ആതിര ആദ്യ ഇരയല്ല

ഡോ. സി.എം സാബിര്‍ നവാസ്

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ആഇശ ആതിരയാകുന്നതുകൊണ്ട് ആ തിരയിളക്കം അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ആള് കൂടുമ്പോള്‍ വലിപ്പം കൂടുകയും ആള് കുറയുമ്പോള്‍ വണ്ണം കുറയുകയും ചെയ്യുന്ന മതമല്ല പ്രകൃതിമതമായ ഇസ്‌ലാം എന്ന് തിരിച്ചറിയാത്തവരെയാണ് ആദ്യം ആദര്‍ശം പഠിപ്പിക്കേണ്ടത്.

ചില പെണ്‍കുട്ടികളുടെ മതംമാറ്റവും പിന്നീട് അവര്‍ക്കുണ്ടാകുന്ന മനംമാറ്റവും ചര്‍ച്ചയാകുന്ന സമകാലിക കേരളീയ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ഉറക്കെ വിളിച്ചുപറയേണ്ടതുെണ്ടന്ന് തോന്നുന്നു. സത്യത്തില്‍ മതംമാറ്റമെന്നത് ഇത്ര ഒച്ചപ്പാടുണ്ടാക്കേണ്ട ഒന്നല്ല. വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. ഇഷ്ടമുള്ള മതവും രാഷ്ട്രീയവും തിരഞ്ഞെടുക്കുവാനും അത് മനസ്സാക്ഷിക്കനുരിച്ച് മാറുവാനുമുള്ള സ്വാതന്ത്ര്യവും അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കലും വ്യക്തിയിലധിഷ്ഠിതമാണ്. 

ഒറ്റപ്പെട്ട വ്യക്തികളുടെ മതംമാറ്റങ്ങളുടെ പേരില്‍ മദംപൊട്ടുന്ന കാഴ്ച പുരോഗമനവും ഉദ്ബുദ്ധതയും അവകാശപ്പെടുന്ന നമുക്ക് ചേര്‍ന്നതല്ല. ഒരു വീട്ടില്‍ തന്നെ വ്യത്യസ്ത മതങ്ങളിലും ദര്‍ശനങ്ങളിലും വിശ്വസിക്കുന്ന വ്യക്തികള്‍ രമ്യതയോടെ ജീവിക്കുന്ന സാഹചര്യം നിലനില്‍ക്കുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആഇശയായി മാറി വീണ്ടും ആതിരയായി പരിണമിച്ച പെണ്‍കുട്ടിയിലേക്ക് വരാം. ഇപ്പോള്‍ മാധ്യമങ്ങളുടെ മുന്നിലേക്ക് വന്ന ഇതേ പെണ്‍കുട്ടി കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ചാനലുകളില്‍ വാര്‍ത്തയായിരുന്നു. ഗൂഢാലോചനയിലേക്കൊന്നും കടക്കാതെ, ആ കുട്ടി പറയുന്നത് മാത്രം മുഖവിലക്കെടുത്താല്‍ എന്താണ് പ്രശ്‌നമുള്ളത്? പ്രായപൂര്‍ത്തിയായ അവള്‍ക്ക് അങ്ങനെ പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമില്ലേ? ഇസ്‌ലാമിലേക്ക് വരാനുള്ളതു പോലെത്തന്നെ തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യവും അവള്‍ക്ക് വകവെച്ചു കൊടുക്കുകയല്ലേ ചെയ്യേണ്ടത്? മുസ്‌ലിംകള്‍ക്കാര്‍ക്കും ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ വകയില്ല.  

മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഒരാള്‍ക്ക് കഴിയുക എന്നത് മഹാഭാഗ്യമാണ്. അതിന് ദൈവം കനിയുക തന്നെ വേണം. തനിക്ക് ഇഷ്ടമുള്ളവരെയെല്ലാം ഇസ്‌ലാമിലേക്ക് കൊണ്ടുവരുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. മുഹമ്മദ് നബി(സ്വ)യുടെ പിതൃവ്യന്റെ വിഷയത്തില്‍ നടന്ന സംഭവത്തിലൂടെ ക്വുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.'' (28:56)

തങ്ങള്‍ സത്യമെന്ന് വിശ്വസിക്കുന്ന ആദര്‍ശത്തിലേക്ക് കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ സന്തോഷമുണ്ടാവുക സ്വാഭാവികമാണ്. ആഹ്ലാദം അതിരുവിട്ട് മറ്റുള്ളവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തലത്തിലേക്ക് വഴിമാറിയാല്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ അടിക്കടി ഉണ്ടാകുന്നസംഭവങ്ങള്‍ പാഠമാകേണ്ടതുണ്ട്. 

ഫാഷിസ്റ്റുകളോട് ചിലത് പറയാനുണ്ട്. വിവരവിസ്‌ഫോടനം വിരല്‍ത്തുമ്പില്‍ സാധ്യമായ ഇക്കാലത്ത് നിങ്ങള്‍ കല്‍പിക്കുന്നത് മാത്രമെ കാണാവൂ, കേള്‍ക്കാവൂ എന്ന് ശഠിക്കണമെങ്കില്‍ നിങ്ങള്‍ ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകണം. ഇരുട്ട് പരക്കുന്ന ഇടിമുറികൡ ഇഞ്ചിഞ്ചായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ ഓരോ ഗ്രാമത്തിലും ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതിനു മുമ്പ് ആര്യസമാജത്തിന്റെ ഇടിമുറികള്‍ ആരംഭിക്കേണ്ടിവരും 

അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത നിങ്ങള്‍ ഭൂലോക തോല്‍വിയാണെന്ന്  പറയേണ്ടി വന്നതില്‍ ക്ഷമിക്കുക. കൊടിഞ്ഞിയിലെ ഫൈസലിനെയും തിരൂരിലെ യാസിറിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സത്യനാഥിനെയുമൊെക്ക നമുക്ക് മറക്കാം. അര മുസ്‌ലിം പോലുമില്ലാതിരുന്ന മലയാള മണ്ണ് മുസ്‌ലിംകളെ സ്വീകരിച്ചാനയിക്കുന്ന പ്രദേശമായി മാറിയത് നിങ്ങളുടെയും ഞങ്ങളുടെയുമൊക്കെ മുന്‍ഗാമികളുടെ നല്ല മനസ്സുകൊണ്ടായിരുന്നു എന്ന കാര്യമെങ്കിലും ലഭ്യമായ കേരള ചരിത്ര പുസ്തകങ്ങളില്‍ ഒന്ന് പരതിനോക്കി മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്‌ലാമിന്റെ മഹാപ്രവാഹത്തെ കേവല ഭീഷണികളുടെ ഓട്ടമുറങ്ങള്‍ െകാണ്ട് തടുത്തുനിര്‍ത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ വിയര്‍ക്കുന്നത് മാത്രം മിച്ചമായിരിക്കും എന്നേ പറയാനുള്ളൂ.