വേരറുക്കേണ്ട ദുഃസ്വഭാവങ്ങള്‍ 

അശ്‌റഫ് എകരൂല്‍

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ഇസ്‌ലാമിക് പാരന്റിംഗ്: 32

ഉല്‍കൃഷ്ടമായ സ്വഭാവ ശിക്ഷണത്തിന്റെ ഇസ്‌ലാമിക അടിസ്ഥാനം ശക്തമായ നിരീക്ഷണവും തിരുത്തലുകളും ആണല്ലോ. ആയതിനാല്‍ ഈ മേഖലയില്‍ വര്‍ത്തിക്കുന്ന മാതാപിതാക്കളും ശിക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള മറ്റുള്ളവരും വിജയകരമായ പേരന്റിംഗ് നേടിയെടുക്കാന്‍ ആവശ്യമായ സ്വഭാവ നിര്‍മിതിയില്‍ അനിവാര്യമായി നിലനിര്‍ത്തേണ്ട കാര്യങ്ങളാണ് മുന്‍ ലക്കത്തില്‍ നാം വായിച്ചത്. അവയുടെ വേരുറപ്പിക്കുകയും ജീവിതത്തില്‍ പടര്‍ന്നു പന്തലിക്കാന്‍ പരിസരം ഒരുക്കുകയുമാണ് നാം ചെയ്യേണ്ടത്. എന്നാല്‍ നല്ലതിന്റെ നിര്‍മാണത്തോെടാപ്പം ചീത്തയുടെ നിഷ്‌കാസനവും അജണ്ടയില്‍ വരേണ്ടതുണ്ട്. ഒരു മനുഷ്യെനന്ന നിലയില്‍ ഒരിക്കലും ജീവിതത്തിന്റെ സ്വഭാവ ഭൂമികയില്‍ മുളച്ചു പൊന്താന്‍ പാടില്ലാത്തതും, അഥവാ മുളപൊട്ടിയാല്‍ തന്നെ വേരറുക്കാന്‍  വൈകിക്കൂടാത്തതുമായ ചില ദുഃസ്വഭാവങ്ങളാണ് ഇവിടെ നാം പഠന വിധേയമാക്കുന്നത്.

കളവ്

കളവ് പറയാനും കാണിക്കാനും ഉള്ള പ്രവണതയെ ഏറ്റവും നികൃഷ്ട കാര്യമായാണ് ഇസ്‌ലാം കാണുന്നത്. അതിനാല്‍ തന്നെ മക്കള്‍ അതില്‍ ചെന്ന് പതിക്കാതിരിക്കാന്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രവുമല്ല കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അതിന്റെ മോശത്തരം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം; തന്മൂലം അവരുടെ മനസ്സില്‍ എന്നും അതൊരു വെറുക്കപ്പെട്ട കാര്യമായി നിലനില്‍ക്കണം. എങ്കില്‍ മാത്രമെ നമ്മുടെ അസാന്നിധ്യത്തിലും ആ പ്രവണതയെ അവര്‍ മാറ്റി നിര്‍ത്തുകയുള്ളൂ.

കാപട്യത്തിന്റെ  പ്രകടമായ അടയാളങ്ങളിലാണ് ഇസ്‌ലാം കളവിനെ എണ്ണിയിരിക്കുന്നത് എന്നത് തന്നെ അത് വെറുക്കപ്പെടാന്‍ മതിയായതാണ്. ഇമാം ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്ന്‍ അംറുബിന്‍ ആസ്വി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) പറയുകയാണ്: 'നാലു കാര്യങ്ങള്‍ ആരുടെ പക്കല്‍ ഉണ്ടെങ്കിലും അവന്‍ തനിച്ച കപട വിശ്വസിയാകുന്നു. എന്നാല്‍ അവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെകില്‍ അവ ഒഴിവാക്കുന്നത് വരെ അവന്റെ അടുക്കല്‍ കാപട്യത്തിന്റെ ഒരംശം ഉണ്ടാകും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, തര്‍ക്കിച്ചാല്‍ ചീത്ത പറയുക.'

കളവ് അല്ലാഹുവിന്റെ കോപത്തിന്നും ശിക്ഷക്കും നിമിത്തമാണല്ലോ. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) വിശദീകരിച്ചു: 'മൂന്ന് വിഭാഗം ആളുകള്‍; അവരോട് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു സംസാരിക്കുകയില്ല, അവരെ സംസ്‌കരിക്കുകയില്ല. അല്ലാഹു അവരിലേക്ക് നോക്കുകയും ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്: വ്യഭിചാരിയായ  വൃദ്ധന്‍, കളവു പതിവാക്കിയ രാജാവ്, അഹങ്കാരിയായ ദരിദ്രന്‍.' 

കളവു പറയുന്ന സ്വഭാവം ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷം മക്കളില്‍ നിലനിന്നാല്‍ നന്നാക്കിയെടുക്കുവാന്‍ ഒരു പേരന്റിംഗ് ടിപ്‌സും ഉപകാരപ്പെടാത്ത അവസ്ഥയിലേക്ക് അത് തെന്നിമാറും. കാരണം അല്ലാഹുവിന്റെ അടുക്കല്‍ 'കള്ളന്‍' എന്ന് രേഖപ്പെടുത്തുന്ന ഗുരുതരാവസ്ഥയാണത്. പിന്നെ നമ്മുടെ ശ്രമങ്ങള്‍ വൃഥാവിലാവുക തന്നെ ചെയ്യും. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) നമുക്ക് നല്‍കിയ താക്കീത് അതാണല്ലോ സൂചിപ്പിക്കുന്നത്. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് വഴി നടത്തും; അധര്‍മം നരകത്തിലേക്കും. ഒരു അടിമ കളവു പറഞ്ഞു കൊണ്ടിരിക്കുകയും അതില്‍ മുന്നേറുകയും ചെയ്യുമ്പോള്‍ അല്ലാഹു അവന്റെ അടുക്കല്‍ അവനെ 'കള്ളന്‍' എന്ന് രേഖപ്പെടുത്തും'' (ബുഖാരി, മുസ്‌ലിം).

 അല്ലാഹുവിന്റെ രേഖയില്‍ 'കള്ളന്‍' എന്ന് പേരു വന്ന ഒരുവനെ എങ്ങനെ നമുക്ക് മാറ്റിയെടുക്കുവാന്‍  കഴിയും?  അല്ലാഹുവില്‍ അഭയം! ഉന്നത മാതൃകയിലൂടെയാണ് മക്കള്‍ക്ക് ഈ രംഗത്ത് നാം പരിശീലനം നല്‍കേണ്ടത്. അവരുടെ കരച്ചില്‍ നിര്‍ത്തിക്കിട്ടാനോ, അല്ലെങ്കില്‍ എന്തിലെങ്കിലും പ്രോത്സാഹനം നല്‍കാനോ, അവരുടെ കോപത്തെ തണുപ്പിക്കാനോ താല്‍കാലികമായി കളവു പറയുന്ന പതിവ് രക്ഷിതാക്കള്‍ കണിശമായും ഒഴിവാക്കേണ്ടതാണ്. ഈ പ്രവണതയെ നബി(സ്വ) കണിശമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ലക്കത്തില്‍ നാം ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നു:  ''ആരെങ്കിലും ഒരു  കുട്ടിയോട് 'ഇവിടെ വാ, ഇതെടുത്തോ' എന്ന് പറഞ്ഞു (വിളിച്ചു വരുത്തിയിട്ട്) അവനത് കൊടുത്തിട്ടില്ലെങ്കില്‍ ആ വാക്ക് കളവായി (കണക്കാക്കപ്പെടും).''

മോഷണം

മറ്റൊരു ദുഃസ്വഭാവമാണ് മോഷണം. വീട്ടിനുള്ളില്‍ കുട്ടികള്‍ക്ക് കയ്യെത്തും ദൂരത്തുള്ള വസ്തു വകകള്‍ മുതിര്‍ന്നവരുടെ അനുവാദം കൂടാതെ എടുത്ത് കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവണത കണ്ടാല്‍ പോലും നാം അവരെ തിരുത്തണം. കാരണം മോഷണം എന്ന ഗുരുതര സ്വഭാവ വൈകൃതത്തിന്റെ മുളപൊട്ടലാണ് ആ ചെയ്തി. അതിനാല്‍ ഒരിക്കലും 'വീട്ടിലല്ലേ' എന്ന ചിന്തയില്‍ അതിനെ തള്ളിക്കളയരുത്. തനിക്കാവശ്യമുള്ളത് എവിടെയാണെങ്കിലും എടുത്ത് ഉപയോഗിക്കാം എന്ന ഒരു ചിന്ത അത് മൂലം കുട്ടിയില്‍ വളരും. പിന്നീടത് സ്‌കൂളിലേക്കും ആരാധനാലയങ്ങളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കുമൊക്കെ പടരും. കടുത്ത താക്കീതും വേദനയേറിയ ശിക്ഷയും നല്‍കിക്കൊണ്ടല്ല ഇതിനെ തുടക്കത്തില്‍ ചികില്‍സിക്കേണ്ടത്. മറിച്ച്, ഇത് കുട്ടിയുടെ മനസ്സില്‍ ഏറ്റവും വെറുക്കപ്പെട്ടതാക്കി മാറ്റാന്‍ ഉതകുന്ന നിലയില്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നിട്ടും ആവര്‍ത്തിക്കുമ്പോഴാണ് കടുത്ത താക്കീതും അനന്തരം ശിക്ഷയും നല്‍കേണ്ടി വരുന്നത്. മിക്ക പാപങ്ങള്‍ക്കും ശിക്ഷ അല്ലാഹു പരലോകത്താണ് ഒരുക്കി വെച്ചിരിക്കുന്നത്. എന്നാല്‍ മോഷണത്തിന് ഇഹലോകത്തും ശിക്ഷയുണ്ട്; കൈ മുറിക്കുക എന്ന ശിക്ഷ! ഇത് ഈ തെറ്റിന്റെ ഗൗരവം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ വചനം മക്കളെ കേള്‍പ്പിക്കുന്നത് നല്ലതാണ്:

''മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (5:38).

കളവും വഞ്ചനയും പിടികൂടാന്‍ ഇന്ന് പലയിടങ്ങളിലും കേമറക്കണ്ണുകള്‍ തുറന്നു വെച്ചിരിക്കുന്നുവെങ്കിലും അല്ലാഹുവിന്റെ കണ്ണുകളെയാണ് നാം ഏറ്റവും ഭയപ്പെടേണ്ടതെന്നും അവന്റെ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും അവനെ ഭയപ്പെട്ടു കൊണ്ട് മാത്രമാണ് നാം കളവും വഞ്ചനയും ഒഴിവാക്കേണ്ടതെന്നും മക്കളെ നാം ഉപദേശിക്കണം. 

അതിന്നു സഹായകമായ നല്ല മാതൃകകള്‍ ഉദാഹരണമായി നാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കൂടുതല്‍ ഉപകാരപ്പെടും. ഉമര്‍(റ) പാലില്‍ വെള്ളം ചേര്‍ക്കുന്ന ദുഃസ്വഭാവത്തെ രാജ്യ ഭരണത്തിന്റെ ഭാഗമായി നിയമം മൂലം നിരോധിച്ചു. പക്ഷേ, നിയമത്തിന്റെ കണ്ണുകള്‍ക്ക് എവിടെയെല്ലാം എത്താന്‍ കഴിയും? അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെയല്ലാതെ പൂര്‍ണമായി അത് സാക്ഷാത്കരിക്കാന്‍ കഴിയില്ല. അതാണ് ഉമര്‍ രാത്രി സഞ്ചാരത്തില്‍  കേട്ട  ഉമ്മയുടെയും മകളുടെയും  തത് വിഷയത്തിലുള്ള ചര്‍ച്ച. പാലില്‍ വെള്ളം ചേര്‍ക്കാന്‍  പറഞ്ഞ മാതാവിനോട്, ഖലീഫ ഉമര്‍ അത് നിരോധിച്ചിട്ടുണ്ടെന്ന് മകള്‍ പറഞ്ഞപ്പോള്‍, ഇവിടെ അത് കാണാന്‍ ഉമര്‍ ഇല്ലല്ലോ എന്നായിരുന്നു മാതാവിന്റെ മറുപടി. 'ഖലീഫ ഉമര്‍ ഇവിടെ ഇല്ലെങ്കിലും ഉമറിന്റെ രക്ഷിതാവായ അല്ലാഹു ഇല്ലേ?' എന്ന മറുചോദ്യമാണ് അന്നേരം മകളില്‍നിന്നുയര്‍ന്നത്. ഈ ചോദ്യം നമ്മുടെ മക്കള്‍ ചോദിക്കുന്ന പരുവത്തിലേക്ക് അവരുടെ ഈമാന്‍ വളരണം. 

ചീത്ത വാക്കുകള്‍ ഉപയോഗിക്കല്‍ 

ഇസ്‌ലാം നിരോധിച്ച കാര്യങ്ങളില്‍ വളരെ ഗൗരവമുള്ളവയാണ് ചീത്തവിളിക്കലും ചീത്തവാക്കുകളാല്‍ അഭിസംബോധന ചെയ്യലും. ഈ രണ്ടു ദുഃസ്വഭാവങ്ങളും മോശം മാതൃകയും ചീത്ത സഹവാസവും മൂലം മക്കളുടെ ജീവിതത്തിലേക്ക് കടന്നുവരും. മോശം പദങ്ങള്‍ കൊണ്ട് മക്കളെ വിളിക്കലും മാതാപിതാക്കള്‍ ദേഷ്യപ്പെടുമ്പോള്‍ പരസ്പരം ചീത്തവിളിക്കലുമെല്ലാം ഇതിനു വളമാണ്. അതുപോലെ ധാര്‍മികതയ്ക്ക് വില കല്‍പിക്കാത്ത വീട്ടില്‍ വളരുന്ന കുട്ടികളുമായുള്ള സഹവാസവും ഇതിനു നിമിത്തമാവും. ക്രിയാത്മകമായ പ്രതിരോധം തന്നെയാണ് പരിഹാര മാര്‍ഗം. ഈ വിഷയകമായി വന്ന അല്ലാഹുവിന്റെ ദൂതരുടെ(സ്വ) തിരുവചനങ്ങള്‍ മക്കളെ കേള്‍പ്പിക്കുക മൂലം അവരില്‍ സൂക്ഷ്മതയും ദൈവ ഭക്തിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. 

നബി(സ്വ) പറയുന്നു: ''മുസ്‌ലിമിനെ ചീത്ത വിളിക്കുന്നത് തെമ്മാടിത്തമാണ്. അവനോട് ഏറ്റുമുട്ടുന്നത് അവിശ്വാസവും'' (ബുഖാരി, മുസ്‌ലിം). ''വിശാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുര്‍നടപ്പുകാരനോ വൃത്തികെട്ടവനോ (ആകാവത്) അല്ല'' (തിര്‍മിദി).

''ഒരു മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്തപറയുകയെന്നത് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ശപിക്കുമോ?' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും; അയാളുടെ മാതാവിനെ ചീത്ത പറയും, അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെ ചീത്ത വിളിക്കും'' (ബുഖാരി, മുസ്‌ലിം). ഇത്തരം നബിവചനങ്ങള്‍ മക്കള്‍ കേള്‍ക്കുമാറ് വീടകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം.