിച്ചാൽ, യാതൊരുവിധ സമ്മർദങ്ങളുമില്ലാതെ മാസപ്പിറവി വിഷയം പരിഹരിക്കപ്പെടുന്നതാണ്.
കാഴ്ചയെ മാനദണ്ഡമാക്കുന്നവരെ അവഗണിച്ച് കണക്കുമാത്രം നോക്കിയുള്ള മുൻകൂട്ടി പ്രഖ്യാപനങ്ങൾ പലപ്പോഴും അനാവശ്യ വിവാദങ്ങൾക്ക് വഴിതെളിയിക്കാം. സൂര്യാസ്തമയത്തിനു മുമ്പേ ‘അസ്തമിച്ച ചന്ദ്രനെ’ കണ്ടതായി അവകാശപ്പെട്ട് സമുദായത്തിന്റെ ആരാധനകൾകൊണ്ട് ചില ക്വാദിമാർ ഗ്രൂപ്പിസം കളിച്ചപ്പോഴാണ് ഈ വിഷയത്തിൽ മുജാഹിദുകൾ ഇടപെട്ടത്. അത് ഫലം കണ്ടിട്ടുണ്ട്. ഇല്ലാത്ത ചന്ദ്രനെ ‘കാണാൻ’ ഒരാൾക്കും ഇന്ന് ധൈര്യമില്ല! എന്നിരിക്കെ, എല്ലാവരും എല്ലാ മാസവും പിറവി നോക്കി തീയതി തീരുമാനിക്കുന്ന അവസ്ഥയാണ് ആവശ്യം. അതിനെക്കുറിച്ചാണ് സിഡി ടവറുകാർ കാര്യമായി ചിന്തിക്കേണ്ടത്.
പെരുന്നാളിന് മക്കയിലെ പിറവി നോക്കി കേരളത്തിൽ ‘റമദാനിൽ പെരുന്നാൾ ആഘോഷിച്ച്’ തങ്ങളുടെ സംഘത്തിന്റെ (സംഘടന എന്ന് പറയുന്നത് ഇവർക്ക് ഹറാം!) ശക്തി കാണിക്കാം എന്ന് കരുതി ഈദ്ഗാഹുകൾക്ക് പരസ്യം നൽകിയവർ നിരാശരായ ഒരു പെരുന്നാളായിരുന്നു ഇത്. ഇവിടുത്തെ മുസ്‌ലിംകൾ ഒന്നിച്ച് ശരീഅത്തിന് വിരുദ്ധമല്ലാത്ത രീതിയിൽ നോമ്പും പെരുന്നാളും തിരുമാനിക്കുമ്പോൾ; മക്കയിലെ ഹിലാലിനെ അടിസ്ഥാനപ്പെടുത്തി (പറയുന്നത് ലോകത്ത് എവിടെ കണ്ടാലും എന്നാണ്. പക്ഷേ, സ്വീകരിക്കുന്നത് മക്കയിലേത് മാത്രവും!) കേരളത്തിൽ ഭിന്നിപ്പിന്റെ നോമ്പും പെരുന്നാളും കഴിക്കുന്നവരും പുനരാലോചന നടത്തേണ്ടതുണ്ട്.
ഉള്ള നാലാളുതന്നെ മാസപ്പിറവിയുടെ വിഷയത്തിൽ ഭിന്നിച്ച് നാലു കക്ഷികളായി തിരിഞ്ഞ് പോരടിക്കുന്ന അവസ്ഥക്ക് അന്ത്യം കുറിക്കാൻ അതിലൂടെ കഴിയും. അംഗുലീപരിമിതരായ അനുയായികളെയും കൊണ്ട് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ‘വിഘടിത ഈദ്ഗാഹുകൾ’ മൂലം സലഫീവിരുദ്ധർക്ക് യഥാർഥ സലഫികളെ താറടിക്കാനുള്ള അവസരവും ഇതിലൂടെ ഇല്ലാതാക്കാനാവും!
