നന്മ മരങ്ങൾ വളരട്ടെ

മുഹമ്മദ് സ്വാദിഖ് മദീനി

2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

(ഭാഗം:02)

സമൂഹത്തിന് നന്മ ചെയ്യുന്നവർ ഒരിക്കലും ജനങ്ങളിൽനിന്നുള്ള പ്രശംസയോ പത്യുപകാരമോ ആഗ്രഹിച്ചുകൊണ്ടാകരുത് അതിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഭൗതിക ലക്ഷ്യം മുന്നിൽക്കണ്ട് സേവനം ചെയ്യുന്ന ആളുകൾക്ക് ദീർഘകാലം സേവനരംഗത്ത് മുന്നോട്ടുപോകാൻ സാധിക്കുകയില്ല. കാരണം ജനങ്ങൾ സദാസമയവും അവരെ പൂമാലയിട്ട് സ്വീകരിച്ചുകൊള്ളണമെന്നില്ല.

ജനങ്ങൾ തന്നെ കണ്ടറിയുന്നില്ല, എന്റെ നന്മകളെ സമൂഹം പ്രശംസിക്കുന്നില്ല എന്ന് അവർക്ക് ബോധ്യമായാൽ സമൂഹത്തിൽനിന്നും അപ്രത്യക്ഷരാകും. എന്നാൽ എല്ലാം അറിയുന്ന അല്ലാഹു സർവതും കാണുന്നുണ്ടെന്നും അംഗീകാരങ്ങൾ ആരും നൽകിയിട്ടില്ലെങ്കിലും സർവശക്തൻ സ്വർഗം സജ്ജമാക്കി വെച്ചിട്ടുണ്ട് എന്നും ബോധ്യമുള്ളപ്പോൾ നന്മ മരങ്ങൾ പുഷ്പിക്കുകയും മറ്റുള്ളവർക്ക് മധുരിമയാർന്ന കായ്കനികൾ സമ്മാനിക്കുകയും ചെയ്യും. അത്തരം വിശ്വാസികളുടെ വിശേഷണമായി അല്ലാഹു പറഞ്ഞു:

“(അവർ പറയും:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്കു ആഹാരം നൽകുന്നത്. നിങ്ങളുടെ പക്കൽനിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’ (അൽഇൻസാൻ 9).

ഒരുപക്ഷേ, നന്മയുടെ പ്രചാരകരെ കുത്തിനോവിക്കുവാനും അവർക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുവാനും സമൂഹത്തിലെ പലരും തയ്യാറായേക്കും. തങ്ങളുടെ ജനസേവന പ്രവർത്തനത്തിന്റെ പിന്നിൽ ഭൗതികമായ ലക്ഷ്യമാണുള്ളത് എന്ന് എതിരാളികൾ പറഞ്ഞു പരത്തിയേക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു വടവൃക്ഷത്തെ പോലെ ഉറച്ചുനിൽക്കാനും നന്മയിൽ മുന്നേറുവാനും തന്നെ കല്ലെറിയുന്നവർക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കുവാനും സാധിക്കുമ്പോഴാണ് ഒരാളുടെ ഈമാൻ ദൃഢമായിത്തീരുകയും അല്ലാഹുവിന്റെ സഹായം ഉണ്ടാവുകയും ചെയ്യുക.

നബിﷺയുടെ ഭാര്യയും അബൂബക്ർ സ്വിദ്ദീഖിന്റെ മകളും വിശ്വാസികളുടെ മാതാവുമായ ആഉശ(റ)യെ കുറിച്ച് കപട വിശ്വാസികൾ അപവാദ പ്രചാരണം നടത്തിയപ്പോൾ കൂട്ടത്തിൽ ദരിദ്രനായ മിസ്തഹും അത് ഏറ്റുപാടി. അബൂബക്‌റി(റ)ന്റെ സഹായത്തിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുവായിരുന്നു മിസ്തഹ്(റ). ഇനി മുതൽ മിസ്തഹിന് സഹായം നൽകില്ലെന്ന് അബൂബക്ർ(റ) തീരുമാനിച്ചു. താമസിയാതെ ആ വിഷയത്തിൽ വിശുദ്ധ ക്വുർആൻ സൂക്തങ്ങൾ ഇറങ്ങി:

“നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർ കുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു’’ (അന്നൂർ 22).

ഒരിക്കൽ നബിﷺയോട് ഒരു സ്വഹാബി ഇപ്രകാരം പറഞ്ഞു: “നബിയേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാൻ അവരുമായി കുടുംബ ബന്ധം ചേർക്കുമ്പോൾ അവർ അത് മുറിച്ചു കളയുന്നു, ഞാൻ വിട്ടുവീഴ്ച ചെയ്യുന്നു; പക്ഷേ, അവർ ആക്രമിക്കുന്നു. ഞാൻ അവരോട് നന്മ ചെയ്യുന്നു; അവരെന്നോട് മോശമായിട്ടാണ് പെരുമാറുന്നത്. അതിനാൽ ഇനിമുതൽ അവർ പ്രവർത്തിക്കുന്നതുപോലെ ഞാനും ചെയ്യട്ടെയോ?’ അപ്പോൾ നബിﷺ പറഞ്ഞു: ‘പാടില്ല. നീ ഏറ്റവും ശ്രേഷ്ഠമായത് സ്വീകരിക്കുക, അവരുമായി ബന്ധം തുടരുക. എങ്കിൽ അല്ലാഹുവിൽനിന്നുള്ള സഹായം നിനക്ക് ഉണ്ടായിരിക്കും’(അഹ്‌മദ്).

മറ്റൊരിക്കൽ ഒരാൾ നബി ﷺയോട് പറഞ്ഞു: ‘ഞാൻ ഒരാളുടെ അടുക്കൽ പോകുമ്പോൾ അയാൾ എന്നെ പരിഗണിക്കുകയോ അതിഥിയായി എന്നെ സ്വീകരിക്കുകയോ ചെയ്യുന്നില്ല. അതിനാൽ അയാൾ എന്റെ അടുക്കൽ വരുമ്പോഴും ഞാൻ അപ്രകാരം ചെയ്യട്ടെയോ?’ നബിﷺ പറഞ്ഞു: ‘പാടില്ല, താങ്കൾ അയാളെ സൽക്കരിക്കുക’ (തിർമിദി).

നാം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്ന ഇത്തരം നന്മകളുടെ ലക്ഷ്യം ഭൗതികമാകരുത്, ആണെങ്കിൽ ആ പ്രവർത്തനം കൊണ്ട് ലഭിക്കുന്നത് നരകമായിരിക്കും. എന്നാൽ പരലോകരക്ഷയാണ് അതിലൂടെ പ്രതീക്ഷിക്കുന്നതെങ്കിൽ അവനാണ് വിജയി.

അല്ലാഹു പറയുന്നു: “ക്ഷണികമായതിനെ(ഇഹലോകത്തെ)യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് അഥവാ (അവരിൽനിന്ന്) നാം ഉദ്ദേശിക്കുന്നവർക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ചുതന്നെ വേഗത്തിൽ നൽകുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നൽകുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിന്നുവേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം സ്വീകരിപ്പെടുന്നതാകും. ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തിൽ പെട്ടതത്രെ അത്. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല’’ (അൽഇസ്‌റാഅ്).

മറ്റുള്ളവർക്ക് പല നന്മകളും ചെയ്തുകൊടുക്കേണ്ട എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകും. അവർ അതിനു പകരമായി നന്ദി ചെയ്യണം, നമ്മെ കാണുമ്പോൾ ബഹുമാനിക്കണം എന്ന ചിന്ത നമുക്ക് ഉണ്ടായിക്കൂടാ. മറിച്ച് നാം ചെയ്ത പ്രവർത്തനങ്ങളുടെ പ്രതിഫലം കരുണാവാരിധിയായ റബ്ബിൽനിന്നായിരിക്കണം ആഗ്രഹിക്കേണ്ടത്.

‘അല്ലാഹുവേ നിനക്കാണ് സർവ സ്തുതിയും. എത്രയോ ആളുകളുടെ നല്ല ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കുവാൻ നീ എന്നെ സഹായിച്ചുവല്ലോ. റബ്ബേ, എന്നിൽനിന്ന് അതെല്ലാം സ്വീകരിക്കേണമേ’ എന്ന് ആത്മാർഥമായി പ്രാർഥിക്കുവാൻ നമുക്കു കഴിയണം.