ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2024 ജൂൺ 01, 1445 ദുൽഖഅദ് 24

(ഭാഗം: 04)
29. അമുസ്‌ലിംകളോട് നീതി കാണിക്കുക
നീതി പാലിക്കുക എന്നത് മുസ്‌ലിംകളുടെ കടമയും കർത്തവ്യവുമാണ്. അതിൽ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ പാടില്ല. അല്ലാഹു പറയുന്നു:
“മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽനിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 60:8).
30. കടം വാങ്ങിയവന് ഇടനൽകുക
സാമ്പത്തിക പ്രയാസമുളളവരെ കടം നൽകി സഹായിക്കുകയെന്നത് ഇസ്‌ലാമിൽ വളരെ പ്രതിഫലാർഹമായ പുണ്യകർമമാണ്. കടം വാങ്ങിയവന് നിശ്ചിത അവധിക്ക് കടം വീട്ടാൻ കഴിയാതെ വരികയാണെങ്കിൽ അവർക്ക് കടം വീട്ടാനുളള അവധി നീട്ടികൊടുക്കാൻ ക്വുർആൻ അനുശാസിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
“ഇനി (കടം വാങ്ങിയവരിൽ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാൽ (അവന്ന്) ആശ്വാസമുണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാണ്. എന്നാൽ നിങ്ങൾ ദാനമായി (വിട്ടു)കൊടുക്കുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം; നിങ്ങൾ അറിവുള്ളവരാണെങ്കിൽ’’ (2:280).
31. യുദ്ധരംഗത്ത് അതിക്രമം അരുത്
വിശ്വാസികൾക്ക് അനിവാര്യഘട്ടങ്ങളിൽ യുദ്ധം ചെയ്യാൻ ഇസ്‌ലാം അനുമതി നൽകുന്നുണ്ടെങ്കിലും ഒരിക്കലും യുദ്ധനിയമങ്ങൾ ലംഘിക്കുകയോ അതിക്രമം ചെയ്യുകയോ ചെയ്യരുതെന്ന് ക്വുർആൻ കൽപിക്കുന്നതായി കാണാം.
“നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കരുത്. പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹുഇഷ്ടപ്പെടുകയില്ല തന്നെ’’ (2:190).
യുദ്ധരംഗത്ത് അനുവർത്തിക്കേണ്ട മര്യാദകൾ ഹദീസിലും വ്യക്തമാക്കുന്നുണ്ട്. നബിﷺ പറഞ്ഞു: “നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. അല്ലാഹുവിൽ അവിശ്വസിക്കുന്നവരുമായി നിങ്ങൾ അടരാടുക. നിങ്ങൾ യുദ്ധം ചെയ്യുക, നിങ്ങൾ അതിരുകവിയരുത്. നിങ്ങൾ വഞ്ചിക്കരുത്. നിങ്ങൾ യുദ്ധത്തിൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങളെ അംഗവിഛേദം ചെയ്യരുത്. കുഞ്ഞുങ്ങളെയും മഠങ്ങളിലുളള പുരോഹതിരെയും നിങ്ങൾ വകവരുത്തരുത്.’’
32. യുദ്ധക്കളത്തിൽനിന്ന് ഒളിച്ചോടരുത്
അനിവാര്യഘട്ടങ്ങളിൽ മാത്രമാണ് ഇസ്‌ലാം യുദ്ധം അനുവദിച്ചിട്ടുളളത്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലനിൽപിന് ഭീഷണി നേരിടുകയും മറ്റു മാർഗങ്ങളൊന്നും കാണാതിരിക്കുകയും ചെയ്യുമ്പോഴാണ് ആയുധമെടുക്കാൻ അനുമതിയുള്ളത്. യുദ്ധത്തിന്റെ മുഴുവൻ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം യുദ്ധം ചെയ്യേണ്ടത്. ഇങ്ങനെ യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെട്ടതിനുശേഷം മരണഭയംകൊണ്ടോ പരാജയഭീതികൊണ്ടോ ഒളിച്ചോടുന്നത് ഇസ്‌ലാമിൽ പൊറുക്കപ്പെടാത്ത പാപമാണ്. അനിവാര്യമായ കാരണങ്ങളുണ്ടെങ്കിൽ യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ വിശ്വാസികൾക്ക് അനുവാദമുണ്ട്. എന്നാൽ യുദ്ധം തുടങ്ങിയാൽ ഒരിക്കലും പിന്തിരിയരുത്.
“സത്യവിശ്വാസികളേ, സത്യനിഷേധികൾ പടയണിയായി വരുന്നതു നിങ്ങൾ കണ്ടാൽ നിങ്ങൾ അവരിൽനിന്ന് പിന്തിരിഞ്ഞ് ഓടരുത്. യുദ്ധ(തന്ത്ര)ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ. അന്ന് അവരിൽനിന്ന് (ശത്രുക്കളുടെ മുമ്പിൽനിന്ന്) വല്ലവനും പിന്തിരിഞ്ഞുകളയുന്നപക്ഷം, അവൻ അല്ലാഹുവിൽനിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നുചേരാൻ കൊള്ളരുതാത്ത സ്ഥലമത്രെ അത്’’ (8:16).
33. സമാധാനം ആഗ്രഹിക്കുന്നവരോട് സഖ്യത്തിലേർപ്പെടുക
ശത്രുക്കൾ ശത്രുത അവസാനിപ്പിച്ചാൽ, അല്ലെങ്കിൽ സമാധാന സന്ധിക്ക് മുതിർന്നാൽ പിന്നീട് അവരെ കയ്യേറ്റം ചെയ്യാൻ പാടില്ല. ശത്രുപക്ഷത്തുളളവർ സത്യം മനസ്സിലാക്കി ഇസ്‌ലാം ആശ്ലേഷിച്ച സംഭവങ്ങൽ ഇസ്‌ലാമിക ചരിത്രത്തിൽ എമ്പാടും കാണാൻ സാധിക്കും. അല്ലാഹു പറയുന്നു:
“ഇനി, അവർ സമാധാനത്തിലേക്ക് ചായ്‌വു കാണിക്കുകയാണെങ്കിൽ നീയും അതിലേക്ക് ചായ്‌വു കാണിക്കുകയും അല്ലാഹുവിന്റെമേൽ ഭരമേൽപിക്കുകയും ചെയ്യുക. തീർച്ചയായും അവനാണ് എല്ലാം കേൾ ക്കുകയും അറിയുകയും ചെയ്യുന്നവൻ’’ (8:61).
35. യുദ്ധരംഗത്ത് ശത്രുക്കളിൽനിന്ന് അഭയം തേടുന്നവർക്ക് അഭയം നൽകുക
വിശ്വാസം, സത്യം, ധർമം, നീതി, സ്വാതന്ത്ര്യം, അവകാശം, നിലനിൽപ് എന്നിവയ്ക്കു വേിണ്ടിയാണ് മുസ്‌ലിംകൾ യുദ്ധം ചെയ്യാറുള്ളത്. ശത്രുപക്ഷത്തുള്ള നിഷ്പക്ഷമതികൾ ഈ വസ്തുത മനസ്സിലാക്കി അസത്യത്തിന്റെ അനുയായികളിൽനിന്നും പിന്മാറി സത്യത്തിന്റെ സംഘത്തോടപ്പം ചേരാൻ മുസ്‌ലിംകളിൽ അഭയം തേടാറുണ്ട്. ഇങ്ങനെ ആരെങ്കിലും അഭയംതേടി വരികയാണെങ്കിൽ അവർക്ക് അഭയം നൽകണമെന്ന് ക്വുർആൻ നിർദേശിക്കുന്നു.
“ബഹുദൈവവിശ്വാസികളിൽ വല്ലവനും നിന്റെയടുക്കൽ അഭയംതേടി വന്നാൽ അല്ലാഹുവിന്റെ വചനം അവൻ കേട്ടു ഗ്രഹിക്കാൻ വേണ്ടി അവന്ന് അഭയം നൽകുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്...’’(9:6)
(തുടരും)
