വിത്ത് വിതക്കുന്ന ഒഴിവുകാലം

ശമീര്‍ നദ്‌വി ബാലുശ്ശേരി

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

സമയം കാത്തുസൂക്ഷിക്കപ്പെടേണ്ട നിധിയാണ്. അത് നന്മയില്‍ വിനിയോഗിച്ചില്ലെങ്കില്‍ തിന്മയായി പരിണമിക്കും. അധ്യാപകരും വിദ്യാര്‍ഥികളും വേനല്‍ അവധിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവധി ദിവസങ്ങള്‍ ജീവിതത്തിലെ പരീക്ഷണമായി കരുതപ്പെടണം. എങ്ങനെ ആ ദിവസങ്ങളെ ചെലവഴിക്കാം എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. രക്ഷിതാക്കളും കാര്യദര്‍ശികളും ഈ സുവര്‍ണാവസരം ഇഹപരഗുണമുള്ള നിമിഷങ്ങളാക്കി മാറ്റാന്‍ തികഞ്ഞ ശ്രദ്ധ ഉള്ളവരാകണം. സൂക്ഷ്മമായ പ്ലാനിംഗോടെ ഈ ദിവസങ്ങളെ സമീപിച്ചാല്‍ നല്ല ഫലം കൊയ്‌തെടുക്കുവാന്‍ നമുക്ക് സാധിക്കും.

ഒന്നാമതായി നാം സമയത്തിന്റെ മൂല്യത്തെ തിരിച്ചറിയണം. നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യ അനുഗ്രഹമാണ് സമയം. തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട ഒന്നായി സമയത്തെ സമീപിക്കുവാന്‍ നമുക്ക് സാധിക്കണം. 

ഇമാം ഇബ്‌നുല്‍ ക്വയ്യിം (റഹി) പറയുന്നു: ''വര്‍ഷം ഒരു വൃക്ഷമാണ്. മാസങ്ങള്‍ അതിലെ ശാഖകളും, ദിവസങ്ങള്‍ അതിലെ ചില്ലകളുമാണ്. മണിക്കൂറുകള്‍ അതിലെ ഇലകളാണ.് അതിലെ സെക്കന്റുകള്‍ ഫലങ്ങളുമാണ്. ആരുടെയെങ്കിലും നിമിഷങ്ങളെ നന്മയിലും അനുസരണത്തിലും വിനിയോഗിച്ചാല്‍ ഫലം നന്നാവും. അത് തിന്മയിലും ധിക്കാരത്തിലുമാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഫലം എത്ര ചീത്ത. വിളവെടുപ്പിന്റെ സമയത്ത് അവന്‍ അതിന്റെ കയ്പ്പ് അനുഭവിക്കും'' (അല്‍ഫവാഇദ്, പേജ് 164).

അബൂബര്‍സത്ത് അല്‍ അസ്‌ലമി(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: ''അന്ത്യനാളില്‍ ഏതൊരടിമയുടെയും കാല്‍ മുന്നോട്ട് നീങ്ങുകയില്ല, അവന്‍ ചോദ്യം ചെയ്യപ്പെട്ടിട്ടല്ലാതെ. അവന്റെ ആയുസ്സിനെക്കുറിച്ച്; അത് എങ്ങനെ ചെലവഴിച്ചു എന്ന്. അവന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് നിര്‍വഹിച്ചു എന്ന്. അവന്റെ ധനത്തെക്കുറിച്ച്; അത് എവിടെനിന്ന് സമ്പാദിച്ചു, എങ്ങനെ വിനിയോഗിച്ചു എന്ന്. അവന്റെ ശരീരത്തെക്കുറിച്ച്; അത് എങ്ങനെ നശിപ്പിച്ചു എന്ന്'' (അഹ്മദ്).

രണ്ടാമതായി നമുക്ക് വേണ്ടത് ഒഴിവുസമയത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ചയാണ്. 

ഇബ്‌നു അബ്ബാസ്(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: ''രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികമാളുകളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവവും'' (അഹ്മദ്).

ഇന്ന് എല്ലാവരും വലിയ തിരക്കിലാണ്. 'സമയമില്ല' 'ബിസിയാണ്'  തുടങ്ങിയ പ്രയോഗങ്ങള്‍ അധികരിച്ചിരിക്കുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടും സമയം തികയുന്നില്ല. തന്റെ ആവശ്യങ്ങളും കടമകളും പൂര്‍ണമായും നിര്‍വഹിക്കപ്പെടാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം വാക്കുകള്‍ കൊണ്ട് പലരും രക്ഷപ്പെടുന്നത്. ഒഴിവു വേളകളെ ഫലപ്രദമായി വിനിയോഗിക്കുമ്പോള്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും വീഴ്ചയില്ലാതെ നിര്‍വഹിക്കാന്‍ നമുക്ക് സാധിക്കും.

അല്ലാഹു പറയുന്നു: ''ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക'' (94:7).

ജീവിത ഭാരവും ബാധ്യതകളും അധികരിക്കുന്നതിന് മുമ്പ് നിര്‍വഹിക്കേണ്ട ധര്‍മങ്ങള്‍ നിറവേറ്റാന്‍ നാം ശ്രദ്ധിക്കണം. തിരക്ക് പിടിച്ച അവസ്ഥകള്‍ വരുന്നതിനു മുമ്പ് ഒഴിവ് സമയങ്ങളെ മുന്‍കൂട്ടി ഉപയോഗപ്പെടുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നവനാണ് യഥാര്‍ഥ വിവേകി.

 അഞ്ച് കാര്യങ്ങള്‍ വരുന്നതിന് മുമ്പ് അഞ്ച് മുന്‍കരുതലുകള്‍ നടത്തുവാന്‍ നബി(സ്വ) നിര്‍ദേശിച്ചത് ശ്രദ്ധേയമാണ്. 'നിന്റെ തിരക്കുകള്‍ക്ക് മുമ്പ് നിന്റെ ഒഴിവ് വേളകളെ (നീ ഉപയോഗപ്പെടുത്തുക)' എന്നതാണ് അതിലൊന്ന്.  

ഒഴിവ് വേള എന്നാല്‍ വിശ്രമത്തിനും വിനോദത്തിനും മാത്രമുള്ള സമയമല്ല. 

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''തീര്‍ച്ചയായും, ഒഴിവ് സമയമുണ്ടായിട്ടും ഇഹലോകത്തിനോ പരലോകത്തിനോ യാതൊന്നും പ്രവര്‍ത്തിക്കാത്തവനോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു.''

കരുതിയിരിക്കുക; സമയം കൊല്ലികളെ

വശ്യമായ പല ഉപകരണങ്ങളും നമ്മുടെ സമയം ധാരാളമായി  കവര്‍െടുക്കുന്നു. ആവശ്യത്തിന് ഉപയോഗിക്കുക എതില്‍നിന്ന് മാറി അത് വിനോദത്തിന്റെ തലത്തിലേക്ക് പരിണമിച്ചിരിക്കുന്നു. ക്രിയാത്മകമായി വിനിയോഗിക്കപ്പെടേണ്ട വിലപ്പെട്ട സമയം വിനോദത്തില്‍ മുഴുകി പാഴായിപ്പോകുന്നു. ആധുനിക മീഡിയകളില്‍ ബന്ധിക്കപ്പെട്ട ന്യൂജനറേഷന്‍ അറിഞ്ഞും അറിയാതെയും അതിന്റെ മാസ്മരിക ലഹരിയില്‍ അടിമപ്പെട്ടുപോകുന്നു. സ്‌ക്രീനില്‍ വീഴുന്ന ഓരോ ടച്ചുകളുടെയും വിഷ ഫലങ്ങള്‍ മനസ്സിനെ എത്ര ഭീകരമായാണ് വധിച്ചുകൊണ്ടിരിക്കുന്നത് എന്ന് സമകാലിക സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ഒഴിവു ദിനങ്ങള്‍ പാപങ്ങള്‍ ചെയ്യാനുള്ള അവസരമാക്കി മാറ്റരുത്. ദുഃശ്ശീലങ്ങളും ദുശ്ചിന്തകളും ഒഴിവുവേളയില്‍ എളുപ്പം നമ്മെ വേട്ടയാടും. അവസരങ്ങളും ചീത്ത കൂട്ടുകെട്ടുമാണ് പലപ്പോഴും തിന്മകള്‍ക്കുള്ള വഴി എളുപ്പമാക്കുന്നത്. അത്തരം വഴികള്‍ അടച്ചിടുവാനും സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുവാനും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സമഗ്ര ആസൂത്രണം

ഒഴിവ് സമയം ക്രിയാത്മകമാക്കാന്‍ പ്രഥമമായി വേണ്ടത് ആസൂത്രണമാണ്. കൃത്യവും നിര്‍ണിതവുമായ ഫലങ്ങള്‍ നേടിയെടുക്കാന്‍ ക്രമാനുഗതമായ മുന്നൊരുക്കങ്ങള്‍ നാം നടത്തേണ്ടതുണ്ട്. ഫലങ്ങള്‍ എന്തെല്ലാമാണ് എന്ന് നിര്‍ണയിക്കപ്പെടുമ്പോഴാണ് അത് നേടിയെടുക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക. അതുകൊണ്ട് 'ലക്ഷ്യവും' 'ഫലവും' കൃത്യമാവണം.  വൈജ്ഞാനിക, ആത്മീയ, സാമൂഹിക, വൈയക്തിക തലങ്ങളില്‍ ഒഴിവുസമയം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം.

സ്വന്തം അഭിരുചിക്കനുസരിച്ച് ഈ മേഖലകളില്‍ ചിലതിന് പ്രാധാന്യം നല്‍കി വരാറുണ്ട്. ഈ തലങ്ങളെ പരിഗണിച്ചുകൊണ്ടുള്ള കൃത്യമായ ആസൂത്രണമാണ് നടത്തേണ്ടത്. 

ക്വുര്‍ആനില്‍നിന്ന് മനഃപാഠമാക്കേണ്ട ഭാഗങ്ങള്‍ നിശ്ചയിക്കുക. ഇസ്‌ലാമികവും അല്ലാത്തതുമായ, നിശ്ചിത സമയത്ത് വായിച്ച് തീര്‍ക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. വൈജ്ഞാനികവും ബൗദ്ധികവുമായ ശേഷികള്‍ ആര്‍ജിക്കുവാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക. കമ്പ്യൂട്ടര്‍ പരിശീലനം, ഡ്രൈവിംഗ് പരിശീലനം, നീന്തല്‍ പരിശീലനം തുടങ്ങി വിവിധ ശേഷികള്‍ വികസിപ്പിച്ചെടുക്കുക. ലൈബ്രറികള്‍, വൈജ്ഞാനിക സദസ്സുകള്‍, ക്വുര്‍ആന്‍- ഹദീഥ് പഠന ക്ലാസ്സുകള്‍, (കുട്ടികള്‍)മോറല്‍ സ്‌കൂള്‍ തുടങ്ങിയവയില്‍ പങ്കെടുക്കാനുള്ള സമയം കണ്ടെത്തുക. ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബ സന്ദര്‍ശനത്തിനും രോഗികളെ സന്ദര്‍ശിക്കുന്നതിനും.

സമയം നീക്കിവെക്കുക.

നാം ശക്തമായ പരിശ്രമങ്ങള്‍ നടത്തേണ്ടവരാണ.് കാരണം നമ്മുടെ മുന്‍ഗാമികള്‍ വൈജ്ഞാനികവും നാഗരികവുമായ ധാരാളം ശേഷിപ്പുകള്‍ അടയാളപ്പെടുത്തി കടന്നുപോയവരാണ്. മത, ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക മണ്ഡലങ്ങളില്‍ അവരുടെ മികച്ച സംഭാവനകള്‍ ഇന്നും ലോകത്തിന് വഴികാട്ടിയാണ്. ഇന്ന് നമ്മുടെ അവസരമാണ്. നമ്മുടെ ശേഷിയും വിഭവങ്ങളും ക്രിയാത്മകമായി വിനിയോഗിക്കപ്പെടണം. വരും തലമുറകള്‍ നമ്മെ അനുസ്മരിക്കുന്ന അടയാളപ്പെടുത്തലുകള്‍ ഇവിടെ നിര്‍വഹിക്കപ്പെടണം. കര്‍മശേഷികളെ തിരിച്ചറിയുവാനും അവസരങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള സുവര്‍ണ വേളയായി ഒഴിവുകാലത്തെ കാണണം.

 അല്ലാഹു പറയുന്നു: ''ഹേ, മനുഷ്യാ നീ നിന്റെ രക്ഷിതാവിങ്കലേക്ക് കഠിനമായ അധ്വാനം നടത്തി  ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു'' (84:6).