ഗദീര്‍ഖുമ്മ് മഹോത്സവം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

(ആരാണ് ശിയാക്കള്‍? ഭാഗം: 4)

ശിയാക്കള്‍ക്ക് ധാരാളം ആഘോഷങ്ങളുണ്ട്. അവയില്‍ പലതും അനുശോചിച്ചും ആര്‍ത്തുവിളിച്ചും വിലപിച്ചും മാറത്തടിച്ചും പല നിഷിദ്ധങ്ങള്‍ അനുഷ്ഠിച്ചുമാണ് നടത്തപ്പെടാറ്. ശിയാക്കളുടെ വിശുദ്ധ സ്ഥലങ്ങളായ കര്‍ബല, നജ്ഫ്, ക്വുമ്മ് തുടങ്ങിയ മശ്ഹദുകളില്‍ എത്തുന്നവര്‍ക്ക് അതു നോക്കിക്കാണാവുന്നതുമാണ്.

ബലിപെരുന്നാളിനെക്കാളും ഫിത്വ്ര്‍പെരുന്നാളിനെക്കാളും ശിയാക്കള്‍ ശ്രേഷ്ഠതയെണ്ണുന്ന പെരുന്നാളാണ് ഗദീര്‍ഖുമ്മ്. ദുല്‍ഹജ്ജ് പതിനെട്ടിനാണ് പ്രസ്തുത ആഘോഷം. ഈ ദിവസം നോമ്പെടുക്കുന്നത് അവര്‍ക്ക് പ്രബലമായ സുന്നത്താണ്. നബി ﷺ ഈ ദിവസത്തിലാണ് അലിയ്യി(റ)ന് ഖിലാഫത്തു കൊണ്ട് വസ്വിയ്യത് ചെയ്തതെന്നും തന്റെ ശേഷം പന്ത്രണ്ടു ഇമാമുമാരെ ക്രമാനുഗതമായി അവരുടെ പേരു സഹിതം അറിയിച്ചുവെന്നും ശിയാക്കള്‍ ജല്‍പിക്കുന്നു.(26)

മക്കയുടെയും മദീനയുടെയും ഇടയില്‍ ജുഹ്ഫക്കടുത്ത ഒരു സ്ഥലമാണ് ഖുമ്മ്. അവിടം ഒരു തടാകം ഉണ്ട്. ഗദീര്‍ എന്നാണ് തടാകത്തിനുള്ള അറബി പദം. ഗദീര്‍ ഖുമ്മ് എന്നാല്‍ ഖുമ്മിലെ തടാകം. 

ഹജ്ജത്തുല്‍ വദാഇല്‍നിന്ന് മടങ്ങുമ്പോള്‍ ദുല്‍ഹജ്ജ് പതിനെട്ടിന് ഗദീര്‍ ഖുമ്മില്‍ ഇറങ്ങുകയും തിരുനബി ﷺ പ്രസംഗിക്കുകയും ചെയതിട്ടുണ്ട്. ഗദീര്‍ ഖുമ്മില്‍ വെച്ച് നബി ﷺ നടത്തിയ പ്രസംഗം സെയ്ദ് ഇബ്‌നുഅര്‍ക്വമി(റ)ല്‍ നിന്ന് യസീദ് ഇബ്‌നു ഹയ്യാന്‍(റ) ഉദ്ധരിച്ചത് ഇമാം മുസ്‌ലിം സ്വഹീഹില്‍(2408) ഇ പ്രകാരം നിവേദനം ചെയ്യുന്നു: 

''മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഖുമ്മ് എന്ന് വിളിക്കപ്പെടുന്ന ഒരു തടാകത്തിനടുത്ത് ഒരു ദിനം അല്ലാഹുവിന്റെ ദൂതര്‍ ﷺ ഞങ്ങളില്‍ ഒരു പ്രാസംഗികനായി നിന്നു. അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് നബി ﷺ സാരോപദേശം നടത്തുകയും ഉല്‍ബോധനമേകുകയും ചെയ്തു.

തുടര്‍ന്ന് തിരുമേനി ﷺ പറഞ്ഞു: 'ജനങ്ങളേ, അറിയുക. നിശ്ചയം ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. എന്റെ റബ്ബിന്റെ (മരണ)ദൂതന്‍  വന്നടുക്കാറായി. അപ്പോള്‍ ഞാന്‍ ഉത്തരമേകും (മരണം വരിക്കും). ഞാന്‍ നിങ്ങളില്‍ (ഭാരിച്ച ഉത്തരവാദിത്തമുള്ള) രണ്ടു കാര്യങ്ങള്‍ വിടുന്നു. അതില്‍ ആദ്യത്തേത് അല്ലാഹുവിന്റെ കിതാബ് ആകുന്നു. അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്. നിങ്ങള്‍ അല്ലാഹുവിന്റെ കിതാബിനെ സ്വീകരിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുക.' അങ്ങനെ നബി ﷺ അല്ലാഹുവിന്റെ കിതാബ് (പഠിക്കുവാനും പഠിപ്പിക്കുവാനും) പ്രേരിപ്പിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു.

ശേഷം നബി ﷺ പറഞ്ഞു: 'എന്റെ കുടുംബത്തെയും (അഹ്‌ലുല്‍ബയ്ത്). എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനു നിങ്ങള്‍ വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനു നിങ്ങള്‍ വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു'''(മുസ്‌ലിം).

ഗദീര്‍ ഖുമ്മില്‍ വെച്ച് വിശുദ്ധ ക്വുര്‍ആനെ അനുധാവനം ചെയ്യുവാനും നബികുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുവാനുമുള്ള വസ്വിയ്യത്താണ് തിരുമേനി ﷺ യില്‍ നിന്നുണ്ടായത്. അതാണ് ശരിയായ നിവേദനത്തില്‍ വന്നതുമാണ്. എന്നാല്‍ അവിടെവെച്ച് അലിയ്യി(റ)ന് ഖിലാഫത്തു കൊണ്ട് വസ്വിയ്യത് ചെയ്‌തെന്നും തന്റെ ശേഷം പന്ത്രണ്ടു ഇമാമുമാരെ ക്രമാനുഗതമായി അവരുടെ പേരു സഹിതം അറിയിച്ചുവെന്നും മറ്റും ശിയാക്കള്‍ ജല്‍പിക്കുന്നത് സ്ഥിരപ്പെട്ട നിവേദനങ്ങള്‍ അടിസ്ഥാനമാക്കിയല്ല.

വിശുദ്ധ ക്വുര്‍ആന്‍ മുറുകെ പിടിക്കുവാനും നബികുടുംബത്തെ ആദരിക്കുവാനും അവരോട് അന്യായം കാണിക്കാതിരിക്കുവാനും ഇതിനു മുമ്പും തിരുമേനി ﷺ യുടെ വസ്വിയ്യത്തുകളുണ്ടായിട്ടുണ്ട്. മാത്രവുമല്ല നബികുടുംബത്തില്‍ അലിയ്യും ഇമാമുമാരും മാത്രമല്ല ഉള്ളത്. പ്രവാചക പത്‌നിമാരും അബ്ബാസ്(റ), ജഅ്ഫര്‍(റ), അക്വീല്‍(റ) തുടങ്ങിയവരുടെ കുടുംബങ്ങളും നബികുടുംബമാണ്. അവരെയെല്ലാം ആദരിക്കുവാനും അവരോട് അന്യായം കാണിക്കാതിരിക്കുവാനുമാണ് അവിടെ നടന്ന വസ്വിയ്യത്ത്.

 

ഇമാം ജഅ്ഫര്‍ സ്വാദിക്വ്

അലിയ്യ്(റ)വിന്റെ പൗത്രന്മാരില്‍ പെട്ട മുഹമ്മദുല്‍ ബാക്വിറിന്റെയും അബൂബകര്‍ അസ്സ്വിദ്ദീക്വി(റ)ന്റെ പൗത്രിമാരില്‍ പെട്ട ഉമ്മുഫര്‍വയുടെയും മകനാണ് ഇമാം ജഅ്ഫര്‍സ്വാദിക്വ്. ഹിജ്‌റാബ്ദം എണ്‍പതിലാണ് അദ്ദേഹം ഭൂജാതനായത്.

തങ്ങളുടെ ആറാമത്തെ ഇമാമായാണ് ശിയാക്കള്‍  ജഅ്ഫര്‍സ്വാദിക്വിനെ എണ്ണുന്നതും അവരോധിക്കുന്നതും. അദ്ദേഹത്തിലേക്കു ചേര്‍ത്തുകൊണ്ടാണ് അവര്‍ ജഅ്ഫരിയ്യഃ എന്നു വിളിക്കപ്പെടുന്നതും. യഥാര്‍ഥത്തില്‍ അലിയ്യ്, ഹസന്‍, ഹുസയ്ന്‍, സെയ്‌നുല്‍ആബിദീന്‍, മുഹമ്മദുല്‍ബാക്വിര്‍ തുടങ്ങിയവര്‍ക്ക് ശിയാ ആശയങ്ങളുമായും ആദര്‍ശങ്ങളുമായും ബന്ധമില്ലെന്നതു പോലെ ഇമാം ജഅ്ഫര്‍ സ്വാദിക്വിനും അതുമായി യാതൊരു ബന്ധവുമില്ല. എല്ലാം വ്യാജമായി അവരിലേക്ക് ശിയാക്കള്‍ ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.

 തങ്ങളുടെ കണ്ണിലെ കരടും ശാപവിധേയനുമായി ശിയാക്കള്‍ ഗണിക്കുന്ന അബൂബകര്‍സ്വിദ്ദീക്വി(റ)ന്റെ പൗത്രിയാണ് ജഅ്ഫര്‍ സ്വാദിക്വിന്റെ മാതാവ് എന്ന ചരിത്രം പഠിക്കുന്നവര്‍, തന്റെ പ്രപിതാവായ അബൂബക്‌റി(റ)ന്റെ വിഷയത്തില്‍ അഭിമാനം കൊള്ളുന്ന ജഅ്ഫര്‍ സ്വാദിക്വിന്റെ ചരിത്രം വായിക്കുന്നവര്‍ വൈരുധ്യാധിഷ്ഠിതമായ ശിയാജല്‍പനമാണ് മനസ്സിലാക്കുക. ഇമാം ദഹബി പറയുന്നു: 'തന്റെ പ്രപിതാവായ അബൂക്‌റി(റ)നെ റാഫിദ്വികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ മോശമായി പരാമര്‍ശിക്കുന്നത് ഇമാം ജഅ്ഫര്‍ സ്വാദിക്വ് അറിഞ്ഞാല്‍ അദ്ദേഹം അവരോട് ദേഷ്യപ്പെടുകയും അവരെ ശപിക്കുകയും ചെയ്യുമായിരുന്നു. അതില്‍ സംശയമൊന്നമില്ല.'(27)

സ്വഹാബികളില്‍ ചിലരെ നേരില്‍ കണ്ട, അഹ്‌ലുസ്സുന്നക്ക് അനിഷേധ്യനും സ്വീകാര്യനുമായ നേതാവായിരുന്നു ഇമാം ജഅ്ഫര്‍ സ്വാദിക്വ്. അദ്ദേഹത്തെ കുറിച്ചുള്ള അഹ്‌ലുസ്സുന്നയുടെ വിലയിരുത്തല്‍ നോക്കൂ:(28)

ഇമാം ഇബ്‌നുതയ്മിയ്യഃ പറഞ്ഞു: ''ദീനീനിഷ്ഠയും അറിവുമുള്ളവരില്‍ ശ്രേഷ്ഠരായിരുന്നു ജഅ്ഫര്‍ സ്വാദിക്വ്.... അംറ് ഇബ്‌നു അബില്‍മിക്വ്ദാം പറഞ്ഞു: ജഅ്ഫര്‍സ്വാദിക്വിലേക്കു ഞാന്‍ നോക്കിയാല്‍ അദ്ദേഹം നബിമാരുടെ സന്താനപരമ്പരയില്‍ പെട്ടവനാണെന്ന് എനിക്കു ബോധ്യപ്പെടുമായിരുന്നു.''(29)

അഹ്‌ലുല്‍ബയ്തിന്റെ മഹത്ത്വങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തില്‍ ജഅ്ഫര്‍ സ്വാദിക്വിനെ ഇബ്‌നുതയ്മിയ്യഃ ഇപ്രകാരം വര്‍ണിച്ചു: ''ഈ ഉമ്മത്തിലെ പണ്ഡിതന്മാരുടെ ശയ്ഖായിരുന്നു ജഅ്ഫര്‍ സ്വാദിക്വ്.'' (30)

ഇമാം ദഹബി പറഞ്ഞു: ''...ജഅ്ഫര്‍സ്വാദിക്വും പിതാവ് മുഹമ്മദുല്‍ ബാക്വിറും മദീനയിലെ പണ്ഡിതരില്‍ അതിശ്രേഷ്ഠരായിരുന്നു.''(31)

ഇമാം ദഹബി വീണ്ടും പറഞ്ഞു: ''ഇമാം ശാഫിഈയും യഹ്‌യാ ഇബ്‌നു മഈനും അദ്ദേഹത്തെ വിശ്വസ്തനെന്നു വിശേഷിപ്പിച്ചു. അബൂഹനീഫഃ പറഞ്ഞു: ജഅ്ഫര്‍ ഇബ്‌നു മുഹമ്മദിനെക്കാള്‍ വലിയ പണ്ഡിതനെ ഞാന്‍ കണ്ടിട്ടില്ല. അബൂ ഹാതിം പറഞ്ഞു: ജഅ്ഫര്‍ ഇബ്‌നു മുഹമ്മദ് വിശ്വസ്തനാണ്. അദ്ദേഹത്തെ പോലുള്ളവരുടെ(വിശ്വാസ്യതയെ) കുറിച്ചു ചോദിക്കപ്പെടാവതല്ല.''(32)

(തുടരും)