ഇസ്‌ലാമിന്റെ തനിമയിലേക്ക് മടങ്ങുക 2

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

നമ്മുടെ പൂർവികന്മാർ പ്രമാണങ്ങൾക്ക് സ്വന്തമായി വ്യാഖ്യാനം നൽകിയിരുന്നോ? അമാനി മൗലവിയുടെ കുർആൻ വ്യാഖ്യാനം ശ്രദ്ധിച്ചാലറിയാം; അക്കാലഘട്ടത്തിൽ കുർആനിനെ സ്വന്തം അഭിപ്രായമനുസരിച്ച് വ്യാഖ്യാനിച്ച, പ്രവാചകന്മാരുടെ മുഅ്ജിസത്തുകളെയും മറ്റും ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ച, ഹദീസുകളെ സ്വതാൽപര്യമനുസരിച്ച് വ്യാഖ്യാനിച്ച ആളുകൾക്ക് മറുപടി പറയാൻ എത്രെയോ പേജുകൾ അമാനി മൗലവി നീക്കിവെച്ചതായി കാണാം. എന്താണു കാരണം? അക്കാലത്ത് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലുമോ സംഘടനകളോടോ ദേഷ്യമുള്ളതുകൊണ്ടല്ല.

وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا ‏

‘എ‌െൻറ രക്ഷിതാവേ, സത്യത്തി‌െൻറ പ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തി‌െൻറ ബഹിർഗമനമാർഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നി‌െൻറ പക്കൽ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക’ (അൽഇസ്‌റാഅ് 80). ഇതായിരുന്നു അവരുടെ തേട്ടം.

കുർആനിനെയും സുന്നത്തിനെയും വിശദീകരിക്കുമ്പോൾ മറ്റുള്ളവരുടെ തെറ്റായ വിശദീകരണങ്ങളെയും ആശയങ്ങളെയും തുറന്നു കാണിക്കുവാൻ അവരെ പ്രേരിപ്പിച്ചത് ഈയൊരു താൽപര്യം മാത്രമാണ്. അതുതന്നെയാണ് നമുക്കും വേണ്ടത്. നമ്മൾ അങ്ങനെ ത്തന്നെയായിരിക്കണം.

ഇന്ന് പ്രബോധന രംഗത്ത് നാം കാണുന്നത് ഒരുതരം വികാരത്തി‌െൻറ വേലിയേറ്റമാണ്. എന്തു പറയണം, എങ്ങനെ പറയണം, ത‌െൻറ മുമ്പിലുള്ള ആളുകളെ എങ്ങനെ കാണണം, തന്നെ എതിർക്കുന്നവരെ എങ്ങനെ അഭിമുഖീകരിക്കണം എന്നറിയാത്ത ഒരവസ്ഥ! ഇത് ശരിയല്ല. വളരെ ഗുണകാംക്ഷയോടുകൂടി, എല്ലാവരും നന്നായിത്തീരണമെന്ന ബോധത്തോടുകൂടിയായിരിക്കണം പ്രബോധകർ സംസാരിക്കേണ്ടത്. മറ്റുള്ളവരെ കൂടുതലായി ആക്ഷേപിക്കുകയും അപഹസിക്കുകയുമൊക്കെ ചെയ്യുന്നവർക്ക് കൂടുതൽ സ്വീകാര്യതയും നേതൃത്വവും കൽപിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇതല്ല ദീനിരംഗത്തു വേണ്ടത്.

കെപി മുഹമ്മദ് മൗലവിയുടെ ഈ വാക്കുകൾ ശ്രദ്ധിക്കുക:

‘മുഹമ്മദ് നബിﷺയുടെ അന്ത്യോപദേശങ്ങളിൽ, ഹജ്ജത്തുൽ വദാഇലെ മഹത്തായ ഉപദേശങ്ങളിൽ ഒന്ന് ഇതായിരുന്നു: ഞാൻ ഈ ലോകത്തുനിന്ന് വേർപെട്ടു പോയാൽ ഒന്നും ബേജാറാകാനില്ല. ക്വുർആൻ നിങ്ങളുടെ മുന്നിൽ ശരിയായ പകൽ വെളിച്ചം പോലെ ഇവിടെ നിൽക്കുന്നുണ്ട്. അതിനെ വ്യാഖ്യാനിച്ചുകൊണ്ട് 23 കൊല്ലം ഞാൻ ജീവിച്ച എ‌െൻറ ജീവിതചര്യയും ഇവിടെയുണ്ട്. അത് മുറുകെ പിടിച്ചു നിങ്ങൾ ജീവിക്കുക എന്നാൽ പിഴക്കുകയില്ല.’

ഇത് രണ്ടും കൈവിട്ടുകൊണ്ട് ഞാൻ-ആദ്യം പറഞ്ഞപോലെ- കിതാബിലെഴുതിയ എല്ലാം തെളിവുകളായി, കിതാബ് എന്ന് പറയുന്നതെന്താണ്? അറബിയിൽ കടലാസിൽ എഴുതുകയോ അച്ചടിക്കുകയോ ചെയ്തത് മുഴുവനും മുസ് ലിംകൾക്ക് തെളിവായി! അങ്ങനെ മുസ്‌ലിംകളെ പരിഹസിക്കപ്പെടുന്ന ഒരവസ്ഥയിലെത്തിയിരുന്ന കാലത്ത് അതൊന്നും തെളിവല്ല, യഥാർഥ ഇസ്‌ലാമി‌െൻറ തെളിവ് പരിശുദ്ധ ക്വുർആനും നബിയുടെ സുന്നത്തുമാണ്. അല്ലാഹുവി‌െൻറ അനുഗ്രഹത്തോടുകൂടി ഈ തത്വം മുന്നോട്ടു വെച്ചപ്പോൾ അതിനെ എതിർക്കുന്ന ധാരാളം ആളുകളുണ്ടായി അന്ന്. അത് വഹാബികളുടെ ഭാഗമാണ്, അത് പിഴച്ച വാദമാണ്, ക്വുർആനും സുന്നത്തുമനുസരിച്ച് ജീവിച്ചാൽ വഴി തെറ്റും, പിഴക്കും നരകത്തിലേക്കു ചെന്നു ചാടും എന്ന് നാടുനീളെ പ്രസംഗിച്ച് നടക്കുന്ന ആളുകൾ ഉണ്ടായിരുന്നു. അവരെല്ലാം അന്തർധാനം ചെയ്തു. ഒരൊറ്റ കക്ഷിയും, ഒരൊറ്റ പണ്ഡിതനും കേരളത്തിലിന്ന് ക്വുർആനും സുന്നത്തുമാണ് ഇസ്‌ലാമി‌െൻറ തെളിവെന്ന് പറയാത്തവരായില്ല. ആരായാലും പറയലുണ്ട്. പക്ഷേ, ഇനി ഒരു കാര്യം കൂടി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ക്വുർആനിന്നും സുന്നത്തിന്നും ആധികാരികമായ വ്യാഖ്യാനം മുഹമ്മദ് നബിﷺയിൽനിന്നു പഠിച്ച സ്വഹാബികളും സ്വഹാബികളിൽനിന്നു പഠിച്ച താബിഈങ്ങളും ആത്മാർഥതയോടുകൂടി ക്വുർആനും സുന്നത്തും മുന്നിൽ വെച്ചുകൊണ്ട് രേഖപ്പെടുത്തിയതായ നാല് ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളും ഇമാം അബുഹനീഫ(റ), ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ), ഇമാം അഹ്‌മദ് ഇബ്‌നു ഹംബൽ(റ) പോലെയുള്ള മഹാന്മാരുടെ രേഖകളും അതേപോലെ ത്വബ്‌രി, ഇബ്‌നു കസീർ തുടങ്ങിയുള്ള മുഫസ്സിറുകളുടെയും ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബുദാവൂദ്, തുർമുദി പോലെയുള്ള മുഹദ്ദിസുകൾ രേഖപ്പെടുത്തിയതായ തെളിവുകളുടെയും അടിസ്ഥാനത്തിൽ അഥവാ സലഫുസ്സ്വാലിഹീങ്ങളൂടെ വ്യാഖ്യാനത്തി‌െൻറ അടിസ്ഥാനത്തിൽ ക്വുർആൻ വിശദീകരിക്കണം. ഇത് കൂടി അംഗീകരിച്ചു കഴിഞ്ഞാൽ കേരളത്തിലെ നമ്മുടെ പ്രവർത്ത നം വിജയിച്ചു എന്ന് ഉറച്ച് നമുക്ക് പറയാം. ഇപ്പോൾ, ക്വുർആനും സുന്നത്തുമാണ് തെളിവ് എന്ന് പറഞ്ഞുകൊണ്ട് ആ ക്വുർആനിന്നും സുന്നത്തിനും അവർക്കൊത്തവണ്ണം ദുർവ്യാഖ്യാനം ചെയ്യുന്ന ഒരവസ്ഥയാണ് ഇവിടെയുള്ളത്. ഞാൻ പറഞ്ഞു, നമ്മുടെ അധ്യക്ഷൻ മൗലവി സാഹിബ് പറഞ്ഞത് പോലെ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക.

قُلْ إِنَّمَآ أَدْعُوا رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا

മുഹമ്മദ് നബിയോട് അല്ലാഹു പ്രഖ്യാപിക്കുവൻ പറഞ്ഞ ഒരു വാചകമാണിത്. ‘കുൽ’ പറയൂ. വ്യക്തമായും ജനങ്ങളെ ഉദ്ധരിക്കേണ്ടകാര്യങ്ങൾ ‘ക്വുൽ...ക്വുൽ’ എന്ന് പറഞ്ഞുകൊണ്ട്; ജനങ്ങളോടു പ്രഖ്യാപിക്കൂ; ആര് എന്തുതന്നെ പറഞ്ഞലും ശരി ജനങ്ങളോട് തുറന്നു പ്രഖ്യാപിക്കൂ. എന്താ പ്രഖ്യാപിക്കേണ്ടത്?

إِنَّمَآ أَدْعُوا رَبِّى

‘ഞാൻ എ‌െൻറ നാഥനായ അല്ലാഹുവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ.’ റബ്ബിനെയല്ലാതെ ആരെയും, ഇബ്‌റാഹീം നബിയെയും (മറ്റു) അമ്പിയാക്കന്മാരെയും ലാത്തയെയും ഉസ്സയെയും വിഗ്രഹങ്ങളെയും മലക്കുകളെയും ജിന്ന്-ശൈത്വാന്മാരെയും ലോകത്തുള്ള ഒരു വസ്തുവിനെയും ഞാൻ വിളിച്ച് പ്രാർഥിക്കയില്ല.

وَلَآ أُشْرِكُ بِهِۦٓ أَحَدًا

‘ആരെയും ഞാൻ ഈ പ്രാർഥനയിൽ പങ്കുകാരാക്കുകയുമില്ല’ എന്ന് തുറന്നു പ്രഖ്യാപിക്കൂ എന്ന് മുഹമ്മദ് നബിയോട് പറഞ്ഞു. ഈ വചനം നിങ്ങളും പഠിച്ചുകൊണ്ടിരിക്കുക. അങ്ങനെ ഏക ഇലാഹിനെ മാത്രം പ്രാർഥിക്കുന്നവരായി മാറുക. ഇസ്‌ലാം എന്താണ് എന്ന് പഠിക്കാൻ വരുന്നേടത്ത് ഖോജാക്കന്മാരും ആളുകളും പറഞ്ഞ അഭിപ്രായങ്ങൾക്ക് ക്വുർആനിലും സുന്നത്തിലും രേഖയുണ്ടോ, ക്വുർആനും സുന്നത്തും എന്താണ് പറയുന്നത് എന്ന് അന്വേഷിക്കുകയും ചെയ്യുക. എന്നാൽ നമുക്കൊന്നായി ഇസ്‌ലാമിന്ന് വേണ്ടി പ്രവർത്തിക്കാം. അങ്ങനെ പ്രവർത്തിക്കുവാൻ വേണ്ടി അല്ലാഹു നമുക്ക് തൗഫീക്വ് നൽകട്ടെ.’

സഹോദരന്മാരേ, ഇതാണ് നമ്മുടെ നയം. ഇതാണ് ഇസ്വ് ലാഹി പ്രസ്ഥാനത്തി‌െൻറ, തുടക്കം മുതലേയുള്ള നയം. ആ കെപിയുടെ ശിഷ്യൻമാരാണ് ഇന്ന് ഭിന്നിച്ചിരിക്കുന്നത്. ആ നയത്തിൽനിന്നും മാറേണ്ട ഒരു കാര്യവും നമ്മൾക്ക് വന്നിട്ടില്ല. അതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്; ‘നാം’ എന്നു പറഞ്ഞാൽ ഇന്ന് ഇവിടെ കൂടിയവർ മാത്രമല്ല; അഹ്‌ലുസ്സുന്നത്തി വൽജമാഅത്തി‌െൻറ കീഴിൽ അണിനിരന്ന, സലഫി പ്രസ്ഥാനത്തി‌െൻറ എല്ലാ ആളുകളും മനസ്സിലാക്കേണ്ട കാര്യം, ഈയൊരു ലളിതമായ സത്യത്തിലേക്ക് മടങ്ങിയാൽ ഈ പറഞ്ഞ കലഹങ്ങളെല്ലാം ലളിതമായി പരിഹരിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാനും നിരീശ്വര-നിർമത പ്രസ്ഥാനങ്ങൾക്ക് മതവിഭാഗങ്ങൾ തമ്മിൽ കലഹിക്കുന്നു എന്ന് പറയാൻ അവസരം നമ്മൾ ഉണ്ടാക്കരുത.് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ബോധപൂർവമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ആളുകളാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ‘സലഫികൾ തമ്മിൽ കലഹിക്കുന്നു’ എന്ന് പറയാനുള്ള ഒരവവസരം, ഒരു വടി നമ്മളാരും കൊടുക്കരുത്. ഒരു ക്വിബ്‌ലയിലേക്കു തിരിഞ്ഞ് നമസ്‌കരി ക്കുന്ന, ഒരു ക്വുർആനി‌െൻറ , ഒരു പ്രവാചക‌െൻറ അനുയായികളായ നമ്മൾ മതത്തി‌െൻറ പ്രമാണങ്ങളിലേക്ക്, നേരിലേക്ക് മടങ്ങണം.

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ

‘മുന്നേറിയവർ മുന്നോക്കക്കാർ തന്നെ’ (അൽവാക്വിഅ 10).

أُولَٰٓئِكَ ٱلْمُقَرَّبُونَ

‘അവരാകുന്നു സാമീപ്യം നൽകപ്പെട്ടവർ’ (അൽവാക്വിഅ 11).

ആ മുൻകടന്ന ആളുകളാണ് അല്ലാഹുവിെൻറ മുകർറബുകൾ. എല്ലാ രംഗത്തും അല്ലാഹുവിെൻറയും റസൂലിെൻറയും കൽപനകൾ കൃത്യമായി പാലിച്ചുകൊണ്ട് മുൻകടന്ന് പോയവരാണ് അവർ. ആരാധനകളിലും സത്യസന്ധതയിലും മതനിഷ്ഠയിലും മുൻകടന്ന് പോയവരാണ് അവർ. അവർ വാദപ്രതിവാദവും തർക്കങ്ങളും നടത്തിയിട്ടുണ്ട്. അത് ഗുണകാംക്ഷയോടെ ചെയ്ത് അവർ കൃത്യമായി നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്. അവരാണ് അല്ലാഹുവിെൻറ മുകർറബുകൾ. ആ മുകർറബുകളായവരുടെ മാർഗത്തിലേക്ക് നമ്മൾ ഒന്നിച്ചു വരണം. തർക്കം കൊണ്ടല്ല പ്രമാണം കൊണ്ടാണ് നമ്മൾ വിജയിക്കുക എന്ന സത്യം നാം മനസ്സിലാക്കണം.

തയ്യാറാക്കിയത്: ഉസ്‌മാൻ പാലക്കാഴി