നന്മ മരങ്ങൾ വളരട്ടെ

മുഹമ്മദ് സ്വാദിഖ് മദീനി

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിലുള്ള മനുഷ്യർ പരസ്പരം കൊണ്ടും കൊടുത്തും സഹായിച്ചും സഹായം സ്വീകരിച്ചും ജീവിക്കുന്ന സാമൂഹ്യക്രമമാണ് നിലവിലുള്ളത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുവാൻ ആർക്കും സാധിക്കുകയില്ല.

പിതാവിന്റെ മരണശേഷം നോക്കി വളർത്തിയ പിതൃസഹോദരങ്ങൾ, ദാരിദ്ര്യത്തിന്റെ ബാല്യത്തിൽ ഭക്ഷണം നൽകിയ ബന്ധുക്കൾ, ജോലിക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞപ്പോൾ മാന്യമായി ജോലി നൽകിയ വ്യക്തിത്വങ്ങൾ, പഠിപ്പിച്ച് ഉന്നതരാക്കിയ സാമൂഹ്യ പ്രവർത്തകർ, വിദേശത്തേക്ക് കൊണ്ടുപോയി ഉയർന്ന തസ്തികയിൽ അവരോധിച്ചവർ, വിവാഹസമയത്ത് മാന്യമായ ഇടപെടലുകൾ നടത്തിയവർ, അല്പം കാശിനുവേണ്ടി കെഞ്ചിയപ്പോൾ കടം തന്നു സഹായിച്ചവർ...ഇങ്ങനെ നമുക്ക് മുമ്പിൽ സഹായത്തിന്റെ വാതിലുകൾ മലർക്കെ തുറന്നുവച്ചവർ നിരവധിയാണ്.

ഒരു വിശ്വാസി തനിക്ക് ഉപകാരം ചെയ്തവരെ മറക്കുവാൻ പാടില്ല. മാത്രമല്ല, കഴിയുന്ന രൂപത്തിൽ പ്രത്യുപകാരം ചെയ്യുവാനും അവരെ ഓർക്കുവാനും അവരെക്കുറിച്ച് നല്ലത് പറയുവാനും ശ്രമിക്കണം. അത് അവരോടുള്ള നന്ദിയും കടപ്പാടുമാണ്.

തനിക്കുവേണ്ടി സേവനം ചെയ്യുന്ന വീട്ടുവേലക്കാരാണെങ്കിലും അവരോട് മാന്യമായും നന്ദിയോടെയും വർത്തിക്കണമെന്നാണ് ഇസ്‌ലാമിക അധ്യാപനം. നബിﷺ പറഞ്ഞു: “നിങ്ങളുടെ വേലക്കാരൻ ഭക്ഷണവുമായി നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾ അവനെ നിങ്ങളുടെ കൂടെ ഇരുത്തുന്നില്ലെങ്കിൽ ആ ഭക്ഷണത്തിൽനിന്നും ഒന്നോ രണ്ടോ ഉരുള അവന് നൽകുക. കാരണം ഭക്ഷണം തയ്യാറാക്കിയതും അതിന്റെ ചൂട് അനുഭവിച്ചതും അവനാണ്’’(അൽബുഖാരി).

തനിക്ക് അന്നം പാകം ചെയ്തുനൽകിയ ആളുകളെ മറന്നു പോകരുത് എന്ന് പ്രവാചകൻﷺ ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു.

ഒരിക്കൽ നബിﷺ സഅദ്ബിൻ ഉബാദ(റ)യുടെ വീട്ടിലേക്ക് ചെന്നു. അദ്ദേഹം റൊട്ടിയും ഒലിവെണ്ണയും കൊണ്ട് പ്രവാചകനെ സൽക്കരിച്ചു. ഭക്ഷണം കഴിച്ചശേഷം പ്രവാചകൻ ഇപ്രകാരം പറഞ്ഞു: ‘നോമ്പുകാർ താങ്കളുടെ അടുക്കൽ നോമ്പ് മുറിച്ചിരിക്കുന്നു, നിങ്ങളുടെ അന്നം പുണ്യവാന്മാർ ഭക്ഷിച്ചിരിക്കുന്നു, നിങ്ങളുടെ മേൽ മലക്കുകൾ പാപമോചന പ്രാർഥന നടത്തുകയും ചെയ്തിരിക്കുന്നു’ (അബൂദാവൂദ്).

ചെയ്തുതന്ന സേവനത്തിന് പകരമായി നമുക്ക് പ്രാർഥിക്കാനെങ്കിലും സാധിച്ചാൽ അത് അവരോട് ചെയ്യുന്ന നന്ദിയാണ്. നബിﷺ പറഞ്ഞു: “ആരെങ്കിലും നിങ്ങൾക്ക് വല്ല നന്മയും ചെയ്തു തന്നാൽ അവൻ അയാൾക്കുവേണ്ടി ഇപ്രകാരം പ്രാർഥിക്കുക: ‘അല്ലാഹു താങ്കൾക്ക് ഏറ്റവും ഉത്തമമായ പ്രതിഫലം നൽകട്ടെ.’ എങ്കിൽ അവൻ അവരെ നന്നായി വാഴ്ത്തിയിരിക്കുന്നു’’ (അഹ്‌മദ്).

നന്ദിയോടുകൂടിയുള്ള വാക്കുകളും പ്രവർത്തനങ്ങളും മനുഷ്യർ പരസ്പരമുള്ള സ്‌നേഹം വർധിക്കുവാനും ബന്ധങ്ങൾ ശക്തമാകുവാനും തുടർന്നും സഹായസഹകരണങ്ങൾ അനുസ്യൂതമായി തുടരുവാനും സഹായിക്കുന്നതാണ്. മാത്രമല്ല മനുഷ്യനോട് നന്ദി കാണിക്കുന്നത് അല്ലാഹുവിനോടുള്ള നന്ദി കാണിക്കൽ കൂടിയാണ്. നബിﷺ പറഞ്ഞു: “ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുകയില്ല’’ (അബുദാവൂദ്).

മറ്റുള്ളവർ ചെയ്തുതന്നത് നിസ്സാരമായ കാര്യങ്ങളാണെങ്കിൽപോലും അവർക്ക് നന്ദി പ്രകടിപ്പിക്കാൻ സാധിക്കണം. കാരണം ചെറിയ കാര്യങ്ങൾക്ക് നന്ദി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വലിയ കാര്യങ്ങൾക്കും നന്ദി കാണിക്കുവാൻ സാധിക്കുകയില്ല.

നബിﷺ പറഞ്ഞു: “കുറഞ്ഞ കാര്യങ്ങൾക്ക് നന്ദി ചെയ്യുന്നില്ലെങ്കിൽ വലിയ കാര്യങ്ങൾക്കും നന്ദി കാണിക്കുകയില്ല’’(അഹ്‌മദ്).

വിശുദ്ധ ക്വുർആൻ പറയുന്നു: “നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?’’(അർറഹ്‌മാൻ: 60).

സേവനങ്ങൾ ചെയ്ത വ്യക്തികൾക്ക് പല രൂപത്തിലാണ് പ്രത്യുപകാരം ചെയ്തുകൊടുക്കുവാൻ സാധിക്കുക. തനിക്ക് ചെയ്തുതന്ന നന്മ അതേരൂപത്തിൽ തിരിച്ചുകൊടുക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യൽ നന്ദികാണിക്കൽ തന്നെയാണ്.

നബിﷺ പറഞ്ഞു: “ആരെങ്കിലും നിങ്ങൾക്ക് വല്ല നന്മയും ചെയ്താൽ അതിനു പകരമായി നിങ്ങൾ അയാൾക്ക് നന്മ ചെയ്യുക. അതിന് നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അവർക്കു വേണ്ടി പ്രാർഥിക്കുക. നിങ്ങൾ അവർക്ക് ഉപകാരം ചെയ്തുകൊടുത്തു എന്ന് തോന്നുന്ന രൂപത്തിലായിരിക്കണം അവർക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന’’ (അബൂദാവൂദ്).

മദീനയിലെ അൻസ്വാരികൾ സാമ്പത്തികമായി മുഹാജിറുകളെക്കാൾ ഉയർന്നവരായിരുന്നു. മുഹാജിറുകൾ ചെയ്യുന്ന ആരാധനാകർമങ്ങൾക്ക് പുറമെ സകാത്തും സ്വദക്വയും കൂടി നൽകാൻ അവർക്ക് കഴിഞ്ഞിരുന്നു. അപ്പോൾ മുഹാജിറുകൾ നബിﷺയോട് പറഞ്ഞു: “പ്രവാചകരേ, അൻസ്വാറുകൾ എല്ലാ പ്രതിഫലവും കൊണ്ടുപോയി. അവരെപ്പോലെ ദാനധർമങ്ങൾ നൽകി ഞങ്ങൾക്ക് അവരോടൊപ്പം എത്താൻ സാധിക്കുന്നില്ലല്ലോ.’ പ്രവാചകൻ അവരോട് പറഞ്ഞു: ‘നിങ്ങൾ അവരെ പുകഴ്ത്തുകയും അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്താൽ നിങ്ങൾക്കും അവരോടൊപ്പം എത്താവുന്നതാണ്’’(അബൂദാവൂദ്).

ലഭിച്ച നന്മകളെയും അവ ചെയ്തുതന്ന ആളുകളെയും വിസ്മരിക്കുന്നത് നന്ദികേട് തന്നെയാണ്. നബിﷺ പറഞ്ഞു: “ആർക്കെങ്കിലും വല്ല നന്മയും ലഭിച്ചാൽ അവൻ പ്രത്യൂപകാരം ചെയ്യട്ടെ. അതിന് കഴിയില്ലെങ്കിൽ അവൻ പുകഴ്ത്തിപ്പറയട്ടെ. അത് അയാൾക്ക് ചെയ്യുന്ന നന്ദിയാണ്. എന്നാൽ അത് മൂടിവയ്ക്കുകയാണെങ്കിൽ നന്ദികേടുമാണ്’’ (അബുദാവൂദ്).

ക്രൂരനായ ഫിർഔൻ മൂസാനബി(അ)യെ വധിക്കുവാൻ ഗൂഢാലോചന നടത്തിയ വിവരം അദ്ദേഹം അറിഞ്ഞപ്പോൾ ഓടി രക്ഷപ്പെടുകയും വഴിമധ്യേ രണ്ട് പെൺകുട്ടികൾക്ക് വെള്ളം കോരിക്കൊടുത്ത് അവരെ സഹായിക്കുകയും ചെയ്തു.

അവർ വീട്ടിൽ പോയി പിതാവിനോട് ഈ കാര്യം ഉണർത്തിയപ്പോൾ അദ്ദേഹം മൂസാ നബിയെ കൂട്ടിക്കൊണ്ടു വരുവാൻ ഒരു മകളെ പറഞ്ഞയച്ചു. വിശുദ്ധ ക്വുർആൻ കാര്യം ഇപ്രകാരമാണ് ഉണർത്തുന്നത്:

“താങ്കൾ ഞങ്ങൾക്കു വേണ്ടി (ആടുകൾക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കൾക്കു നൽകുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു’’ (അൽഖസ്വസ്വ് 25).

തന്റെ മക്കൾക്ക് സഹായം നൽകിയ യുവാവിനെ നന്ദിപൂർവം സ്വീകരിക്കുന്ന മഹാനായ ഒരു മനുഷ്യനെയാണ് ഈ സൂക്തത്തിലൂടെ നമുക്ക് കാണുവാൻ സാധിക്കുക.

മനുഷ്യരോട് ഏറ്റവും കൂടുതൽ നന്ദി കാണിക്കുന്ന ആളായിരുന്നു നബിﷺ. ധനികരായിരുന്ന അബ്ദുല്ലാഹ് ഇബ്‌നു അബീ റബീഅ(റ)യിൽനിന്നും നബി ﷺ മുപ്പതിനായിരം അല്ലെങ്കിൽ നാൽപതിനായിരം ദീനാർ കടം വാങ്ങി. അത് തിരിച്ചു കൊടുത്ത വേളയിൽ പ്രവാചകൻﷺ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ. തീർച്ചയായും കടം കൊടുത്തതിന്റെ പ്രതിഫലം അത് കൃത്യസമയത്ത് തിരിച്ചുകൊടുക്കലും അയാൾക്കുവേണ്ടി പ്രാർഥിക്കലുമാണ്’’(അഹ്‌മദ്).

പ്രവാചകനിൽനിന്നും അധ്യാപനം ഉൾക്കൊണ്ട സ്വഹാബിമാരുടെ ജീവിതവും ഇതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. മക്കയിൽനിന്നും എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്ത അബ്ദുറഹ്‌മാൻ ഇബ്‌നു ഔഫ്(റ) അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ മദീനക്കാരനായ സഅദ് ഇബ്‌നു റബീഅ(റ) തയ്യാറായി. അദ്ദേഹം അബ്ദുറഹ്‌മാൻ ഇബ്‌നു ഔഫി(റ)നോട് പറഞ്ഞു: ‘അൻസ്വാരികളിലെ ഒരു ധനാഢ്യനാണ് ഞാൻ. എന്റെ സമ്പത്ത് പകുതിയായി ഭാഗിച്ച് ഒരു ഭാഗം ഞാൻ താങ്കൾക്ക് നൽകാം. എനിക്ക് രണ്ടു ഭാര്യമാർ ഉണ്ട്. അവരിൽ താങ്കൾക്ക് ഇഷ്ടമുള്ളവളെ ഞാൻ വിവാഹമോചനം ചെയ്യാം. ശേഷം താങ്കൾക്ക് അവരെ വിവാഹം കഴിക്കാം.’ ഇതു കേട്ടമാത്രയിൽ അബ്ദുറഹ്‌മാൻ(റ) നന്ദിപൂർവം അത് നിരസിച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് താങ്കളുടെ സമ്പത്തിലും കുടുംബത്തിനും അനുഗ്രഹം ചെയ്യട്ടെ’ (അൽബുഖാരി).

നന്ദി വാക്ക് പറയലും നന്ദി കാണിക്കലും ഒരിക്കലും നമുക്ക് സാമ്പത്തിക നഷ്ടമോ ശാരീരിക പ്രയാസമോ വരുത്തിവയ്ക്കുന്നില്ല. മാത്രമല്ല, സ്‌നേഹം ശക്തിപ്പെടുവാനും ഹൃദയങ്ങൾ ഇണങ്ങുവാനും കൂടുതൽ നന്മകൾ പ്രസരിക്കുവാനും അത് വഴിയായിത്തീരുന്നു. അതിനാൽ ഒരിക്കലും നന്ദിവാക്കുകൾ പറയുവാൻ നാം പിശുക്കു കാണിക്കരുത്.

(അവസാനിച്ചില്ല)