ബലിപെരുന്നാൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

ബലിപെരുന്നാൾ ആനന്ദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. എന്നാൽ അതോടൊപ്പം അത് ആരാധനയും കൂടിയാണെന്നത് മറക്കാതിരിക്കുക. ഈ സന്തോഷാവസരത്തിലും വിശ്വാസികൾ മുഴക്കേണ്ട ശബ്ദം ‘ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹി ൽഹംദ്’ എന്നതായിരിക്കണം. ഏകദൈവ വിശ്വാസ പ്രചാരണത്തിന്ന് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈൽനബി(അ)യും വരിച്ച ത്യാഗചരിത്രമനുസ്മരിക്കുന്ന സന്ദർഭമാണിത്.

പെരുന്നാൾ നബിചര്യയിൽ

തക്ബീർ ചെല്ലൽ: അറഫാദിവസം പ്രഭാതം മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്വ‌്‌ർ വരെയാണ് അതിന്നു നിശ്ചയിക്കപ്പെട്ടസമയം. അത് പള്ളികളിലും അങ്ങാടികളിലും വഴികളിലുമെല്ലാം വെച്ച് ചൊല്ലാവുന്നതാണ്. പെരുന്നാൾ ദിവസങ്ങളിൽ കുളിച്ച് സുഗന്ധം പൂശി നല്ല വസ്ത്രങ്ങൾ അണിയുകയെന്നുള്ളത് പ്രവാചകൻ ﷺ പ്രത്യേകം നിർദേശിച്ച കാര്യമാണ്. പെരുന്നാൾ നമസ്‌കാര സ്ഥലത്തേക്ക് പോകുന്നതും വരുന്നതും കഴിവതും നടന്നുകൊണ്ടും വേറെ വേറെ വഴികളിലൂടെ ആയിരിക്കലുമാണ് നബിചര്യ.

വിശ്വാസികളുടെ ആഘോഷവും ആരാധനയിൽ അധിഷ്ഠിതമാണെന്ന് സൂചിപ്പിച്ചു. പെരുന്നാൾ ദിവസത്തെ ഏറ്റവും പ്രധാന ആരാധന പെരുന്നാൾ നമസ്‌കാരം തന്നെയാണ്. പെരുന്നാൾ നമസ്‌കാരം കഴിയുന്നത്ര നേരത്തെ നിർവഹിക്കലാണ് നബിﷺയുടെ മാതൃക. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും (സ്ത്രീകളടക്കം) ഈദ്ഗാഹിൽ (മൈതാനത്ത്) ഒരുമിച്ചുകൂടണം. പള്ളികളിൽ പ്രവേശിക്കൽ പാടില്ലാത്ത ആർത്തവകാരികളായ സ്ത്രീകൾപോലും നമസ്‌കാരത്തിന് നിശ്ചയിക്കപ്പെട്ട ഈദ്ഗാഹിൽ പങ്കെടുത്ത് തക്ബീറുകളിലും പ്രാർഥനകളിലും മറ്റും പങ്കെടുക്കണം. അവർ നമസ്‌കാരത്തിൽനിന്ന് വിട്ടുനിൽകണമെന്ന് മാത്രം. ഇമാമോടുകൂടി രണ്ടു റക്അത്ത് നമസ്‌കരിച്ച്, ശേഷം ഇമാം നടത്തുന്ന ഖുത്വുബ (പ്രഭാഷണം) ശ്രവിക്കണം. മഴയോ മറ്റു വല്ല അസൗകര്യങ്ങളോ ഉള്ളപ്പോൾ പള്ളികളിൽവെച്ചും നമസ്‌കരിക്കാവുന്നതാണ്. എന്നാൽ ഈ വിഷയത്തിലെ പ്രവാചകചര്യ ഈദ്ഗാഹിൽവെച്ച് നമസ്‌കരിക്കൽ തന്നെയാണ്.

പെരുന്നാൾ സുദിനത്തിൽ അതിരുവിടാത്ത ആനന്ദവും വിനോദവുമെല്ലാം ഇസ്‌ലാം അനുവദിക്കുന്നു. ആഇശ(റ) പറയുന്നു: “ഒരിക്കൽ അബൂബക്ർ(റ) എന്റെ അടുക്കലേക്ക് കടന്നുവന്നു, അന്നേരം അൻസ്വാരി പെൺകുട്ടികൾ ബുആസ് യുദ്ധത്തെ പറ്റിയുള്ള പാട്ടുകൾ പാടുകയായിരുന്നു. ഉടനെ അബൂബക്ർ (അതിനെ ആക്ഷേപിച്ച് ഇങ്ങനെ പറഞ്ഞു:) ‘നബിയുടെ വീട്ടിലാണോ പിശാചിന്റെ കുഴലൂത്ത്?’ അന്നേരം നബിﷺ പറഞ്ഞു: ‘അബൂബക്‌റേ, ഇന്ന് പെരുന്നാളല്ലേ? അവരെ വിട്ടേക്കുക. അവർ പാടിക്കൊള്ളട്ടെ’’ (സ്വഹീഹ് മുസ്‌ലിം)

മറ്റൊരിക്കൽ ഒരു പെരുന്നാളിൽ എത്യോപ്യക്കാർ മദീനാപള്ളിയിൽ ആയുധാഭ്യാസപ്രകടനം നടത്തുകയും നബിﷺ അന്നേരം ആളുകളിൽനിന്നും എനിക്കു മറയെന്നോണം നിന്നുതരികയും ഞാൻ നബിയുടെ ചുമലിലൂടെ അത് കാണുകയും ചെയ്തു എന്ന് ആഇശ(റ)യിൽനിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് നിഷിദ്ധമല്ലാത്തതും ഉപകാരപ്രദവുമായ വിനോദങ്ങൾ സംഘടിപ്പിച്ച,് യുവാക്കളെയും കുട്ടികളെയും വൃത്തികേടുകളിലേക്കും മറ്റു തെറ്റായ മാർഗങ്ങളിലേക്കും തിരിയുന്നതിൽനിന്ന് തടയാൻ നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ദാനധർമങ്ങൾ അധികരിപ്പിക്കൽ, കുടുംബസന്ദർശനം, മറ്റു മതസ്ഥരുമായുള്ള സൗഹാർദം ഊട്ടിയുറപ്പിക്കൽ എന്നിവയ്ക്കും ഈ സുദിനം ഉപയോഗപ്പെടുത്താൻ നാം ശ്രമിക്കേണ്ടതാണ്.