ഇമാം ബുഖാരി അന്ധവിശ്വാസ പ്രചാരകനോ?

അബ്ദുല്‍ മാലിക് സലഫി

2017 ജൂലായ് 22 1438 ശവ്വാല്‍ 28

അറിവില്ലായ്മ ഒരു മഹാമാരിയാണ്. ഇത് പിടികൂടിയവര്‍ എന്തൊക്കെയാണ് വിളിച്ചു പറയുക എന്നതിന് യാതൊരു നിശ്ചയവുമൂണ്ടാവില്ല. താന്‍ പറയുന്നത് എത്ര ഗുരുതരമായ വിഡ്ഢിത്തമാണെങ്കിലും അത് വലിയ തത്ത്വമാണെന്നാണ് അവന്‍ ധരിക്കുക. അത്തരക്കാരെ തിരുത്തുക എന്നത് ഏറെ ശ്രമകരവുമാണ്.

ഇക്കാര്യം ഇവിടെ ഓര്‍ക്കാന്‍ കാരണം കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഒരു പ്രസംഗം കേള്‍ക്കാന്‍ ഇടയായതാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ കടപ്പുറത്ത് ഐക്യസമ്മേളനം നടത്തിയവരുടെ കൂട്ടത്തില്‍ ഒരാളാണ് പ്രസംഗകന്‍. ടിയാന്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.  

ഒന്ന്: സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീഥുകളും സ്വീകാര്യമാണ് എന്ന് പറയണമെങ്കില്‍ അതിന് പ്രമാണം വേണം; അഥവാ ക്വുര്‍ആനില്‍ അങ്ങനെയൊരു വചനമുണ്ടാവണം!

രണ്ട്: സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീഥുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായിത്തീരും!

ഒരു പക്ഷേ, പതിനാല് നൂറ്റാണ്ടിനിടയില്‍ 'ഇത്രവലിയൊരു കണ്ടുപിടുത്തം' ലോകത്ത് മറ്റാരും നടത്തിക്കാണില്ല. അതിനാല്‍ ഈ 'കണ്ടുപിടുത്തത്തിന്റെ' ക്രഡിറ്റ് പൂര്‍ണമായും ഈ കക്ഷിക്ക് തന്നെ കൊടുക്കാം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലേ, ഇതിനെ ഇത്ര പൊതുവല്‍കരിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരും കുറവായിരിക്കില്ല. എന്നാല്‍ ഈ വിവരക്കേട് ഉറക്കെ വിളിച്ച് പറഞ്ഞിട്ടും നേതൃത്വത്തിന്റ മൗനം തെളിയിക്കുന്നത്, ഇന്നല്ലെങ്കില്‍ നാളെ ഈ 'വിവരം' അവരും പറയാനിരിക്കുന്നു എന്നതല്ലേ? അതിനാല്‍ ചില സംഗതികള്‍ ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കുകയാണ്.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥുകളോടുള്ള അരിശം ഹദീഥ് വിരോധികള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ഖവാരിജുകളില്‍ തുടങ്ങി മുഅ്തസിലികളിലൂടെയും ശിയാക്കളിലൂടെയും കടന്നുവന്ന് ഇന്ന് ഇത്തരം അക്വ്‌ലാനികളില്‍ എത്തിനില്‍ക്കുകയാണത്. സ്വഹീഹുല്‍ ബുഖാരിയില്‍ പലതും കൊള്ളാത്തതുണ്ട് എന്ന് വരുത്തിത്തിര്‍ക്കലാണ് ഈ കക്ഷികളുടെയെല്ലാം ഉന്നം. എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയാവട്ടെ മുസ്‌ലിം ഉമ്മത്തിന്റെയടുക്കല്‍ എന്നും ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥവുമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ഒരു ഏകോപിത അഭിപ്രായമാണത്; പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്: ഹി:418ല്‍ വഫാത്തായ അബൂഇസ്ഹാഖ് ഇസ്ഫറായീനി(റ) പറയുന്നു: ''ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥുകള്‍ അതിന്റെ പരമ്പരയും ഉള്ളടക്കവും പൂര്‍ണമായും ശരിയാണെന്നതില്‍ ഹദീഥ് പണ്ഡിതന്മാര്‍ പൂര്‍ണമായും യോജിച്ചിരിക്കുന്നു'' (അന്നൂകത്ത്). 

ആധുനികനായ ഷാഹ് വലിയുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ''ബുഖാരിയിലും മുസ്‌ലിമിലുമുള്ള സനദ് നബി(സ്വ)യിലേക്ക് ചേര്‍ക്കപ്പെട്ടു വന്ന മുഴുവന്‍ ഹദീഥുകളും സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്. അവ അതിന്റെ ഗ്രന്ഥകാരന്മാരിലേക്ക് മുതവാതിറുമാണ്. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീഥുകളെ ആരെങ്കിലും നിസ്സാരവത്കരിച്ചാല്‍ അവന്‍ പുത്തന്‍ വാദിയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗം സ്വീകരിച്ചവനുമാണ്'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ). ഈ ഒരു നിലപാടില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന് മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ ഈ നിലപാടു സ്വീകരിക്കണമെങ്കില്‍ അതിന് കുര്‍ആനില്‍ ആയത്തു വേണം എന്ന കണ്ടുപിടുത്തം പുതിയ ഗവേഷണഫലമാണ്. നബി(സ്വ)യുടെ ഹദീഥുകള്‍ മുഴുവന്‍ സ്വീകരിക്കണമെങ്കില്‍ അതിന് ആയത്തു വേണമെന്ന് വാദിക്കുന്നവന്‍ ആരുടെ സംഘത്തിലാണ് നില്‍ക്കാന്‍ യോഗ്യനെന്ന് ഏവര്‍ക്കുമറിയാമല്ലോ. നൂറുകണക്കിന് വചനങ്ങളിലൂടെ അക്കാര്യം അല്ലാഹു വ്യക്തമാക്കിയതാണ്. 

നബി(സ്വ)പഠിപ്പിച്ചതല്ലാത്ത കാര്യങ്ങളും ബുഖാരിയിലുണ്ടല്ലോ എന്നാണ് മറുവാദമെങ്കില്‍ അതെല്ലാം ഇമാം ബുഖാരി സ്വന്തമായി കണ്ടെത്തിയ സംഗതികളൊന്നുമല്ല എന്നറിയുക. എല്ലാത്തിനും സനദ് കൊടുത്തിട്ടുണ്ട്. സനദ് നല്‍കാത്തതിനെ കുറിച്ച് ഇമാം ബുഖാരിക്കും അഭിപ്രായമില്ല. തന്റെ രചനക്കുശേഷം ഇമാം ബുഖാരി നേരെ പ്രസ്സില്‍ കൊണ്ടുപോയി അച്ചടിക്കു നല്‍കിയതൊന്നുമല്ല. ഓരോ ഹദീസും അതില്‍ ചേര്‍ക്കുമ്പോള്‍ രണ്ട് റക്അത്ത് ഇസ്തിഖാറത്ത് നമസ്‌കരിച്ച് പ്രാര്‍ഥിച്ചാണ് ചേര്‍ത്തിട്ടുള്ളത്. അതിനു ശേഷം അദ്ദേഹത്തിന്റെ സമകാലികരായ ഹദീഥ് വിജ്ഞാന രംഗത്തെ കുലപതികളായ യഹ്‌യബിന്‍ മഈന്‍, അഹ്മദ് ബിന്‍ ഹമ്പല്‍ തുടങ്ങിയവര്‍ ആദ്യന്തം പരിശോധിച്ചു. അവര്‍ പറഞ്ഞ തിരുത്തുകള്‍ നടത്തി. ശേഷമാണ് ഇമാം താന്‍ ക്രോഡീകരിച്ച കാര്യങ്ങള്‍ സമൂഹത്തിനു നല്‍കിയത്. പിന്നീട് വന്ന പണ്ഡിതന്മാരും ഹദീഥ് വിജ്ഞാനത്തിന്റെ സകല മേഖലകളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഹദീഥുകളെ പരിശോധിച്ചു. എന്നിട്ടവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായമാണ് മുകളില്‍ നാം ഉദ്ധരിച്ചത്. ചുരുക്കത്തില്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം മുസ്‌ലിം ഉമ്മത്ത് മൊത്തത്തിലാണ് ഏറ്റെടുത്തത്. അവരാണ് അതിലുള്ള മുസ്‌നദായ മുഴുവന്‍ ഹദീഥുകളും സ്വീകാര്യമാണെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ഉമ്മത്തിന്റെ നിലപാട് അറിയാത്ത ചില അല്‍പജ്ഞാനികളാണ് ഇതുപോലെ ബുഖാരിയിലെ ഹദീഥുകള്‍ക്കെതിരെ വാളെടുക്കുന്നത്. അതിനാല്‍ ബുഖാരിയിലെ ഹദീഥുകള്‍ പൂര്‍ണമായും വിശ്വസിക്കണമെങ്കില്‍ അതിന് ആയത്തുവേണം എന്നു പറയുന്നത് ജഹാലത്തിന്റെ അങ്ങേത്തലയാണ് എന്ന് ബുദ്ധിയുള്ളവര്‍ വിലയിരുത്തും. അങ്ങനെയൊരായത്ത് ഉണ്ടാവില്ല; അതിന്റെ ആവശ്യവുമില്ല. എന്നാലും, ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അത്രയും നന്നായില്ലേ എന്ന നിലയ്ക്ക് വസ്‌വാസുകളുണ്ടാക്കുന്നവരെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

മുസ്‌ലിം ഉമ്മത്തിന്റെ നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുക എന്നല്ലാതെ മറിച്ചൊരു നിലപാട് മുജാഹിദ് പ്രസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന അപശബ്ദങ്ങള്‍ പ്രസ്ഥാനത്തെ കുറിച്ചോ, അതിന്റെ ആദര്‍ശ നയനിലപാടുകളെ കുറിച്ചോ യാതൊരു എത്തും പിടിയുമില്ലാത്തവരില്‍ നിന്നാണെന്ന് തീര്‍ച്ച. അവര്‍ക്ക് വേദി ഒരുക്കുന്നവരും അങ്ങനെ തന്നെ.

ഈ വിഷയത്തില്‍ ആദ്യകാല മുജാഹിദ് പണ്ഡിതന്മാര്‍ എഴുതിയ ചില വരികള്‍ നമുക്ക് വായിക്കാം.1950 മെയ് മാസത്തിലെ അല്‍മനാര്‍ മാസികയില്‍ (മൂന്നാം ലക്കം) എന്‍.വി. അബ്ദുസ്സലാം മൗലവി(റഹി) എഴുതി: ''മുസ്‌ലിം ലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചു വരാറുണ്ട്'' (പേജ്:11).

കെ.എന്‍.എം പുറത്തിറക്കിയ 'ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം' എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: ''അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്‌നദായ (സനദോടുകൂടി പറയുന്ന) ഹദീഥുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു'' (പേജ്:10).

1972 ഫെബ്രുവരി മാസത്തിലെ അല്‍മനാറില്‍ ശൈഖ് മൗലവി എഴുതിയ ഒരുലേഖനത്തിന്റെ തലവാചകം തന്നെ: 'സ്വഹീഹുല്‍ ബുഖാരി സ്ഥിരപ്പെട്ട നബിവചനങ്ങളുടെ വിലപ്പെട്ട സമാഹാരം' എന്നായിരുന്നു. പ്രസ്തുത ലേഖനത്തില്‍ ഇപ്രകാരം കാണാം: ''ദിവ്യവചനങ്ങളായ പരിശുദ്ധ ക്വുര്‍ആനിന്നു ശേഷം ഏറ്റവും സ്വീകാര്യവും സ്വഹീഹുമായ ഹദീഥ് ശേഖരം, അതത്രെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയുടെ സ്വീകാര്യതയും പാവനത്വവും അംഗീകരിക്കാത്ത ഒരൊറ്റ പണ്ഡിതനും മുസ്‌ലിം ലോകത്തുണ്ടായിട്ടില്ല... സ്വഹീഹുല്‍ ബുഖാരിയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ട്. എല്ലാം ഈയിടെ പൊങ്ങിവന്നവ. യുക്തിയുടെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തതെല്ലാം തള്ളിപ്പറയുന്ന കുത്സിത ബുദ്ധികള്‍ ഞൊടിഞ്ഞുണ്ടാക്കുന്ന കള്ളപ്രചാരണങ്ങള്‍ വാസ്തവത്തില്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. ഇക്കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിയെ പറ്റിയുള്ള ആക്ഷേപങ്ങളും പെടുത്താം. തന്റെ ചില നിഗമനങ്ങളോട് വിയോജിച്ചതിനാല്‍ മാത്രം സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്നു പറയുന്നവര്‍, നാടുനീളെ നാക്കിട്ടടിച്ചു നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.'' 

ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാന കാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

1971 ഡിസംബര്‍ മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി (റ)തന്നെ എഴുതിയ മറ്റൊരു ലേഖനമുണ്ട്; അതിന്റെ തല വാചകം 'സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മിത ഹദീഥുകളോ?' എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ''കഴിഞ്ഞുപോയ മുസ്‌ലിം കാലഘട്ടങ്ങളോരോന്നും കണിശമായും പ്രസ്തുത പരാമാര്‍ഥം അംഗീകരിക്കുകയും സ്വഹീഹുല്‍ ബുഖാരിയെ ഉല്‍കൃഷ്ടമായും ആദരവോടെയും കൈകാര്യ ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ വിഷയത്തിലുമെന്നപോലെ പൊളിച്ചെഴുത്തിന്റെ പുതിയ കാലഘട്ടം സ്വഹീഹുല്‍ ബുഖാരിയെയും കരിതേക്കാതെ, കശക്കിയെറിയാതെ വിട്ടില്ല. ചിലര്‍ ഗ്രന്ഥം ആകപ്പാടെ തോട്ടിലെറിയണമെന്നാക്രോശിച്ചപ്പോള്‍ മറ്റുചിലര്‍ നല്ലപിള്ള ചമഞ്ഞ്ചുളുവില്‍ നിഷേധത്തിന് ധൃഷ്ടരായിരിക്കുന്നു.''

ചുരുക്കത്തില്‍, മുസ്‌ലിം ഉമ്മത്ത് സ്വീകരിച്ച നിലപാടുതന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ വിഷയത്തില്‍ മുജാഹിദ് പ്രസ്ഥനവും സ്വീകരിച്ചിരുന്നത്. മാത്രവുമല്ല ബുഖാരിക്കെതിരെ ചേകനൂരും സിഎന്നും രംഗത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കിയതും മുജാഹിദ് നേതാക്കള്‍ തന്നെയായിരുന്നു എന്നതാണ് ചരിത്രം. ഇതൊന്നുമറിയാത്ത ചില പുത്തന്‍ വാദികള്‍ വന്ന് ഇതൊന്നും ശരിയല്ല എന്ന് വിളിച്ചുകൂവുന്നുണ്ടെങ്കില്‍ അവരുമായും അവരെ താങ്ങുന്നവരുമായും യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ല.

സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീഥുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയാണ് എന്നതാണല്ലോ ടിയാന്റെ രണ്ടാമത്തെ കണ്ടുപിടുത്തം! അപ്പോള്‍ ഒന്നാമത്തെ അന്ധവിശ്വാസി നബി(സ്വ) തന്നെ! അല്ലാഹുവില്‍ ശരണം. കാരണം നബി(സ്വ) പറഞ്ഞ ഹദീഥുകളാണല്ലോ അതില്‍ അധികമുള്ളത്. പിന്നെസ്വഹാബത്തു മുതല്‍ താബിഉകള്‍, മുഴുവന്‍ മുഹദ്ദിഥുകള്‍, ഇമാമുമാര്‍, പണ്ഡിതന്മാര്‍ വരെയുള്ളവരെല്ലാം അന്ധവിശ്വാസികള്‍! ഇമ്മിണി വലിയ ഗവേഷണം തന്നെ! അപ്പോള്‍ പിന്നെ ആകെ വിശ്വാസികളായി അവശേഷിക്കുന്നത് ടിയാനും ടീമും മാത്രം! ഉഗ്രനായിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ അന്ധവിശ്വാസം പഠിപ്പിക്കപ്പെടുന്നുണ്ട് എന്ന് പ്രചരിപ്പിക്കുന്നവര്‍ 'ഔദ്യോഗിക'(?!) വക്താക്കളാണ് എന്നതാണ് ഏറെ സങ്കടകരം! ഐക്യത്തിനു ശേഷം രൂപപ്പെട്ട അനൈക്യത്തിന്റെ ചുഴലിക്കാറ്റ് പുറത്തേക്കും വീശിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കേരളക്കര മനസ്സിലാക്കുന്നുണ്ട് എന്നറിഞ്ഞിട്ടാണോ ആവോ പരസ്യമായിത്തന്നെ ഈ വിവക്കേട് വിളിച്ചുപറയാന്‍ തുടങ്ങിയത്? ആദര്‍ശ പരമായ ഒച്ചവെക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് വ്യക്തമായ ഹദീഥ് നിഷേധവും പരിഹാസങ്ങളും അന്ധവിശ്വാസാരോപണവും മുറക്ക് നടക്കുന്നത്.

പ്രമാണങ്ങള്‍ക്കുനേരെ പോലും കുതിരകയറുന്ന ഇത്തരം അല്‍പജ്ഞാനികളെ നിയന്ത്രിക്കാന്‍ പോലുമാവാതെ ''ഐഡിയോളജിക്കല്‍ ഡിസിപ്ലിന്‍'' തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. സീഹ്‌റിന്റെയും മറ്റും വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ നിലപാടുകളെ പരസ്യമായി ചോദ്യചെയ്തിട്ടും ക മ മിണ്ടാന്‍ കഴിയാത്ത 'ഓര്‍ഗനൈസേഷന്‍ ഡിസിപ്ലിനി'ന്റെ കാര്യമാണെങ്കില്‍ പറയുകയുംവേണ്ട. ഏതായാലും ഐക്യപ്പെട്ട സ്ഥിതിക്ക് ആദര്‍ശപരമായ വിഷയങ്ങളിലെങ്കിലും പരസ്യ വിഴുപ്പലക്കലുകള്‍ ഒഴിവാക്കി നീങ്ങിയാല്‍ തങ്ങളെ കുറിച്ചുള്ള അവശേഷിക്കുന്ന വിലയെങ്കിലും താങ്ങിനിര്‍ത്താന്‍ ആവും എന്നൊരു നിരീക്ഷണമാണ് മുജാഹിദുകള്‍ക്ക് നല്‍കാനുള്ളത്. ആദര്‍ശ പൊരുത്തമില്ലാത്ത കൂട്ടായ്മ ആണിയിളകിയ കട്ടിലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അധികമൊന്നും ആര്‍ക്കും അതില്‍ കിടക്കാനാവില്ല.