ദാനധർമങ്ങളുടെ തണൽ
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
2024 മാർച്ച് 16, 1445 റമദാൻ 06

ദാനധർമം ചെയ്യൽ ഏ തു സമയത്തും സുന്നത്തായ കാര്യമാണ്. അല്ലാഹു അതിന് കൽപിക്കുകയും അതിന്റെ മഹത്ത്വം എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹുവിന് ഉത്തമമായ കടം നൽകുന്നവനാരുണ്ട്? എങ്കിൽ അല്ലാഹു അതവന് അനേകം ഇരട്ടികളായി വർധിപ്പിച്ച് കൊടുക്കുന്നതാണ്’’ (ക്വുർആൻ 2:245).
നബിﷺ പറയുന്നു: “ഒരു കാരക്കയുടെയത്ര ആരെങ്കിലും നല്ല സമ്പത്തിൽനിന്ന് ധർമം ചെയ്യുകയാ ണെങ്കിൽ (അല്ലാഹു നല്ലതല്ലാതെ സ്വീകരിക്കുകയില്ല) അല്ലാഹു അത് തന്റെ വലതുകൈകൊണ്ട് സ്വീകരിക്കുകയും, ഒരാൾ തന്റെ ഒട്ടകക്കുട്ടിയെ വളർത്തുന്നതുപോലെ വളർത്തുകയും ചെയ്യും’’ (ബുഖാരി, മുസ്‌ലിം).
ഈ വിഷയകമായി ഒരുപാട് ഹദീസുകൾ കാണാനാവുന്നതാണ്.
ശ്രേഷ്ഠമായ ദാനധർമങ്ങൾ
രഹസ്യമായ ദാനധർമങ്ങൾ: രഹസ്യമായ സ്വദക്വകളാണ് ഏറ്റവും ശ്രേഷ്ഠമായത്. കാരണം ലോകമാന്യത്തിൽനിന്നും അത് മുക്തമാണ്. എന്നാൽ ആളുകൾ പിൻപറ്റാൻ വേണ്ടിയും അവർക്ക് പ്രചോദനമായും പരസ്യമായി നൽകാവുന്നതുമാണ്. അല്ലാഹു പറയുന്നു:
“നിങ്ങൾ ദാനധർമങ്ങൾ പരസ്യമായി ചെയ്യുന്നുവെങ്കിൽ അത് നല്ലതുതന്നെ. എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെങ്കിൽ അതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം’’ (2:271)
സന്മനസ്സോടെ നൽകുക. കൊടുത്തത് എടുത്തുപറയാതിരിക്കുക. നൽകിയ സ്വദക്വകൾ എടുത്തു പറയുകയാണെങ്കിൽ അതിന്റെ പ്രതിഫലം നിഷ്ഫലമായിപ്പോകും.
“അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടർന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവർ ആരോ അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:262).
“സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അൽപം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്ക് കഴിയില്ല...’’(2:264).
ആരോഗ്യമുള്ള സന്ദർഭത്തിൽ നൽകുക: ആരോഗ്യമുള്ള സമയത്ത് ദാനം നൽകലാണ് ഉത്തമം. കാരണം ഏതു ദാനമാണ് ഏറ്റവും നല്ലതെന്ന് ചോദിച്ചപ്പോൾ നബിﷺ പറഞ്ഞു:
“നീ ആരോഗ്യവാനായിരിക്കെ, സമ്പത്തിന് അത്യാവശ്യക്കാരനായിരിക്കെ, സമ്പന്നത പ്രതീക്ഷിച്ച്, ദാരിദ്ര്യം ഭയക്കുന്ന വേളയിലുള്ള ദാനമാണ് നല്ലത്. മരണം തൊണ്ടക്കുഴിയിലെത്തുന്നതുവരെ നീ നീട്ടിക്കൊണ്ടുപോകരുത്. ആ സമയം നീ പറയും: ‘ഇന്നയാൾക്ക് ഇന്നസ്വത്ത് നൽകണം, ഇന്ന വ്യക്തിക്ക് ഇന്ന സ്വത്ത് നൽകുക’’ (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ).
ആവശ്യക്കാരനായിരിക്കുമ്പോഴുള്ള ദാനം: അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: “പ്രവാചകരേ, ഏത് സ്വദക്വയാണ് ഏറ്റവും നല്ലത്?’’ നബിﷺ മൊഴിഞ്ഞു: “ആവശ്യക്കാരനായിരിക്കുമ്പോഴുള്ളത്. നീ നിന്റെ ബന്ധുക്കളിൽനിന്ന് തുടങ്ങുക’’ (അബൂദാവൂദ്).
സ്ഥലകാലങ്ങൾക്കനുസരിച്ച് ദാനത്തിന്റെ ശ്രേഷ്ഠത കൂടും. റമദാനിൽ പ്രതിഫലം ഇരട്ടിക്കും. അതുപോലെ ഹറമിലും, വെള്ളിയാഴ്ച ദിവസവും, അത്യാവശ്യമുള്ള സമയത്തും പ്രതിഫലം ഇരട്ടിക്കുന്ന താണ്.
“പട്ടിണിയുള്ള നാളുകളിൽ ഭക്ഷണം നൽകുക’’ (90:14).
ബന്ധുക്കൾക്കുള്ള ദാനത്തിന്റെ ശ്രേഷ്ഠത
ബന്ധുക്കൾക്ക് ദാനം നൽകുന്നതാണ് ഏറ്റവും ഉത്തമം, അവരാണ് അതിന് കൂടുതൽ അർഹരായത്. അടുത്തബന്ധുക്കളിൽ ആരാണോ കൂടുതൽ അർഹരായത് അവർക്ക് നൽകലാണ് മറ്റുള്ളവർക്ക് നൽകുന്നതിനെക്കാളും നല്ലത്. അനന്തരവകാശികളിൽ കൂടുതൽ അടുത്തവരാരാണോ അവരിലെ ആവശ്യക്കാരാണ് കൂടുതൽ അർഹർ.
നബിﷺ പറഞ്ഞു: “അടുത്ത ബന്ധുക്കൾക്കുള്ള നിന്റെ ദാനം സ്വദക്വയും കുടുംബബന്ധം ചേർക്കലുമാകുന്നു’’ (തിർമിദി).
സമ്പത്തിൽ സകാത്ത് കൂടാതെ ഒരുപാട് ബാധ്യതകൾ ഉണ്ട്. കുടുംബക്കാർക്ക് നൽകൽ, സഹോദരങ്ങളുമായി ബന്ധം ചേർക്കൽ, ചോദിക്കുന്നവന് നൽകൽ, ആവശ്യക്കാരന് കടം കൊടുക്കൽ, പ്രയാസപ്പെടുന്നവനെ സഹായിക്കൽ, വായ്പ നൽകൽ, വിശക്കുന്നവനെ ഭക്ഷിപ്പിക്കൽ, അതിഥിയെ സൽക്കരിക്കൽ, വസ്ത്രമില്ലാത്തവനെ ധരിപ്പിക്കൽ, ദാഹിക്കുന്നവന്റെ ദാഹം ശമിപ്പിക്കൽ മുതലായവ അവയിൽ പെട്ടതാണ്.
ഒരാൾ തന്റെ ജീവിതത്തിൽ തനിക്കും കുടുംബത്തിനും ചെലവഴിച്ചത് അവന് ഉപകാരപ്പെട്ട സമ്പത്താണ്. അതുപോലെ സകാത്തും ദാനധർമങ്ങളും നൽകിയത് സ്വന്തത്തിന് ഉപകാരപ്പെടുന്നതാണ്; ഇഹലോകത്തും പരലോകത്തും. ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, പിശുക്കു കാണിച്ച്, ഒരുപാട് ധനം സമ്പാദിച്ചുകൂട്ടി മരണമടഞ്ഞാൽ ജീവിതകാലമത്രയും സമ്പാദിച്ച സമ്പാദ്യം ആർക്കാണ് ലഭിക്കുക, എന്തിനാണവർ അത് ഉപയോഗിക്കുക എന്നൊന്നും നമുക്കറിയില്ല. പരലോകം തന്നെ നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾക്കാണ് നമ്മുടെ അനന്തരാവകാശികൾ നമ്മുടെ സ്വത്ത് ചെലവഴിക്കുന്നതതെങ്കിൽ എന്തുമാത്രം നഷ്ടമാണത് നമുക്ക്. അതുകൊണ്ട് ഇരുലോക നന്മക്കുവേണ്ടി നമ്മുടെ സമ്പത്ത് ചെലവഴിക്കുക. അങ്ങനെ നമ്മുടെ സമ്പത്തിന്റെ തണലിൽ നമുക്ക് സ്വർഗ പ്രവേശനം സാധ്യമാക്കാം.

