എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

(ഭാഗം:04)
32) വിശുദ്ധ ക്വുർആനിലെ ആറായിരത്തിലധികം വരുന്ന വചനങ്ങളിലെവിടെയും അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥനയുടെ സൂചന പോലുമില്ല.
33) റബ്ബനാ (ഞങ്ങളുടെ രക്ഷിതാവേ), റബ്ബീ (എന്റെ രക്ഷിതാവേ), അല്ലാഹുമ്മ (അല്ലാഹുവേ) എന്നിങ്ങനെ സ്രഷ്ടാവിനെ വിളിച്ചുകൊണ്ടല്ലാതെ; യാ നബീ, യാ ശൈഖ്, യാ വലിയ്യ്, യാ ശുഹദാഹ്, യാ മലക്ക്, യാ ജിന്ന് എന്നിങ്ങനെ സൃഷ്ടികളെ വിളിച്ചുകൊണ്ടുള്ള ഒരൊറ്റ ദുആയും വിശുദ്ധ ക്വുർആനിലില്ല.
34) രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ, ജനനം മുതൽ മരണം വരെ, വിവിധ സന്ദർഭങ്ങളിലും സമയങ്ങളിലും ആരാധനകളിലും അനുഷ്ഠാനങ്ങളിലുമായി, മുഹമ്മദ് റസൂലുല്ലാഹിﷺ ചെയ്തുകാണിച്ച് നമുക്ക് പഠിപ്പിച്ചു തന്ന പ്രാർഥനകൾ ധാരാളമുണ്ട്. അതിലെവിടെയും അല്ലാഹു അല്ലാത്തവരോടുള്ള തേട്ടമില്ല.
35) വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വന്ന പ്രാർഥനകളെല്ലാം അല്ലാഹുവോടു നേരിട്ടുള്ളതും അവനോടു മാത്രമുള്ളതുമാണ്. അതിൽ ഇടയാളൻമാരോ മധ്യവർത്തികളോ ഇല്ല. ആരുടെയും ‘ഹഖും ജാഹും ബർക്കത്തും’ പറഞ്ഞുകൊണ്ടുള്ളതോ ‘ഇലാ ഹദ്‌റത്തി’ വിളിച്ചുകൊണ്ടുള്ളതോ ഇല്ല!
36) അല്ലാഹു അല്ലാത്തവരോട് ഒരിക്കലും പ്രാർഥിക്കരുതെന്നാണ് അല്ലാഹുവിന്റെ കൽപന. കാരണം അവർക്ക് പ്രാർഥന കേൾക്കാനോ ഉത്തരം ചെയ്യാനോ (35:14),(13:14) സഹായിക്കാനോ (7:197) ഒരിക്കലും കഴിയില്ല. അവർ അല്ലാഹുവിന്റെ അടിമകളും (7:194) മരിച്ചവരും ജീവനില്ലാത്തവരും (16:20,21) പ്രാർഥനയെക്കുറിച്ച് അശ്രദ്ധരായവരുമാണ്. പരലോകത്തുവച്ച് അവർ പ്രാർഥിച്ചവരുടെ ശത്രുക്കളാകുമെന്നും (46:5,6) അല്ലാഹു പറയുന്നു.
37) ആരെയാണോ വിളിച്ച് പ്രാർഥിക്കുന്നത് അവർ പോലും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നവരും അല്ലാഹുവിന്റെ കാരുണ്യം കൊതിക്കുന്നവരും ശിക്ഷ ഭയക്കുന്നവരുമാണ്. ദുരിതം തട്ടിമാറ്റാനോ ഉപദ്രവം ദൂരീകരിക്കാനോ അവർക്കു കഴിയില്ല. ഒന്നിനും ഒരു മാറ്റവും വരുത്താൻ അവർക്ക് കഴിയില്ല (17:56). മാത്രമല്ല വല്ല ഉപദ്രവവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ ഉപദ്രവം നീക്കം ചെയ്യാനോ വല്ല അനുഗ്രഹവും ചെയ്യുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അനുഗ്രഹം പിടിച്ചുവയ്ക്കാനോ അവർക്ക് ഒരിക്കലും സാധ്യമല്ലെന്ന് (39:38) വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു.
38) അല്ലാഹുവിന് പുറമെ ആരോട് പ്രാർഥിക്കുന്നുവോ അവർ ഒരു ഈച്ചയെ പോലും സൃഷ്ടിച്ചിട്ടില്ലെന്നും ഈച്ച അവരിൽനിന്ന് വല്ലതും തട്ടിയെടുത്താൽ തിരിച്ചെടുക്കാൻ പോലും കഴിയാത്ത ദുർബലരും ബലഹീനരുമാണ് അവരെന്നും (22:73) ഈത്തപ്പഴക്കുരുവിന്റെ പാട പോലും (35:13) അണുമണിത്തൂക്കം പോലും (34:22) ഉടമപ്പെടുത്താത്തവരാണെന്നാണ് വിശുദ്ധ ക്വുർആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനം.
39) അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കുന്നവർക്ക് തെളിവുകളോ പ്രമാണമോ ഇല്ലെന്നും (23:117) അല്ലാഹുവിലേക്കുള്ള ഇടയാളരും (39:3) ശുപാർശകരുമാണെന്നുള്ള (10:18) വാദം വെറും പറച്ചിൽ മാത്രമാണെന്നും ഊഹങ്ങളും കളവുകളുമാണ് അവരുടെ തെളിവുകളെന്നും (10:66) അല്ലാഹു നമുക്ക് പറഞ്ഞു തരുന്നു.
40) അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കുന്നവരാണ് ഏറ്റവും പിഴച്ചവരും (46:4,5) വലിയ അക്രമിയുമെന്നും (10:106) അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥനയാണ് നഷ്ടത്തിലായതും (13:14) വഴികേടിലുമായതുമെന്നുമാണ് (22:12) വിശുദ്ധ ക്വുർആൻ അറിയിക്കുന്നത്.
41) പൊറുക്കപ്പടാത്ത അപരാധവും (4:48,116) ചെയ്ത സൽകർമങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്ന മഹാപാപവും (39:65) ഏറ്റവും വലിയ അക്രമവും (31:13) സ്വർഗപ്രവേശനം ഹറാമാക്കുന്ന തിന്മയുമാണ് ശിർക്ക് അഥവാ അല്ലാഹുവിൽ പങ്കുചേർക്കലെന്നും (3:72) അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന ശിർക്കാണെന്നും (35:14,15) ശിർക്ക് ചെയ്തവരുടെ വീട് കത്തിയെരിയുന്ന നരകമാണെന്നും (3:72) അല്ലാഹു നമ്മെ ഉണർത്തുന്നു.
എന്തുകൊണ്ട് പ്രാർഥന അല്ലാഹു അല്ലാത്തവരോട് പാടില്ല എന്ന് അനേകം ആയത്തുകളിലൂടെ നാം മനസ്സിലാക്കി. അതിനാൽ ദുആയും ഇസ്തിഗാസയും ഇസ്തിഗ്ഫാറും അടക്കമുള്ള, ആരാധനയുടെ എല്ലാ രൂപങ്ങളും ഏറ്റവും അടുത്തവനും (2:186), (50:16) ഹൃദയങ്ങളിലുള്ളതും മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതും നന്നായി അറിയുന്നവനും (67:13), (50:16), പ്രാർഥന കേൾക്കുന്നവനും (14:39), (3:37), പ്രാർഥനക്ക് ഉത്തരം നൽകുന്നവനും (11:61), കഷ്ടപ്പെടുന്നവന്റെ വിളി കേൾക്കുന്നവനുമായ (27:62) അല്ലാഹുവോട് മാത്രമായിരിക്കണം.
എന്തിനാണ് ഇടയാളൻമാർ മുഖേന അല്ലാഹുവിനോട് തേടുന്നത്? അല്ലാഹുവിനെ മനസ്സിലാക്കേണ്ടതു പ്രകാരം മനസ്സിലാക്കാത്തതാണ് പ്രശ്‌നം. അല്ലാഹു അവന്റെ സൃഷ്ടികളെ പോലെയല്ല.
അല്ലാഹു രോഗം സുഖപ്പെടുത്തുന്നവനാണ്: “എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്’’(26:80).
അല്ലാഹു ഉപജീവനം നൽകുന്നവനാണ്: “തീർച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും’’(51:58)
അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനാണ്: “...തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’’(39:53).
അല്ലാഹു മക്കളെ നൽകുന്നവനാണ്: “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക് അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു’’ (42:49,50).
അല്ലാഹു നേർമാർഗത്തിലേക്ക് നയിക്കുന്നവനാണ്: “അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’(5:16).
അല്ലാഹു സമാധാനം നൽകുന്നവനാണ്: “താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നൽകുന്നവനും അഭയം നൽകുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവൻ. അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!’’(59:23).
അല്ലാഹു സമ്പത്തും സന്താനങ്ങളും നൽകുന്നവനാണ്: “സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും’’(71:12).
അല്ലാഹു ‘എന്നോട് പ്രാർഥിക്കൂ; ഞാൻ ഉത്തരം നൽകാം’ എന്ന് വാഗ്ദാനം ചെയ്തവനാണ്: “... പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. ..’’(2:186).
അല്ലാഹു നമ്മെ ഏറെ സ്‌നേഹിക്കുന്നവനാണ്: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീർച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ’’(11:90).
അല്ലാഹു അടിമക്ക് മതിയായവനാണ്, അവനിലാണ് ഭരമേൽപിക്കേണ്ടത്: “തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാൻ ആരുമില്ല’’(39/36)
അല്ലാഹു നമ്മുടെ കൂടെയുണ്ട്: “അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്’’(20/46).
ഇങ്ങനെ സവിസ്തരം വിശുദ്ധ ക്വുർആൻ പഠിപ്പിച്ചുതന്നിരിക്കെ പിന്നെ എന്തിനാണ് അല്ലാഹുവിലേക്ക് ഇടയാളന്മാരെ വെച്ചും അല്ലാഹു അല്ലാത്തവരോട് ദുആയും ഇസ്തിഗാസയും നടത്തിയും നാം കുറ്റക്കാരാവുന്നത്? അതിനാൽ വിനയത്തോടും താഴ്മയോടും രഹസ്യമായും നാം അല്ലാഹുവിനോട് പ്രാർഥിക്കുക:’’ താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല’’(7:55).
ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പ്രാർഥിക്കുക: “...ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർഥിക്കുകയും ചെയ്യുക...’’(7:56).
ആശിച്ചും പേടിച്ചും പ്രാർഥിക്കുക: “തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാർഥിക്കുകയും ചെയ്യുന്നവരായിരുന്നു...’’(21:90).
ആത്മാർഥതയോടെ പ്രാർഥിക്കുക: “...അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോട് പ്രാർഥിക്കുക...’’(40:65). അല്ലാഹുവിന്റെ ഉത്തമമായ നാമങ്ങൾകൊണ്ട് പ്രാർഥിക്കുക: “അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക...’’(7:180).
അല്ലാഹുവോട് നേരിട്ട് പ്രാർഥിക്കുകയാണെങ്കിൽ നമ്മുടെ പ്രാർഥനക്ക് അല്ലാഹു ഉത്തരം ചെയ്യുക തന്നെ ചെയ്യും: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (40:60).
അല്ലാഹു വാക്കു പാലിക്കുന്നവനാണ്. നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കാതിരിക്കാൻ അവനോടു മാത്രം പ്രാർഥിക്കുക, ഇടയാളന്മാരോട് തേടി പാപികളാകാതിരിക്കുക.
