ഹദീസ് വിരോധത്തിലെ അപകടങ്ങൾ 4

ദുൽക്കർഷാൻ അലനല്ലൂർ

2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

ഹദീസുകളെയും ക്വുർആനിലെ ചില ചരിത്രസംഭവങ്ങളെയും ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ച് രംഗത്തു വന്ന പണ്ഡിതനാണ് സി.എൻ അഹ്‌മദ് മൗലവി. പ്രബോധനത്തിന് ഒരു പുതിയ രീതി ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം ഇതിലൂടെ. ഇതിന്റെ ഭാഗമായി പ്രവാചകന്മാരുടെ മുഅ്ജിസത്തുകളെയെല്ലാം സ്വന്തം ശൈലിയിൽ വ്യാഖ്യാനിച്ച് വികൃതമാക്കി.

നബിﷺയുടെ മിഅ്‌റാജ് യാത്രയെയും ദജ്ജാലുമായി ബന്ധപ്പെട്ട ഹദീസുകളെയുമെല്ലാം നിഷേധിക്കുന്ന പ്രചാരണമായിരുന്നു സി.എന്നിന്റെത്. അദ്ദേഹം എഴുതി: “ദജ്ജാലിനെപ്പറ്റിയുള്ള ഹദീസുകൾ ആകെ പരിശോധിച്ചാൽ അതൊരു സങ്കൽപകഥ മാത്രമാണെന്ന് വ്യക്തമാകും-ഖബ്‌റിലെ ശിക്ഷ ഖുർആനിന്റെ പ്രഖ്യാപിത സിദ്ധാന്തങ്ങൾക്കു വിരുദ്ധമാകും. ഈസാ നബി അവസാനകാലത്ത് ആകാശത്ത്‌നിന്ന് ഇറങ്ങിവരും. എന്നിട്ട് ക്രിസ്ത്യാനികൾ സൃഷ്ടിച്ചുവെച്ച് പൂജിക്കുന്ന കുരിശും മറ്റും തല്ലിയുടക്കും. അങ്ങിനെ ഭൂമുഖം ശുദ്ധമാക്കിയിട്ടാണദ്ദേഹം മരണപ്പെടുക എന്നും മറ്റും നമ്മുടെ മതഗ്രന്ഥങ്ങളിൽ, വിശ്വാസ സിദ്ധാന്തങ്ങളുടെ കൂട്ടത്തിൽ കടന്നുകൂടിയിട്ടുണ്ടല്ലോ, അതെവിടെനിന്നു വന്നു? ഖുർആനിലു ണ്ടോ? ഇല്ല. ഉള്ളത് നേരെ മറിച്ചാണ്’’ (ബുഖാരി പരിഭാഷ. പേജ്: 158, 1036, 1017).

ഹദീസുകളെ മൊത്തം നിഷേധിച്ചു രംഗത്തുവന്നത് ചേകന്നൂർ മുഹമ്മദ് മൗലവിയാണ്. ഞാനൊരു ഹദീസ് നിഷേധിയാണെന്ന് തുറന്നുപറയാൻ മടിയില്ലാത്തയാളായിരുന്നു അദ്ദേഹം. ഹദീസിനെ സംബന്ധിച്ച് അദ്ദേഹം എഴുതിയത് കാണുക: “ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ വിരചിതമായ ഹദീസ് പുരാണങ്ങളൊന്നും ഇസ്‌ലാമിൽ പ്രമാണമല്ല’’ (ഖുർആൻ ദർശനം, 2002 ഡിസംബർ, പേജ്.18).

ഹദീസുകളെ നിഷേധിക്കുന്നതോടൊപ്പം ഹദീസ് നിവേദനം ചെയ്ത മഹാൻമാരായ സ്വഹാബത്തിനെ തെറിവിളിക്കാനും അദ്ദേഹം മടികാണിച്ചില്ല.

അദ്ദേഹം എഴുതിയത് കാണുക: “മുസ്‌ലിം സമുദായത്തെ മുഴുവൻ താടിത്തന്തമാരും ഹജ്ജിന് ചെല്ലുന്നവരെയെല്ലാം മൊട്ടത്തലയന്മാരുമാക്കണമെന്ന നിർബന്ധമുള്ള മുസ്‌ലിം വിരോധിയാണ് ജൂത മുനാഫിഖായ അബൂഹുറയ്‌റ. താടി നീട്ടാൻ നബി കൽപിച്ചിട്ടുണ്ടെന്ന തന്റെ മുത്തഫഖ് അലൈഹിയായ കള്ള ഹദീസിലൂടെയാണ് മുസ്‌ലിംകളെ മുഴുവൻ താടിവേഷക്കാരാക്കിയത്’’ (ഖുർആനിൽ ഹജ്ജിനുള്ള സ്ഥാനവും രൂപവും, ചേകനൂർ മൗലവി, പേജ് 114).

ഇസ്‌ലാം കാര്യങ്ങളിൽ രണ്ടാമത്തെതും നിർബന്ധമായും ഒരു മുസ്‌ലിം നിർവഹിക്കേണ്ടതുമായ അഞ്ചുനേരത്തെ നമസ്‌കാരത്തെ അദ്ദേഹം മൂന്നു നേരമാക്കി. അക്കാലത്ത് ചേകനൂരിന്റെ വികലവാദങ്ങൾക്കും ഹദീസ് നിഷേധത്തിനുമെതിരിൽ കൃത്യമായ മറുപടി നൽകിയ പണ്ഡിതനാണ് എ.അബ്ദുസ്സലാം സുല്ലമി.

അബ്ദുസ്സലാം സുല്ലമി ചേകനൂരിന് മറുപടി എഴുതുമ്പോൾ പറഞ്ഞ ചില വരികൾ കാണുക: “വിശുദ്ധ ക്വുർആനും നബിചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ. പ്രവാചക ജീവിതത്തിലെ നിരവധി സംഭവങ്ങൾ ഇതിനു തെളിവായി ഉദ്ധരിക്കാൻ സാധിക്കും. ഈ അടിസ്ഥാന തത്ത്വത്തിൽ നിന്നുകൊണ്ടാണ് പില്ക്കാലത്ത് നിദാനശാസ്ത്ര പണ്ഡിതൻമാർ ക്വുർആൻ, ഹദീസ്, ഇജ്മാഅ്, ക്വിയാസ് എന്നിവ പ്രമാണങ്ങളായി എണ്ണിയത്. ഇജ്മാഅ്, ക്വിയാസ് എന്നിവ കർആനിന്റെയും ഹദീസിന്റെയും പുറത്തുള്ള രണ്ടു കാര്യങ്ങളല്ല. ഏതെങ്കിലും വിഷയത്തിൽ ക്വുർആനിലോ ഹദീസിലോ ഖണ്ഡിതമായ വിശദീകരണമില്ലെങ്കിൽ വ്യക്തമായ ക്വുർആനിക ശാസനകളിൽ നിന്ന് പുതിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് ക്വിയാസ്. ഇത്തരം വിഷയങ്ങളിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായമാണ് ഇജ്മാഅ്. വ്യത്യസ്തമായ വേറെ പ്രമാണങ്ങളല്ല ഇവയൊന്നും.

പ്രവാചകന്റെ വിയോഗത്തിനു ശേഷം നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ മുസ്‌ലിം സാമാന്യജനം പ്രമാണങ്ങളിൽ നിന്ന് അകന്നുപോയിത്തുടങ്ങി. ഇതര മതവിഭാഗങ്ങളെപ്പോലെ നാട്ടുനടപ്പും പാരമ്പര്യവും മതമായി മാറിയ സ്ഥിതിവിശേഷം മുസ്‌ലിംകളിലും ഉടലെടുത്തു. പൗരോഹിത്യം മുസ്‌ലിംകൾക്കിടയിലും കടന്നുകൂടി. ഇത്തരം സന്ദർഭത്തിലൊക്കെ മുസ്‌ലിം സമൂഹത്തെ പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും ജീവിതം ക്വുർആനിനും സുന്നത്തിനും അനുരൂപമായി ചിട്ടപ്പെടുത്താനുമുള്ള ആഹ്വാനമായിട്ടാണ് പരിഷ്‌കർത്താക്കളും നവോത്ഥാന നായകന്മാരും രംഗത്തുവന്നുകൊണ്ടിരുന്നത്. ഈ നവോത്ഥാനം (ഇസ്‌ലാഹ്) മുസ്‌ലിംകൾക്കിടയിൽ നൂറ്റാണ്ടുകളായി അനസ്യൂതം തുടരുകയാണ്.

എന്നാൽ ഉത്പതിഷ്ണുത്വത്തിന്റെയും പരിഷ്‌കരണത്തിന്റെയും പേരിൽ ഇസ്‌ലാമിക പ്രമാണനിരാസം ആദർശമായി സ്വീകരിച്ച ചിലയാളുകൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ആകർഷകമായി തോന്നാവുന്ന ചില വാദഗതികൾ ഇത്തരക്കാർ മുന്നോട്ടുവച്ചു പോരുന്നു. ‘അല്ലാഹുവിന്റെ വചനമായ ക്വുർആൻ ഉള്ളപ്പോൾ മറ്റൊരു പ്രമാണത്തിന്റെ ആവശ്യകതയെന്ത്’ എന്നാണ് ഈ വാദത്തിന്റെ ചുരുക്കം. ക്വുർആൻ സ്വീകരിക്കുകയും നബിചര്യ സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ആദർശം. ‘അഹ്‌ലുൽ ക്വുർആൻ’ (ക്വുർആന്റെ ആളുകൾ) എന്ന് ഇവർ സ്വയം നാമകരണം ചെയ്യുന്നു.

യഥാർഥ വസ്തുത എന്താണെന്നുവെച്ചാൽ, പ്രവാചകചര്യയെ നിരാകരിക്കുകവഴി ക്വുർആൻ നിഷേധത്തിലേക്കും ഇസ്‌ലാം നിഷേധത്തിലേക്കുമാണ് ഇവർ എത്തിപ്പെട്ടത്. സാത്വികരായ ചില ആളുകൾ ഇത് നേരാണെന്നു ധരിച്ചു. എന്നാൽ അതിന്റെ അടിത്തറ ഓറിയന്റലിസ്റ്റു ലോബിയുടെ ഇസ്‌ലാം വിരുദ്ധ പ്രചാരണമായിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ഇസ്‌ലാമിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും മുസ്‌ലിംകളുടെ ശക്തമായ മുന്നേറ്റവും കാരണം നില്ക്കക്കള്ളിയില്ലാതായ എതിരാളികൾ ഇസ്‌ലാമിനെ സൈദ്ധാന്തികമായി തുരങ്കം വെച്ച് നക്കിക്കൊല്ലാൻ തീരുമാനിക്കുകയുണ്ടായി. പൗരാണിക ഭാഷ-വിശിഷ്യാ അറബി - പഠിച്ച പാശ്ചാത്യരെ ഓറിയന്റലിസ്റ്റുകൾ എന്നറിയപ്പെടുന്നു. ഇസ്‌ലാമിനെ നേരിട്ടെതിർക്കുന്നതിനുപകരം പ്രമാണങ്ങളിൽ സന്ദേഹം ജനിപ്പിക്കുകയം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് ഇവർ ചെയ്തത്.

ഈ ഓറിയന്റലിസ്റ്റുകൾ കാര്യമായി ചെയ്തത്, നബിചര്യാനിരാകരണമായിരുന്നു. അവർ നിരവധി ‘ഇസ്‌ലാമിക ഗ്രന്ഥങ്ങൾ’ രചിക്കുകയുണ്ടായി. അഹ്‌മദ് അമീൻ, അബൂറയ്യ പോലുള്ള നിരവധി ഓറിയന്റലിസ്റ്റുകൾ മുസ്‌ലിം പണ്ഡിതന്മാരായി അറിയപ്പെട്ടു. ക്വുർആൻ അംഗീകരിക്കുകയും ഹദീസ് തള്ളുകയുമാണ് ഇവർ ചെയത്. അതിനുവേണ്ടി പ്രവാചകനെ വാനോളം പുകഴ്ത്തുകയും സ്വഹാബിമാരെ നിശിതമായി ഭത്സിക്കുകയും ചെയ്തു. സ്വഹാബി പ്രമുഖരെ ഇകഴ്ത്തൽ ജീവിത ശൈലിയാക്കിയ ശിയാക്കളുടെ വാദഗതികൾ ഇവർക്ക് തുണയാകുകയും ചെയ്തു. ഹദീസിന്റെ പ്രാമാണികത നിഷേധിക്കുകയാണിവർ ആദ്യം ചെയ്തത്. ക്വുർആനെ തൊട്ടുകളിച്ചാൽ മുസ്‌ലിംകൾ വെറുതെയിരിക്കുകയില്ലെന്നവർക്കറിയാം. നബിചര്യയാകട്ടെ, സാധാരണക്കാർക്ക് അറിയുകയുമില്ല.

ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിമർശനങ്ങളെ നേരിട്ടുകൊണ്ടാണ് മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയ മഹാരഥന്മാർ ഈജിപ്തിൽ ഇസ്‌ലാഹുമായി രംഗത്തുവന്നത്. മുസ്ത്വഫാ സബാഈ എന്ന മഹാപണ്ഡിതൻ അസ്സുന്നഃ വമകാനതുഹാ ഫിത്തശ്‌രീഇൽ ഇസ്‌ലാമി എന്ന തന്റെ ഗ്രന്ഥത്തിൽ ഓറിയന്റ ലിസ്റ്റുകളുടെ വാദങ്ങൾക്ക് കൃത്യമായി മറുപടി പറയുന്നുണ്ട്. മുഹമ്മദ് അമാനി മൗലവി പ്രസ്തുത പുസ്തകം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടുത്ത യാഥാസ്ഥിതികത കൊടികുത്തിവാണിരുന്ന കേരളത്തിൽ പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ ഇസ്‌ലാഹി പ്രസ്ഥാനം, മുസ്‌ലിംകൾക്ക് തങ്ങളുടെ പ്രമാണം ക്വുർആനും നബിചര്യയുമാണെന്ന ബോധമുണ്ടാക്കി. അതിനിടയിലാണ് മേൽപറഞ്ഞ ഓറിയന്റലിസ്റ്റ് വാദമുഖങ്ങളുമായി ഇവിടെ ചിലർ രംഗത്തുവന്നത്. പികെഎം അബുൽ ഹസൻ എന്ന ഒരാളാണ് ഈ ചിന്താഗതി ഇവിടെ പ്രചരിപ്പിച്ചത്. പിന്നീട് ഇദ്ദേഹം ചേകന്നൂർ മൗലവി എന്നറിയപ്പെട്ടു. ഇസ്‌ലാമിനെ ആധുനിക കാലഘട്ടത്തിൽ ശാസ്ത്രീയമായി അവതരിപ്പിക്കുന്നു എന്ന വ്യാജേന അദ്ദേഹം രൂപീകരിച്ച ‘മോഡേൺ ഏജ് സൊസൈറ്റി’ യിൽ സാത്വികരായ പലരും പങ്കാളികളായി. എന്നാൽ ഇതിന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കിയവർ വൈകാതെ അതിൽനിന്നു പിന്തിരിഞ്ഞപ്പോൾ ഏകാംഗ സൊസൈറ്റിയായി അതു മാറി.

കേരള മുസ്‌ലിംകൾക്കിടയിൽ ‘പ്രമാണനിരാസ വാദം’ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ക്വുർആനും സുന്നത്തും മനസ്സിലാക്കിയ കേരളീയർ ഈ വലയിൽ വീണില്ല; മതാചരണം പ്രയാസകരമായ ചില ഒറ്റയാൻമാരൊഴികെ. നിരവധി തവണ തങ്ങളുടെ വാദങ്ങൾ മാറ്റിയും തിരുത്തിയും പറഞ്ഞ ഇവർ, ഒടുവിൽ തുറന്നുപറയാൻ തുടങ്ങി. ഹദീസ് പ്രമാണമല്ലെന്നും സ്വഹാബിമാർ കൊള്ളരുതാത്തവരാണെന്നും മറ്റുമുള്ള നൂതനവാദം ആദ്യം കേട്ടപ്പോൾ കേരളക്കര അമ്പരന്നുപോയെങ്കിലും ഇത് അബൂറയ്യയും സംഘവും മുമ്പ് പറഞ്ഞതിന്റെ തനിയാവർത്തനവും ഓറിയന്റലിസത്തിന്റെ മലയാളപ്പതിപ്പും മാത്രമാണെ ന്ന് കേരള മുസ്‌ലിംകൾ തിരിച്ചറിഞ്ഞു.

ക്വുർആൻ അംഗീകരിക്കുകയും പ്രവാചകചര്യ നിരാകരിക്കുകയും ചെയ്യുക മൂലം ഫലത്തിൽ ക്വുർആനിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. വൈരുധ്യമെന്നു പറയട്ടെ, ഈ ആദർശ പ്രചാരണത്തിന് ‘ക്വുർആൻ സുന്നത്ത് സൊസൈറ്റി’ എന്നാണ് ഇവർ പേരു നല്കിയത്. പത്രപ്രസിദ്ധീകരണങ്ങളും നിരവധി പുസ്തകങ്ങളും ഇവർ പുറത്തിറക്കിയിട്ടുണ്ട്. യാതൊരു തത്വദീക്ഷയും മറുപക്ഷ ആദരവും കാണിക്കാതെ നാലാംതരം (തറ) നിലവാരത്തിൽ ഇസ്‌ലാമിന്റെ വിശ്വാസചാര അനുഷ്ഠാനങ്ങൾ ഒന്നൊന്നായി പിച്ചിച്ചീന്തി നടുറോട്ടിലിട്ട് കാൽക്കീഴിൽ ചവിട്ടിയരക്കുന്ന രീതിയിലാണ് അവയിലെ ഓരോന്നിലെയും പ്രതിപാദനങ്ങൾ. ഇസ്‌ലാമിന്റെ ശത്രുക്കളിൽനിന്ന് അച്ചാരം വാങ്ങി ആരുടേയോ കയ്യടിക്കുവേണ്ടി എന്തൊക്കെയോ പറഞ്ഞുകൂട്ടുന്നു. സൽമാൻ റുശ്ദി പ്രവാചകനെ ആക്ഷേപിച്ചതും ഡെൻമാർക്ക് പത്രം പ്രവാ ചകനെ നിന്ദിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതും മുസ്‌ലിംലോകം വലിയ ഗൗരവമായി കണ്ടു. എന്നാൽ മുസ്‌ലിംകൾ എന്നു സ്വയം വാദിക്കുന്ന ഒരു ഗ്രൂപ്പിൽ നിന്ന് പ്രവാചകനെയും അനുയികളെയും ഇത്രമേൽ രൂക്ഷമായി, ആദർശമെന്ന വ്യാജേന, ശകാരിക്കുന്നത് നോക്കി നില്ക്കാൻ യഥാർഥ മുസ്‌ലിമിന് കഴിയില്ല’ (ഹദീസ് നിഷേധികൾക്ക് മറുപടി, എ.അബ്ദുസ്സലാം സുല്ലമി, പേജ്: 4-7)

അദ്ദേഹത്തിന്റെ രചനയിൽ നിന്ന് ഇത്രയും ഉദ്ധരിക്കാൻ കാരണമുണ്ട്. 2002നു ശേഷം കേരളത്തിലെ പ്രബോധന പ്രവർത്തന മേഖല പരിശോധിച്ചുനോക്കിയാൽ എ.അബ്ദുസ്സലാം സുല്ലമി എഴുതിയ ഈ വരികളെല്ലാം അദ്ദേഹത്തിന്റെ പിന്നീടുള്ള നിലപാടുകളെയും മർകസുദ്ദഅ്‌വ എന്ന സംഘത്തെയും ഉദ്ദേശിച്ചുള്ളതാണ് എന്ന് തോന്നിപ്പോകും. പ്രത്യേകിച്ച് മുകളിലെ വരികളിൽ അടിവരയിട്ട ഭാഗം.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പണ്ഡിതന്മാർ ഒരു സമുദായത്തെ തളച്ചിട്ടിരുന്ന കാലഘട്ടത്തിൽ യഥാർഥ വിശ്വാസത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും സമുദായത്തെ നയിക്കാൻ അരയും തലയും മുറുക്കി രാവും പകലും അശ്രാന്തപരിശ്രമം നടത്തിയവരാണ് കേരളത്തിലെ മുജാഹിദ് തറവാട്ടിലെ കാരണവന്മാരും പണ്ഡിതന്മാരും നേതാക്കളും. എന്നാൽ 2002നു തൊട്ടു മുമ്പായി, ഹദീസിന്റെ വിഷയത്തിൽ രോഗം ബാധിച്ച ചിലർ തലപൊക്കി. അവർ അവരുടെ നയങ്ങളും വാദങ്ങളും പതുക്കെ പതുക്കെ സന്ദർഭോചിതം സമൂഹത്തിൽ പ്രചരിപ്പിച്ചു തുടങ്ങി. കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന മാതൃസംഘടനക്കകത്ത് പലപ്പോഴായി കുത്തിത്തിരിപ്പും കുഴപ്പങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നവർ (1987 മുതൽ അവർ പിരിഞ്ഞുപോയ 2002 വരെ, നിഷേധിച്ചാൽ നാൾവഴി അടക്കം പറഞ്ഞുതരുന്നതായിരുക്കും) 2002ൽ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ സംഘടനയിൽ നിന്നും പുറത്തുപോയി മറ്റൊരു സംഘടനാ സംവിധാനമുണ്ടാക്കി. അതിന് നേതൃത്വം നൽകുന്നവർക്ക് മുൻപന്തിയിൽ എ.അബ്ദുസ്സലാം സുല്ലമിയും ഉണ്ടായിരുന്നു.

കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) എന്ന സംഘടനക്ക് സമാന്തര സംഘടനാ സംവിധാനങ്ങൾ ഉണ്ടാക്കിയത് ഇവർക്ക് ഹദീസുകളോടുള്ള നിഷേധാത്മക നിലപാടുകൾ പ്രചരിപ്പിക്കാൻ വലിയ സഹായമായി. സംഘടനാ പിളർപ്പിനു മുമ്പും ഇമാം ബുഖാരിയുടെ പരിഭാഷയിലൂടെയും തന്റെ മറ്റു കൃതികളിലൂടെയും ഹദീസ് നിഷേധത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ സുല്ലമി പ്രകടിപ്പിച്ചിരുന്നു. പിന്നീട് കോയക്കുട്ടി ഫാറൂഖിയുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ‘അൽഫനാറി’ലൂടെ സുല്ലമി ഹദീസിന്റെ വിഷയത്തിൽ തന്റെ വികല വാദങ്ങൾ പ്രചരിപ്പിച്ചു. അങ്ങനെ മർകസുദ്ദഅ്‌വയുടെ മെമ്പർമാരിൽ അബൂബക്കർ നസ്സ്വാഫ്, സി.പി.ഉമർ സുല്ലമി, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ, ഡോ.അബ്ദുൽ മജീദ് തുടങ്ങിയവർ സുല്ലമിയുടെ വാദങ്ങൾക്ക് കുടപിടിച്ചു. ഈ ആളുകൾ സുല്ലമിയുടെ വികലവാദങ്ങളെ ഏറ്റുപിടിക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ നാടാകെ ഓടി നടക്കുകയും ചെയ്തു.

(തുടരും)