സമാധാനം നല്‍കാത്ത ഭര്‍തൃമാതാവ് 

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04
ഭര്‍തൃമാതാവില്‍നിന്ന് (എന്റെ പിതാവിന്റെ ഉമ്മയില്‍നിന്ന്) എന്റെ ഉമ്മ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ കുട്ടിക്കാലം മുതലേ കണ്ടു വളര്‍ന്നവളാണ് ഞാന്‍. ഇപ്പോള്‍ സമാനമായ അനുഭവം എന്റെ ഭര്‍തൃമാതാവില്‍നിന്ന് ഞാനും അനുഭവിക്കുന്നു. വാക്കുകള്‍ കൊണ്ട് അസഹ്യമായ പീഡനമാണ് ഞാന്‍ അനുഭവിക്കുന്നത്. ജീവിതത്തോട് വെറുപ്പും ഒറ്റക്ക് ജീവിക്കാനുള്ള ആഗ്രഹവും വന്നുപോകുന്നു. ഭര്‍ത്താവ് ഉപദേശങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെയും ഉമ്മയുടെയും പ്രശ്‌നങ്ങള്‍ക്കിടയില്‍ അദ്ദേഹവും മാസനികമായി വിഷമിക്കുന്നുണ്ട്. പരലോകത്ത് ഇതെന്നെ ദോഷകരമായി ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു പരിഹാരം നിര്‍ദേശിക്കുമല്ലോ.  

ഭര്‍തൃ മാതാവുമായി സഹകരിച്ചു പോകാന്‍ കഴിയാത്തതിന്റെ വിഷമം ധാരാളം സഹോദരിമാരുടെ പ്രശ്‌നമാണ്. ജീവിതത്തിന്റെ ഒരു പ്രത്യേകമായ കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നം മാത്രമാണിത്. ഒരുപക്ഷേ, ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ മാതാവ് ഇന്ന് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സഹോദരിയുടെ കീഴില്‍ വന്നു നില്‍ക്കേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളാണ് പരാതി പറയുന്നതെങ്കില്‍ നാളെ നിങ്ങളുടെ മകന്റെ ഭാര്യയായിരിക്കും പരാതിക്കാരി. കാരണം ഒരു സ്ത്രീയും തന്റെ മകന്റെ ഭാര്യയെ ഉപദ്രവിക്കണമെന്ന് തീരുമാനിച്ച് കാത്തിരിക്കുന്നില്ല; ചില മാനസികാവസ്ഥകളില്‍ അങ്ങനെ സംഭവിച്ചു പോകുന്നു എന്ന് മാത്രം. 

ഭര്‍തൃമാതാവിന്റെ ഇതേ ഉപദ്രവങ്ങള്‍ തന്റെ സ്വന്തം ഉമ്മയില്‍ നിന്നാെണങ്കില്‍ എന്ത് ചെയ്യും? അത് ഉമ്മയുടെ സ്വഭാവമാണെന്ന് മനസ്സിലാക്കി, അന്യായമായി തന്നോട് ചെയ്യുന്ന കാര്യങ്ങളില്‍ വിഷമിക്കുന്നതില്‍ അര്‍ഥമില്ലെന്നു വിചാരിച്ച് ക്ഷമിക്കും! ഭര്‍ത്താവിന്റെ ഉമ്മയെ തന്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്ത് സങ്കല്‍പിച്ചാല്‍ ഒരുപക്ഷേ, പ്രയാസങ്ങള്‍ കുറഞ്ഞതു പോലെ അനുഭവപ്പെടും. മനസ്സ് മാറിക്കിട്ടാനുള്ള ആത്മാര്‍ഥമായ പ്രാര്‍ള്‍ഥനകളും ഒരു പരിഹാരമാണ്.

ഇവിടെ ഈ സഹോദരി തന്റെ ഉമ്മയുടെ അവസ്ഥയോട് തന്റെ അവസ്ഥയെ താരതമ്യം ചെയ്തതു കൊണ്ടായിരിക്കും പ്രതീക്ഷ നഷ്ടപ്പെട്ടത്. ഉമ്മ സ്വീകരിച്ചതില്‍നിന്നും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചാല്‍ തനിക്ക് മറ്റൊരനുഭവമുണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയണം. അറിവില്ലായ്മയും തെറ്റായ പ്രതികരണ രീതികളും പല പ്രശ്‌നങ്ങളെയും സങ്കീര്‍ണമാക്കുന്നു. 

ഭര്‍തൃമാതാവിന്റെ പെരുമാറ്റ മനഃശ്ശാസ്ത്രം സഹോദരി മനസ്സിലാക്കണം. നിങ്ങള്‍ ചെയ്യുന്ന ജോലിയിലെ ന്യൂനതകളോ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ധനം ചെലവഴിക്കുന്നതിലെ സൂക്ഷ്മതക്കുറവോ സ്വന്തം വീട്ടുകാരുമായുള്ള ബന്ധങ്ങളോ എല്ലാമായിരിക്കും കുറ്റപ്പെടുത്തുന്നതിലെ വിഷയങ്ങള്‍. എന്നാല്‍ യഥാര്‍ഥ കാരണം ഇവയാകണമെന്നുമില്ല. മകന്‍ അവന്റെ ഭാര്യയോടുള്ള അമിത സ്‌നേഹം കാരണം തന്നില്‍നിന്ന് അകലുമോ എന്ന ചിന്തയോ, തന്റെ മകള്‍ക്ക് കിട്ടാത്ത ദാമ്പത്യ ജീവിതം ഇവള്‍ക്ക് കിടുന്നതോ, തനിക്ക് ഇതുപോലെയുള്ള ജീവിതം കിട്ടിയില്ലല്ലോ എന്ന ദുഃഖമോ ഒരുപക്ഷേ, ആ മനസ്സിനെ അലട്ടുന്നുണ്ടാകും. അതിനാല്‍ അവരില്‍ നിന്നുണ്ടാകുന്ന അനിഷ്ടകരമായ കാര്യങ്ങളെ തല്‍ക്കാലം അവഗണിക്കുകയും അവരുടെ സ്‌നേഹം കരസ്ഥമാക്കാന്‍ തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ബുദ്ധി. 

വിഷമങ്ങള്‍ അധികരിക്കുമ്പോള്‍, എന്തിന് ഇതെല്ലാം സഹിക്കണം, ഭര്‍ത്താവിന്റെ മാതാവിനെ നോക്കാന്‍ എനിക്ക് മതപരമായി കടമയുണ്ടോ എന്നെല്ലാം ചിന്തിക്കുനവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ഭര്‍ത്താവുമായുള്ള ബന്ധം ഭംഗിയായും സ്‌നേഹത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ അയാളുടെ കുടുംബത്തോടും മാതാവിനോടും നല്ല ബന്ധം സ്ഥാപിച്ചേ പറ്റൂ. ഭാര്യ സമ്പന്നയാണെങ്കിലും അവള്‍ക്ക് ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുള്ളതുപോലെ ഭര്‍ത്താവിനും കുടുംബത്തിനും അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ച് കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ഭാര്യയും ശ്രമിക്കണം. 

ഒറ്റക്ക് ജീവിച്ചാലോ എന്ന് ചിന്തിച്ചും വിവാഹമോചനം ആവശ്യപ്പെടാന്‍ ആഗ്രഹിച്ചും മാനസിക നിലതെറ്റാവുന്ന അവസ്ഥയില്‍ തന്റെ ഭാര്യ എത്തിപ്പെടുന്നതില്‍ തീര്‍ച്ചയായും ഭര്‍ത്താവിന് ഉത്തരവാദിത്തമുണ്ട്. നബി(സ്വ) പറഞ്ഞു: ''സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അലാഹുവില്‍നിന്നുള്ള ഒരു അമാനത്തായാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ നാമത്താലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായിത്തീര്‍ന്നത്'' (മുസ്‌ലിം 2137).

സഹോദരി അനുഭവിക്കുന്നതു പോലുളള മാനസിക പ്രയാസത്തില്‍ അകപ്പെട്ട ഏതൊരു ഭാര്യയോടും വളരെ നല്ല പെരുമാറം ഭര്‍ത്താവില്‍നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്. നബി(സ്വ) പറഞ്ഞു: ''സ്വന്തം ഭാര്യയോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍' (തുര്‍മുദി).

അതോടൊപ്പം ഒരു കാര്യം മനസ്സിലാക്കുക. മാതാവിന്റെ പെരുമാറ്റം നന്നാക്കുന്നതില്‍ മകനെന്ന നിലയില്‍ ഭര്‍ത്താവിന് ചില പരിമിതികളുണ്ട്. എന്നാല്‍ അപകടരഹിതമായ വഴികള്‍ അദ്ദേഹം കണ്ടെത്തേണ്ടതുണ്ട്. പ്രയാസങ്ങള്‍ എപ്പോഴും എളുപ്പത്തിലേക്കുള്ള വഴികളാണെന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുക. ക്ഷമയോടെ കാത്തിരുന്നാല്‍ ഇഹലോകത്തും പരലോകത്തും സന്തോഷിക്കാനാകും. അല്ലാഹു സഹായിക്കട്ടെ.