വഹ്‌യിന്റെ മഴയും മസീഹ് വാദവും!
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
2024 മാർച്ച് 23, 1445 റമദാൻ 13

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 53
1891ലാണ് രണ്ടാംഘട്ടം തുടങ്ങുന്നത്. ‘നീ മസീഹിന്റെ സദൃശനാ’ണെന്ന് വഹ്‌യ് ലഭിച്ചതായി മിർസാ ഗുലാം അവകാശപ്പെടുന്നു. പക്ഷേ, അദ്ദേഹം വാദിച്ചത് താൻ വാഗ്ദത്തമസീഹാണെന്നാണ്. മുസ്‌ലിംലോകം പ്രതീക്ഷിക്കുന്നത് ഈസാ മസീഹിന്റെ പുനരാഗമനമാണ്. അദ്ദേഹം മരിച്ചുപോയി, തന്നെ അല്ലാഹു പകരക്കാരനായി നിയോഗിച്ചിരിക്കുന്നു എന്നൊക്കെ അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുവേണ്ടി എപ്പോഴാണ് വഹ്‌യ് വന്നത്, അത് ഏതാണ് എന്നൊക്കെ പറയാൻ അദ്ദേഹത്തിനോ അനുയായികൾക്കോ സാധിച്ചിട്ടില്ല.
1891 മാർച്ചിലാണ് ഈ വാദം ഉന്നയിക്കുന്നത്. ആ വർഷം ആദ്യമായി അവതരിച്ച വഹ്‌യ്, പിൽക്കാലത്ത് ഒന്നാം ഖലീഫയായ ഹകീം നൂറുദ്ദീന് എഴുതിയ കത്തിൽ പരാമർശിക്കുന്നുണ്ട്: “താങ്കളുടെ ജാമാതാവായ ഫസലുറഹ്‌മാനെപ്പറ്റി നേരത്തെ തന്നെ നല്ല ചിന്ത മാത്രമാണ് ഈ വിനീതനുള്ളത്. ഒരിക്കൽ അവനെപ്പറ്റി ‘അവൻ നേർമാർഗത്തിലാവു’മെന്ന് ഇൽഹാം അവതരിച്ചിട്ടുണ്ട്’’ (പേജ് 177).
രണ്ടാമത്തേത് ഫെബ്രുവരി 11ന് മൗലവി അബ്ദുൾ ജബ്ബാറിന് എഴുതിയ കത്തിൽ പറയുന്ന വചനമാണ്. ‘അല്ലാഹുവിന്റെ വഹ്‌യും ഇൽഹാമും അനുസരിച്ച് ഞാൻ മസീഹിന്റെ സദൃശനാണെന്ന് (മസീലെ മസീഹ്) വാദമുന്നയിച്ചിട്ടുണ്ട്. നേരത്തെ വിശുദ്ധ ക്വുർആനിലും പ്രവാചകവചനങ്ങളിലും എന്നെപ്പറ്റി വിവരം നൽകിയിട്ടുണ്ടെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു.’’ (തുടർന്ന് മറ്റു ചിലരെപ്പറ്റിയുള്ള വഹ്‌യുകൾക്ക് ശേഷം എട്ടാമതായി ഖാദിയാന് ദമാസ്‌കസുമായുള്ള ബന്ധമെന്തെന്നതിനെപ്പറ്റി തനിക്ക് ലഭിച്ച വെളിപാട് വിശദീകരിക്കുന്നു: “യസീദികൾ അവിടെനിന്ന് പുറത്താക്കപ്പെട്ടു’ എന്നാണ് വഹ്‌യ്. പിന്നെ അബൂദാവൂദിന്റെ പുസ്തകത്തിൽ പറഞ്ഞ സമർഖന്ധിൽ നിന്ന് വരുന്ന ഹർറാസ് അഥവാ ഹാരിസും അവസാനകാലത്ത് വരുന്ന മസീഹും യഥാർഥത്തിൽ ഈ വിനീതൻ തന്നെയാകുന്നു’’ (പേജ് 181-182).
ഗുരുതരമായ രോഗം ബാധിച്ച് നാളെ തന്റെ ജനാസ എടുക്കും എന്നുപോലും തോന്നിപ്പോയ ഒരു ഘട്ടത്തിൽ, താൻ നടത്തിയ പ്രവചനങ്ങൾ പുലരാത്തതിൽ കടുത്ത ആശങ്കയുണ്ടാവുകയും ‘ഈ കാര്യം നിന്റെ നാഥനിൽനിന്ന് തന്നെയുള്ള സത്യമാണ്, നീ സംശയിക്കുന്നവരിൽ പെട്ടുപോകരുത്’ എന്ന് വഹ് യ് ലഭിക്കുകയും ചെയ്തതായി പറയുന്നു. (പേജ് 188).
1886ൽ മുഹമ്മദീ ബീഗത്തിന്റെ പിതാവ് അഹ്‌മദ് ബേഗ് മരിക്കുമെന്ന പ്രവചനമാണ് ഉദ്ദേശിക്കുന്ന തെന്ന് അടിക്കുറിപ്പിൽ പറയുന്നുണ്ട്. അടുത്ത വചനംകൂടി കാണുക: “അല്ലാഹു തന്റെ പരിശുദ്ധ വചനങ്ങളിൽ എന്നെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘നാസിരീ നബിയുടെ മാതൃകയിൽ നോക്കുകയാ ണെങ്കിൽ, മുമ്പൊന്നും ആരും ഒരു ശാരീരിക രോഗത്തിൽനിന്ന് ശുദ്ധീകരിച്ചിട്ടില്ലാത്തത്ര അധികമായി അദ്ദേഹം ദൈവദാസന്മാരെ ശുദ്ധീകരിക്കുകയാണെന്ന് കാണാൻ കഴിയും’’ (പേജ് 188).
തുടർന്ന് മുഹമ്മദ് നബിﷺയുടെ റൗദാ ശരീഫിന്റെ അടുത്തായിരിക്കും തന്റെ ക്വബ്‌റിടം എന്നും പടിഞ്ഞാറ് സൂര്യൻ ഉദിക്കുമെന്നതിന്റെ താൽപര്യം പശ്ചാത്യലോകത്ത് ഇസ്‌ലാമിന്റെ വെളിച്ചമെത്തുകയാണെന്നുമുള്ള സ്വപ്നവ്യാഖ്യാനങ്ങളാണ് നമുക്ക് വായിക്കാനാവുക. (പേജ് 189).
ചുരുക്കത്തിൽ, താൻ അതുവരെ വിശ്വസിച്ചുവന്നതും വിശുദ്ധ ക്വുർആൻ സൂക്തങ്ങളുടെ സാക്ഷ്യത്തോടെ എഴുതിയതും എന്തിനധികം അല്ലാഹുവിൽനിന്ന് വഹ്‌യ് ലഭിച്ചതുമായ കാര്യം; അഥവാ ഈസാനബി(അ) ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നുമുള്ള വിശ്വാസം തിരുത്തേണ്ട തരത്തിൽ എന്തെങ്കിലും ഒരു വഹ്‌യ് ലഭിച്ചതായി ‘തദ്കിറ’യിൽ കാണാനാവില്ല.
എന്നാൽ പിൽക്കാലത്ത് എഴുതിയ ‘ഹഖീഖത്തുൽ വഹ്‌യി’ൽ മിർസാ ഖാദിയാനി എഴുതി: “ഈസാനബി(അ) ആകാശത്തുനിന്ന് ഇറങ്ങുമെന്ന വിശ്വാസത്തിൽ മുസ്‌ലിംകളിലെ ഒരു വിഭാഗം ആണ്ടു പോയിരുന്നു. എന്റെ വിശ്വാസവും അതായിരുന്നു. അതിനാൽ അല്ലാഹുവിന്റെ വഹ്‌യുകൾ ബാഹ്യാർഥത്തിൽ സ്വീകരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. ഞാനവയെ വ്യാഖ്യാനിച്ചു. സാധാരണ മുസ്‌ലിംകളുടെ വിശ്വാസം ഉൾക്കൊണ്ട് അക്കാര്യം ‘ബറാഹീനെ അഹ്‌മദിയ്യ’യിൽ പ്രസിദ്ധീകരിച്ചു. എന്നാൽ പിന്നീട് വരാനിരിക്കുന്ന വാഗ്ദത്ത മസീഹ് നീ തന്നെയാണെന്ന് മഴ വർഷിക്കും പോലെ വഹ്‌യ് വന്നു... അവസാന കാലത്ത് വരാനുള്ള മസീഹ് ഞാനാണെന്ന വിശ്വാസത്തിലേക്ക് ഞാൻ പിടിച്ചു വലിക്കപ്പെട്ടു.’’ (പേജ് 149).
ഈ വിഷയവുമായി ബന്ധപ്പെട്ട് ‘വഹ്‌യിന്റെ ഒരു ചാറ്റൽമഴ’ പോലും ‘തദ്കിറ’ മുഴുവൻ വായിച്ചാലും നമുക്ക് കാണാനാവില്ല. അതേസമയം ആ വർഷം എഴുതിയ ‘ഇസാലയേ ഔഹാം’ എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ക്വുർആനിൽ നിന്ന് മുപ്പത് ആയത്തുകൾ ഉദ്ധരിച്ച് ഈസാ നബി(അ) മരിച്ചു എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. തന്റെ വാദങ്ങൾക്ക് ആയത്തുകളും ഹദീസുകളും തെളിവായി സമർപ്പിക്കുക എന്ന, ഏത് സാദാ മൗലവിയും ചെയ്യുന്ന അതേ രീതിയാണ് ഇവിടെ വഹ്‌യ് ലഭിക്കുന്നുവെന്ന് വാദിക്കുന്ന ‘പ്രവാചകനും’ അവലംബിച്ചിട്ടുള്ളത്! ‘അല്ലാഹു എനിക്ക് വഹ്‌യ് നൽകിയിരിക്കുന്നു, ഈസാനബി മരിച്ചുപോയി, ഞാൻ നബിയാണ്, എന്നെ വിശ്വസിക്കുക, നിഷേധി ക്കുന്നവർ നരകത്തിൽ പോകും’ എന്നായിരുന്നില്ലേ പ്രവാചകത്വവാദി പ്രഖ്യാപിക്കേണ്ടിയിരുന്നത്? ആ വാദത്തെ ബലപ്പെടുത്തുന്ന ഒരു രേഖയും നമുക്ക് ഈ സമാഹാരത്തിൽ കാണാൻ സാധിക്കുകയില്ല. പ്രവാചകത്വവാദിയുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവിൽ നിസ്സംഗമായ മൗനമാണ് വഹ് യുടെ കാര്യത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
മൂന്നാം ഘട്ടം
1901 മുതൽ 1908ൽ മരിക്കുന്നതുവരെയാണ് മൂന്നാംഘട്ടം. താൻ നബിയാണെന്നും തന്നെ വിശ്വസിക്കാത്തവർ കാഫിറുകളും നരകാവകാശികളുമാണെന്നും പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. പക്ഷേ, ഇത് സംബന്ധമായി ലഭിച്ച ഒരു വഹ്‌യും ‘തദ്കിറ’യിൽ കാണാനാവില്ല.
അഹ്‌മദിയ്യാക്കൾ 1914ൽ ഖാദിയാനികളും ലാഹോരികളുമായി നെടുകെ പിളർന്നത് രണ്ടാം ഖലീഫയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ പിന്നീട് മിർസാ ഖാദിയാനി പ്രവാചകനാണെന്നും അല്ലെന്നും അദ്ദേഹത്തെ വിശ്വസിക്കാത്തവർ കാഫിറാണെന്നും അല്ലെന്നും തർക്കിച്ചുകൊണ്ട് തങ്ങളുടെ ഭിന്നിപ്പിന് ആദർശാടിത്തറ പാകി.

1900ലാണ് അദ്ദേഹം പ്രവാചകത്വം വാദിച്ചതെന്നും അതിനു മുമ്പ് എഴുതിയ ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ സ്വയം ഇജ്തിഹാദ് ചെയ്തതാണെന്നും അവയിൽനിന്ന് തെളിവുകൾ സ്വീകരിക്കാവത ല്ലെന്നും ഖാദിയാനി വിഭാഗം വാദിച്ചു. പക്ഷേ, മിർസാ ഖാദിയാനിയുടെ രചനകളിൽനിന്ന് ഇക്കാര്യം ഖണ്ഡിതമായി തെളിയിക്കാനാവില്ല. ‘ഒരു തെറ്റിദ്ധാരണ തിരുത്തൽ’ (ഏക് ഗലതീ കാ ഇസാല) എന്ന കൃതിയിലെ വിശദീകരണം വായിച്ചാലും പ്രവാചകത്വവാദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങുകയില്ല.
തദ്കിറയിലെ ‘അറബി വഹ്‌യുകൾ’
ഈ മൂന്ന് ഘട്ടങ്ങളിൽ അവതരിച്ചതെന്ന് വാദിക്കുന്ന ‘അറബി വഹ്‌യുകൾ’ മാത്രമെടുത്ത് ചില കാര്യങ്ങൾ പറയാനുദ്ദേശിക്കുന്നു. 1865 മുതൽ 1880 വരെ കാര്യമായി അറബി വാക്യങ്ങൾ അവതരിച്ചിട്ടില്ല. 1880-84 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ‘ബറാഹീനെ അഹ്‌മദിയ്യ’യിലാണ് കാര്യമായി ‘ബഹുഭാഷാ വഹ്‌യുകൾ’ രേഖപ്പെടുത്തിയിട്ടുള്ളത്. അവയും മറ്റുള്ളവയും ചേർത്ത് (1890 വരെ) 356 വചനങ്ങൾ അറബിയിൽ കാണാം. അതിൽ 4,5,6,7,9, 14,20,27,47,101,103 സൂക്തങ്ങളുള്ള അധ്യായങ്ങൾ കാണാനാവും. വിശുദ്ധ ക്വുർആനിലെ നിരവധി ആയത്തുകൾ അതേപോലെയും ആവശ്യത്തിന് കട്ട് ആന്റ് പേസ്റ്റ് ചെയ്തവയും കാണാവുന്നതാണ്. അതോടൊപ്പം തന്റെ സ്വന്തം വചനങ്ങളുമുണ്ട്!
1900 വരെയുള്ള രണ്ടാം ഘട്ടത്തിൽ അവതരിച്ചതെന്നു വാദിക്കുന്ന അറബി സൂക്തങ്ങൾ 785 ആണ്. പക്ഷേ, അവയിൽ പകുതിയിലധികവും നേരത്തെയുള്ളതിന്റെ ആവർത്തനമാണ്. ആ കാലത്തും അദ്ദേഹത്തിന്റെ വാദങ്ങൾ മഹ്ദിയിലും മസീഹിലും ഒതുങ്ങുന്നു.
1901ന് ശേഷമുള്ള അവസാനഘട്ടത്തിൽ അവതരിച്ചതെന്ന് അവകാശപ്പെടപന്ന ‘അറബി വഹ്‌യുകൾ’ പഴയതിന്റെ തനിയാവർത്തനമാണ്. ഹഖീഖത്തൂൽ വഹ്‌യിൽനിന്നും എടുത്തു ചേർത്ത അറബിവചനങ്ങൾ നേരത്തെ ബറാഹീനിൽ പ്രസിദ്ധീകരിച്ചവ തന്നെയാണ്. ഈ 785 വചനങ്ങളിൽ ചില ഉർദു, പേർഷ്യൻ വചനങ്ങളും ഉൾപ്പെടും. ഏറ്റവും ദീർഘിച്ച സൂക്താവലിയിൽ 337 വചനങ്ങൾ ആണുള്ളത്. 87, 28, 22 എന്നിങ്ങനെയാണ് വലിയ അധ്യായ ങ്ങളിലെ സൂക്തങ്ങളുടെ എണ്ണം.
ചെറുതും വലുതുമായി കുറെ അധ്യായങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് നാമകരണം ചെയ്തിട്ടില്ല. ഒന്നിലും പ്രത്യേക വിഷയങ്ങളോ ആശയബന്ധമോ വചനശ്രേണിയോ കാണാനാവില്ല. വായിൽ തോന്നിയതൊക്കെ എഴുതിയതാണ് എന്നേ തോന്നൂ. നേരത്തെ എടുത്തെഴുതിയവ തന്നെ ഉദാഹരണങ്ങൾ.

