അനന്തപുരിയിൽ പുതുചരിതം തീർത്ത് 28-ാമത് പ്രോഫ്‌കോൺ
ഡോ. ഷഹബാസ് കെ അബ്ബാസ്
2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഒരുപാട് അനർഘ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് 28ാമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ പ്രോഫ്‌കോണിന് തിരശ്ശീല വീണിരിക്കുകയാണ്. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം അനന്തപുരിയുടെ മണ്ണിലേക്ക് വീണ്ടുമെത്തിയ പ്രോഫ്‌കോൺ അതിന്റെ കെട്ടിലും മട്ടിലും വിപ്ലവകരമായ മാറ്റങ്ങളുമായാണ് വിദ്യാർഥികളിലേക്കെ ത്തിയത്.
അനുദിനം സാമൂഹിക, സാംസ്‌കാരിക, ധാർമിക മേഖലകളിൽ വികാസ പരിണാമങ്ങൾക്ക് ഓരോ വിദ്യാർഥിയും വിധേയമായിക്കൊണ്ടിരിക്കുകയാണ്. വികാരങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം, ആരെല്ലാമോ ബോധപൂർവം ഉണ്ടാക്കിയെടുക്കുന്ന അജണ്ടകളിൽ കുരുങ്ങി അതനുസരിച്ച് നിലപാടുകളുണ്ടാക്കുകയാണ് ആധുനിക കൗമാരം. ക്യാമ്പസുകൾ, പ്രത്യേകിച്ചും പ്രൊഫഷണൽ ക്യാമ്പസുകൾ അക്ഷരാർഥത്തിൽ ഇവയുടെ വിളനിലമാണ്. ധാർമികതയെയും സദാചാരത്തെയുമൊക്കെ അരികുവൽക്കരിച്ചുകൊണ്ടും അടിച്ചമർത്തിക്കൊണ്ടും തന്നിഷ്ടപ്രകാരം ജീവിക്കാൻ ‘ന്യൂജെൻ’നെ ട്യൂൺ ചെയ്യുന്ന ലിബറലിസത്തിന്റെയും മതനിരാസത്തിന്റെയും ശ്രമങ്ങളെ തിരിച്ചറിയാൻ പലപ്പോഴും അവർക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഇടിമുഴക്കത്തിനു മുമ്പ് ഒരു മിന്നൽ ഉണ്ടാകുന്നതുപോലെ, ഏതൊരു പ്രവൃത്തിയുടെയും തൊട്ടുമുമ്പായി മനസ്സിൽ വരുന്ന ചിന്തകളെ നേരിലേക്കും നന്മയിലേക്കും വഴി നടത്താൻ വിദ്യാർഥി തലമുറയെ പ്രാപ്തമാക്കുക തന്നെയാണ് പരിഹാരം. അതിനാവശ്യമായ തിരിച്ചറിവു കളും ഉൾക്കാഴ്ചകളും പകർന്നുനൽകിക്കൊണ്ട് കഴിഞ്ഞ 28 വർഷങ്ങളായി പ്രൊഫഷണൽ വിദ്യാർഥികൾക്ക് ദിശാബോധമേകുന്ന മഹത്തായ സംരംഭമാണ് പ്രോഫ്കോൺ.
ജീവിതത്തിന്റെ വസന്തകാലം ചെലവഴിക്കപ്പെടുന്നത് കലാലയങ്ങളിലാണ്. സമൂഹത്തിന്റെ പരിവർത്തനത്തിലും സഹജീവികളുടെ സമുദ്ധാരണത്തിലും ശ്രദ്ധ പതിപ്പിച്ച് മാതൃക കാണിച്ച് ജീവിക്കുവാൻ
നാം പഠിക്കാറുള്ളത് കലാലയ ജീവിതത്തിലാണ്. ചരാചരങ്ങളുടെ രൂപഭാവങ്ങളും പദാർഥങ്ങളുടെ ഘടനയും മുടിനാരിഴകീറി പരിശോധിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്ന വിദ്യാർഥി, തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന രക്ഷിതാവിനെ അടുത്തറിയുകയും അഹങ്കാരം വെടിഞ്ഞ് അവനിൽ വിശ്വാസ മർപ്പിക്കുകയും ചെയ്യേണ്ടതിന് പകരം; ഇടിമുറികളും അക്രമസമരങ്ങളും രാഷ്ട്രീയ അതിപ്രസരവും റാഗിങ്ങും ലഹരിയും ലൈംഗിക ആഭാസങ്ങളും സോഷ്യൽമീഡിയ-ഗെയിം അഡിക്ഷനും അടക്കമുള്ള സംവിധാനങ്ങളുടെ ദുരുപയോഗവുമായി ഭീകരമായ മൂല്യച്യുതികളിൽ അധഃപതിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത്തരം വർത്തമാനകാല കലാലയ സംസ്‌കാരത്തിനിടയിൽ സമാധാനസ്തംഭമായും ധൈഷണിക കൂട്ടായ്മയായും വിദ്യാർഥി സമൂഹത്തിന് ആശ്വാസത്തിന്റെ തിരുത്തായി മാറാൻ കഴിഞ്ഞ 28 സംവത്സരങ്ങളായി പ്രോഫ്‌കോണുകൾക്ക് സാധിച്ചുവരുന്നുണ്ട്.
പ്രോഫ്‌കോൺ അക്ഷരാർഥത്തിൽ ഒരത്ഭുതമാണ്. കേരളത്തിനകത്തും പുറത്തുമുള്ള ക്യാമ്പസുക ളിലും വിദ്യാലയങ്ങളിലും കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന മുജാഹിദ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ നാൾവഴികളിലെ കനപ്പെട്ട ഓർമകളാണ് ഓരോ പ്രോഫ്‌കോണുകളും. പരിചയപ്പെടുത്ത ലിന്റെ ആവശ്യമില്ലാത്ത രൂപത്തിൽതന്നെ ഏതൊരു നാട്ടിലെയും വിദ്യാർഥികളുടെയും അധ്യാപകരുടെ യും രക്ഷിതാക്കളുടെയും പ്രൊഫഷനലുകളുടെയും സാധാരണക്കാരുടെയും വരെ ഹൃദയങ്ങളിൽ എന്നും പ്രോഫ്‌കോണിന് ഒരു ഇടമുണ്ടാവാറുണ്ട്.

പ്രോഫ്‌കോൺ ഒരു പ്രത്യാശയാണ്. ചക്രവാളസീമകളോളം പ്രവിശാലമായ പ്രതീക്ഷാഗോപുരങ്ങൾ പണിതീർത്ത്, പങ്കെടുക്കുന്ന ഓരോ വിദ്യാർഥിയെയും കൂടുതൽ ചിന്തിക്കുവാൻ അത് പ്രേരിപ്പിക്കുന്നു. വിദ്യാർഥി കാലത്തിനുശേഷം കാലെടുത്തുവയ്ക്കാനുള്ള ജോലിയും കരിയറും കുടുംബവുമെല്ലാം സന്തോഷദായകമാക്കുവാനുതകുന്ന രൂപത്തിൽ സ്വപ്നം കാണുവാനും അത് പ്രായോഗികമാക്കുവാനും പ്രോഫ്‌കോൺ വിദ്യാർഥികളെ സഹായിക്കുന്നു.
പ്രോഫ്‌കോൺ വലിയ ആവേശമാണ്. മാറ്റം കൊതിക്കുന്ന മനസ്സുകൾക്ക്, തിന്മയുടെ തടവറകളിൽ നിന്ന് മോചനംനേടി നന്മയുടെ പുതുനാമ്പുകൾ മുളപ്പിക്കാനും അവ പരിപാലിച്ച് ബലവത്തായ വേരുകളും മനോഹരമായ പൂവുകളും രുചികരമായ കായ്കനികളും ലഭിക്കാവുന്ന രൂപത്തിൽ പരിവർത്തനത്തിന്റെ പടപ്പാട്ടോതുവാൻ അത് സഹായിക്കുന്നു. അതിനു വേണ്ട എല്ലാ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങളും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമാണ് വർഷത്തിലെ ഈ മൂന്നു ദിനരാത്രങ്ങൾ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.
2024 ജൂൺ 9നായിരുന്നു വിസ്ഡം സ്റ്റുഡന്റ്‌സിന്റെ 28ാമത് പ്രോഫ്കോണിന്റെ പ്രഖ്യാപനം. അന്ന് മുതൽ ആരംഭിച്ച ക്യാമ്പസുകളിലൂടെയുള്ള യാത്ര, ഒരുപാട് നനവും നിറവുമുള്ള ഓർമകളാണ് സമ്മാനിച്ചത്. കഴിഞ്ഞ നാലുമാസക്കാലംകൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് വിദ്യാർഥികളിലേക്ക് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന മഹിതമായ സന്ദേശങ്ങളെ സംവദിക്കുവാനായി എന്ന ചാരിതാർഥ്യമാണ് ഓരോ ഭാരവാഹിക്കുമുള്ളത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ക്യാമ്പസുകളിലൂടെ യാത്ര ചെയ്യുവാൻ ഇത്തവണ പ്രത്യേകമായി നാം ഒരുക്കിയ ക്യാമ്പസ് സഫാരി എന്ന സന്ദേശവാഹനവും, വിവിധ ക്യാമ്പസുകളിൽ നടന്ന ക്യാമ്പസ് ഡിബേറ്റുകളും, ക്യാമ്പസ് സ്പാർക്ക് സുകളും, ലീഡേഴ്‌സ് സംഗമവും, വിവിധ നാഷണൽ ക്യാമ്പസുകളിലെ പ്രീ കോൺഫറൻസ് മീറ്റുകളും വലിയ ചലനങ്ങളാണുണ്ടാക്കിയത്.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അൽസാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽവച്ച് നടന്ന സമ്മേളനം 3 ദിവസങ്ങളിലായി 6 വ്യത്യസ്ത വേദികളിൽ 60 ലധികം സെഷനുകളും 6 വർക്ക്‌ഷോപ്പുകളും സംവാദങ്ങളും ഓപ്പൺ ഡയലോഗുകളും പാനൽ ഡിസ്‌കഷനും ഡിബേറ്റുകളുമൊക്കെയായി സമ്പന്നമാ യിരുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റുധാരണകളുടെ യഥാർഥ വശങ്ങളെക്കുറിച്ച്, മാതാപിതാക്കളെന്ന തണൽ മരങ്ങളെക്കുറിച്ച്, പരിശുദ്ധ ക്വുർആനിനെ നെഞ്ചോട് ചേർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്, പ്രവാചക വിമർശനങ്ങൾക്കെതിരെ അവിടുത്തെ ചര്യയെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്, കരിയറിനെ സുഭദ്രമാക്കാനുള്ള ആസൂത്രങ്ങളെക്കുറിച്ച്, ജീവിതത്തെ ചിട്ടയുള്ളതാക്കുന്നതിൽ നമസ്‌കാരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച്, സ്ട്രെസ്സും ടെൻഷനും കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച്... അങ്ങനെ പലതിനെക്കുറിച്ചും വാചാലമായിരുന്നു 28ാമത് പ്രോഫ്കോൺ. പങ്കെടുത്ത ഓരോ വിദ്യാർഥിയുടെയും മനസ്സിനെ തൊട്ടറിഞ്ഞുള്ള മികച്ച അവതരണങ്ങളായിരുന്നു ഓരോന്നും.
ഇസ്രായേലിന്റെ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ക്രൂരതകളുടെ ഇരകളായ ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യത്തെ സൂചിപ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രോഫ്‌കോണിലെ വേദികളുടെ നാമം ഖുദ്‌സ്, അഖ്‌സ, ഗാസ, റഫ എന്നിങ്ങനെയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പോലും തേടിപ്പിടിച്ച് കൊന്നൊടുക്കുന്ന കിരാതമായ ആ നരനായാട്ടിനെതിരെ പ്രതിജ്ഞയെടുക്കുവാനും പ്രതി കരിക്കാനും ഓരോ പ്രതിനിധിയെയും പ്രേരിപ്പിക്കുന്നതായിരുന്നു അതുമായി ബന്ധപ്പെട്ട അവതരണങ്ങൾ.
നിരീശ്വര-നിർമതവാദങ്ങളും ഫെമിനിസവും ജെൻഡർ പൊളിറ്റിക്‌സിന്റെ ഒളിയജണ്ടകളും മുസ്‌ലിം വിദ്യാർഥിനികളെ ലക്ഷ്യം വയ്ക്കുമ്പോൾ, അവരെ ഈ മതം നൽകുന്ന തണലിനെക്കുറിച്ച് ഉൽബുദ്ധരാക്കുവാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രോഫ്‌കോണിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേകം വേദികൾ നാം സജ്ജീകരിച്ചുവരുന്നുണ്ട്. ‘അഖ്‌സ’ എന്ന് നാമകരണം ചെയ്ത വേദിയിൽ വിസ്ഡം ഗേൾസിന്റെ നേതൃത്വത്തിൽ ആങ്കറിങ് മുതൽ ഗഹനമായ ഒരുപാട് വിഷയങ്ങൾ പ്രോഫ്‌കോണിൽ പങ്കെടുത്ത പ്രതിനിധികളുടെ അതേ പ്രായത്തിലുള്ള വിദ്യാർഥിനികൾ തന്നെ അവതരിപ്പിച്ചതും; ക്യാമറ, സോഷ്യൽ മീഡിയ, ഐടി പോലുള്ള വിവിധ വകുപ്പുകൾക്ക് പെൺകുട്ടികൾതന്നെ നേതൃത്വം നൽകിയ തും ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി ബഹു. കെ.എൻ ബാലഗോപാൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി ശിവൻകുട്ടി, ശശി തരൂർ എം.പി, എ.എ റഹീം എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് പ്രതിനിധി കെ.എസ് ശബരീനാഥ്, എം.എസ്.എഫ് പ്രതിനിധി അഡ്വ. സജൽ ഇബ്രാഹിം തുടങ്ങിയ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അമരക്കാർ ഇത്തവണ പ്രോഫ്‌കോണിൽ പങ്കെടുത്തു.
അക്കോമൊഡേഷൻ, ട്രാഫിക്&പാർക്കിംഗ്, ഫുഡ്, വാട്ടർ&സാനിറ്റേഷൻ, വെന്യൂ തുടങ്ങിയ വ്യത്യസ്തങ്ങളായ വകുപ്പുകളുടെ മാസങ്ങൾ നീണ്ട ആസൂത്രണ യോഗങ്ങളുടെയും അവയുടെ ഏകോപിച്ച നീക്കങ്ങളുടെയും കൃത്യമായ പ്രയോഗവൽക്കരണത്തിന്റെയുമെല്ലാം ഫലമായിരുന്നു പ്രോഫ്‌കോണിന്റെ മൂന്ന് ദിനരാത്രങ്ങളിലെ മധുരമേറിയ അനുഭവങ്ങൾ. തിരുവനന്തപുരം ജില്ലയിലെ വിവിധ ഘടകങ്ങളുടെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും മാസങ്ങളായുള്ള കഠിനമായ പരിശ്രമങ്ങളും ഉറക്കമിളച്ച രാത്രികളും വെയിലിനെയും മഴയെയുമെല്ലാം തൃണവത്കരിച്ചുകൊണ്ടുള്ള ഓട്ടപ്പാച്ചിലുകളും വിലമതിക്കാനാകാത്തതാണ്. മരണശേഷം ക്വബ്‌റിന്റെ ഘനാന്ധകാരങ്ങളിൽ കൂട്ടിനെത്തുന്ന വെളിച്ചമാവാനുള്ള ഒരുപിടി സൽകർമങ്ങളായി അല്ലാഹുവേ, ഇവയെ നീ പരിഗണിക്കേണമേ എന്ന പ്രാർഥന മാത്രമാണ് എല്ലാവരുടെയും മനസ്സുകളിൽ. പ്രോഫ്‌കോണിൽ പങ്കെടുത്ത ഓരോ പ്രതിനിധിയു ടെയും ഹൃദയാന്തരാളങ്ങളിലെ പരിവർത്തനങ്ങൾക്ക് നിമിത്തമാവാൻ ഞങ്ങൾക്കും സാധിച്ചുവല്ലോ എന്ന പ്രതീക്ഷതന്നെയാണ് മുന്നോട്ടുള്ള യാത്രയിലെ ഇന്ധനം.
ഇനി ലക്ഷ്യം 2024 മെയ് 11ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വച്ച്, ‘ധർമസമരത്തിന്റെ വിദ്യാർഥികാലം’ എന്ന പ്രമേയത്തിൽ നടക്കാനിരിക്കുന്ന വിസ്ഡം സ്റ്റുഡന്റ്‌സ് ‘കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസാ’ണ്. പ്രീ കെ.ജി മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിവിധ പ്രായക്കാരായ വിദ്യാർഥി- വിദ്യാർഥിനികളെ ധർമത്തിന്റെയും മോക്ഷത്തിന്റെയും മാർഗത്തിൽ അണിനിരത്തുവാനും കൃത്യമായ തിരിച്ചറിവ് പകരുവാനുമാണ് ഈ മഹാ വിദ്യാർഥി സമ്മേളനം. ധാർമികതയുടെ കവചങ്ങളെ പൊട്ടിച്ചെറി യാൻ ആരെല്ലാം ശ്രമിച്ചാലും, കാലമെത്ര പുരോഗമിച്ചെന്ന് വാദിച്ചാലും, തിന്മകളെയും തന്നിഷ്ടങ്ങളെയും എത്രതന്നെ സ്വാഭാവികവത്കരിക്കാൻ ശ്രമിച്ചാലും, ലഹരിയും ലിബറൽ ചിന്തകളുമുണ്ടാക്കുന്ന കേടുപാടുകളെ നിസ്സാരവത്കരിച്ചാലും-ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ദിവ്യപ്രഭയെ വിദ്യാർഥികൾ ക്കിടയിൽ കൂടുതൽ പ്രശോഭിതമാക്കുവാൻ ഈ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. മുജാഹിദ് പ്രസ്ഥാനത്തിന്റെ നാൾവഴികളിലിതുവരെയും നടന്ന സമ്മേളനങ്ങളെപ്പോലെ ഇതും ചരിത്രത്തിന്റെ ഏടുകളിൽ സ്വർണലിപികളാൽ എഴുതിച്ചേർക്കപ്പെടും എന്നത് തീർച്ചയാണ്-ഇൻശാ അല്ലാഹ്. ഈ നന്മയുടെ കൈത്തിരി അണയാതെ നോക്കേണ്ടത് നാമെല്ലാവരുടെയും ബാധ്യതയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
