അനിവാര്യമായ ഒരു അസ്തിത്വം

ശാഹുൽ പാലക്കാട്

2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും 3

അനിവാര്യ കാരണം

സ്വയം നിലനിൽക്കൽ അനിവാര്യമായത് എന്ന് ഇതിനെ ലളിതമായി പരിചയപ്പെടുത്താം (could not have failed to exist). ഇതിന്റെ നിലനിൽപ് മറ്റൊന്നിനെ ആശ്രയിച്ചുണ്ടാകുന്നതല്ല എന്നതിനാൽ അതിന്റെ നിലനിൽപിനെ യാതൊന്നും ബാധിക്കുന്നില്ല. അത്തരമൊന്ന് നിലനിൽക്കാതിരിക്കലും സംഭവ്യമല്ല. ‘നിലനിൽക്കാതിരിക്കാൻ പൊട്ടെൻഷ്യൽ ഇല്ലാത്തത്’ എന്ന് അലക്‌സാണ്ടർ പ്രസ്സ് ഇതിനെ പരിചയപ്പെടുത്തുന്നു. തത്ത്വചിന്തയിൽ ഇത്തരം ഒരു അസ്തിത്വത്തിനുള്ള വിശദീകരണം സെൽഫ് എക്സ്‌പ്ലനേറ്ററി ആണെന്ന് പറയപ്പെടുന്നു. അഥവാ മറ്റൊന്നും കാരണമായി ഉണ്ടായതല്ലാതെ അത്തരമൊരു അസ്തിത്വം നിലനിൽക്കുന്നതിനുള്ള വിശദീകരണം അതിന്റെ സ്വന്തത്തിൽതന്നെ അടങ്ങിയിരിക്കുന്നു.

അനിവാര്യമായ ഒരു അസ്തിത്വം നിലനിൽക്കുന്നുവെന്ന് വാദിച്ചാൽതന്നെ അതെന്തുകൊണ്ട് നിലനിൽക്കുന്നു എന്ന് ചോദിക്കാമല്ലോ! അതിന് ഉത്തരമായാണ് തത്ത്വചിന്തകനായ അലക്‌സാണ്ടർ പ്രസ്സ് സെൽഫ് എക്സ്‌പ്ലനേറ്ററി എന്ന ആശയം പരിചയപ്പെടുത്തുന്നത്. ഉദാ: പൂജ്യം പൂജ്യത്തിന് അനിവാര്യമായും തുല്യമാണ് (0=0), ത്രികോണങ്ങൾക്ക് അനിവാര്യമായും മൂന്നു വശങ്ങൾ ഉണ്ടാകും തുടങ്ങിയ തത്ത്വങ്ങൾ നോക്കുക. ത്രികോണത്തിന് എന്തുകൊണ്ട് മൂന്നുവശം എന്നോ, എന്തുകൊണ്ട് പൂജ്യം പൂജ്യത്തിന് തുല്യമായിരിക്കുന്നു എന്നോ ചോദിക്കുന്നതിൽ അർഥമില്ല! കാരണം അവ അങ്ങനെയാവേണ്ടത് അതിന്റെ അനിവാര്യ പ്രകൃതംകൊണ്ടാണ്. എന്നപോലെ അനിവാര്യമായും നിലനിന്നിരിക്കുക എന്ന ഗുണവും ഒരു അസ്തിത്വത്തിന്റെ അടിസ്ഥാന പ്രകൃതമാകാം.

ഇവിടെ എന്താണ് ‘വിശദീകരണം’ എന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. അലക്‌സാണ്ടർ പ്രസ്സിന്റെ അഭിപ്രായത്തിൽ നിഗൂഢതകളെ ഒഴിപ്പിക്കുന്നതിനെയാണ് നാം ‘വിശദീകരണം’ അഥവാ ‘എക്സ്‌പ്ലനേഷൻസ്’ എന്നു വിളിക്കുന്നത്. ഒരു ഉൺമയുടെ (existence) നിലനിൽപിന് യാതൊരു കാരണവും പറയാനില്ലെങ്കിൽ പിന്നെ അത് നിഗൂഢതയാണ്. എന്നാൽ ആ ഉണ്മയുടെ നിലനിൽപിന് ഒരു വിശദീകരണം ലഭിക്കുന്നതോടെ നിഗൂഢത നീങ്ങുന്നു. x നെ y കൊണ്ട് വിശദീകരിക്കാൻ കഴിയുകയോ x എന്നത്y ക്ക് തുല്യമാണ് എന്ന് പറയുകയോ ചെയ്യുന്നതുകൊണ്ട് xന്റെ നിലനിൽപിനെ വിശദീകരിക്കാൻ കഴിയുന്നു.

നിലനിൽക്കുന്ന ഒരു അസ്തിത്വത്തിന്റെ പ്രകൃതത്തെ വിശദീകരിക്കുന്നതിലൂടെ അതിന്റെ നിഗൂഢത ഇല്ലാതാകും. H2O ആണ് ജലം എന്ന പ്രൊപ്പോസിഷന്റെ കാര്യം നോക്കുക. H2O എന്ന അവസ്ഥയെ തന്നെ വിളിക്കുന്ന മറ്റൊരു പേരാണ് ജലം എന്ന് ഒരിക്കൽ മനസ്സിലാക്കിയാൽ അവിടെ അതിന്റെ പ്രകൃതത്തെ സംബന്ധിച്ച നിഗൂഢത ഇല്ലാതാകുന്നു. പിന്നെ എന്തുകൊണ്ട് H2O ജലം ആയിരിക്കുന്നു എന്ന് ചോദിക്കുന്നതിൽ അർഥമില്ല. എന്നതുപോലെ അനിവാര്യമായും നിലനിൽക്കൽ ഒരു ഉണ്മയുടെ പ്രകൃതമാണ് എന്നതുതന്നെ അതിനും മതിയായ വിശദീകരണമാണ്. പിന്നെ അത് എന്തുകൊണ്ട് നിലനിൽക്കുന്നുവെന്ന് ചോദിക്കുന്നതിൽ അർഥമില്ല. ഈ അർഥത്തിൽ അനിവാര്യഹേതുവിന്റെ (necessary being) നിലനിൽപ് സെൽഫ് എക്സ്‌പ്ലനേറ്ററി ആണെന്ന് പറയാം.

ഇനി അത്തരമൊരു അസ്തിത്വം നിലനിൽക്കുന്നുവെന്ന് വാദിക്കാനാകുമോ എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. എന്തെങ്കിലുമൊക്കെ നിലനിൽക്കുന്നുവെന്ന് അംഗീകരിക്കാത്ത ആരുമില്ലല്ലോ. സ്വയം നിലനിൽപുള്ള ഒന്നില്ലാതെ ഒരു ലോകത്തിനും നിലനിൽപില്ല. മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലനിൽപുള്ളവകൊണ്ട് ഈ ലോകത്തിന് നിലനിൽക്കാനാവില്ല. ആയതിനാൽ സർവതും ആശ്രയിക്കുന്ന, സ്വയം നിലനിൽക്കൽ അനിവാര്യമായ ഒരു അസ്തിത്വം നിലനിൽക്കേണ്ടതുണ്ട്.

അനിവാര്യ കാരണത്തെ തെളിയിക്കുന്നു

ഫിലോസഫറായ അലക്‌സാണ്ടർ പ്രസിന്റെ അഭിപ്രായം principle of sufficient reason (psr) അംഗീകരിക്കുന്ന ഏതൊരു മനുഷ്യനും അനിവാര്യമായ ഒരു അസ്തിത്വത്തെയും അംഗീകരിക്കേണ്ടതായിവരുമെന്നാണ്. അഥവാ ഭൗതികമായ ഒന്നും സ്വയം വിശദീകരണാത്മകതയില്ലാത്തവയും മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലനിൽപ്പുള്ളവയുമാണ്. എങ്കിൽ psr അനുസരിച്ച് അത്തരം ഭൗതികമായവയ്‌ക്കെല്ലാമുള്ള വിശദീകരണമെന്നോണം അനിവാര്യമായതെന്തോ നിലനിന്നിരിക്കണം. മുകളിൽ psrനെ നിഷേധിക്കാൻ യാതൊരു ന്യായവുമില്ലെന്നും psr അനുസരിച്ചാണ് ഭൗതിക ലോകത്തിന് നിലനിൽപ്പുള്ളതെന്നും ഒരുപാട് വാദങ്ങൾവഴി നാം തെളിയിച്ചതാണ്. ആയതിനാൽ psr നെ നിഷേധിക്കാൻ മനുഷ്യന് യാതൊരു ന്യായവുമില്ല. അതിനെ അംഗീകരിച്ചുകഴിഞ്ഞാൽ കണ്ടിൻജന്റ് ആയ പ്രപഞ്ചത്തിന് ബാഹ്യകാരണം ഉണ്ടെന്നുകൂടിയാണ് അംഗീകരിക്കേണ്ടിവരുന്നത്.

കണ്ടിൻജൻസി ആർഗ്യുമെന്റ് ഉപയോഗിച്ച് ദൈവത്തെ സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണ് ഒരു അനിവാര്യകാരണം നിലനിന്നിരിക്കണം എന്ന് സ്ഥാപിക്കുന്നത്. സ്വയം നിലനിൽപുള്ള അനിവാര്യമായ ആ അസ്തിത്വം ദൈവമായിരിക്കേണ്ടതുണ്ട് എന്നു സ്ഥാപിക്കുന്നത് അതിന്റെ രണ്ടാമത്തെ ഭാഗമായാണ്. ആയതിനാൽ ഈ ചർച്ചയുടെ ഒന്നാമത്തെ സ്റ്റേജിൽ പല യുക്തികൾ ഉപയോഗിച്ച് വ്യത്യസ്ത തത്ത്വചിന്തകർ ഒരു നെസസ്സറി ബീയിങ്ങിനെ സ്ഥാപിക്കുന്നത് നോക്കാം.

(A) ലബനീസിയൻ കണ്ടിൻജൻസി ആർഗ്യുമെന്റ്

(അലക്‌സാണ്ടർ പ്രസ്സ് വേർഷൻ)

1) Every contingent fact has an explanation (കണ്ടിൻജന്റായ എല്ലാ വസ്തുതകൾക്കും ബാഹ്യകാരണം ഉണ്ട്).

2) There is a contingent fact that includes all other contingent facts (എല്ലാ കണ്ടിൻജന്റ് ആയ അസ്തിത്വങ്ങളും ചേർന്നാൽ ഉണ്ടാകുന്നതും ഒരു കണ്ടിൻജന്റ് ആയ അവസ്ഥയാണ്. കണ്ടിൻജന്റായവയെല്ലാം ഉൾക്കൊള്ളുന്ന ആ സെറ്റിന്റെ നിലനിൽപ്പിന് അവയ്ക്കകത്ത് വിശദീകരണമില്ല).

3) Therefore there is an explanation of this fact (ആയതിനാൽ ഇവയുടെ നിലനിൽപ്പിനു ബാഹ്യമായ വിശദീകരണം വേണ്ടതായുണ്ട്)

4) This explanation cannot itself be a contingent fact (ഈ വിശദീകരണം ഒരിക്കലും സ്വയം ഒരു കണ്ടിൻജന്റ് ഉണ്മയാവാൻ പാടില്ല. കാരണം മറ്റൊന്നിനെ ആശ്രയിച്ച് മാത്രമാണ് ഇവയ്ക്ക് നിലനിൽപുള്ളത്. ആയതിനാൽ കണ്ടിൻജന്റ് ആയവയ്‌ക്കെല്ലാമുള്ള വിശദീകരണം കണ്ടിൻജന്റ് എന്ന പ്രകൃതത്തിന് പുറത്തുള്ളതാവണം.

5) So the explanation of all contingent facts is a necessary being (ആയതിനാൽ കണ്ടിൻജന്റ് ആയവയ്‌ക്കെല്ലാമായുള്ള വിശദീകരണം ഒരു necessary being-അനിവാര്യ കാരണം- ആണ്).

(B) കണ്ടിൻജൻസി ആർഗ്യുമെന്റ്

(ഡോ. റോബർട്ട് കൂൺസ്-1)

1) Only actual existing things can be causes or effects (യഥാർഥത്തിൽ നിലനിൽക്കുന്ന ഉണ്മകൾക്ക് മാത്രമെ കാര്യകാരണങ്ങൾ ആകാൻ കഴിയൂ. ഒരു കല്ലു തട്ടി കണ്ണാടി ഉടയുമ്പോൾ കല്ല് കണ്ണാടി ഉടയാനുള്ള കാരണവും, അത് ഉടയുന്നത് ഫലവും (effect) ആണ്. യഥാർഥമായി നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ് ഇവയ്ക്ക് കാര്യകാരണങ്ങൾ (cause and effects) ആകാൻ കഴിയുന്നത്).

2) A cause and its effect must be distinct (കാരണവും അതുമൂലമുണ്ടായ എഫക്റ്റും എപ്പോഴും വ്യത്യസ്തങ്ങളായിരിക്കും; കല്ലും ഉടയപ്പെടുന്ന കണ്ണാടിയും വെവ്വേറെയാണെന്ന് പറയുന്നപോലെ).

3) Every wholly contingent thing has a cause (കണ്ടിൻജന്റായവയ്‌ക്കെല്ലാം അതിൽനിന്നും വ്യത്യസ്തമായ ഒരു കാരണം ഉണ്ടാകണം, അഥവാ ഒരു അനിവാര്യകാരണം ഉണ്ടാകണം).

(C) കണ്ടിൻജൻസി ആർഗ്യുമെന്റ് (കൂൺസ്-2)

1) There are contingent things (കണ്ടിൻജന്റായ ഉണ്മകൾ നിലനിൽക്കുന്നുണ്ട്).

2) The Cosmos is the sum of all wholly contingent things (കോസ്‌മോസ് എന്നത് കണ്ടിൻജന്റായ ഉൺമകളെല്ലാം ചേർന്നവയുടെ ആകെത്തുകയാണ്).

3) The sum of all wholly contingent things is a wholly contingent thing (കണ്ടിൻജന്റ് ചേർന്നുണ്ടായതെന്തും പൂർണമായും കണ്ടിൻജന്റ് തന്നെയാണ്).

4) So the Cosmos is a wholly contingent thing (ആയതിനാൽ കോസ്‌മോസ് തന്നെയും പൂർണമായും കണ്ടിൻജന്റാണ്).

5) Each wholly contingent thing has a cause (കണ്ടിൻജന്റായ എന്തിനും ഒരു ബാഹ്യകാരണമുണ്ട്).

6) So the Cosmos has a cause that is not a contingent thing (ആയതിനാൽ ഈ കോസ്‌മോസിന് ഒരു കണ്ടിൻജന്റ് അല്ലാത്ത ബാഹ്യകാരണമുണ്ട്, ഒരു അനിവാര്യ കാരണമുണ്ട്).

(D) തോമസ് ആക്വിനാസിന്റെ വാദം

1) Whatever was contingent at one time did not exist (കണ്ടിൻജന്റായവ ഒരു സമയത്ത് നിലനിൽപ്പില്ലാത്തവയായിരുന്നു).

2) If everything is contingent then at one time nothing existed (സർവതും കണ്ടിൻജന്റ് ആണെങ്കിൽ ഒരു സമയത്ത് ഇവയൊന്നുംതന്നെ നിലനിന്നിരിക്കില്ല).

3) If at one time nothing existed then nothing would exist now (ഒരു സമയത്ത് ഒന്നും നിലനിന്നിരുന്നില്ല എങ്കിൽ ഇപ്പോഴും ഒന്നും നിലനിൽക്കുക സാധ്യമല്ല. കാരണം ഒന്നുമില്ലായ്മയിൽനിന്നും ഒന്നും ഉണ്ടാകുക സാധ്യമല്ല).

4) Something does exist now (എന്നാൽ ഇപ്പോൾ ചിലതെല്ലാം നിലനിൽക്കുന്നുണ്ട്).

5) So not every being is contingent (ആയതിനാൽ കണ്ടിൻജന്റ് ആയവ മാത്രമെ നിലനിൽക്കുന്നുള്ളൂ എന്ന വാദം തെറ്റാണ്).

6) So there is a necessary being (ആയതിനാൽ അനിവാര്യമായ ഒരു അസ്തിത്വമുണ്ട്. കണ്ടിൻജന്റ് അല്ലാത്ത, കോൺക്രീറ്റ് ആയ ഒന്ന് അനിവാര്യമായി ഉണ്ടെങ്കിൽ അത് necessary being ഉണ്ടെന്ന് തെളിയിക്കുന്നു).

(E) സാമുവൽ ക്ലർക്കിന്റെ വാദം

1) There are dependent beings (ആശ്രിതമായവ നിലനിൽക്കുന്നുണ്ട്. മറ്റൊന്നിനെ കാരണമായും ആശ്രയിച്ചും മാത്രമാണ് ഇവയുടെ നിലനിൽപ്പ്).

2) For any dependent being it either depends on itself or it depends on another for existence (ആശ്രിതമായവ നിലനിൽക്കാൻ സ്വയം ആശ്രയിക്കപ്പെടുകയോ മറ്റൊന്നിനെ ആശ്രയിക്കുകയോ മാത്രമാണ് സാധ്യത).

3) Nothing can depend on itself (ഒന്നിനും സ്വയം ആശ്രയിച്ച് സ്വന്തം ഉണ്മയെ സൃഷ്ടിക്കാനാവില്ല. ഒരു വ്യക്തിക്ക് സ്വന്തത്തെതന്നെ പ്രസവിക്കാനാവില്ല എന്ന് പറയുന്നതുപോലെ).

4) So all dependent beings depends on another (ആയതിനാൽ ആശ്രയിക്കപ്പെടുന്നവയൊന്നും സ്വയം ഉണ്മ (existence) ഉള്ളവയല്ല, മറ്റൊന്നിനെ ആശ്രയിച്ച് മാത്രം അസ്തിത്വവും സ്വഭാവവും നേടിയവയാണ്.

5) The series of beings which depends on another Can’t be infinite (മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുന്നവയുടെ ശൃംഖല അനന്തതയിലേക്ക് നീളുക സാധ്യമല്ല. ഉദാഹരണത്തിന് ‘A’ ക്ക് നിലനിൽക്കാൻ ‘B’ യെ ആശ്രയിക്കേണ്ടി വരുന്നു എന്ന് കരുതുക. Bക്ക് നിലനിൽക്കാൻ Cയെയും C ക്ക് Dയെയും Dക്ക് Eയെയും F, G, H, I, J, K... എന്നിങ്ങനെ ആശ്രയിക്കപ്പെടുന്നവയുടെ ശൃംഖല അനന്തതയിലേക്ക് നീളുന്നു എന്നും കരുതുക. ഇങ്ങനെ അനന്തമായ അത്രയും കാര്യങ്ങളെ ആശ്രയിച്ച് A ക്ക് നിലനിൽക്കുക സാധ്യമല്ല. കാരണം A ഉണ്ടാകാൻ അനന്തമായ അത്രയും കാര്യങ്ങൾ സംഭവിച്ചുതീരണം. എന്നാൽ അനന്തത അവസാനിക്കില്ല എന്നതുകൊണ്ട് ഇത് സാധ്യമല്ല. ഉദാഹരണത്തിന് നിങ്ങൾക്ക് 10 രൂപ വേണമെന്ന് കരുതുക. 10 രൂപയ്ക്കായി നിങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് ചോദിക്കുന്നു. സുഹൃത്തിന്റെ കൈയിൽ ഇല്ലാത്തതിനാൽ A എന്ന സുഹൃത്ത് B യോടും B എന്നയാൾ C യോടും C, D, E, F... ഈ ശൃംഖല അനന്തതയിലേക്കു നീളുന്നുവെന്നു കരുതുക. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ഒരിക്കലും 10 രൂപ ലഭിക്കില്ല. ഇതുപോലെ തന്നെയാണ് അനന്തമായ കാര്യങ്ങളെ ആശ്രയിച്ച് ഒരു കാര്യത്തിന് സംഭവിക്കാൻ കഴിയാത്തതും. (If the series of being which depend on another can’t be infinite then the series of beings which depend on another must ultimately depend on an independent being).

നിലനിൽപ്പിന് മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുന്നവയുടെ അനന്തമായ ശൃംഖല സാധ്യമല്ലെന്ന് നാം കണ്ടു. ഒന്ന് അനന്തമല്ല എന്ന് പറഞ്ഞാൽ അതിന് ആരംഭമുണ്ട് എന്നാണ് അർഥം. അപ്പോൾ മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുന്നവയ്‌ക്കെല്ലാം ആരംഭമുണ്ട്. അതിനർഥം dependent ആയവയുടെ കൂട്ടം മറ്റൊന്നിനെ ആശ്രയിക്കാത്ത അടിസ്ഥാന കാരണത്തിൽ എത്തിനിൽക്കുന്നു എന്നാണ്. ആയതിനാൽ സ്വയം നിലനിൽക്കുന്ന, പരാശ്രയ മുക്തമായ, സർവതിന്റെയും നിലനിൽപ്പിന് കാരണമായ ആദ്യവും അനിവാര്യമായ ഒരു കാരണം ഉണ്ടെന്നാണ്.

(F) ഗേൽ, അലക്‌സാണ്ടർ പ്രസ്സ് എന്നിവരുടെ വാദം

1) All The contingently True prepositions in the actual world is a big conjunctive preposition (BCCP ). (നിലനിൽക്കുന്ന എല്ലാ കണ്ടിൻജന്റ് അസ്തിത്വങ്ങളെയും ചേർത്ത് BCCP (big conjunction of contingent facts) എന്നു വിളിക്കാം. കണ്ടിൻജന്റ് ആയവകളെല്ലാം ഉൾച്ചേർന്ന BCCP നിലനിൽക്കുന്നുണ്ട്).

2) Possibly there is a proposition Q that explains BCCP (കണ്ടിൻജന്റ് ആയതിനെയെല്ലാം വിശദീകരിക്കാൻ ഒരു അസ്തിത്വം നിലനിന്നിരിക്കണം. ഇതിനെ Q എന്ന് വിളിക്കാം).

3) Q explain b.c.c.p only if it involves a necessary being (കണ്ടിൻജന്റ് ആയവകൾക്കെല്ലാം വിശദീകരണമായി നിലനിൽക്കുന്നത് ഒരിക്കലും കണ്ടിൻജന്റ് ആവുക സാധ്യമല്ല. കാര്യകാരണശക്തിയുള്ള കണ്ടിൻജന്റ് അല്ലാത്ത ഒന്ന് പിന്നെ necessary being ആണ്).

4) So there is a necessary being in Q (ആയതിനാൽ Qവിൽ necessary being നിലനിൽക്കുന്നു).