ആദ് സമുദായത്തിന്റെ പതനം: 2

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എതിരാളികള്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ദൃഢവിശ്വാസത്തോടെ മുഴുവന്‍ എതിര്‍പ്പുകളെയും നേരിടേണ്ടവരാണ് സത്യവിശ്വാസികള്‍.

ഹൂദ്(അ) തന്നോട് ശത്രുത കാണിച്ച പ്രബോധിത സമൂഹത്തിന് നല്‍കിയ മറുപടി നാം മനസ്സിലാക്കി. ഇതേ പ്രകാരത്തിലുള്ള മറുപടി നൂഹ്(അ)യും അദ്ദേഹത്തിന്റെ ജനതക്ക് നല്‍കിയത് ക്വൂര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

''(നബിയേ,) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതിക്കേള്‍പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉദ്‌ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചുകൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട'' (10:71). 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്ന ഒരു വിശ്വാസിക്ക് എന്ത് പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാലും യാതൊരു പതര്‍ച്ചയും ഇല്ലാതെ സത്യം തുറന്ന് പറയാനുള്ള നിശ്ചയദാര്‍ഢ്യത്തിന് ഈ മഹാന്മാരുടെ ചരിത്രം പ്രേരണയാകണം. അതിനു ബലം നല്‍കുന്ന ഒരു പ്രവാചക വചനം കൂടെ ഇവിടെ കുറിക്കുന്നത് ഉചിതമായിരിക്കും. നബി(സ്വ) പറയുന്നു:

''നീ അറിയണം. ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപകാരം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കായി അത് എഴുതിവെച്ചാലല്ലാതെ നിനക്ക് ഒരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഇനി ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപദ്രവം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കെതിരായി അത് എഴുതിവെച്ചാലല്ലാതെ നിനക്ക് എതിരായി ഒരു ഉപദ്രവവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല'' (തിര്‍മിദി).

വീട്ടുകാരില്‍ നിന്നോ, കൂടുംബാംഗങ്ങളില്‍ നിന്നോ, നാട്ടുകാരില്‍ നിന്നോ, അധികാരികളില്‍ നിന്നോ വല്ല വിധേനയുമുള്ള ബഹിഷ്‌കരണമോ മര്‍ദനമോ എന്തുതന്നെ നേരിട്ടാലും നമുക്ക് മുമ്പേ കഴിഞ്ഞുപോയ വെള്ളി നക്ഷത്രങ്ങളായ, അല്ലാഹുവിന്റെ ദൂതന്മാരുടെയും അവരെ പിന്തുടര്‍ന്ന സച്ചരിതരുടെയും മാര്‍ഗത്തെ നാം പിന്തുടരണം. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ മണ്ണ് ചുറ്റുപാടില്‍ ഉണ്ടായിട്ടും നിസ്സാരമായ കാരണം പറഞ്ഞ് സത്യം വീട്ടിലും കുടുംബത്തിലും സമൂഹത്തിലും അറിയിക്കാതെ മൂടിവെക്കുന്നവര്‍ക്ക്; ന്യൂനപക്ഷത്തെ മാത്രം അനുയായികളായി കിട്ടിയിട്ടും (അതുതന്നെ ദുര്‍ബലന്മാരും) തളര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ സത്യം വെട്ടിത്തുറന്ന് പ്രഖ്യാപിച്ച മുന്‍ഗാമികളായ പ്രവാചകന്മാരെയാണ് മുസ്‌ലിംകള്‍ പിന്തുടരേണ്ടത്. അവര്‍ക്ക് അതിനെല്ലാം സാധിച്ചത് അല്ലാഹുവിലുള്ള അവരുടെ അര്‍പ്പണ ബോധവും പ്രതീക്ഷയുമായിരുന്നു.

അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യുമ്പോള്‍ പ്രബോധിത സമൂഹത്തില്‍ നിന്ന് അനുകൂലമായോ പ്രതികൂലമായോ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രബോധകന്‍ തന്റെ മനസ്സിനെ ആദ്യം പഠിപ്പിക്കണം. പ്രതികരണം എന്തുതന്നെയായാലും എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്ന തിരിച്ചറിവിലൂടെ അവനില്‍ എല്ലാം അര്‍പ്പിച്ച് സ്വന്തം വിശ്വാസത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് ഓരോ പ്രബോധകനും വിജയിക്കുന്നത്. പ്രതികൂലമായ പ്രതികരണമാണ് നമുക്ക് നേരിടേണ്ടി വരുന്നതെങ്കില്‍ തന്നെ നാം എന്തിന് ദുഃഖിക്കണം? അല്ലാഹു പറയുന്നത് നോക്കൂ:

''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 9:51).

'അവനെ കൂടാതെ ഒരു പടപ്പിനെയും ഞാന്‍ പരിഗണിക്കുന്നതല്ല. അവനിലല്ലാതെ ഞാന്‍ ഭരമേല്‍പിക്കുകയുമില്ല. അവനെ മാത്രമല്ലാതെ ഞാന്‍ ആരാധിക്കുന്നതുമല്ല' (ക്വസ്വസ്വുല്‍ അമ്പിയാഅ്, ഇബ്‌നു കഥീര്‍(റഹി). 

ഹൂദ്(അ) അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ടു ജനങ്ങളെ നേരിട്ടപ്പോള്‍ പറഞ്ഞ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍(റ) പറഞ്ഞ വാക്കാണിത്.

അല്ലാഹു പരമകാരുണികനാണ്. അഥവാ അല്ലാഹുവിന് വഴിപ്പെടുന്നവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും അനുഗ്രഹം ചെയ്യുന്നവനാണ്. അല്ലാഹുവിനെ അനുസരിച്ചു എന്നത് കൊണ്ട് ഒരാള്‍ ഭൗതിക സൗകര്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്നോ അല്ലാഹുവിനോട് അനുസരണക്കേടു കാണിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ തടയപ്പെടുമെന്നോ ഒരാളും തെറ്റുധരിക്കരുത്. കാരണം ഏതൊരാള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നത് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളിലാണ്. അവിടെ ആദരിക്കപ്പെടുന്നവനാണ് മാന്യനും അവിടെ നിന്ദിക്കപ്പെടുന്നവനാണ് നഷ്ടത്തില്‍ പെടുന്നവനുമായിത്തീരുന്നത്. 

ദൈവദൂതന്മാരുടെ വാക്കുകളെ ജനങ്ങള്‍ പരിഹസിക്കുവാനും കളവാക്കുവാനുമുള്ള ഒരു കാരണം അവരുടെ ഉപദേശങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് അളന്നതാണ്. 'ഹൂദിനെന്താ നമ്മില്‍ നിന്ന് പ്രത്യേകമായിട്ടുള്ളത്? നാം ഭക്ഷിക്കുന്നതു പോലെ ഭക്ഷിക്കുന്നു, നാം കുടിക്കുന്നത് പോലെ കുടിക്കുന്നു. ഒരു പ്രത്യേകതയും നാം കാണുന്നില്ലല്ലോ' എന്നൊക്കെ അദ്ദേഹത്തിന്റെ ജനങ്ങള്‍ പറഞ്ഞത്  ഓര്‍ക്കുക. 

'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹി' എന്ന് ചൊല്ലിയ പലരും ഇന്ന് പ്രവാചകന്മാരുടെ പ്രത്യേകതകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അതിനെല്ലാം നവ വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങള്‍ ആധുനികരും ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളെ തള്ളുന്നവരുമാണെന്ന് പൊതുസമൂഹത്തിനു മുമ്പില്‍ തെളിയിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്മാരിലൂടെ അല്ലാഹു വെളിവാക്കിയിട്ടുള്ള അത്ഭുത സംഭവങ്ങളെ അങ്ങനെ തന്നെ അംഗീകരിക്കുന്നവരെ ഇവര്‍ പിന്തിരിപ്പന്മാരും കാലഘട്ടത്തിന് യോജിക്കാത്തവരുമായി മുദ്രകുത്തുകയും ചെയ്യുന്നു! 

ഹൂദ്(അ)യുടെ ജനതയിലെ പരലോക നിഷേധികളായവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു:

''നിങ്ങള്‍ മരിക്കുകയും മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടുവരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്? നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ. ഇവന്‍ അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേയല്ല'' (23:3538).

മരണാന്തര ജീവിതത്തെ കളവാക്കിക്കൊണ്ട്, ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമായ നിന്റെ ഈ വാക്കുകളൊന്നും കേട്ട് നിന്നെ വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:

''എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത് നല്‍കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ'' (46:22). 

ഗുണകാംക്ഷയോടെ ഉപദേശിച്ചിട്ടും കളവാക്കുകയും പരിഹസിക്കുകയും ചെയ്യുക മാത്രമല്ല, 'നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവാ' എന്ന് വെല്ലുവിളിക്കുക കൂടി ചെയ്തു ആ ജനങ്ങള്‍! അവസാനം അല്ലാഹുവിനോട് ഹൂദ്(അ) ഇപ്രകാരം പ്രാര്‍ഥിച്ചു:

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ'' (23:39). 

അല്ലാഹു ഹൂദ്(അ)നോട് ഇപ്രകാരം പറഞ്ഞു: ''അവന്‍ (അല്ലാഹു) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും'' (23:40). 

ആ ശിക്ഷ ഇപ്രകാരമായിരുന്നു അവരില്‍ ഇറങ്ങിയത്: ദീര്‍ഘ കാലം അവര്‍ക്ക് മഴ ഇല്ലാതെയായി. മൂന്ന് വര്‍ഷത്തോളം അവര്‍ക്ക് ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ലെന്ന് പറയപ്പെടുന്നു. പിന്നീട് അവരുടെ താഴ്‌വരകളെ അഭിമുഖീകരിച്ച് അവര്‍ മേഘം കണ്ടു. അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം!

വര്‍ഷങ്ങള്‍ മഴ ലഭിക്കാതെ കൊടുംവരള്‍ച്ചയിലായ ആ ജനത പിന്നീട് മഴയുടെ മുന്നോടിയെന്നോണം കാര്‍മേഘം ഇരുണ്ടു കൂടിയത് കണ്ടപ്പോള്‍ വിചാരിച്ചു, മഴക്കുള്ള ഒരുക്കമാണെന്ന്. അവര്‍ അതില്‍ സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ അത് അവര്‍ക്ക് സന്തോഷം നല്‍കുവാനായിരുന്നില്ല. മറിച്ച്, അവര്‍ എന്തൊന്നാണോ അല്ലാഹുവിന്റെ ദൂതനായ ഹൂദ്(അ)നെ പരിഹസിച്ചും കളവാക്കിയും ആവശ്യപ്പെട്ടത് അതിന്റെ മുന്നൊരുക്കമായിരുന്നു അത്. ക്വുര്‍ആന്‍ അത് ഇപ്രകാരം തുടര്‍ന്ന് വിവരിക്കുന്നു:

''അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്'' (46:24,25).

ശക്തിയായ കാറ്റിലൂടെ പിന്നീട് അവര്‍ നശിപ്പിക്കപ്പെടുകയാണ് ചെയ്തത്. വലിയ മല്ലന്മാരും എല്ലാറ്റിനും കഴിയുന്നവരെന്നും മേനി നടിച്ച ആ ജനതയെ അല്ലാഹു നിലം പൊത്തിച്ചു. ആ കാറ്റിന്റെ ശക്തിയെക്കുറിച്ച് അല്ലാഹു ക്വുര്‍ആനിലൂടെ ഇപ്രകാരം നമ്മെ അറിയിക്കുന്നു:

''എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?'' (69:68).

''നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി'' (11:58).

''അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല'' (41:16).