എന്തുകൊണ്ട്‌ നേർപഥം?

ടി.കെ.അശ്‌റഫ്‌

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

നേര്‌ പറയാൻ തന്നെ എന്നതാണ്‌ അതിനുള്ള ഉത്തരം!

കാരണം നേരിന്‌ വേണ്ടി നിലകൊള്ളുമെന്ന്‌ ഉറപ്പു നൽകിയ ആനുകാലികങ്ങളിൽ പലതും ദൗത്യനിർവഹണത്തിൽ ഉത്തരവദിത്തം മറന്ന്‌ ഇരയോടൊപ്പം ഓടുകയും വേട്ടക്കാരന്റെ ലക്ഷ്യം നേടിക്കൊടുക്കുകയും ചെയ്യുന്ന ദയനീയ സാഹചര്യം സംജാതമായി.

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന പരിമിതമായ വിവരങ്ങൾ കൊണ്ട്‌ മാത്രം ചിന്തയെ രൂപപ്പെടുത്താൻ സാധിക്കുന്ന ദുർബലനായ മനുഷ്യന്‌ മനുഷ്യ കരങ്ങളാൽ വിരചിതമായ രചനകളിൽനിന്ന്‌ നേരിന്റെ വഴി കണ്ടെത്താൻ സാധ്യമല്ല.

ഏതൊരു ഉപകരണവും നന്നാക്കിയെടുക്കാനുള്ള മാർഗനിർദേശം നൽകാൻ കഴിവുള്ളവൻ അതിന്റെ നിർമാതാവാണ്‌. മനുഷ്യനെ നന്നാക്കാൻ മനുഷ്യന്റെ സ്രഷ്ടാവിന്റെ മാർഗദർശനത്തിലൂടെ മാത്രമെ സാധിക്കൂ. സ്രഷ്ടാവ്‌ മനുഷ്യരെ നേരിലേക്ക്‌ നയിക്കാൻ മുഹമ്മദ്‌ നബിലയിലൂടെ അയച്ച്‌ തന്ന അവസാന വേദഗ്രന്ഥമാണ്‌ വിശുദ്ധ ക്വുർആൻ. അതിന്റെ വിശദീകരണമാണ്‌ ഹദീഥുകൾ.

ഇവ രണ്ടുമാണ്‌ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ. നേരിന്റെ വിളക്കുമാടങ്ങൾ. അവയിൽ നിന്ന്‌ സ്ഫുരിക്കുന്ന നേരിന്റെ വെളിച്ചമാണ്‌ മനുഷ്യന്റെ വഴികാട്ടി.

ക്വുർആനും സുന്നത്തും തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചപ്പോഴാണ്‌ നേരിന്റെ ശോഭ മങ്ങിയതായി കാണാനായത്‌. തെറ്റുധാരണകളുണ്ടായത്‌. സമാധാനത്തിന്റെ ഇസ്ലാം ഭീതിയുടെ പ്രത്യയശാസ്ത്രമായി വ്യാഖ്യാനിക്കപ്പെട്ടത്‌. തെളിഞ്ഞ വിശ്വാസത്തിലേക്ക്‌ അന്ധവിശ്വാസങ്ങൾ അരിച്ചെത്തിയത്‌. വിമോചനത്തിന്റെ വഴിയിൽ ചൂഷണത്തിന്റെ മുള്ളുകൾ വിതറപ്പെട്ടത്‌. സത്യത്തിന്റെ സരണിയിൽ അസത്യം പിടിമുറുക്കിയത്‌.

പരിഹാരം ഒന്നേയുള്ളൂ.

സ്വന്തമായ വ്യാഖ്യാനങ്ങൾ വെടിഞ്ഞ്‌ പ്രവാചകന്റെ കൂടെ സഹവസിച്ച ആദ്യ തലമുറയിലെ പ്രഥമ സംബോധിതർ ഉൾക്കൊണ്ടതു പോലെ ഇസ്ലാമിക പ്രമാണങ്ങളെ സ്വീകരിക്കാൻ തയ്യാറാവുക. മുൻഗാമികൾക്ക്‌ അറബി ഭാഷയിൽ `സലഫു`കൾ എന്ന്‌ പറയും. `മൻഹജുസ്സലഫ്‌` എന്നാൽ മുൻഗാമികളുടെ മാർഗം. അതൊരു പുതിയ പ്രമാണമല്ല. പ്രമാണം സ്വീകരിക്കാനുള്ള മാനദണ്ഡം മാത്രമാണ്‌. സലഫുകളുടെ മാർഗം പിൻപറ്റുന്നവരാണ്‌ സലഫികൾ എന്ന പേരിൽ അറിയപ്പെടുന്നത്‌. ലോകത്തെവിടെയെങ്കിലും ഇപ്പോൾ നിലനിൽക്കുന്ന സലഫി എന്ന പേരിലുള്ള സംഘങ്ങളെ പിൻപറ്റുകയെന്നതല്ല സലഫിമാർഗം പിൻതുടരുകയെന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌. പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്ത്‌ എങ്ങനെയാണോ ഇസ്ലാം നിലനിന്നിരുന്നത്‌ അതിനെ അങ്ങനെത്തന്നെ മനസ്സിലാക്കി പിൻപറ്റുകയെന്ന അർഥമാണ്‌ അതിനുള്ളത്‌.

സലഫികൾ അഹ്ലുസ്സുന്നഃ വൽ ജമാഅഃ എന്നും അറിയപ്പെടുന്നു. ഇസ്ലാമിന്റെ ഒറിജിനൽ മുഖമാണ്‌ സലഫികളുടെത്‌. ഇസ്ലാമിനെ പുറത്ത്‌ നിന്ന്‌ തകർക്കുക സാധ്യമല്ലെന്ന്‌ തിരിച്ചറിഞ്ഞ ശത്രുക്കൾ മുസ്ലിം സമുദായത്തിനുള്ളിലേക്ക്‌ നുഴഞ്ഞുകയറി രൂപം നൽകിയ പിഴച്ച വഴിയാണ്‌ ശീഇസം. ശിയാക്കളുടെ ഉൽപന്നമാണ്‌ സ്വൂഫിസം. അതിലൂടെയാണ്‌ ഇസ്ലാം വിരോധിച്ച ക്വബ്ര് പൂജ, ബഹുദൈവത്വം, ശകുനം നോക്കൽ തുടങ്ങിയ അനേകം പിഴച്ച വിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തിലേക്ക്‌ കടന്നുവന്നത്‌.

സർവ ചൂഷണങ്ങളുടെയും വേരറുക്കുന്ന ഇസ്ലാമിനെ തകർക്കുകയെന്നത്‌ സാമ്രാജ്യത്വ അജണ്ടയാണ്‌. സ്വൂഫി ഇസ്ലാമിനെ അകമഴിഞ്ഞ്‌ സഹായിച്ചുകൊണ്ടും ഇസ്ലാമിന്റെ യഥാർഥ മുഖം സ്വൂഫികളുടെതാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടുമാണ്‌ അവർ ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്‌.

സ്വാഭാവികമായും യഥാർഥ ഇസ്ലാമിന്റെ വക്താക്കളായ സലഫികളെ കടന്നാക്രമിക്കൽ അവർക്ക്‌ നിർബന്ധമാണ്‌.

അതിന്റെ ഭാഗമാണ്‌ സലഫികൾക്ക്‌ നേരെയുള്ള തീവ്രവാദ ആരോപണം. ഐ.എസ്‌ പോലുള്ള ഭീകര സംഘങ്ങൾ സലഫികളായി അഭിനയിച്ച്‌ നടത്തിയ നാടകങ്ങളുടെ മുഖമൂടി അഴിച്ചത്‌ സലഫികളായിരുന്നല്ലൊ!

ഐ.എസ്സിനെ ആശയപരമായി എതിർത്ത്‌ രംഗത്തു വന്നത്‌ സലഫികളാണ്‌. മുസ്ലിംകളുടെയും ഇസ്ലാമിന്റെയും നാശമാണ്‌ അവരുടെ ലക്ഷ്യമെന്നതിന്റെ പ്രധാന തെളിവാണല്ലൊ മസ്ജിദുന്നബവിയിൽ പോലും നടത്തിയ ചാവേറാക്രമണം. അവർ വധിച്ചതിൽ മഹാഭൂരിപക്ഷവും മുസ്ലിംകളാണെന്നറിയുമ്പോൾ ഐ.എസ്‌ ഇസ്ലാം വിരുദ്ധ ശക്തികളുടെ മുസ്ലിം വേഷമണിഞ്ഞ ചട്ടുകം മാത്രമാണന്ന്‌ ബുദ്ധിയുള്ളവർക്ക്‌ വിലയിരുത്താൻ പ്രയാസമുണ്ടാവില്ല.

ഇസ്ലാമിക പ്രമാണങ്ങളെ സച്ചരിതരായ മുൻഗാമികളുടെ പാതയനുസരിച്ച്‌ സ്വീകരിക്കണമെന്ന അർഥത്തിലാണ്‌ കേരളത്തിലെ മുജാഹിദുകൾ സലഫികൾ എന്ന പേരിൽ അറിയപ്പെട്ടത്‌. ഇസ്ലാം വിരുദ്ധ ശക്തികൾ സലഫി, മുജാഹിദ്‌ പോലുള്ള പേരുകൾ ദുരുപയോഗം ചെയ്ത്‌ ഭീതി പരത്തുന്നതിന്‌ കേരളത്തിലെ മുജാഹിദുകൾ എങ്ങനെയാണ്‌ കുറ്റക്കാരാകുന്നത്‌? തിന്മക്കെതിരെ നന്മയ്ക്കു വേണ്ടി പരമാവധി പരിശ്രമിക്കുകയെന്ന അർഥത്തിലാണ്‌ മുജാഹിദ്‌ എന്ന പദം ഉപയോഗിക്കുന്നത്‌.

ദേശീയ തലത്തിൽ മൗലാനാ അബുൽ കലാം ആസാദ്‌, സ്വാതന്ത്ര്യസമര സേനാനികളായ ഇ.മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌, വക്കം അബ്ദുൽ ഖാദർ മൗലവി, കെ.എം സീതി സാഹിബ്‌, നവോത്ഥാന പണ്ഡിതന്മാരായ കെ.എം മൗലവി, ഇ.കെ മൗലവി, ശൈഖ്‌ ഹമദാനി തങ്ങൾ, പറപ്പൂർ അബ്ദുറഹ്മാൻ മൗലവി, എൻ.വി.അബ്ദുസ്സലാം മൗലവി, കെ.ഉമർ മൗലവി, ഡോ: ഉസ്മാൻ സാഹിബ്‌, കെ.പി മുഹമ്മദ്‌ മൗലവി തുടങ്ങിയ സാത്വികരായ പണ്ഡിതന്മാർ നേതൃത്വം നൽകി വളർത്തിയെടുത്ത പ്രസ്ഥാനമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം. മുജാഹിദുകളുടെ പ്രവർത്തനം സത്യസന്ധവും സുതാര്യവുമായ തുറന്ന പുസ്തകമായതുകൊണ്ടാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുജാഹിദ്‌ എന്ന പേര്‌ തീവ്രതയുടെ പര്യായമായി വിവക്ഷിക്കപ്പെട്ടപ്പോഴും കേരളത്തിലെ മുജാഹിദുകളെക്കുറിച്ച്‌ അങ്ങനെ ഒരു തോന്നൽ ഇല്ലാതിരുന്നത്‌. സലഫി എന്ന പേര്‌ ദുരുപയോഗം ചെയ്ത്‌ ആരൊക്കെ തെറ്റുധാരണ പരത്താൻ ശ്രമിച്ചാലും കേരളത്തിലെ സലഫികളുടെ സുതാര്യത തിരിച്ചറിയാനുള്ള വിവേകം ഉത്ബുദ്ധമായ കേരള സമൂഹത്തിനുണ്ട്‌.

കാലം പിന്നിടുമ്പോൾ കൂട്ടായ്മകൾ ദൗത്യം വിസ്മരിച്ചു പോവുകയെന്നത്‌ ചരിത്രത്തിന്റെ ആവർത്തനമാണ്‌. കേരളത്തിലെ മുജാഹിദുകളിലും അത്‌ സംഭവിച്ചു. 2002ൽ ഒരു വിഭാഗം വഴിപിരിഞ്ഞു.മർക്കസുദ്ദഅ​‍്‌വ കേന്ദ്രമായി പ്രവർത്തിച്ച ഇക്കൂട്ടർ അറിയപ്പെട്ടത്‌ `മടവൂർ വിഭാഗം` എന്ന പേരിലായിരുന്നു. നേരിന്റെ കൈത്തിരിയായി മുജാഹിദുകൾ കേരളത്തിൽ കത്തിച്ച്‌ വെച്ച വിളക്കായിരുന്നു ശബാബ്‌ വാരിക. 2002ലുണ്ടായ പ്രശ്നത്തിൽ `ശബാബ്‌` പ്രസ്ഥാനത്തിന്‌ സമ്പൂർണമായി നഷ്ടപ്പെട്ടു. വിടവ്‌ നികത്താൻ `വിചിന്തനം` വാരിക പകരം വന്നു. പത്ത്‌ വർഷം പിന്നിട്ടപ്പോൾ ശബാബിന്റെ അതേ വീക്ഷണത്തിലേക്ക്‌ വിചിന്തനവും ചുവടുകൾ വെച്ചു. 2016 ഡിസംബർ 5ന്‌ രണ്ട്‌ വാരികകളുടെയും ലയനം പൂർത്തിയായി. രണ്ടും ഒരുമിച്ചിട്ട്‌ പോലും ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട ആശയങ്ങളെ സധൈര്യം തുറന്ന്‌ പറയാൻ അവർക്കാവുന്നില്ല!

ഇസ്ലാമിക വിരുദ്ധമായ ആശയങ്ങൾ തൗഹീദിന്റെ വിഷയത്തിൽ പോലും എഴുതുകയും നവോത്ഥാനത്തിന്റെ പേര്‌ പറഞ്ഞ്‌ ന്യായീകരിക്കുകയും ചെയ്യുന്ന ദുരവസ്ഥ. തീർച്ചയായും ഈ ദുരവസ്ഥക്കുള്ള പരിഹാരമാണ്‌ `നേർപഥം.`

അജ്ഞത ഇരുട്ടും വിജ്ഞാനം വെളിച്ചവുമാണ്‌. അജ്ഞതയെക്കുറിച്ചുള്ള അജ്ഞതയാണ്‌ അറിവിന്റെ ശത്രു. `നേർപഥം` നേരിന്റെ താക്കോലുകൊണ്ട്‌ അജ്ഞതയുടെ പൂട്ട്‌ തുറക്കാൻ ഉദ്ദേശിക്കുന്നു.

സത്യത്തിന്റെ നിർഭയമായ സാക്ഷാത്കാരം. സച്ചരിതരായ സലഫുകളുടെ മാർഗമവലംബിച്ചു കൊണ്ട്‌ ക്വുർആനിനെയും സുന്നത്തിനെയും നേർക്കുനേരെ പരിചയപ്പെടുത്തുന്ന വാരിക.

വ്യക്തി, കുടുംബം, സമൂഹം എന്നീ മേഖലകളിൽ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ പ്രമാണത്തിലൂന്നിയ പരിഹാരങ്ങൾ നേർപഥത്തിൽ പ്രതീക്ഷിക്കാം. ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകർക്കുന്ന ഏതൊരു നീക്കത്തെയും മതേതര സമൂഹത്തോടൊപ്പം ചേർന്ന്‌ നിന്നു കൊണ്ട്‌ ചെറുത്ത്‌ തോൽപിക്കാൻ നേർപഥം മുൻനിരയിലുണ്ടാകും. തീവ്രവാദത്തിന്‌ വേണ്ടി ഇസ്ലാമിക പ്രമാണങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കുള്ള താക്കീതും തിരിച്ചറിവുമാണ്‌ `നേർപഥം.`

ആത്മീയതയുടെ പേരിലുള്ള സർവവിധ ചൂഷണങ്ങളുടെയും വലവിരിച്ച്‌ പാവപ്പെട്ടവന്റെ സമ്പത്ത്‌ കൊള്ളയടിക്കുന്ന പൗരോഹിത്യത്തിന്‌ നിലയ്ക്കാത്ത തലവേദനയായിരിക്കും നേർപഥം. ഇസ്ലാമിന്‌ നേരെ വരുന്ന വിമർശനങ്ങളുടെ നിജസ്ഥിതി അറിയാതെ പതറിപ്പോകുന്ന സാധാരണക്കാർക്ക്‌ സത്യത്തിലേക്ക്‌ പിടിച്ച്‌ കയറാനുള്ള പിടിവള്ളിയായിരിക്കും `നേർപഥം.` ഇസ്‌ ലാമിന്‌ നേരെ വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ക്ഷമാപണത്തിന്റെയും അപകർഷതാബോധത്തിന്റെയും ഭാഷ കടമെടുക്കുന്ന എഴുത്തുകാർക്കും പ്രഭാഷകർക്കും നേർപഥം നേരിന്റെ വഴി കാണിച്ച്‌ ധൈര്യവും പുത്തൻ പ്രതീക്ഷയും പകർന്ന്‌ നൽകും.

വിശ്വാസം, അന്ധവിശ്വാസം എന്നിവയെ കൂട്ടിക്കുഴച്ച്‌ വായനക്കാരനെ വഴിതെറ്റിക്കുന്ന സാഹചര്യത്തെ പ്രമാണങ്ങൾ മുമ്പിൽ വെച്ച്‌ നേര്‌ നിർഭയമായി പറയുകയാണ്‌ `നേർപഥം.`

ചില കർമശാസ്ത്ര വിഷയങ്ങളിലെ വിശദാംശങ്ങളിൽ ഭിന്നമായ വീക്ഷണങ്ങൾ പണ്ഡിതന്മാർക്കിടയിൽ സ്വഭാവികമായും ഉണ്ടാകുന്നതിന്റെ മറപിടിച്ച്‌ അഭിപ്രായ വ്യത്യാസത്തിന്‌ യാതൊരു പഴുതുമില്ലാത്ത അടിസ്ഥാന വിഷയങ്ങളെക്കൂടി തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്ന അപകടകരമായ രചനകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ നേർപഥം പ്രതിജ്ഞാബദ്ധമായിരിക്കും.

ഗുണകാംക്ഷ കൈവിടതെ നേര്‌ നിർഭയമായി പറയാനുള്ള ആർജവമാണ്‌ നേർപഥത്തിന്റെ കൈമുതൽ. `നേർപഥ`ത്തിന്റെ മുമ്പിൽ ശത്രുക്കളില്ല.

`നേർപഥ`ത്തെ പ്രശംസ കൊണ്ട്‌ പൊതിയലല്ല അതിനോടുള്ള ഇഷ്ടം കാണിക്കാനുള്ള വഴി. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിലൂടെയാണ്‌ സ്നേഹം തെളിയിക്കേണ്ടത്‌. തെറ്റുകൾ മനുഷ്യസഹജമാണ്‌. `നേർപഥ`വും അതിൽ നിന്ന്‌ മുക്തമല്ല. മനഃപൂർവം തെറ്റ്‌ വരുത്തില്ല. തെറ്റുകൾ സംഭവിച്ചാൽ അതിനെ ന്യായീകരിക്കാതെ തിരുത്താൻ ആർജവം കാണിക്കുമെന്നുറപ്പ്‌. ആർക്കുമത്‌ ചൂണ്ടിക്കാണിക്കാം. പ്രമാണ വിരുദ്ധമാണന്നു ബോധ്യമായാൽ തിരുത്തിയിരിക്കും. നേരിനോട്‌ മാത്രമാണ്‌ `നേർപഥ`ത്തിന്‌ പ്രതിബദ്ധത. നന്മയാഗ്രഹിക്കുന്നവരുടെ പരിശ്രമങ്ങളും പ്രാർഥനയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 

ആദർശ ജീവിതത്തിന്റെ അനിവാര്യത

ഹുസൈൻ സലഫി, ഷാർജ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

സത്യവിശ്വാസികൾ നിരന്തരം അല്ലാഹുവിനോട്‌ തേടിക്കൊണ്ടിരിക്കുന്നു; ഞങ്ങളെ നീ നേർപഥത്തിൽ നയിക്കണേ എന്ന്‌.

ആര്‌ വിചാരിച്ചാലും ഒരാളെയും നേർവഴിയിലാക്കാനാവില്ല; നേർവഴി കാണിച്ചു കൊടുക്കാനേ കഴിയൂ. അതിലേക്ക്‌ ക്ഷണിക്കാനേ കഴിയൂ. നേർവഴിയിൽ ചേർക്കുന്നവൻ അല്ലാഹുവാണ്‌.

നേർവഴിയിൽ എത്തിക്കഴിഞ്ഞാൽ അത്‌ നിലനിർത്താൻ നമ്മുടെ ഭാഗത്തുനിന്ന്‌ കഴിയുന്നത്ര ത്യാഗ പരിശ്രമങ്ങൾ അനിവാര്യമാണ്‌.

?`എല്ലാം അല്ലാഹുവിന്റെ വിധിപോലെ മാത്രമെ നടക്കുകയുള്ളൂ; പിന്നെ ഞാനെന്തിന്‌ പരിശ്രമിക്കണം` എന്ന ന്യായം നിരത്തി ആ പരിശ്രമത്തിൽ നിന്ന്‌ അകന്നുപോകുന്നവരെ നമുക്ക്‌ കാണാം. എന്നാൽ അല്ലാഹു ഇക്കാര്യം മാത്രമല്ലല്ലോ അവന്റെ ഉദ്ദേശ്യത്തിൽ ബന്ധിപ്പിച്ചത്‌. പ്രത്യുത ആരോഗ്യം, ജീവിതവിഭവങ്ങൾ കരസ്ഥമാക്കൽ തുടങ്ങി എല്ലാം അവന്റെ ഉദ്ദേശ്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. എങ്കിൽ ഈ ന്യായം പറഞ്ഞ്‌ അഥവാ എല്ലാം വിധിപോലെയല്ലേ വരൂ എന്നു പറഞ്ഞ്‌ ആരോഗ്യപരിപാലനവും ജീവിതവിഭവ സമാഹരണത്തിനായിട്ടുള്ള നെട്ടോട്ടങ്ങളുമൊന്നും ആരും അവസാനിപ്പിക്കാറില്ല താനും!

ബുദ്ധിയുള്ളവർ എല്ലാ രംഗത്തും തങ്ങളുടെതായ പരിശ്രമം നടത്തിക്കൊണ്ടേയിരിക്കും. നേർമാർഗത്തിൽ അടിയുറച്ച്‌ നിൽക്കുവാനും ഈ ത്യാഗപരിശ്രമങ്ങൾ കൂടിയേ തീരൂ.

?`സ്വിറാതുൽ മുസ്തക്വീ(നേർമാർഗം​‍ാമിൽ നിന്ന്‌ വ്യതിചലിപ്പിക്കുവാൻ നാനാവിധ പരിശ്രമങ്ങളുമായി മനുഷ്യന്റെ മുഖ്യശത്രു സജീവമാണ്‌.

`നിന്റെ നേരായ പാതയിൽ അവർ പ്രവേശിക്കുന്നത്‌ തടയാൻ ഞാൻ കാത്തിരിക്കും, പിന്നീട്‌ അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത്‌ ചെല്ലുകതന്നെ ചെയ്യും, അവരിൽ അധിക പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുകയയില്ല` (അഅ​‍്‌റാഫ്‌ 16,17) എന്നു പറഞ്ഞുകൊണ്ട്‌ തന്റെ നികൃഷ്ട പ്രവർത്തനം തുടങ്ങിയ ഇബ്ലീസ്‌ മനുഷ്യരെ നേർമാർഗത്തിൽനിന്ന്‌ തെറ്റിക്കാൻ ജാഗരൂകനാണ്‌.

നാനാവിധ കുഴപ്പങ്ങൾ വർധിതമായ തോതിൽ ലോകത്ത്‌ മുളപൊട്ടിക്കൊണ്ടേയിരിക്കുകയാണ്‌. ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങളെ ഉപയോഗിച്ചുകൊണ്ട്‌ നടമാടുന്ന അധർമങ്ങളും കുഴപ്പങ്ങളും മാനവതയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌. ഭൗതിക ലോകത്തിലെ ആസ്വാദനങ്ങൾക്കു വേണ്ടി എന്ത്‌ ചെയ്യാനും മനുഷ്യൻ മടിക്കുന്നില്ല.

പ്രഭാതത്തിൽ വിശ്വാസിയായ മനുഷ്യൻ വൈകുന്നേരമാകുമ്പോൾ സത്യനിഷേധിയും വൈകുന്നേരം സത്യനിഷേധിയായവൻ പ്രഭാതത്തിൽ വിശ്വാസിയുമാകുന്ന; ഇഹലോകത്തിന്റെ താൽപര്യങ്ങൾക്കുവേണ്ടി മതത്തെവിൽപന നടത്തുകയും ചെയ്യുന്ന കുഴപ്പം നിറഞ്ഞ അവസ്ഥ വരുമെന്ന നബിലയുടെ മുന്നറിയിപ്പ്‌ പുലർന്നുകൊണ്ടിരിക്കുന്ന കാഴ്ച നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്‌!

എങ്ങോട്ടു നീങ്ങുമെന്നറിയാനാവാത്തവിധം കട്ടപിടിച്ച ഇരുൾമുറ്റിയ കുഴപ്പങ്ങൾ! ആദർശ രംഗത്ത്‌ അങ്കലാപ്പുളവാക്കുകയും ധാർമികരംഗത്ത്‌ കാലിടറി വീണുപോകാൻ നിമിത്തമാവുകയും ചെയ്യും വിധം കുഴപ്പങ്ങളും പരീക്ഷണങ്ങളും പടരുന്ന കാലം!

പ്രഭാതത്തിൽ വിശ്വാസി. പക്ഷേ, മനസ്സ്‌ പതറുന്നു. പ്രദോഷത്തിൽ അവിശ്വാസിയായി മാറുന്നു! ഭൗതിക നേട്ടങ്ങൾക്കായി അമൂല്യമായ ആദർശം അടിയറവെക്കുന്നു; വിൽപന നടത്തുന്നു!

ഇത്തരം പ്രതിസന്ധികളിൽ കാലിടറാതെ നേർമാർഗത്തിൽ അടിയുറച്ച്‌ നിൽക്കുവാൻ ദിശാബോധം നൽകുന്ന വിളക്കുമാടങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. അസത്യങ്ങൾ സത്യങ്ങളായും സത്യങ്ങൾ അസത്യങ്ങളായും ചിത്രീകരിക്കപ്പെടുകയും ജനപ്രീതിയും ഭൗതികതയും മേൽക്കൈ നേടുകയും ചെയ്യുന്നു!

അകക്കാമ്പ്‌ തിരിച്ചറിയാത്തവർ ബാഹ്യ മോടികളിൽ ആകൃഷ്ടരാകുന്നു. യാഥാർഥ്യത്തിലേക്ക്‌ ക്ഷണിക്കുന്നവർ പിന്തിരിപ്പന്മാരും ഭിന്നതയുടെ വക്താക്കളുമായി മുദ്രകുത്തപ്പെടുന്നു. ഈ പ്രതിസന്ധികളാകുന്ന കുഴപ്പങ്ങൾ ഫണം വിടർത്തിയാടുമ്പോൾ വിശ്വാസികൾക്ക്‌ വിശ്രമിക്കാനാവില്ല. ധനവും നാവും തൂലികയും പടവാളാക്കി പ്രതിരോധിക്കുക തന്നെ വേണം. നേർപഥത്തിന്‌ ഒട്ടേറെ ചെയ്തു തീർക്കാനുണ്ട്‌. സമൂഹത്തിന്‌ ആദർശ രംഗത്ത്‌ ശക്തമായ തിരിച്ചറിവ്‌ പ്രദാനം ചെയ്തുകൊണ്ട്‌ മുന്നേറേണ്ടതുണ്ട്‌. ആർക്ക്‌ എത്ര അസഹനീയമായാലും, എത്ര അരോചകമായാലും. നാഥൻ അനുഗ്രഹിക്കുമാറാകട്ടെ.

ജനങ്ങൾക്ക് ‘നേർപഥം’ കാണിക്കുക

കരുവള്ളി മുഹമ്മദ്‌ മൗലവി

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടറകളിൽ കഴിഞ്ഞിരുന്ന കേരളീയ മുസ്ലിം സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെളിച്ചം വിതറിയത്‌ ഇസ്‌ലാഹീ പ്രസ്ഥാനമാണ്‌.

അന്ന്‌ സ്ത്രീകൾക്ക്‌ അടുക്കള മാത്രമായിരുന്നു ലോകം. ഇംഗ്ളീഷിനെ നരകത്തിലെ ഭാഷയായി പുരോഹിതന്മാർ മുദ്രകുത്തി. മലയാളം നായന്മാരുടെ ഭാഷയായി തള്ളപ്പെട്ടു. പെൺകുട്ടികൾക്ക്‌ എഴുത്തും വായനയും നിഷിദ്ധമാക്കി. ഓത്തുപലകകളിൽ എഴുതിക്കൊടുക്കുന്ന ചുരുക്കം കാര്യങ്ങൾ മാത്രമായിരുന്നു അവർക്കുള്ള മതപഠനം.

അല്ലാഹുവിനെ മാത്രം വിളിച്ച്‌ പ്രാർഥിക്കുന്ന സ്വഭാവം അവർക്ക്‌ പഠിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നു. അല്ലാഹുവിനോട്‌ നേരിട്ട്‌ പ്രാർഥിച്ചാൽ ഉത്തരം ലഭിക്കുകയില്ലെന്നും മഹാന്മാരെ ഇടയാളന്മാരാക്കിയുള്ള പ്രാർഥനകൾക്ക്‌ മാത്രമെ ഉത്തരം ലഭിക്കുകയുള്ളൂവെന്നുമായിരുന്നു പുരോഹിതൻമാർ അജ്ഞരായ മുസ്ലിം സമൂഹത്തെ പഠിപ്പിച്ചിരുന്നത്‌. ജനങ്ങൾ ശിർക്കിലേക്ക്‌ നീങ്ങുന്നത്‌ അവർക്ക്‌ പ്രശ്നമായിരുന്നില്ല.

വിശ്വാസം, കർമം, ആചാരങ്ങൾ തുടങ്ങിയ മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളും ഇസ്ലാമിന്റെ മഹത്തായ പാതയിൽനിന്നും അകറ്റപ്പെട്ട്‌ അരക്ഷിതാവസ്ഥ നേരിടുകയായിരുന്നു നൂറ്‌ വർഷങ്ങൾക്കപ്പുറമുള്ള കേരളീയ മുസ്ലിം സമൂഹം എന്നർഥം. ഈ അവസ്ഥയിൽ നിന്നുമുള്ള സമൂഹത്തിന്റെ മോചനത്തിന്നായി ചില ശബ്ദങ്ങളുയർന്നു.

മലയാളക്കരയിൽ നവോത്ഥാന സംരംഭങ്ങളുടെ മുന്നിൽ നടന്ന മഹാനായ സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങൾ. വിഖ്യാതമായ `സ്വദേശാഭിമാനി` പത്രത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ പ്രസിദ്ധനായ വക്കംമൗലവി, സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സേവനങ്ങൾ ചെയ്ത കെ.എം.മൗലവി... ഇങ്ങനെ ഒരുപാട്‌ പണ്ഡിതന്മാരുടെ കഠിന പരിശ്രമഫലമായാണ്‌ കേരള മുസ്ലിംകൾക്കിടയിൽ ഇന്ന്‌ കാണുന്ന മാറ്റമുണ്ടായത്‌.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവർ കത്തിച്ചുവെച്ച കൈത്തിരി കെടാതെ സൂക്ഷിക്കുന്ന ഒരു കൂട്ടായ്മ മലയാള മണ്ണിൽ നിലനിന്നു കാണുന്നതിൽ അതിയായ സന്തോഷമുണ്ട്‌. പ്രമാണങ്ങളോടുള്ള അവരുടെ പ്രതിബദ്ധത നിങ്ങളും കാത്തുസൂക്ഷിക്കുന്നു എന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. സംഘടനയുടെ പേരിലല്ല ആദർശത്തിലാണ്‌ ഐക്യപ്പെടേണ്ടത്‌ എന്ന നിങ്ങളുടെ നിലപാടാണ്‌ ശരി എന്ന്‌ കാലം തെളിയിക്കാതിരിക്കില്ല.

വിസ്ഡം കൂട്ടായ്മ `നേർപഥം` എന്ന പേരിൽ ഒരു വാരിക പുറത്തിറക്കുന്നു എന്നത്‌ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്‌. വക്കം മൗലവിയുടെയും മക്തി തങ്ങളുടെയുമൊക്കെ പാരമ്പര്യം മുറുകെപ്പിടിച്ച്‌ പേനയെ ആയുധമാക്കി പ്രബോധന പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാകാനും പേരുപോലെത്തന്നെ ജനങ്ങൾക്ക്‌ നേർവഴി കാട്ടിക്കൊടുക്കാനും `നേർപഥ`ത്തിന്‌ കഴിയുമാറാകട്ടെ.

അന്ധവിശ്വാസ-അനാചാര മുക്തമായ മുസ്ലിംകേരളത്തെ പടുത്തുയർത്താൻ ക്വുർആനും സുന്നത്തും സലഫുകളുടെ മാതൃകയും സ്വീകരിച്ച്‌ പോരാടുക. എതിർപ്പുകളെ സഹിഷ്ണുതയോടെ നേരിടുക. ഗുണകാക്ഷ കൈവിടാതിരിക്കുക. സർവശക്തൻ അനുഗ്രഹിക്കട്ടെ-ആമീൻ