ചങ്ങലയെ ചുംബിക്കുന്ന കാമുകൻ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 ജനുവരി 27, 1445 റജബ് 15

തന്ത്രങ്ങൾ പലവിധം

1898 സെപ്തംബർ മൂന്നിന് സേട്ട് അബ്ദുറഹ്‌മാന് അയച്ച മറ്റൊരു കത്തുകൂടി വായിക്കാം: ‘ആഴ്ചകൾക്കു മുമ്പ് എനിക്കൊരു വഹ്‌യ് ലഭിച്ചിരുന്നു: ‘അവൻ തന്റെ സമ്പത്തിൽനിന്ന് അവനുവേണ്ടി ഒരു തവണ നല്ലൊരുഭാഗം മാറ്റിവെച്ചിട്ടുണ്ട്.’ അതിനു ലഭിച്ച വിശദീകരണത്തിൽ ഏതോ ഒരു വ്യക്തി എന്തോ ഉദ്ദേശ്യം നേടുന്നതിനായി തന്റെ സ്വത്തിന്റെ ഒരു വിഹിതം നേർച്ചയാക്കി അയച്ചിരിക്കുന്നു. ഞാൻ ആ ഇൽഹാം എന്റെ പുസ്തകത്തിൽ മാത്രമല്ല, വീട്ടിനടുത്തുള്ള പള്ളിയുടെ ചുമരിലും വളരെ നല്ല കൈയക്ഷരത്തിൽ എഴുതി ഒട്ടിച്ചു. എപ്പോൾ സംഭവിക്കും എന്ന് കാലാവധി പറഞ്ഞിട്ടില്ല. ഏത് വ്യക്തിയാണ് ഇതിൽ വിജയം വരിക്കുക എന്നും ആർക്കാണ് സന്തോഷം പ്രകടിപ്പിക്കാനാവുക എന്നും അതിൽ പറഞ്ഞിട്ടില്ല’’ (പേജ് 325).

എങ്ങനെയുണ്ട് ഖാദിയാനി പ്രവാചകന്റെ സൂത്രം? അനുയായികൾ കാണാൻ തക്കവണ്ണം ഇൽഹാം എഴുതി പള്ളിയുടെ ചുമരിൽ ഒട്ടിക്കുക. കാണാൻ സാധിക്കാത്ത ദൂരസ്ഥലങ്ങളിലുള്ള സഹൃദയർക്ക് കത്തെഴുതി അറിയിക്കുക. ചൂണ്ടയിൽ ഇര കോർത്തിട്ട് കാത്തിരിക്കുക, കാര്യസാധ്യത്തിനായി ആരെങ്കിലും ചെറുതല്ലാത്ത സംഖ്യ നേർച്ചയാക്കുമെന്ന പ്രതീക്ഷയോടെ. ‘വിശ്വാസികളെ’ സംബന്ധിച്ചിടത്തോളം കൊടുക്കാതിരിക്കാൻ ആവുമോ? പാവങ്ങൾ വീണുപോകും. ഈ പ്രവാചകൻ ഊറിച്ചിരിച്ചുകൊണ്ട് അടുത്ത തന്ത്രം മെനയും!

ചങ്ങലയെ ചുംബിക്കുന്ന കാമുകൻ

“29.7.1897. ഒരു ഇൽഹാം അവതരിച്ചു: ‘നിങ്ങളിൽനിന്നുള്ള ജിഹാദ് ചെയ്യുന്നവരെയും കളവാക്കുന്നവരെയും നിശ്ചയമായും അല്ലാഹു തിരിച്ചറിയുന്നു.’ ഇതിൽ എന്റെ ജമാഅത്തിനെയാണ് സംബോധന ചെയ്യുന്നത്. നിങ്ങളിൽ ആരൊക്കെയാണ് അവന്റെ നിയുക്തന്റെ മാർഗത്തിൽ സത്യസന്ധ മനസ്സോടെ പരിശ്രമിക്കുന്നത്, ആരെല്ലാമാണ് ബൈഅത്തിൽ കാപട്യം കാണിക്കുന്നത് എന്ന് അല്ലാഹു തീർച്ചയായും തിരിച്ചറിയും. അതുതന്നെയാണ് സംഭവിച്ചത്. ഈ കേസിലും മിസ്റ്റർ ഡ്യൂയി വിധി പ്രസ്താവിച്ച മറ്റൊരു കേസിലും സത്യസന്ധമായ മനസ്സോടും പൂർണമായ സഹാനുഭൂതിയോടൂംകൂടി ഒരുവിഭാഗം അങ്ങേയറ്റം വേപഥുകൊള്ളുകയും ജീവനും സ്വത്തും സമർപ്പിക്കാൻ തയ്യാറാവുകയും ചെയ്തപ്പോൾ മറുവിഭാഗം അക്കാര്യത്തിൽ അണുമണിത്തൂക്കം സഹതാപം കാണിച്ചില്ല. സത്യസന്ധന്മാർക്ക് മുമ്പിൽ തുറന്നുവച്ച ജാലകം അവർക്കുനേരെ കൊട്ടിയടക്കപ്പെടും. അപ്പോഴാണ് ഈ ഇൽഹാം അവതരിച്ചത്: ‘ആപത്തണഞ്ഞ നാളുകളിൽ സ്‌നേഹവും കൂറും കാണിച്ചവർ സത്യവാന്മാരാണെന്ന് തെളിഞ്ഞു.’ പിന്നെ എന്റെ മനസ്സിലേക്ക് ഒരു ഈരടി ഇട്ടുതന്നു. തെളിഞ്ഞ ഇൽഹാമിന്റെ രൂപത്തിൽ ആയിരുന്നില്ലെങ്കിലും ഒരു ഗുപ്ത ഇൽഹാം പോലെ അത് മനസ്സുനിറഞ്ഞു: ‘അപ്രതീക്ഷിതമായി ഒരു കാമുകൻ ചങ്ങലയിൽ ബന്ധനസ്ഥനായാൽ അതിനു പ്രേരണയായ ചങ്ങലക്ക് അവൻ ചുംബനമർപ്പിക്കും’’ (പേജ് 312-313).

പ്രലോഭനം മാത്രമല്ല പ്രകോപനവും നിറഞ്ഞതാണ് മിർസായുടെ വാക്കുകൾ. ജീവനും ധനവും ത്യജിക്കാൻ തയ്യാറുള്ള ഒരു വിഭാഗത്തെയും അണുമണിത്തൂക്കം സഹതാപം ഇല്ലാത്തവരെയും അല്ലാഹു തിരിച്ചറിയുമെന്നും രക്ഷപ്പെടില്ലെന്നുമാണ് ഭീഷണി.

വധശ്രമക്കേസിൽനിന്ന് തടിയൂരാൻ!

മാർട്ടിൻ ക്ലാർക്ക് കൊടുത്ത വധശ്രമക്കേസിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഭീമമായ തുക സമാഹരിക്കുന്നത്. മിർസയുടെ ഒരു അനുയായി അബ്ദുൽ ഹമീദ്, മാർട്ടിൻ ക്ലാർക്കിനെ വധിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയും അമൃതസർ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പിൽ ‘തന്നെ കൊല്ലാനയച്ചത് മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയാണ്’ എന്ന് വെളിപ്പെടുത്തുകയും ചെയ്തു. മജിസ്‌ട്രേട്ട് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരായ മിർസയെ ഇംഗ്ലീഷുകാരനായ ജഡ്ജ് ക്യാപ്റ്റൻ എം.ഡബ്ലിയു.ഡഗ്ലസ് വെറുതെ വിട്ടു. ഈ കേസിനായി വലിയ തുക ചെലവഴിക്കേണ്ടിവന്നു. അതിനുവേണ്ടിയാണ് ജിഹാദ് ചെയ്യുന്നവരെയും കപടന്മാരെയും വേർതിരിച്ചുകൊണ്ട് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

പാവങ്ങളെ പറ്റിച്ച് പണം പിടുങ്ങാൻ സമർഥനായിരുന്നു ഖാദിയാനി പ്രവാചകൻ. ഇന്നും ‘ചന്ദ’യും ‘സ്വർഗം ഉറപ്പാക്കുന്ന ക്വബ്ർസ്ഥാനും’ ‘വഖ്‌ഫെ ജദീദും’ ‘പുണ്യഭൂമിയിൽ ഫ്‌ളാറ്റും’ ‘ഫസ്‌ലെ ഉമർ പ്രൊജക്റ്റും’ ഒക്കെയാണ് അനുയായികളെ പ്രലോഭിപ്പിക്കുന്ന ധനാകർഷണ മന്ത്രങ്ങൾ!

ആനുഷംഗികമായി പറയട്ടെ, നമ്മുടെ ഒരു സഹോദരൻ ഖാദിയാനിമതം സ്വീകരിച്ച് നാൽപതു വർഷത്തിലേറെ ചന്ദയായും ഖാദിയാനിലെ ‘സ്വർഗീയശ്മശാന’മായ ‘ബഹശ്തി മക്വ‌്‌ബറ’യിൽ മറവുചെയ്യപ്പെടാനുമായി വരുമാനത്തിന്റെ 16 ശതമാനത്തിലേറെയുള്ള ലക്ഷക്കണക്കിനു രൂപ കൊടുത്തിരുന്നു. പിന്നീട് ഇസ്‌ലാമിലേക്ക് തിരിച്ചുവന്നപ്പോൾ പണം തിരിച്ചുകിട്ടാൻ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഖാദിയാനി നേതൃത്വം അതിന് തയ്യാറായില്ല. ‘ചന്ദ’ എന്ന നിലയ്ക്ക് ആറുശതമാനം പോകട്ടെ, പക്ഷേ, ഖാദിയാനിയല്ലാത്ത സ്ഥിതിക്ക് ഖാദിയാനിലെ ശ്മശാനത്തിൽ മറവ് ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരാൾക്ക് അതിനു വേണ്ടി വസൂലാക്കിയ പണം തിരിച്ചു കൊടുക്കുന്നത് സാമാന്യമര്യാദയാണല്ലോ. ഖാദിയാനികളെ സംബന്ധിച്ചിടത്തോളം പണത്തിന്റെ കാര്യത്തിൽ മര്യാദക്ക് ഒരു സ്ഥാനവുമില്ല.

ഉപ്പിലിട്ട പണം

‘തദ്കിറ’യിലെ നിരവധി ‘വഹ്‌യുകൾ’ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ലങ്കർവാൽ നിവാസിയായ ദീൻ മുഹമ്മദിന്റെ ഒരു നിവേദനം ബസീറത്തുൽ മഹ്ദിബയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. അദ്ദേഹം പറയുന്നു: “1883ലാണ് സംഭവം. മസീഹ് പറഞ്ഞു: ‘എന്റെ ഇരിപ്പിടത്തിന്റെ കുഷ്യന് ചുറ്റും ആരോ ഉപ്പ് വിതറിയതായി ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ആ സ്വപ്‌നത്തിന്റെ വ്യാഖ്യാനം ചോദിച്ചു. എവിടെനിന്നോ ധാരാളമായി പണം വരുന്നുണ്ടെന്നാണ് അതിന്റെ വിവക്ഷ എന്ന് പറഞ്ഞു. ഞാൻ അവിടെ നാൽപതു ദിവസംകൂടി താമസിച്ചു. എന്റെ കൺമുമ്പിൽ ആ പ്രവചനം പുലർന്നു. ആയിരത്തിലധികം രൂപയുടെ ഒരു മണിയോർഡർ ഹുസൂറിന് ലഭിച്ചു’’(പേജ് 755).

അതിന്റെ തുടർച്ചയായി ബസീറത്തുൽ മഹ്ദിബയിൽ നമുക്ക് ഈ വരികൾ കൂടി കാണാം: “മേൽവിലാസം എഴുതാത്തതായിരുന്നു ആ മണിയോർഡർ. ആരാണ് അയച്ചതെന്ന് ഹുസൂറിനും മനസ്സിലാക്കാനായില്ല’’ (രിവായത് നമ്പർ 636).

ഉറക്കിലോ ഉണർച്ചയിലോ കണ്ടത് ഇരിപ്പിടത്തിനു ചുറ്റും ഉപ്പ് വിതറുന്നതാണ്. ഒത്തിരി പണം വരുമെന്നത് വ്യാഖ്യാനമാണ്. എങ്ങനെയും വ്യാഖ്യാനിക്കാം. പക്ഷേ, സാക്ഷാത്കാരത്തിലാണ് പ്രശ്‌നം. അയക്കുന്ന ആളുടെ അഡ്രസ്സ് ഇല്ലാതെ മണിയോഡർ അയക്കാൻ പറ്റുമോ? കൃത്യമായ സംഖ്യ എത്രയെന്നും നിവേദകനറിയില്ല. 1883ലെ ആയിരം രൂപയുടെ മൂല്യം കൂടി ഓർക്കണം. ‘ബറാഹീനെ അഹ്‌മദിയ്യ’യുടെ പ്രസിദ്ധീകരണത്തിന് മുൻകൂറായി 25 രൂപ മുതൽ കൊടുത്തവരുടെ ലിസ്റ്റ് മുഖവുരയിൽ കാണാം. അതിലൊന്നും ഈ 1000 രൂപ എഴുതിയിട്ടില്ല. ഇത്ര വലിയ സംഖ്യ കിട്ടിയിരുന്നെങ്കിൽ ചുരുങ്ങിയത് പത്ത് പുസ്തകങ്ങളിലെങ്കിലും തന്റെ അടയാളമായി മിർസാ ഖാദിയാനി എഴുതുമായിരുന്നു. കാലഗണനാ ക്രമത്തിൽ ക്രോഡീകരിച്ചപ്പോൾ ചേർക്കാത്തതും പിന്നീട് കൂട്ടിച്ചേർത്ത അനുബന്ധത്തിൽ ഉൾപ്പെടുത്തിയതുമാണ് ഈ ‘ദർശനം.’

പണം നഷ്ടപ്പെട്ടു

“ഒരു സ്വപ്നദർശനത്തിൽ, ഒരാൾ വന്ന് കുറേ കാശ് തന്നുകൊണ്ട് പറഞ്ഞു: ‘സർക്കാരിൽ നിന്നുള്ളതാണ്.’ ഞാൻ കരുതി ഏതോ പിഴ ആയിരിക്കുമെന്ന്. ‘രശീതി വേണ്ടേ’ എന്നു ചോദിച്ചപ്പോൾ അയാൾ വേണ്ടെന്നു പറഞ്ഞു. ഞാൻ വിശ്വസ്തൻ ആയതുകൊണ്ടായിരിക്കും. പിന്നെ കാണുന്നത് ആ പണം നഷ്ടപ്പെട്ടതായാണ്. ആരോ എടുത്തതാണ്. എത്ര കാശുണ്ടായിരുന്നു എന്ന് തന്ന ആളോട് ചോദിച്ചപ്പോൾ 47 രൂപയാണെന്ന് പറഞ്ഞു. വലിയ വിഷമം തോന്നി. ഒരു ജോലിക്കാരനെ ഞാൻ പിടിച്ചു. ‘നീ എടുത്തോടാ പണം?’ അവൻ നിഷേധിച്ചു. ഇന്നേവരെ അതിന് യാതൊരു തുമ്പുമില്ല. ഞാൻ കോടതിയിൽ ആണെങ്കിലും അവിടെ ന്യായാധിപന്മാരാരുമില്ല. അപ്പോഴാണ് ‘ഞാൻ നിന്റെ കൂടെയുണ്ട്, നിന്റെ കുടുംബത്തോടൊപ്പവും’ എന്ന വഹ്‌യ് അവതരിച്ചത്’’ (പേജ് 818).

അഞ്ചും പത്തുമല്ല, 47 രൂപയാണ് മോഷണം പോയത്. സാധാരണ മുതലാളിയുടെ സ്വഭാവം തന്നെ ഈ നബിക്കും! പണം നഷ്ടപ്പെട്ടപ്പോഴേക്കും വീട്ടിലെ ജോലിക്കാരനെയാണ് പിടികൂടുന്നത്. ‘വിശ്വസ്തൻ’ ആയതുകൊണ്ട് രസീത് എഴുതാതിരുന്നത് നന്നായി. അതിന്റെ കണക്ക് ബോധിപ്പിക്കേണ്ടല്ലോ.